UPDATES

ട്രെന്‍ഡിങ്ങ്

പുതിയ പുലരിക്കായി കാത്തിരുന്നവൻ; ജോസ് എം.ജെ: ഒരനുസ്മരണ കുറിപ്പ്

ദക്ഷിണാഫ്രിക്കൻ വിപ്ലവ കവി ബെഞ്ചമിൻ മൊളോയ്‌സിന്റെ കവിതകൾ സ്വന്തം ജനതയുടെ സ്വാതന്ത്ര്യമായി തർജ്ജമ ചെയ്ത ഒരു തലമുറയുടെ ധൈഷണിക ഉറവിടം കൂടിയാണ് ജോസ്

ജോസ് എം.ജെ (1965-2017) 

പുതിയ പുലരിക്കായി കാത്തിരുന്നവൻ

ഞങ്ങൾ
ഹൃത്തിൽ കുറിച്ചിട്ടതും
നാവിൽ പറഞ്ഞതും-നിൻറെ
രക്തം മണ്ണിൽ നിന്നും
നിലവിളിച്ചു പറയുന്നത് തന്നെ.

ഇനി ബാക്കിയുള്ള വിത്തും
കരഞ്ഞുകൊണ്ട്,
ചുമന്ന്- ഞങ്ങൾ
കണ്ണീരോടെ വിതയ്ക്കുന്നു

ഒരു ദിവസം
ആർപ്പോടെ കൊയ്യുമ്പോൾ
വിളവെടുപ്പിന്റെ ലഹരിയായി
വെട്ടിത്തിളങ്ങുന്ന മുത്തുമണിയായി
ഞങ്ങൾ നിന്നെ കാണും- (അയനം, സണ്ണി കവിക്കാട്)

പ്രമുഖ സാമൂഹിക പ്രവർത്തകനും ചിന്തകനുമായിരുന്ന ജോസ് എം.ജെയുടെ വിയോഗം അപ്രതീക്ഷിതമായ ഒരു വാർത്തയായിരുന്നു. കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങൾക്കും ക്രൈസ്തവ സാമൂഹിക പ്രസ്ഥാനങ്ങൾക്കും കർമ്മനിരതമായ ഒരു ജീവിതത്തോട് വിട പറയേണ്ടിവന്നിരിക്കുന്നു. ദലിത്‌-ആദിവാസി-സ്ത്രീ കൂട്ടായ്മയായ DAWN എന്ന  പ്രസ്ഥാനത്തിന്റെ ഡയറക്റ്ററും കൊട്ടാരക്കര മാവടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠന കേന്ദ്രത്തിന്റെ മുഖ്യ കാര്യദർശിയും ആയിരുന്നു ജോസ് എം.ജെ. ഇന്ത്യൻ നാഷണൽ സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ (INSAF) ദേശീയ എക്സിക്യൂട്ടീവ് സമിതി അംഗവും ദീർഘവര്‍ഷങ്ങള്‍ അതിന്റെ സംസ്ഥാന കൺവീനറും ആയിരുന്നു അദ്ദേഹം. സി.എസ്.ഐ മധ്യകേരള മഹായിടവക യുവജന പ്രസ്ഥാനം, കുറിച്ചി ദലിത്‌ വിമൺ സൊസൈറ്റി, പ്രോഗ്രാം ഫോർ സോഷ്യൽ ആക്ഷൻ, ബി.പി.ഡി.സി, ഡൈനാമിക് ആക്ഷൻ, എസ്.ഇ.ഡി.എസ്, പൂഴിക്കോൽ വിമോചനവേദി, ക്രിസ്ത്യൻ അക്കാദമി തുടങ്ങി നിരവധി സംഘങ്ങളുടെ സഹയാത്രികൻ കൂടിയായിരുന്നു  ജോസ് എം.ജെ.

ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന്റെ പുലരിയിൽ ജോയ്സ് എം.ജെ ജീവിതത്തോട് വിടപറയുന്നത് യാദൃശ്ചികതയല്ല. അത് അനിവാര്യമായ ഒരു ഓർമ്മപ്പെടുത്തൽ ആണെന്ന് ഞാൻ കരുതുന്നു. എൺപതുകളിലെ ക്ഷുഭിത യൗവനങ്ങളെ പുതിയ പുലരികൾ സ്വപ്നം കാണാൻ പ്രചോദിപ്പിച്ച ദക്ഷിണാഫ്രിക്കൻ വിപ്ലവ കവി ബെഞ്ചമിൻ മൊളോയ്‌സിന്റെ കവിതകൾ സ്വന്തം ജനതയുടെ സ്വാതന്ത്ര്യമായി തർജ്ജിമ ചെയ്ത ഒരു തലമുറയുടെ ധൈഷണിക ഉറവിടം കൂടിയാണ് ജോസ്. തന്റെ സാമൂഹിക ജീവിതത്തിന്റെ കാഴ്ചകളെയും പ്രയോഗങ്ങളെയും നിർവചിക്കുന്നതിനായി ജോസ് രൂപപ്പെടുത്തിയ ഇടവും ‘പുലരി’ (DAWN – Dalit Adivasi Women’s Nest) എന്ന പേരിൽ .ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. കറുത്ത ജീവിതങ്ങളുടെ പോരാട്ട സ്മരണകളെക്കുറിച്ച് പറയവേ “മഴ പെയ്യും പോലെ ആണ് ഓർമകളും. ഒട്ടേറെ മഴനൂലുകൾ ഒന്നിച്ചാണ് പൊട്ടി വീഴുക” എന്ന് കുറിച്ചത് ജോസ് എം.ജെയുടെ പ്രിയ ഗുരുവും സഹയാത്രികനുമായിരുന്ന പ്രൊഫ. ടി.എം യേശുദാസൻ ആണ്. ആ ഓർമ്മത്തുള്ളികൾ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചവരിൽ  പെയ്തു നിറയുന്നുണ്ടാകണം.

വൈയക്തികമായ വിവരണങ്ങളിലൂടെ നിർവചിക്കേണ്ട ഒരു ജീവിതം ആയിരുന്നില്ല ജോസ് എം.ജെ യുടേത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലം അദ്ദേഹം അഭിമുഖീകരിച്ച ആശയ  ലോകങ്ങളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും വിശാലമായ കാൻവാസിലാണ് ആ ജീവിതം ചിത്രീകരിക്കപ്പെടേണ്ടത്. ജാതി അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ വിശ്വാസ വഴികളിലേക്കുള്ള പ്രയാണം ആയിരുന്നു അദ്ദേഹത്തിന്റെയും ചരിത്രധാര. ദരിദ്രമായ ജീവിത സാഹചര്യത്തെ മറികടക്കുന്നതിന് ഉറ്റവരിൽ നിന്നും സ്വയം അനാഥമാക്കപ്പെടുന്ന ഒരു തെരെഞ്ഞെടുപ്പ്, ബാല്യകാലത്തിൽ വേണ്ടിവന്ന ഒരാൾ ആയിരുന്നു ജോസ്. ആലുവ സെറ്റിൽമെന്റ് സ്‌കൂളിലെ പഠനകാലം (1970 -1980) തന്റെ ജീവിതത്തെ എപ്രകാരം  നിർണ്ണയിച്ചുവെന്നും രൂപപ്പെടുത്തിയെന്നും അദ്ദേഹം നിരന്തരം സ്മരിക്കാറുണ്ടായിരുന്നു.

കേരളത്തിലെ ക്രൈസ്തവ സാമൂഹിക പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച 1930-കളിൽ ഗാന്ധിയൻ ചിന്തകളിലും സോഷ്യലിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടരായ ഉത്പതിഷ്ണുക്കളായ ഒരു പറ്റം അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്വപ്‍ന സാക്ഷാത്കാരമായിരുന്നു 1927 ൽ ആലുവയിൽ സ്ഥാപിതമായ പ്രൈമറി സ്‌കൂളും 1957ൽ നിലവിൽ വന്ന ഹൈസ്‌കൂളും. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയിൽ ഉള്ള വിദ്യാർത്ഥികളെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഒരിടം എന്നതിലുപരി തെളിച്ചമുള്ള സാമൂഹിക വീക്ഷണവും ഉത്തരവാദിത്വവും കൂടി നൽകിയിരുന്നു. ജോസ് എം.ജെയുടെ പിൽക്കാല ജീവിതത്തിലെ അടുക്കും ചിട്ടയും സംഘടനാനിർമ്മിതികളിലെ നൈപുണ്യവും ക്രമപ്പെടുത്തിയത് ഈ സ്‌കൂൾ ജീവിതമാണ്. ആലുവ സെറ്റിൽമെന്റ് സ്‌കൂളിലെ ദളിത് വിദ്യാർത്ഥികളുടെ പിൽക്കാല ജീവിതത്തിൽ രണ്ടു ധാരകൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്നാമത്തേത്  അരിയോടി ജോൺ സാറിന്റെയും മറ്റും നേതൃത്വത്തിൽ  സ്വതന്ത്ര ആത്മീയ കൂട്ടായ്മയായി മാറിയെങ്കിൽ രണ്ടാമത്തേത് സാമൂഹിക യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്ന വിശ്വാസ നിലപാടുകളിൽ പ്രേരിതമായിരുന്നു. ആത്മാനുഭവങ്ങളുടെ  തീച്ചൂളയിൽ നിലയുറപ്പിച്ചുകൊണ്ട്  സ്വന്തം ജനതയുടെ വിടുതലിനായി സ്വയം സമർപ്പിക്കുന്ന ഒരു തിരിച്ചറിവ് കൂടിയായിരുന്നു ജോസ് എം.ജെ പിന്തുടർന്ന രണ്ടാമത്തെ ധാര.

രണ്ടാം ലോകമഹായുദ്ധം ച്ഛിന്നഭിന്നമാക്കുകയും പിന്നീട്  വികസനത്തിന്റെ പേരിൽ സാമ്രാജ്യത്വത്തിന്റെ നവകോളനികൾ ആയി പരിണമിക്കുകയും ചെയ്ത  മൂന്നാം ലോക രാജ്യങ്ങളിൽ സ്വാതന്ത്രത്തിനു വേണ്ടിയുള്ള ഉണർച്ചകൾ ഉരുവം കൊള്ളുന്ന കാലത്ത് അതിന്റെ അലയൊലികൾ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ആവേശഭരിതരാക്കി. രണ്ടാം വത്തിക്കാൻ കൗൺസിലിനെ തുടർന്ന് സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടങ്ങളിൽ ക്രൈസ്തവ സഭകളും രംഗത്ത് വന്നു. ‘ക്രിസ്‌തുവിന്റെ ദീപ്തിയായാൽ സകല മനുഷ്യരെയും പ്രകാശിപ്പിക്കുക’ എന്ന  സന്ദേശം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായി കൈ കോർക്കുന്നതിനും പ്രക്ഷോഭങ്ങൾ നയിക്കുന്നതിലേക്കും സഭകളെ നിർബന്ധിച്ചുകൊണ്ടിരുന്നു. സൗത്ത് അമേരിക്കൻ രാഷ്ട്രങ്ങളിൽ സഭകൾ സാമ്രാജ്യത്വ ശക്തികളെ വിറപ്പിക്കുക തന്നെ ചെയ്തു. അതെ സമയം അപ്പാർത്തീഡിനെതിരായി കറുത്ത ക്രിസ്തുവും  കറുത്ത ആത്മീയതയും സ്വാതന്ത്ര്യ സമരങ്ങളായി രൂപം കൊണ്ടു. ഇവയെല്ലാം ക്രൈസ്തവ വിശ്വാസത്തെ കാലികമായി നിർവചിക്കുകയും  അവയെല്ലാം തന്നെ ജനങ്ങളുടെ വിശ്വാസ പോരാട്ടങ്ങളായി ഉയർത്തെണീക്കുകയും ചെയ്തു.

വിമോചന ദൈവ ശാസ്ത്രത്തിന്റെയും കറുത്ത ദൈവശാസ്ത്രത്തിന്റെയും ഈ വസന്ത കാലത്തെ നേരിട്ട് എതിരേറ്റത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ യുവജങ്ങൾ ആയിരുന്നു. അതിൽ ശ്രദ്ധേയമായത് സി.എസ്.ഐ മധ്യ കേരള മഹായിടവക യുവജന പ്രസ്ഥാനവും സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെന്റും ആയിരുന്നു. അടിമത്തത്തിന്റെ ചരിത്രാനുഭവങ്ങളും സഭയ്ക്കുള്ളിലെ ജാതി വിവേചനത്തിന്റെ രൂക്ഷതയും അക്കാലത്തെ ചിന്താശാലികളും സ്വാതന്ത്ര്യ കാംക്ഷികളുമായ യുവജനങ്ങളെ എത്തിക്കുന്നിടത്ത് ജോസ് എം.ജെയെയും എത്തിച്ചു എന്നത് ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു. സി.എസ്.ഐ യുവജനപ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം മാറുന്ന ചരിത്രസന്ദർഭം മറ്റൊന്നല്ല. കുറവിലങ്ങാട് ദേവമാതാ കോളേജിലെ പഠനകാലം ഇടതുപക്ഷ ആശയങ്ങളിൽ അദ്ദേഹത്തെ രൂപപ്പെടുത്തിയതും ശ്രദ്ധേയമാണ്. വിമോചന ദൈവശാസ്ത്ര പ്രസ്ഥാനങ്ങളുമായി കണ്ണിചേരുന്നതിന് അത് വഴിയൊരുക്കി. സ്വകീയ താല്പര്യങ്ങളെ തഴഞ്ഞുകൊണ്ട് ഇഹലോകത്തിൽ സർവരും തുല്യരായി പരിഗണിക്കപ്പെടുന്ന ഒരു കാലത്തിനു വേണ്ടിയും ലോകത്തിനു വേണ്ടിയുമുള്ള ജീവിതാർപ്പണം ആയിരുന്നു അത്. അധികാര ഘടനകളെ ചോദ്യം ചെയ്തുകൊണ്ട് നിസ്വർക്കും നിരാലംബർക്കും ആശ്വാസം നൽകുന്ന ക്രിസ്തുവിനെയാണല്ലോ  അവർ മാതൃക ആക്കിയത്.

ജോസ് എം.ജെയുടെ യൗവന കാലഘട്ടത്തിൽ പ്രക്ഷുബ്ധമായ സാമൂഹിക -രാഷ്ട്രീയ സാഹചര്യങ്ങളാണ് സഭയിലും പൊതുമണ്ഡലത്തിലും നിലനിന്നിരുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൽ ആഘാതം ഏൽപ്പിച്ച അടിയന്തിരാവസ്ഥയുടെ തുടർചലനങ്ങൾ ക്രൈസ്തവ സഭകളിൽ രണ്ടു ധ്രുവങ്ങൾ തന്നെ രൂപപ്പെടുത്തി. വ്യവസ്ഥാപിത സഭകൾ പ്രസ്തുത ജനാധിപത്യ ധ്വംസനത്തോട് ചേർന്ന് നിന്നപ്പോൾ സി.എസ്.ഐ യുവജന പ്രസ്ഥാനം പോലുള്ള സംഘങ്ങൾ അതിൽ നിന്നും ഭിന്നമായ ശബ്ദം ഉയർത്തി. ഡോ. എം.എം തോമസ്, ഡോ. നൈനാൻ കോശി, റവ.എം.ജെ ജോസഫ്, ഡോ. വർഗീസ് ജോർജ് എന്നിവരുടെ ഇടപെടലുകൾ അക്കാലത്തെ യുവജനങ്ങളെ നിർണ്ണായകമായി സ്വാധീനിച്ചിരുന്നു. സഭകൾ സാമുദായിക രാഷ്ട്രീയത്തിന്റെ അണിയറകളായി പ്രവർത്തിച്ചു. സഭയിലെ ജാതി വിവേചനം കൂടുതൽ രൂക്ഷമായി.  സി.എസ്.ഐ മധ്യകേരള മഹായിടവകയിൽ  സെപ്പറേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസ്‌ഥാനം സൃഷ്ടിച്ച കോളിളക്കം സഭാധികാരികളെ കൂടുതൽ ജാഗ്രതയുള്ളവരാക്കുകയും ജാതി വിവേചനത്തിന്റെ കാലികമായ ക്രമങ്ങൾ അവർ രൂപപ്പെടുത്തുകയും ചെയ്തു. സർവ്വ മേഖലകളിൽ നിന്നും ദളിതരും ആദിവാസികളും ഒഴിവാക്കപ്പെട്ടു.

സാമുദായികമായ വിവേചനം ജനങ്ങളെ പക്ഷെ കൂടുതൽ സമരോത്സുകരാക്കി. കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്വാധീനം സമര രീതികളെ നിര്‍ണയിച്ചപ്പോൾ വിമോചന ദൈവ ശാസ്ത്രവും ലോകമെമ്പാടും നടന്നുകൊണ്ടിരുന്ന ആധിപത്യ വിരുദ്ധ പ്രക്ഷോഭങ്ങളും യുവജനങ്ങളെ ആവേശഭരിതരാക്കി. മൽസ്യത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, ഖനി തൊഴിലാളികൾ തുടങ്ങി കീഴാള ജീവിതങ്ങൾക്ക് പുതിയൊരു രാഷ്ട്രീയം രൂപപ്പെട്ടു. ബിഷപ്പ് റൊമീറോയും ഫാദർ ആന്റണി മുർമുവും ശങ്കർ ഗുഹാ നിയോഗിയും നെൽസൺ മണ്ടേലയും പോരാട്ടത്തിന്റെ ആഗോള അൾത്താരകളായി മാറി. ഈ ദിശാസന്ധിയിൽ  മറ്റൊരു തെരെഞ്ഞെടുപ്പ് ജോസിന് സാധ്യമാകുമായിരുന്നില്ല. ഗലീലയിലേക്കു പോകാനായിരുന്നു ആ ഉൾവിളി. സി.എസ്.ഐ യുവജന പ്രസ്ഥാനത്തിന്റെയും ജനകീയ വിമോചന വിശ്വാസ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിൽ ജ്വലിച്ചു നിന്നു ആ ജീവിതം. സഭയുടെ പദവികളോ പകിട്ടോ ഒരിക്കലും അദ്ദേഹത്തെ മോഹപ്പെടുത്തിയില്ല. അത്രമേൽ കണിശമായിരുന്നു ആ വിശ്വാസ സ്ഥൈര്യം.

ധിഷണാശാലിയായ ഒരാൾ തന്റെ ബോധ്യങ്ങളെയും ആശയ മണ്ഡലങ്ങളെയും കാലാനുസൃതമായി പുനർനിർവചിക്കും. അല്ലാത്തപക്ഷം സ്വയം ഒരു മ്യൂസിയമായി മാറും. ജോസ് ധിഷണാശാലിയായ മനുഷ്യൻ ആയിരുന്നു. അദ്ദേഹം എപ്പോഴും പുതിയ പുലരികൾക്കായി കാതോർത്തിരുന്നു. വർഗ്ഗ വീക്ഷണത്തിന്റെ പരിമിതികൾ ഒരു ജനതയുടെ സ്വത്വത്തിന്റെയും സ്വപ്നത്തിന്റെയും അതിർവരമ്പുകൾ വരച്ചപ്പോൾ സ്വയം നിർവചനത്തിന്റെ ആശയ നിർമ്മിതികൾ രൂപപ്പെട്ടു. സ്വത്വ രാഷ്ട്രീയ ചിന്തകൾ സജീവമായ തൊണ്ണൂറുകളുടെ ആദ്യ പാദത്തിലാണ് അദ്ദേഹം കുറിച്ചി ദളിത് വിമൺ സൊസൈറ്റിയുടെ ഭാഗമാകുന്നത്. അദ്ദേഹത്തിന്റെ  വഴികാട്ടിയും ആത്മമിത്രവുമായ  പ്രൊഫ. ടി.എം യേശുദാസനുമായുള്ള ബന്ധുത്വം കൂടുതൽ ശക്തിപ്പെടുന്നതും ഇക്കാലത്താണ്. DWS-ൽ  പ്രോഗ്രാം കോർഡിനേറ്റർ എന്ന നിലയിൽ തുടങ്ങിയ ആ ജീവിതം ജോസിന്റെ ജീവിത വീക്ഷണങ്ങളെയും സംഘടനാ പാടവത്തെയും കൂടുതൽ സൂക്ഷ്മതയുള്ളതാക്കി. ദളിത് വൈജ്ഞാനികതയ്ക്ക് നവമാനം നൽകിയ കുറിച്ചി ദളിത് വിമൺ സൊസൈറ്റിയുടെ ഓരോ അണുവിലും അദ്ദേഹം ഭാഗഭാക്കായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് DWS അതിന്റെ രജതജൂബിലി വേളയിൽ സംഘടിപ്പിച്ച കൂടിവരവിൽ അധ്യക്ഷത വഹിച്ചത് അദ്ദേഹത്തിനോടുള്ള ആദരവും സ്നേഹവും പ്രതിഫലിപ്പിക്കുന്നത് കൂടിയായിരുന്നു.

കുറിച്ചിയിലെ പ്രവർത്തന കാലത്ത് തന്നെയാണ് ജോസ് എം.ജെ ക്രിസ്ത്യൻ അക്കാദമിയുടെ കോഡിനേറ്റർ ചുമതല വഹിക്കുന്നത്. ദൈവശാസ്ത്ര പണ്ഡിതനായ  റവ. ഡോ. ഇ.സി ജോൺ അച്ചന്റെ ഉപദേശങ്ങൾ ഇതിനായി അദ്ദേഹത്തെ സഹായിച്ചിരുന്നു. ദളിത് ആദിവാസി വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ പുരോഗതിയെയാണ് ക്രിസ്ത്യൻ അക്കാദമി പ്രധാനമായും ലക്‌ഷ്യം വച്ചത്. ക്രിസ്ത്യൻ അക്കാദമിയുമായുള്ള ബന്ധത്തിൽ ഇംഗ്‌ളണ്ടിലും ജർമനിയിലും വിപുലമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് ജോസിന് സാധിച്ചു. ഇംഗ്ലണ്ടിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിലെ ആൻഡ്രൂ റാളറുമായുള്ള ആത്മബന്ധം ഉടലെടുക്കുന്നതും ഇക്കാലത്താണ്. ജോസ് എം.ജെ തന്റെ  രണ്ടാമത്തെ പുത്രന് ആൻഡ്രൂ എന്ന് നാമകരണം ചെയ്തത് തന്നെ അവർ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ സൂചകമത്രെ. 1997 ൽ മൈക്കിളുമായുള്ള വിവാഹത്തിന് ശേഷം ജോസ് എം.ജെ കൊട്ടാരക്കരയ്ക്ക് സമീപം മാവടിയിലേക്ക് തന്റെ പ്രവർത്തന മണ്ഡലം കേന്ദ്രീകരിച്ചു. സി.എസ്.ഐ യുവജന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായി അദ്ദേഹം ചുമതലയേൽക്കുന്നത് 2001 ൽ  ആയിരുന്നു. പ്രക്ഷോഭങ്ങളുടെ കാലം അപ്പോഴേക്കും അസ്തമിച്ചിരുന്നു. ഒരു വര്‍ഷം മാത്രമേ അദ്ദേഹം ആ പദവിയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും മാറുന്ന സഭാ-സാമൂഹിക ജീവിതത്തിൽ ദലിത്‌, ആദിവാസി യുവജനങ്ങളുടെ ധൈഷണികമായ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന പരിപാടികൾ ആവിഷ്കരിച്ചു.

ബിഷപ്പ് ജോർജ് നൈനാനുമായുള്ള ബന്ധത്തിലാണ് ജോസ് എം.ജെ ഇന്ത്യൻ നാഷണൽ സോഷ്യൽ ആക്ഷൻ ഫോറവുമായി സഹകരിക്കുന്നത്. INSAF ന്റെ  സംസ്ഥാന കോഡിനേറ്റർ ചുമതല നിർവഹിച്ചുകൊണ്ട് കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങളുടെ പൊതുവേദികളെ അദ്ദേഹം സജീവമാക്കി. കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങളുടെ ചരിത്ര വഴികളെ കോർത്തിണക്കിക്കൊണ്ട് ജോസ് എം.ജെ രചനയും സംവിധാനവും നിർവഹിച്ച ‘സമരങ്ങളുടെ ഓർമ്മക്കാഴ്ച’ ശ്രദ്ധേയമായ ഒരു ഡോക്യുമെന്ററി ഫിലിം ആണ്. 2000-ൽ തന്റെ സ്വപ്നങ്ങളെയും പ്രയോഗങ്ങളെയും കോർത്തിണക്കിക്കൊണ്ടു രൂപീകരിച്ച  DAWN (Dalit  Adivasi  Women  Nest )  അതിനകം ശ്രദ്ധേയമായ ഇടപെടലുകളോടെ ഏറെ മുന്നോട്ടു പോയിരുന്നു. ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹം തന്റെ പൂർണ്ണമായ ശ്രദ്ധയും ചെറുഗ്രാമങ്ങളിൽ പതിപ്പിച്ചു. ഒടുവിലത്തെ ഒരു പതിറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ കർമ്മനിരതനായ ഒരു മനുഷ്യനെ മാത്രമല്ല നമുക്ക് കാണിച്ചു തരുന്നത്. താൻ അതുവരെ വിശ്വസിച്ചതും പ്രചരിപ്പിച്ചതുമായ ആശയങ്ങളുടെ പ്രയോഗത്തെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ഊന്നലുകൾ.

മാവടി എന്ന ചെറു ഗ്രാമത്തിൽ ഒരേ സമയം ദൈവശാസ്ത്ര വിദ്യാർഥികൾക്കായുള്ള പഠനകേന്ദ്രവും  സ്ത്രീകൾക്കായുള്ള സ്വയം തൊഴിൽ പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾക്കെതിരായ പ്രചാരണ പ്രതിരോധ പരിപാടികൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. എഴുത്തിലും വായനയിലും പുതിയ തലമുറയെ രൂപപ്പെടുത്തി എടുക്കുന്നതിനായി സ്വന്തം നിലയിൽ ഒരു പ്രസിദ്ധീകരണ സംരംഭവും (മുള്ളംകുഴിയിൽ പബ്ലിക്കേഷൻസ്)  തുടങ്ങി. സ്‌കൂൾ വിദ്യാർഥികളുടെ കഥകൾ പ്രസിദ്ധപ്പെടുത്തി. കൂടുതൽ ആധികാരികമായ ഇടപെടലുകൾക്കായി ഗവേഷണ പഠനത്തിനായി ചേർന്നു. കുടുംബശ്രീ പദ്ധതിയെക്കുറിച്ചുള്ള എം.ഫിൽ പഠനം പൂർത്തിയാക്കി. അതോടൊപ്പം ആലുവാ ബാപ്റ്റിസ്റ്റ് കോളേജിൽ നിന്നും വൈദിക ബിരുദവും കരസ്ഥമാക്കി. ഡോക്റ്ററൽ പഠനത്തിനായുള്ള  തയ്യാറെടുപ്പിൽ ആയിരുന്നു അദ്ദേഹം. അപ്പോഴേക്കും ശരീരം മനസ്സിനൊപ്പം ഓടിയെത്താൻ ക്ലേശിച്ചിരുന്നു.

ശരീരത്തിന്റെ മടുപ്പിനോട് ജോസ് കലഹിച്ചത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ടായിരുന്നു. അതിൽ ഒടുവിലത്തേത് ആയിരുന്നു പുതുതായി രൂപംകൊണ്ട സി.എസ്.ഐ കൊല്ലം- കൊട്ടാരക്കര മഹായിടവക. സി.എസ്.ഐ മധ്യ കേരള മഹായിടവകയിൽ താൻ സ്വപ്നം കണ്ട കീഴാളരുടെ അധികാര പ്രവേശം പുതിയ രൂപതയിലൂടെ ജോസ് അടുത്ത് കണ്ടിരുന്നു. അതിനായുള്ള എല്ലാ പരിശ്രമങ്ങളിലും അദ്ദേഹം കണ്ണി ചേർന്നിരുന്നു. ‘തണൽ’  എന്ന കൂട്ടായ്മയുടെ ധൈഷണിക കേന്ദ്രം അദ്ദേഹം ആയിരുന്നു. പുതിയ മഹായിടവകയിൽ ഒരു ദളിത് ബിഷപ്പ് സ്വന്തം ജനതയുടെ നേതൃത്വത്തിൽ എത്തുന്നത് കാണാൻ അദ്ദേഹം കരുതലോടെ കാത്തിരുന്നു. പക്ഷെ കാലം കരുതി വച്ചിരുന്ന വിധി അദ്ദേഹത്തിന്റെ ചിറകുകൾ പുതിയ തലമുറയ്ക്കായി ഇതാ ബാക്കി വച്ചിരിക്കുന്നു.

തന്റെ ജീവിതാനുഭങ്ങളെ കഥാരൂപത്തിൽ രേഖപ്പെടുത്താനുള്ള പരിശ്രമത്തിൽ ആയിരുന്നു അദ്ദേഹം. മനസ്സിൽ പതിഞ്ഞിട്ടുള്ള ആ ചിത്രങ്ങൾ കടലാസിലേക്ക് പകർന്നിട്ടുണ്ടാകുമോ?

അതുല്യമായ ആ ജീവിതത്തിന് പ്രണാമം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷിബി പീറ്റര്‍

ഷിബി പീറ്റര്‍

കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റര് ഫോർ സോഷ്യൽ സ്റ്റഡീസ് ആൻറ് കൾച്ചറിന്റെ മുഖ്യ ചുമതല വഹിക്കുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍