UPDATES

ട്രെന്‍ഡിങ്ങ്

ഡിവൈഎഫ്ഐ എന്തു ചെയ്യുകയാണ്? ചോദ്യം സോളിഡാരിറ്റിയുടേതാണ്

ഡിവൈഎഫ്ഐ ഇല്ലാത്ത തെരുവിൽ പലപ്പോഴും വെയിലു കൊള്ളുന്നത് സോളിഡാരിറ്റി എന്ന ഇസ്ലാമിക് സാമൂഹ്യ പ്രസ്ഥാനമാണ്

ഡിവൈഎഫ്ഐ എന്നത് കേവലം ഒരു യുവജനപ്രസ്ഥാനത്തിന്റെ പേരായിരുന്നില്ല. കേരളീയ യുവതയുടെ വിപ്ലവത്തിന്റെ തീപ്പന്തമായി ഒരു കാലഘട്ടത്തിൽ എഴുന്നേറ്റ് നിന്ന പ്രസ്ഥാനമാണത്. അനീതിക്കെതിരെ മുഷ്ടി ചുരുട്ടി കേരളത്തിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച് സാമൂഹ്യ തിന്മകൾക്കെതിരെ പോരാട്ടത്തിന്റെ വീരഗാഥകൾ നയിച്ച ഒരു പ്രസ്ഥാനം. എന്നാല്‍ ഇന്നലെകളിലെ പോരാട്ടത്തിന്റെ ഉൾക്കരുത്ത് വർത്തമാന കാലത്ത് ചോർന്നു പോവുകയാണോ? ഭാവിയിലേക്ക് ഒരു ജനതയെ പട നയിക്കേണ്ട യുവത്വം വാർദ്ധക്യത്തിന്റെ ബാലാരിഷ്ടതകൾ കാട്ടി തുടങ്ങിയോ? സമരതീഷ്ണതയുടെ ഇന്നലെകൾ അവസാനിപ്പിച്ച് മാതൃപ്രസ്ഥാനത്തിന്റെ ചെയ്തികളെ ന്യായീകരിക്കാൻ യുവ നേതാക്കൾ തിടുക്കം കൂട്ടുകയാണോ? ഭൂതകാലത്തിലെ സമര പോരാട്ടത്തിന്റെ ബാലൻസ് ഷീറ്റിൽ സായൂജ്യമടയാൻ പുതിയ നേതൃത്വം എന്ന് മുതലാണ് തീരുമാനം എടുത്തത്? ഡിവൈഎഫ്ഐ, ഏതാണ് ആ സംഘടന എന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കട്ജു ചോദിച്ചത് വെറും ചോദ്യമല്ല. ആ സംഘടന ഇന്ന് അർഹിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യം. ആ ചോദ്യം കേരളത്തിലെ ജനതയും ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. കാരണം മറ്റൊന്നുമല്ല ഡിവൈഎഫ്ഐയെ തെരുവിൽ കാണുന്നില്ല എന്നത് തന്നെ.

കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ കേരളീയ സാമൂഹ്യ, സാംസ്കാരിക പരിസരങ്ങളിൽ ഇടപെടൽ നടത്തുവാനോ അജണ്ടകൾ നിർണ്ണയിക്കുവാനോ ഡി.വൈ.എഫ്.ഐക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? മാതൃസംഘടനയുടെ മുഴുവൻ ചെയ്തികളെയും ന്യായീകരിക്കാൻ യുവനേതൃത്വം ബലിയാടാക്കപ്പെടുന്ന അവസ്ഥ എങ്ങനെയുണ്ടായി?

ഡിവൈഎഫ്ഐ ഇല്ലാത്ത തെരുവിൽ പലപ്പോഴും വെയിലു കൊള്ളുന്നത് സോളിഡാരിറ്റി എന്ന ഇസ്ലാമിക് സാമൂഹ്യ പ്രസ്ഥാനമാണ്. കളിക്കളത്തിൽ ഡിവൈഎഫ്ഐ പരുങ്ങലിലായപ്പോൾ കയറി ഗോളടിച്ചത് സോളിഡാരിറ്റിയായിരുന്നു. മതത്തിന്റെ സാമൂഹ്യ ഇടപെടലിന്റെ പുതിയ രീതിശാസ്ത്രം കേരളീയ പൊതുബോധത്തിലേക്ക് കൊണ്ടുവരുന്നതിൽ സോളിഡാരിറ്റി വലിയ പങ്ക് വഹിച്ചു. മതേതര ഇടപെടൽ എന്നാൽ മതത്തിന്റെ ഉള്ളടക്കത്തെ നിഷേധിച്ചു കൊണ്ടുള്ള സാമൂഹ്യ പ്രതിനിധാനമാണെന്ന കേരളീയ പൊതുബോധത്തെ പൊളിച്ചടുക്കി കൊണ്ടാണ് സത്യത്തിൽ സോളിഡാരിറ്റി രംഗപ്രവേശം ചെയ്തത്. അതിനാൽ മതത്തിന്റെ ലേബലിൽ വരുന്നവതെല്ലാം വർഗീയമാണെന്ന ഇടതുപക്ഷ അന്ധവിശ്വാസത്തിന് ഒരു പരിധി വരെ പരിക്കേൽപ്പിക്കാനും സാധിച്ചു.

മതത്തെ വിമോചന ദൈവശാസ്ത്രമായി ഉൾക്കൊണ്ട് പുതിയ കാലഘട്ടത്തെ അഭിസംബോധന ചെയ്യാൻ സോളിഡാരിറ്റിക്ക് കഴിഞ്ഞത് കൊണ്ടാവാം ആ സംഘടനക്ക് ഇത്ര വലിയ ഇടം കേരളം നൽകിയത്. അതുകൊണ്ടായിരിക്കാം ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ എൻ.കെ പ്രേമചന്ദ്രനെ പോലുള്ളവര്‍ പല സന്ദർഭങ്ങളിലായി കേരളീയ സമൂഹത്തോട് വിളിച്ചു പറഞ്ഞത്, സോളിഡാരിറ്റിയെ നിങ്ങൾ അനുകരിക്കണം, സര്‍ക്കാര്‍ പലതും സോളിഡാരിറ്റിയിൽ നിന്ന് പഠിക്കണം എന്ന്. പ്രത്യേകിച്ച് വികസന പദ്ധതികൾ ജനങ്ങളുടെ സഹകരണത്തോടെ എങ്ങനെ വിജയിപ്പിച്ചെടുക്കാം എന്ന ആശയം പ്രായോഗികമായി കാണിച്ചു കൊടുത്ത് കൊണ്ട് സോളിഡാരിറ്റി നടത്തുന്ന ഇടപെടലുകൾ.

കേരളത്തിൽ രണ്ടായിരത്തിന് ശേഷം ജനങ്ങളുടെ മുൻകെയിൽ അഥവാ ദുരിതം അനുഭവിക്കുന്ന ജനത സമര രംഗത്തേക്ക് വന്ന എല്ലാ സമരങ്ങളിലും അതിന്റെ മുന്നണി പോരാളിയായി സോളിഡാരിറ്റിയെ കാണാം. എൻഡോസൾഫാൻ, പ്ലാച്ചിമട, എക്സ്പ്രസ്സ് വേ, ഗ്യാസ് പൈപ്പ് ലൈൻ, ചെങ്ങറ, മൂലംപള്ളി, കിനാലൂർ തുടങ്ങി ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ ചാലകശക്തി സോളിഡാരിറ്റിയാണെന്നറിയുമ്പോൾ ഡിവൈഎഫ്ഐ എവിടെയാണ് എന്ന ചോദ്യം സ്വാഭാവികമായി ഉയരും.

എം.എൻ വിജയൻ മാഷ് പറഞ്ഞത് പോലെ ജീവിതത്തിന്റെ മൂലയിലേക്ക് മാറ്റി നിർത്തപ്പെട്ട നിസ്സഹായരായവരുടെ ദീനരോദനം കേൾക്കുകയും അവർക്ക് വേണ്ടി ശബ്ദിക്കുകയുമാണ് യുവതയുടെ കർത്തവ്യം. ഈയർഥത്തിൽ മർദിക്കപ്പെടുന്നവരുടെ പക്ഷം ചേർന്ന് സമരത്തിന്റെ നവഭാവുകത്വം കേരളീയ പരിസരത്തേക്ക് പ്രസരിപ്പിച്ചു എന്നുള്ളതിലാണ് സോളിഡാരിറ്റിയുടെ പ്രസക്തി നിലകൊള്ളുന്നത്. എന്നാൽ ഈ സമരങ്ങളിലൊന്നും ഡിവൈഎഫ്ഐ ഇല്ല എന്ന് മാത്രമല്ല പലപ്പോഴും വേട്ടക്കാർക്കൊപ്പമാണ് അവർ സഞ്ചരിച്ചത് എന്നുള്ളത് അത്യന്തം ദയനീയ കാഴ്ചയായിരുന്നു.

കേരളം മറ്റൊരു ബംഗാളാവാനുള്ള എല്ലാ സൂചനയും പിണറായി സർക്കാർ നൽകി കൊണ്ടിരിക്കുന്നു എന്നുള്ളതാണ് വൈപ്പിൻ സമരത്തിനോട് സർക്കാർ സമീപിച്ച രീതിയിലൂടെ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടത്. മാത്രമല്ല ഫാസിസം അതിന്റെ പത്തി വിടർത്തി വിഷം ചീറ്റി ഇന്ത്യയിലെ മനുഷ്യരെ പച്ചക്ക് കൊന്ന് തിന്ന് കൊണ്ടിരിക്കുമ്പോൾ മാനവികതയുടെ പക്ഷത്ത് നിന്ന് മനുഷ്യർക്ക് വേണ്ടി ഉച്ചത്തിൽ ശബ്ദിക്കാൻ മുന്നോട്ട് വരാതെ, രണ്ട് നേരവും ബീഫ് കഴിക്കുന്നവർക്ക് പത്ത് കിലോ ബീഫ് വരട്ടി കൊടുത്ത് ഫാസിസത്തിനെതിരെ പ്രതിരോധം തീർക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്ന് തിരിച്ചറിയുകയും ആ ബോധത്തോടെ പെരുമാറാൻ ഡിവൈഎഫ്ഐ എന്ന് മുന്നോട്ട് വരുന്നോ, അന്ന് മാത്രമെ ആ സംഘടനയ്ക്ക് ജീവനും ആത്മാവും തിരിച്ച് കിട്ടുകയുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹാരിസ് കെ.പി

ഹാരിസ് കെ.പി

സോളിഡാരിറ്റി പ്രവര്‍ത്തകന്‍, ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സി.ഇ.ഒ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍