UPDATES

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

നായർ സർവീസ് സൊസൈറ്റി ശബരിമലപ്രശ്നത്തിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ച സ്ഥിതിയ്ക്ക് ആ പ്രസ്ഥാനത്തോട് നായർ സമുദായത്തിൽ ജനിക്കാനിടയായ ഒരു സ്ത്രീയെന്ന നിലയ്ക്ക് എനിക്ക് ചില ചോദ്യങ്ങളുന്നയിക്കാനുണ്ട്

ജെ. ദേവിക

ജെ. ദേവിക

നായർ സർവീസ് സൊസൈറ്റി ശബരിമല പ്രശ്നത്തിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ച സ്ഥിതിക്ക് ആ പ്രസ്ഥാനത്തോട് നായർ സമുദായത്തിൽ ജനിക്കാനിടയായ ഒരു സ്ത്രീയെന്ന നിലയ്ക്ക് എനിക്ക് ചില ചോദ്യങ്ങളുന്നയിക്കാനുണ്ട്.

സമുദായ പരിഷ്ക്കരണത്തെ പിടിച്ചാണയിട്ടു കൊണ്ടും, ബ്രാഹ്മണ മേധാവിത്വത്തിനു കീഴിൽ കേരളീയ ശൂദ്രർക്ക് സഹിക്കേണ്ടിവന്ന അപമാനപൂർണമായ സാമൂഹ്യ ഏർപ്പാടുകളെ തിരുത്തുമെന്ന പ്രതീക്ഷ നൽകിക്കൊണ്ടുമാണ് ഈ പ്രസ്ഥാനം പിറന്നത്. പിൽക്കാലത്ത്, ഇതേസമയത്തു ശക്തിപ്രാപിച്ച മറ്റു പല ജാതിസമുദായ പ്രസ്ഥാനങ്ങളെയും പോലെ ഇതും തങ്ങളുടെ പരിഷ്ക്കരണ ഉദ്യമങ്ങളെ പാടെ വിസ്മരിച്ചുകൊണ്ട് കേവലം സമുദായ മത്സരത്തിനു തുനിഞ്ഞു.

നായർ സമുദായാംഗങ്ങളായ ദരിദ്രരെ ഈ പ്രസ്ഥാനം സംരക്ഷിച്ചതായി കേട്ടുകേൾവി പോലുമില്ല. പ്രമാണിമാർ നിയന്ത്രിച്ചു വരുന്നതും, എന്നാൽ പൊതുജനക്ഷേമാർത്ഥം സർക്കാർ നൽകിയ പൊതുവിഭവങ്ങളുപയോഗിച്ച് കെട്ടിപ്പടുക്കപ്പെട്ടതുമായ എൻ എസ് എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാവപ്പെട്ട നായന്മാർക്ക് പ്രത്യേക പരിഗണനയൊന്നും കൊടുത്തതായി അറിവില്ല.

എൻഎസ്എസിന്‍റെ ഭരണസഭ യാതൊരു വിധത്തിലും ജനാധിപത്യവത്ക്കരിച്ചിട്ടില്ല — സ്ത്രീകൾക്ക് സംവരണം രാജ്യത്തിൽ യാഥാർത്ഥ്യമായ കാലത്ത് പോലും. ഇത് പൊതുവെ ഹിന്ദു ജാതിസമുദായ സംഘടനകളുടെ പൊതുവൈകൃതമാണ്. ക്രിസ്തീയസഭയുടെ വൻപോരായ്മകളെപ്പറ്റി പ്രത്യക്ഷ തെളിവ് ഇന്നുണ്ടെങ്കിലും ആ സഭാ ഭരണത്തിൽ സ്ത്രീകളുണ്ട്. ക്രിസ്തീയസഭയുടെ അന്താരാഷ്ട്രതലത്തിലുണ്ടായ ചില മാറ്റങ്ങളുടെ ഫലമായിരുന്നു അത്. ഒരു പക്ഷേ അതുകൊണ്ടായിരിക്കാം ആ പോരായ്മകൾ ഇന്ന് വെളിച്ചത്തുവരാനുള്ള സാഹചര്യമുണ്ടായത്. കന്യാസ്ത്രീകൾക്ക് പൊതുപ്രവർത്തന ധർമ്മങ്ങൾ കല്പിക്കുകയും അവരെ സമുദായവേല ഏൽപ്പിക്കുകയും ചെയ്തില്ലായിരിന്നെങ്കിൽ സഭയ്ക്കുള്ളിലെ രോഗാതുരാവസ്ഥയെ വെളിപ്പെടുത്താനുള്ള ധാർമ്മിക ധൈര്യം അവർക്കുണ്ടാകില്ലായിരുന്നു എന്ന് ഒരുപക്ഷേ കരുതാവുന്നതാണ്.

നമ്മുടെ മതത്തിലും ജാതിയിലുമുള്ള പുരുഷന്മാർക്ക് ഇക്കൂട്ടരെ അപേക്ഷിച്ച് കുടിലബുദ്ധി കൂടുതലുണ്ട്. സ്ത്രീകൾക്ക് മത-ജാതി കാര്യങ്ങളിൽ യാതൊരു പങ്കുമില്ലെന്നു വരുത്തിക്കഴിഞ്ഞാൽ തങ്ങളുടെ നാറിയതോ ചീഞ്ഞതോ ആയ യാതൊന്നും പുറത്താകില്ലെന്ന് ഉറപ്പാക്കാമെന്ന് ഇവർ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം സ്ത്രീകളെ മതഭരണ സംബന്ധമായ കാര്യങ്ങളിൽ നിന്ന് പൂർണമായും അകറ്റിനിർത്തിയത് ആ ഫലം നൽകിയെന്നും വ്യക്തമാണ്. അല്ലെങ്കിൽ അഭ്യസ്തവിദ്യകളായ യുവതികൾ തങ്ങൾക്കു തന്നെ അപമാനകരങ്ങളായ ആശയങ്ങളെ ‘കേരളീയ ഹിന്ദുസംസ്കാരം’ എന്നു വിളിച്ച് പൊതുരംഗത്തേയ്ക്കു പുറപ്പെടുമായിരുന്നോ?

ക്രിസ്തീയമത മേധാവികൾക്കു പറ്റിയതുപോലെ തങ്ങൾക്കു പറ്റരുതെന്നു വരുത്താൻ വൃദ്ധനേതൃത്വം ഒരുമുഴം മുൻപേ എറിയുന്നു. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് ഇക്കൂട്ടരോട് ചിലത് ചോദിക്കാനുള്ളത്;

1. ആരാധനാരീതികളെ ആധുനികയുക്തിയുടെ മാനദണ്ഡമനുസരിച്ച് അളക്കരുതെന്ന് നിങ്ങൾ പറയുന്നു. വിശ്വാസത്തിൽ ആരാധനാരീതികൾക്ക് എന്തു പ്രാധാന്യമാണ് നിങ്ങൾ കല്പിക്കുന്നത്? വിശ്വാസത്തെത്തന്നെ ആധുനികവത്ക്കരിക്കാനുള്ള-മനുഷ്യത്വവത്ക്കരിക്കാനുള്ള– ശ്രമങ്ങളാണ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി വിവേകാനന്ദന്‍ അടക്കമുള്ളവർ തുടങ്ങിവച്ചത്. ഈ ലക്ഷ്യത്തിനു വേണ്ടി ആചാരങ്ങളെയും ആരാധനാരീതികളെയും അവർ ബലിയർപ്പിക്കുക തന്നെ ചെയ്തു. അവരുടെ വഴിയല്ല നിങ്ങളുടേതെന്ന് വ്യക്തം. നിങ്ങൾ ആചാരങ്ങൾക്ക് മനുഷ്യത്വമാനദണ്ഡം പാടില്ലെന്നു ശഠിക്കുന്നു. നിങ്ങളുടെ ഈ വാദം സാധുവാണെങ്കിൽ ക്ഷേത്രങ്ങളിൽ ആണുംപെണ്ണും മാറുമറയ്ക്കാതെ വേണം ആരാധന നടത്താനെന്ന നിർദ്ദേശവും നിലനിൽക്കും. ബ്രാഹ്മണ-ക്ഷത്രിയ ജാതിക്കാരുടെ മുന്നിൽ ശൂദ്രർ ആൺ-പെൺഭേദമന്യേ മാറുതുറക്കണമെന്ന ആ പഴയ മാമൂലും പുനഃസ്ഥാപിക്കാം. സദാചാരശിരോമണികളായ നിങ്ങൾ സമ്മതിക്കുമോ? സമ്മതിച്ചേ പറ്റൂ. കാരണം, നിങ്ങളാണ് പറയുന്നത്, ആരാധനാചട്ടങ്ങൾ മാറ്റരുത്, അവ പവിത്രമാണെന്ന്. കഷ്ടം എന്നല്ലാതെ എന്തുപറയാൻ. മൃഗബലി അവസാനിപ്പിക്കാൻ മാത്രമുള്ള ആചാര-ആധുനികവത്ക്കരണം നിങ്ങൾക്കാവാം, ആർത്തവശേഷിയുള്ള മനുഷ്യസ്ത്രീയ്ക്കുമേൽ ചൊരിയുന്ന അപമാനത്തെ ചെറുക്കാനുള്ള ആധുനികവത്ക്കരണം നിങ്ങൾക്കു കഴിയില്ല!

2. ഇന്ന് ശബരിമല പ്രശ്നത്തിൽ തങ്ങൾക്കുള്ള സ്വാർത്ഥ ലാഭത്തെ മറച്ചുപിടിച്ചുകൊണ്ട് അതിനെ ‘ഹിന്ദുതാത്പര്യ’മായി ചിത്രീകരിച്ചു ലാഭം കൊയ്തുകൊണ്ടിരിക്കുന്നത് ബ്രാഹ്മണരായ താഴമൺ തന്ത്രിമാരും പന്തളം രാജകുടുംബവുമാണ്. ഇതേ കൂട്ടർക്ക് വിടുപണി ചെയ്യുന്ന അപമാനത്തിൽ നിന്ന് സമുദായാംഗങ്ങളെ രക്ഷിക്കാനുള്ള സംഘടനയായാണ് എൻ എസ് എസ് ഉണ്ടായത്. ആ ലക്ഷ്യത്തെ പരസ്യമായി ഉപേക്ഷിച്ച് വീണ്ടും ബ്രാഹ്മണദാസ്യമാണ് നായരുടെ ധർമ്മമെന്ന പരോക്ഷപ്രഖ്യാപനം നടത്തിയ ഇന്നത്തെ ജാതിസമുദായനേതൃത്വത്തെ നാണംകെട്ടവർ എന്നു വിളിച്ചാൽ മതിയാകുമോ?

3. സ്ത്രീകൾ വലിയ തോതിൽ ഈ സുപ്രീം കോടതി വിധിയെ എതിർക്കുന്നു എന്നാണ് എൻ എസ് എസ് പറയുന്നത്. സ്ത്രീകൾ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കാര്യങ്ങളെ പരസ്യമായി പിൻതാങ്ങിക്കൊണ്ട് രംഗത്തു വന്നത് ഇതാദ്യമായല്ലല്ലോ. സതി നടന്നപ്പോൾ, കുറച്ചുനാൾ മുൻപ് ബലാത്സംഗിയായ രാഷ്ട്രീയക്കാരനെ അനുകൂലിച്ച്, അങ്ങനെ പലപ്പോഴും, സ്ത്രീകളെ തത്പരകക്ഷികൾ രംഗത്തിറക്കിയിട്ടുണ്ട്. നിങ്ങളുടെ മാത്രമല്ല, ക്രിസ്തീയ-ഇസ്ലാമിക യാഥാസ്ഥിതികരുടെയും സ്ഥിരം തന്ത്രമാണിത്. സ്വന്തം ശരീരം മലിനമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന സ്ത്രീകൾ മലയ്ക്കു പോകണ്ടതില്ല. എല്ലാ സ്ത്രീകളും നിർബന്ധമായും മലയ്ക്കു പോകണമെന്നല്ല കോടതി വിധി. മറ്റു സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ തടയാൻ ശരീരാഭിമാനം കെട്ടവരായ കുറേ സ്ത്രീകൾക്ക് എന്തധികാരം? ഇനി, സ്ത്രീകൾ എല്ലാവരും ചേർന്ന് ഭീമഹർജി സമർപ്പിച്ചാൽ നിങ്ങൾ പഴയ സമുദായാചാരങ്ങളായ പാണ്ഡവാചാരവും മറ്റും പുനഃസ്ഥാപിക്കുമോ? സ്ത്രീവഴിയിലെ സ്വത്തവകാശം പുനഃസ്ഥാപിക്കുമോ? സ്ത്രീകളെല്ലാം ചേർന്ന് സ്ത്രീധനം വേണ്ടെന്നു പറഞ്ഞാൽ ആ ഇടപാടു നടത്തുന്നവരെ പുറത്താക്കാൻ നിങ്ങൾ തയ്യാറാകുമോ? പുരുഷാധികാരികളുടെ പക്ഷം ചേരുന്ന അവസരങ്ങളിൽ മാത്രം സ്ത്രീകളുടെ ശബ്ദത്തെ കേൾക്കാൻ നടക്കുന്നവരെ വിളിക്കാൻ ഒരു തെറിയും മതിയാവില്ല.

4. മതാചാരവും വിവാഹ-കുടുംബരീതികളും വെവ്വേറെയാണെന്ന ന്യായം പറഞ്ഞൊന്നും ഒഴിവാകാൻ നോക്കണ്ട. കാരണം അത് കേവലം അവസരവാദപരവും വ്യാജവുമാണ്. ഹിന്ദുസംസ്കാരത്തിൽ ആ ഭേദമില്ലെന്ന് പത്തൊൻപതാം നൂറ്റാണ്ടിലേ വ്യക്തമായതാണ്. സ്ത്രീകളുടെ ലൈംഗിക സമ്മതപ്രായം 10ൽ നിന്ന് 12 ആയി ഉയർത്തിയ ബ്രിട്ടിഷ് സർക്കാരിനെതിരെ ഉയർന്ന ഹിന്ദുയാഥാസ്ഥിതിക പ്രതിഷേധം ഇത് മതത്തിനെതിരെയുള്ള ആക്രമണമായിത്തന്നെയാണ് എണ്ണിയത്. ക്ഷേത്രാരാധനാരീതി പോലെതന്നെ കുടുംബ-വിവാഹരീതികളും ഇന്നും നിർണയിക്കുന്നത് മതശാസനകൾ തന്നെയാണ് — ഭരണഘടനാപരമായ അവകാശങ്ങളെപ്പോലും അവഗണിച്ചുകൊണ്ട്. ആരാധന സ്വകാര്യവും കുടുംബ-വിവാഹരീതികൾ പൊതുവും ആണെന്ന വാദവും ചെലവാകില്ല. ആരാധന പൊതുവിടമായ ക്ഷേത്രത്തിൽ വച്ചായാൽ അതു പൊതുവാകും, മാത്രമല്ല, ഗാർഹിക ഇടത്തിലടക്കം ഇടപെടാൻ ദേശീയസർക്കാരിന് അധികാരമുണ്ട് — ബ്രിട്ടിഷ് ഭരണം അവസാനിച്ചു, ഇന്ന് നിലവിലുള്ളത് ദേശീയ അധികാരസ്ഥാപനങ്ങളാണ്. വിശാലമനുഷ്യത്വ മാനദണ്ഡങ്ങളാണോ അതോ തന്ത്രി-രാജ കുടുംബങ്ങളുടെ വ്യാജ-ആത്മീയ മൂലധനമാണോ ഈ ദേശീയ ഇടത്തിൽ പ്രസക്തം?

5. തന്നെയുമല്ല, ആർത്തവസംബന്ധമായ ഗാർഹികനിഷ്ഠകൾ മാറി — സ്ത്രീകളിന്ന് ആർത്തവകാലത്ത് അടുക്കളയിലും പൂജാമുറിയൊഴിച്ച് മറ്റെല്ലായിടത്തും കയറുന്നു. അതായത്, അവരിൽ നിന്ന് പിഴിഞ്ഞെടുക്കാവുന്ന ഗാർഹിക അദ്ധ്വാനത്തെ പരമാവധി പിഴിഞ്ഞെടുക്കാവും വിധം ആചാരങ്ങൾ മാറ്റാം, എന്നാൽ സ്ത്രീകളുടെ തുല്യവില അംഗീകരിക്കുന്ന മാറ്റങ്ങൾ സ്വീകാര്യമല്ല!! ഈ നഷ്ടക്കച്ചവടം ലാഭമാണെന്ന് പറഞ്ഞുകൊണ്ടു ആണധികാരികളുടെ പക്ഷം ചേരാൻ കുറേ സ്ത്രീകളും!! ഇങ്ങനെ യാഥാസ്ഥിതികരുടെ ചട്ടുകമാകുന്ന സ്ത്രീകളെപ്പറ്റിയുള്ള സമൂഹശാസ്ത്രപഠനങ്ങളിൽ (കേരളത്തിലും അമേരിക്കയിൽ വലതുപക്ഷപ്രസ്ഥാനങ്ങളിലും) അവർ എത്രത്തോളം യാഥാസ്ഥിതിക സ്ത്രീവിരുദ്ധതയെ വാഴ്ത്തുന്നുവോ, അത്രത്തോളം മാനസികരോഗ സാധ്യത അവരിൽ കൂടുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും രൂക്ഷമായ അധികാര ശൂന്യതയിൽ സ്ത്രീകൾ തങ്ങളെ അടിച്ചുതാഴ്ത്തുന്ന പ്രത്യയശാസ്ത്രങ്ങളെ മുറുകെ പുണർന്നുകൊണ്ടാണ് രക്ഷ തേടുന്നത്.

6. ഇന്ന് ശബരിമലയിൽ വിഷയമായിരിക്കുന്നത്, മാസത്തിലുണ്ടാകുന്ന ആർത്തവാശുദ്ധിയല്ല. മറിച്ച് ആർത്തവശേഷിയുള്ള എല്ലാ സ്ത്രീ ശരീരങ്ങളും, അതുള്ളിടത്തോളം, ഒരു നൈഷ്ഠിക ബ്രഹ്മചാരിയുടെ ആത്മനിയന്ത്രണത്തിന് തടസ്സമാണെന്ന വാദമാണ്. ഇതിൽ ഭാരതീയമോ കേരളീയമോ മാത്രമായി യാതൊന്നും ഇല്ല. മറിച്ച് ലോകത്തെവിടെയും സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗികപീഡനത്തെ ന്യായീകരിക്കാൻ പുരുഷാധികാരികൾ പ്രയോഗിക്കുന്ന ഒരു വാദമാണിത് — പുരുഷന്‍റെ നിയന്ത്രണമില്ലായ്മയ്ക്കു കാരണം സ്ത്രീശരീരം അസ്ഥാനത്തും അസമയത്തും പ്രത്യക്ഷമാകുന്നതാണെന്ന വാദം. ഇത് സ്ത്രീകളുടെ മൊത്തം സിവിൽ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നുവെന്നത് സംശയാതീതമാണ്. ഇതിനെയാണല്ലോ നിങ്ങളൊക്കെ ഭാരതീയമോ കേരളീയമോ ആയി പൊക്കിക്കൊണ്ടു നടക്കുന്നത്?

7. ഗാർഹിക-സ്വകാര്യ മണ്ഡലങ്ങളിൽ കടുത്ത കീഴ്ജാതിവിരോധം വച്ചു പുലർത്തുന്നവരായതു കൊണ്ട് നായർ സമുദായാഭിമാനികളോട് ഇതു ചോദിക്കാതിരിക്കാൻ വയ്യ – അയ്യപ്പന്‍റെ ഐതിഹ്യത്തെ ബ്രാഹ്മണാനുകൂലമായ വിധത്തിൽ വായിക്കാൻ നിങ്ങൾ തയ്യാറാകുന്നത് നിങ്ങളുടെ ഈഴവവിരോധം കൊണ്ടല്ലേ? കഴിഞ്ഞ പേമാരിക്കാലത്ത് നട തുറന്നപ്പോൾ കന്നി അയ്യപ്പന്മാർ ഉണ്ടായിരുന്നില്ല. മാളികപ്പുറത്തിനു കൊടുത്ത വാക്ക് പാലിക്കാറായി എന്ന് എന്തുകൊണ്ട് വ്യാഖ്യാനിക്കുന്നില്ല? മകരവിളക്കു വരെ കാത്തിരിക്കണമെന്ന കെട്ടിച്ചമച്ച ന്യായം വേണമെങ്കിൽ മാറ്റിവയ്ക്കാമായിരുന്നു. അതുണ്ടാകാത്തത്, അയ്യപ്പന് ഒരു ഈഴവബന്ധം ഉണ്ടാകുന്നത് നിങ്ങൾക്കും ബ്രാഹ്മണ-ക്ഷത്രീയസംഘത്തിനും രുചിക്കാത്തതുകൊണ്ടല്ലേ?

നാണംകെട്ടവൻറെ ആസനത്തിൽ നിന്ന് ആലു മുളച്ചാൽ അതുമൊരു മാന്യത എന്നു കേട്ടിട്ടേയുള്ളൂ. ഇപ്പോൾ കണ്ടു. നായരുടെ ആസനത്തിൽ നിന്നാണ് ബ്രാഹ്മണ-ക്ഷത്രീയ ആൽ മുളച്ചുപൊന്തി നിൽക്കുന്നത്. ഇതിനു വളമാകാൻ പോകുന്നത് ഈ നായരുടെ കുടൽമാലയാണെന്നു വിഡ്ഢി തിരിച്ചറിയുന്നുമില്ല.

ഒരുപക്ഷേ നിങ്ങൾക്കതു പ്രശ്നമല്ലായിരിക്കാം. എന്നാൽ അതു പ്രശ്നമായ കുറച്ചു പേരെങ്കിലും ഇവിടെ ബാക്കിയുണ്ട്. ആധുനികവത്ക്കരണം കൊണ്ടു ഗുണമനുഭവിക്കുന്നവർ അതിനെ പെട്ടെന്നങ്ങു തള്ളരുത്. ടിവി ചർചകളിലും മറ്റും അയ്യയ്യേ പറഞ്ഞ കുടുംബിനികൾ ഓർക്കണം, മതസമുദായജീവിതം ആധുനികവത്ക്കരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് പൊതുമാധ്യമങ്ങളിൽ അഭിപ്രായമുള്ള പൌരികളായി അവർ പ്രത്യക്ഷപ്പെടില്ലായിരുന്നു. പകരം വല്ല ഇല്ലത്തും പോയി അവിടെ അടിച്ചുതളിച്ചും കുട്ടിയെ നോക്കിയും എച്ചിലു തിന്നും ജീവിക്കുമായിരുന്നു. ബ്രാഹ്മണ ബന്ധം നിയമപരമാവുകയും അതിലുണ്ടായ മക്കൾ തന്തയെ അച്ചൻനംപൂരി എന്നു വിളിക്കാതിരിക്കുകയും അത് ബ്രാഹ്മണൻ ശൂദ്ര സ്ത്രീയ്ക്കു നടത്തിയ മഹത്തായ ബീജ ദാനം മാത്രമാണെന്നുമുള്ള അവസ്ഥ മാറിയതും ഇന്ന് ശബരിമല തന്ത്രി-ക്ഷത്രിയതാത്പര്യസംരക്ഷണത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നായർ സ്ത്രീകളടക്കം ശൂദ്ര സമുദായ സ്ത്രീകൾക്ക് ഗുണകരമായി എന്നത് നിഷേധിക്കാനാവില്ല. ഇന്ന് ദീപാ ഈശ്വറും പത്മാപിള്ളയും ഈ ഞാനും ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടാതിരിക്കുന്നത് ആ മാറ്റമുണ്ടായതുകൊണ്ടാണ്. ആ വഴിക്കുള്ള മാറ്റം ഇനി വേണ്ട, ഉള്ളതുമതി എന്നു പറയാൻ നിങ്ങളൊക്കെ ആരാണ്? പാരമ്പര്യത്തെ സ്ത്രീകൾക്കനുകൂലമായി വ്യാഖ്യാനിക്കാൻ ശേഷിയില്ലാത്ത, ഭർത്താക്കന്മാരുടെയോ രാഷ്ട്രീയനേതൃത്വത്തിൻറെയോ വെറും ചട്ടുകം മാത്രമായ, നിങ്ങൾ പാരമ്പര്യത്തിൽ സ്ത്രീകൾക്ക് അല്പമെങ്കിലും അനുകൂലമായിരുന്ന ഒരു മാമൂലിനെയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിവുമില്ല.

അതുകൊണ്ട് പാരമ്പര്യവാദികളായതുകൊണ്ടു മാത്രമല്ല ദീപാ ഈശ്വറോ അവരുടെ കൂട്ടാളികളോ സ്ത്രീവിരുദ്ധരുടെ ഒന്നാം നിരയിൽത്തന്നെ ഇന്ന് കടന്നുകൂടിയിരിക്കുന്നത് — അവർ ‘പാരമ്പര്യ’മായി തിരിച്ചറിയുന്നത് ജുഗുപ്സാവഹമായ ചിലതിനെ മാത്രമാണ് എന്നതുകൊണ്ടാണ്. ഇന്ന്, സ്ത്രീകൾ സഹിക്കുന്ന ലൈംഗികാതിക്രമങ്ങളുടെ ഉത്തരവാദിത്വത്തെ സ്ത്രീകളുടെ ശരീരത്തിന്മേൽ തന്നെ കെട്ടിവയ്ക്കാൻ — അങ്ങനെ അതിജീവിച്ചവളെത്തന്നെ കുറ്റക്കാരിയാക്കാൻ — ലോകം മുഴുവൻ പിതൃമേധാവിത്വം പ്രയോഗിച്ചുവരുന്ന ഒരു ന്യായത്തെ പരിശുദ്ധ ഹിന്ദു ആചാരമായി കെട്ടിയുയർത്തുന്ന പിള്ളയും ഈശ്വറും അവരുടെ വൃദ്ധ-പുരുഷനേതൃത്വവും ചെയ്യുന്ന പാതകത്തെ ഒരു മതാചാരസംബന്ധമായ പിടിവാശിയായി മാത്രം കാണാനാവാത്തത് അതുകൊണ്ടാണ്.

കടപ്പാട്: kafila.online

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

പിന്നോട്ട് നട(ത്തി)ക്കുന്ന കേരളം

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

‘സ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌്’ : എം ലീലാവതി

ഇതിനുമുമ്പ് ‘കുലസ്ത്രീകൾ’ സമരത്തിനിറങ്ങിയത് 1957ലായിരുന്നു

ജെ. ദേവിക

ജെ. ദേവിക

എഴുത്തുകാരി, അധ്യാപിക, ആക്റ്റിവിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍