UPDATES

ബ്ലോഗ്

സി.ലൂസിയെ വിചാരണ ചെയ്യുന്ന പഴയ വിപ്ലവനായിക സിന്ധു ജോയിയോട്; പീഡകരായ പുരോഹിതരുടെ നേരെ ആ നാവ് പൊങ്ങുമോ?

ഒരു വിശ്വാസിയെന്ന നിലയിലല്ല, ഒരു സത്രീയെന്ന നിലയില്‍ കന്യാസ്ത്രീകളുടെ ജീവിതത്തെ കുറിച്ച് ആലോചിച്ചു നോക്കണം സിന്ധു ജോയി

ദാരിദ്ര്യവ്രതത്തിന്റെയും അനുസരണവ്രതത്തിന്റെയും ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെ അംഗം സി. ലൂസി കളപ്പുരയോട്് മഠം വിട്ടുപോകാന്‍ ഉപദേശിച്ചിരിക്കുകയാണ് മുന്‍ വിപ്ലവകാരികൂടിയായ സിന്ധു ജോയി. മതത്തിന്റെ അച്ചടക്കകൂട്ടില്‍ വിശ്വാസങ്ങള്‍ക്ക് വിധേയായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന സിന്ധു ജോയിയെ സംബന്ധിച്ച് സി. ലൂസിയുടെ എല്ലാ പ്രവര്‍ത്തികളും അല്‍പ്പത്തരങ്ങളും ക്രൈസ്തവ വിരുദ്ധവുമാണ്. ആകായാല്‍ തിരുവസ്ത്രത്തിനുള്ളില്‍ ഇനിയും തുടരുന്നതിന് സി. ലൂസിക്ക് ധാര്‍മികതയില്ലെന്നാണ് സിന്ധുവിന്റെ അഭിപ്രായം.

സ്വന്തം കൈയില്‍ നിന്നും പണം മുടക്കി, കവിത സമാഹാരം പുറത്തിറക്കി, ഡ്രൈവിംഗ് പഠിച്ചു, ലൈസന്‍സ് എടുത്തു, സ്വന്തമായി കാര്‍ വാങ്ങി, മാധ്യമങ്ങളില്‍ എഴുതി, അധ്യാപികയായി ജോലി ചെയ്യുന്നതിനു കിട്ടുന്ന ശമ്പളം സ്വന്തം നിലയ്ക്ക് ഉപയോഗിക്കുന്നു; അനുസരണവ്രതത്തിന്റെ ലംഘനങ്ങളായി സി. ലൂസി ചെയ്‌തെന്നു പറയുന്ന തെറ്റുകളാണിവ. ഇതിന്റെ പേരിലാണ് സി. ലൂസിയെ മഠത്തില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടക്കുന്നത്. മേല്‍ ചെയ്തതൊന്നും തെറ്റുകളായി കാണുന്നില്ലെന്നും അതിനാല്‍ തന്നെ, ആരോടും കുറ്റമേറ്റു പറഞ്ഞു പശ്ചാത്തപിക്കാന്‍ തയ്യാറല്ലെന്നും പറയുന്നിടത്താണ് സി. ലൂസി സന്യാസിനി മഠത്തിന്റെ ആവൃതിക്കുള്ളില്‍ നിന്നുകൊണ്ട് വിശ്വാസത്തിനു നേരെ കൊഞ്ഞനം കുത്തുന്നൊരുവളാണെന്നു സിന്ധു ജോയിക്ക് തോന്നിയിരിക്കുന്നത്.

എന്താണ് അനുസരണം? മെത്രാന്മാരെയും പ്രൊവിഷ്യളമ്മയേയും അനുസരിച്ച് കഴിയണമെന്നതാണോ അനുസരണ വ്രതം? സി. ലൂസി ചെയ്തിരിക്കുന്ന അനുസരണലംഘനം ഇവരെ അനുസരിച്ചില്ലെന്നാണോ? അനുസരണം എന്നാല്‍ ബൈബിള്‍ അനുസരിച്ച്, ക്രിസ്തുവിനെ അനുസരിച്ച് ജീവിക്കുക എന്നാണ്. അല്ലാതെ തെറ്റിനെ അനുസരിക്കുക എന്നല്ല. ബൈബിളില്‍ പറയുന്നത് നീതിക്കുവേണ്ടി പീഢകള്‍ സഹിക്കണണെന്നും വിശപ്പും ദാഹവും സഹിക്കണമെന്നുമാണ്. ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞിരിക്കുന്നതും, നിങ്ങള്‍ ഇങ്ങനെയിരുന്നു പ്രാര്‍ത്ഥിച്ചിട്ടുമാത്രം കാര്യമില്ല, ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കൂ, അതാണ് നിങ്ങളുടെ ദൗത്യം എന്നാണ്. ബൈബിളിനെയും മാര്‍പാപ്പയേയും അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ തെറ്റുകളായി സി. ലൂസി ചെയ്തതെന്നു പറയുന്ന കാര്യങ്ങളെല്ലാം ഇപ്പോഴവരെ ക്രൂശിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ്. ഇങ്ങനെയൊന്നു ചിന്തിച്ചാല്‍ സിന്ധു ജോയിക്ക് മനസിലാകും ആരാണ് അനുസരണവ്രതം ലംഘിച്ചതെന്നും ആരാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുഗാമിയെന്നും. ക്രിസ്തു പറഞ്ഞതുപോലെ ജീവിക്കുന്നു എന്നതിനാണോ സി.ലൂസിക്കെതിരേ അച്ചടക്കനടപടിയെടുക്കുന്നത്? കാനോന്‍ നിയമം ഉണ്ടാകുന്ന കാലത്ത് മൊബൈലും കാറും ഒന്നും ഇല്ലായിരുന്നു. മാറിയ സാഹചര്യത്തിലാണ് അവയെല്ലാം മനുഷ്യന് അത്യാവശ്യമായി വരുന്നത്. അനുസരണവ്രതം പോലെ ദാരിദ്ര്യവ്രതവും ലംഘിച്ച സി. ലൂസിക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ അന്തസത്തയും പറഞ്ഞുകൊടുക്കുന്നുണ്ട് സിന്ധു ജോയി; കുമാരി (സിസ്റ്റര്‍) ലൂസിയോട് പറയാനുള്ളത് ഇവയാണ്. ഫ്രാന്‍സിസ്‌കന്‍ കഌരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ അന്തഃസത്ത എന്താണെന്ന് മനസിലാക്കേണ്ടിയിരുന്നു അവര്‍. ഇറ്റലിയിലെ അസ്സീസിയുടെ തെരുവുകളില്‍ ദാരിദ്ര്യത്തിന്റെ ചാക്കുവസ്ത്രമണിഞ്ഞു നടന്ന ഫ്രാന്‍സിസ് എന്ന സന്യാസി; അവന്റെ ദാരിദ്ര്യത്തിന്റെ വിശുദ്ധിയെറിഞ്ഞു പ്രഭുമന്ദിരം വിട്ടിറങ്ങിയ ക്ലാര എന്ന പെണ്‍കുട്ടി. ഈ ഫ്രാന്‍സിസിന്റെയും കഌരയുടെയും സുകൃത പുണ്യങ്ങളാണ് എഫ് സി സി എന്ന സന്യാസിനീ സഭയുടെ ആന്തരിക സത്ത.

സി.ലൂസി എന്തിനു മഠത്തില്‍ തുടരുന്നതെന്നു ചോദിക്കുന്നവരോട്, അത് ആ സിസ്റ്ററുടെ അവകാശമാണ്; ജെസ്മി പ്രതികരിക്കുന്നു

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ എന്ന എഫ്‌സിസി സ്ഥാപിതമായിട്ട് എത്ര കൊല്ലങ്ങളായി കാണും? നൂറോ ഇരുന്നൂറോ വര്‍ഷങ്ങള്‍! എന്നാല്‍ അതിനുമൊക്കെ വര്‍ഷങ്ങള്‍ക്കു മുമ്പ്, എതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വന്ന ഒരാള്‍ പലകാര്യങ്ങളും ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. യേശു ക്രിസ്തു! ആ വാക്കുകള്‍ കേട്ട് ജീവിക്കുക, പ്രവര്‍ത്തിക്കുക എന്നതാണല്ലോ, കന്യാസ്ത്രീയുടെയായാലും മെത്രാന്റെയായാലും സാധാരണ ഒരു വിശ്വാസിയുടെയായാലും പ്രാഥമിക ഉത്തരവാദിത്വം. അതു മറന്നതാരാണ്? കന്യാസ്ത്രീകള്‍ ഏതു കോണ്‍ഗ്രിഗേഷനിലും ആയിക്കോട്ടെ, അവര്‍ കര്‍ത്താവിന്റെ മണവാട്ടികളാണ്. കര്‍ത്താവിനെയാണ് അവര്‍ അനുസരിക്കേണ്ടതും അവനുവേണ്ടിയാണ് വേല ചെയ്യേണ്ടതും. ക്രിസ്തുവിന്റെ ആശയങ്ങളോട് ഏറ്റവും ഐകദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യം കാണിക്കുന്ന സന്ന്യാസികളാണ്. ബൈബിളില്‍ പറഞ്ഞിരിക്കുന്നതും ക്രിസ്തുവിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുക, ജീവിതത്തില്‍ സ്വീകരിക്കുക എന്നു തന്നെയാണ്. അതിനു തയ്യാറുള്ള ഒരു കന്യാസ്ത്രീയെ സഭയുടെ ആന്തരിക സത്ത പഠിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ സിന്ധു ജോയിക്ക് സ്വയം ചിന്തനം എങ്കിലും നടത്താമായിരുന്നു.

കവിത സമഹാരം എഴുതിയത് കുറ്റമാണെങ്കില്‍ സിസ്റ്റര്‍ മേരി ബനീഞ്ജയ്‌ക്കെതിരേയും അച്ചടക്ക നടപടിയെടുക്കണമായിരുന്നല്ലോ! പകരം അവരെ ആദരിക്കുകയല്ലേ ഉണ്ടായത്. അപ്പോള്‍ സി.ലൂസിയുടെ കാര്യത്തില്‍ മറിച്ചൊരു നീക്കം ഉണ്ടാകുന്നതിന് കാരണം? അനുസരണവ്രതത്തിലും സന്ന്യാസിനി സഭയുടെ ആന്തരിക സത്ത മനസിലാക്കിക്കാന്‍ വരുന്നതിനും മുമ്പ് ആ കാരണത്തെക്കുറിച്ച് ചിന്തിക്കാന്‍ സിന്ധുവിന് കഴിഞ്ഞില്ലേ? സി.ലൂസിക്കെതിരേ സഭ തിരിയാന്‍ കാരണം ഒന്നേയുള്ളൂ, ബലാത്സംഗ കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനിലെ അഞ്ചു കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതും പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയതും. ഈ കുറ്റമാണ് സി. ലൂസിയെ ശിക്ഷിക്കാനുള്ള ഏക തെറ്റ്! ആ തെറ്റ് മാത്രം ചൂണ്ടിക്കാട്ടിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കിയാവണം, കവിതയെഴുത്തും കാറോടിക്കലുമെല്ലാം ചേര്‍ത്ത് കുറ്റപത്രം വിപുലപ്പെടുത്തിയത്. അനുസരണവ്രതവും ദാരിദ്ര്യവ്രതവും ബ്രഹ്മചര്യവുമൊക്കെ കന്യാസ്ത്രീകള്‍ മാത്രം പാലിക്കുക എന്ന് കാനോന്‍ നിയമത്തില്‍ എഴുതിയിട്ടുണ്ടോ? മെത്രാനു പീഢനം നടത്താം, തെറ്റല്ല. മെത്രാന്‍ പീഢിപ്പിച്ചെന്നു ഒരു കന്ന്യാസ്ത്രീ പരാതിപ്പെട്ടാല്‍, നീതി തേടിയാല്‍ അത് തെറ്റുമാകുന്നു!

ബിഷപ്പ് ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ പോയവര്‍ക്കെതിരേ ആദ്യം നടപടിയെടുക്കൂ, എന്നിട്ടാകാം സി.ലൂസിയെ പുറത്താക്കുന്നത്; സി. അനുപമ

സമൂഹത്തില്‍ ഉണ്ടായാല്‍ പോലും സഭയില്‍ സ്ത്രീപുരുഷ തുല്യത വേണ്ടെന്നാണോ സിന്ധു ജോയി വിലപിക്കുന്നത്. അനുസരണവും ദാരിദ്ര്യവ്രതവും ബ്രഹ്മചര്യവുമൊന്നും പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കും ആവശ്യമില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നതിനെതിരേ പറയാന്‍ സിന്ധുവിന് ഒന്നുമില്ലേ? അടിസ്ഥാന വ്രതങ്ങള്‍ മൂന്നും സന്ന്യസ്തരായ പുരോഹിതര്‍ മാത്രം അനുഷ്ഠിച്ചാല്‍ മതി, ഇടവകകളിലെ പുരോഹിതന്മാര്‍ക്കും മെത്രാന്മാര്‍ക്കും ഈവക വ്രതങ്ങളൊന്നും അനുഷ്ഠിക്കേണ്ടതില്ലെന്നു ദിപീക പത്രത്തിലെ വാര്‍ത്തയിലുണ്ടായിരുന്നു. അതേസമയം കന്യാസ്ത്രീകള്‍ ഈ വ്രതങ്ങളെല്ലാം കര്‍ശനമായി പാലിക്കുകയും വേണം. ആണിനും പെണ്ണിനും വേറെ വേറെ നീതി കര്‍ത്താവിന്റെ ഉചിതമനുസരിച്ചോ? കന്യാസ്ത്രീകള്‍ കഷ്ടപ്പെടുന്നതിന്റെ ഫലം അനുഭവിക്കുകയോ പുരോഹിതരുടെ രീതി? ഒരു കന്യാസ്ത്രീ അവര്‍ ചെയ്യുന്ന ജോലിയുടെ കൂലിക്ക് അവകാശിയല്ല. അധ്യാപികയായോ മറ്റെന്തായോ ജോലി നോക്കിയാലും മാസ ശമ്പളം കൈയില്‍ വാങ്ങാന്‍ അവകാശമില്ല. ഒന്നുകില്‍ സ്ഥാപനത്തില്‍ നിന്നും നേരിട്ട് മേലധാകരിക്ക് കൈമാറും, അല്ലെങ്കില്‍ കന്യാസ്തത്രീ അത് നേരിട്ട് കൊണ്ടു ചെന്ന് മദറിന്റെ കൈയില്‍ കൊടുക്കണം. ജോലി ചെയ്യുക മാത്രം, കൂലിക്ക് അര്‍ഹതിയില്ല. പക്ഷേ, പുരോഹിതരുടെ കാര്യത്തില്‍ ഈവക നിബന്ധനകളൊന്നും ഇല്ല. വ്യക്തിപരമായ അത്യാവശ്യങ്ങള്‍ പോലും നിവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന, വീട്ടുകാരെ ആശ്രയിക്കേണ്ടി വരുന്ന കന്യാസ്ത്രീകളുടെ മുന്നിലൂടെയാണ് ബെന്‍സിലും ബിഎംഡബ്ല്യുവിലും പിതാക്കന്മാരും പുരോഹിതന്മാരും സുഖസഞ്ചാരം നടത്തുന്നത്.

പട്ടാള ക്യാമ്പിലെ അനുസരണത്തെ കുറിച്ച് സിന്ധു ജോയി സംസാരിക്കുന്നുണ്ട്. കോളോണിയല്‍ അടിമത്തം ഇപ്പോഴും നിലവിലിരിക്കുന്ന ഒരു സംവിധാനത്തെ ഒരു കന്യാസ്ത്രീയെ അനുസരണം ഓര്‍മിപ്പിക്കാന്‍ ഉപയോഗിക്കുന്ന സിന്ധു ജോയി, ഒരു വിപ്ലവ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നൊരാളായിരുന്നല്ലോ! തങ്ങളെ അനുസരിക്കാത്ത. ചോദ്യം ചെയ്യുന്ന കീഴുദ്യോഗസ്ഥരെ ക്രൂരമായി ശിക്ഷിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ നിരവധിയുണ്ട് സേനകളില്‍. അതില്‍ തെറ്റില്ലെന്നാണോ? അവകാശം, സ്വാതന്ത്ര്യം എന്നിവയ്ക്ക് യാതൊരു ഇടവും കന്യാസ്ത്രീകളുടെ ജീവിതത്തില്‍ ഇല്ലേ? തങ്ങളെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുന്ന, ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ ശബ്ദിക്കാന്‍ അവകാശമില്ലേ അവര്‍ക്ക്? ബിഷപ്പ് ഫ്രാങ്കോയുടെ പീഢനം ഏറ്റുവാങ്ങേണ്ടി വന്ന കന്യാസ്ത്രീക്ക് നീതിക്കു വേണ്ടി ശബ്ദിക്കാന്‍ അവകാശമില്ലെന്നാണോ സിന്ധു പറയുന്നത്? ആ കന്യാസത്രീയുടെ കൂടെ നിന്നു എന്ന കുറ്റത്തിന് തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അഞ്ച് കന്യാസ്ത്രീകള്‍ക്കും നീതി കിട്ടാന്‍ അവകാശമില്ലെന്നാണോ സിന്ധു ജോയി പറയുന്നത്? കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയും പച്ചക്കറി കൃഷി നടത്തിയും മുന്നോട്ടു പോകാന്‍ പോലും അനുവദിക്കാതെ അവരെ മഠത്തിനു പുറത്തു ചാടിക്കാന്‍ എല്ലാ വഴികളും നോക്കുന്നവര്‍ക്കു മുന്നില്‍ പ്രതിരോധിച്ചു നിന്നാല്‍ അതും അനുസരണലംഘനമാണെന്നാണോ സിന്ധുു ജോയി പറയുന്നത്? പരീക്ഷ എഴുതാന്‍ പോലും അനുവദിക്കാതെ പ്രതികാര നടപടിക്ക് വിധേയായക്കപ്പെടുന്ന കന്യാസ്ത്രീകള്‍ക്ക് മനുഷ്യാവകാശങ്ങളെപ്പറ്റി പറയാനും യാതൊരു അവകാശവുമില്ലെന്നാണോ സിന്ധു ജോയി വാദിക്കുന്നതത്?

അടിച്ചമര്‍ത്തപ്പെട്ടൊരു സമൂഹമാണ് കന്യാസ്ത്രീകളുടേത്. അതെപ്പോഴും അങ്ങനെ തന്നെയാകണം എന്നാണ് പലരും ആഗ്രഹിക്കുന്നത്. പക്ഷേ, ഇപ്പോള്‍ എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. നീതി തേടി തെരുവിലിറങ്ങാനും തയ്യാറാകുന്നു. ഈ മാറ്റം ഭയപ്പെടുത്തുന്നവരാണ് സി. ലൂസിക്കെതിരേ നടപടിയെടുക്കാന്‍ തുനിയുന്നത്. സി. ലൂസിയെ മറ്റു കന്യാസ്ത്രീകളെ അടക്കിയിരുത്താനുള്ള ഭയത്തിന്റെ ചിഹ്നമാക്കിയാവര്‍ മാറ്റും. പ്രതികരണങ്ങളെ നിശബ്ദമാക്കാനുള്ള തന്ത്രം!

സ്ത്രീ-ബാല പീഢകരായ എത്രയോ പുരോഹിതരാണ് ഈ സഭയിലുള്ളത്. അവരെയാരെയും ബ്രഹ്മചര്യവ്രതം ചൂണ്ടിക്കാട്ടി ക്രൈസ്തവതയുടെ ആന്തരീക അന്തസത്ത പഠിപ്പിക്കാന്‍ സിന്ധു ജോയി തയ്യാറാകാത്തത് എന്തുകൊണ്ട്? പുരോഹിതര്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്നാണല്ലോ! അവര്‍ക്ക് മറ്റ് ബന്ധങ്ങളും നിഷിദ്ധമാണല്ലോ! വിവാഹേതര ബന്ധം പാപമായാണല്ലോ കത്തോലിക്ക സഭ കാണുന്നത്. പുരോഹിതരും മെത്രാന്മാരും ഈ പാപത്തിന്റെ പരിധിയില്‍ വരില്ലേ?

തന്റെ ജീവിതം സന്ന്യസ്ത പ്രവര്‍ത്തികള്‍ക്ക് ഉഴിഞ്ഞുവയ്ക്കുകയും താന്‍ സമ്പാദിക്കുന്നതെല്ലാം സഭയ്ക്കു പൂര്‍ണമായി നല്‍കിയും മറ്റെല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ചും ജീവിച്ചു പോരുന്ന ഒരു കന്യാസ്ത്രീയെ ഒറ്റദിവസം കൊണ്ട് പുറത്തേക്ക് ആട്ടിയിറിക്കുന്നത് എങ്ങനെയാണ് ദൈവനീതിയാകുന്നത്. ഒരു വിശ്വാസിയെന്ന നിലയിലല്ല, ഒരു സത്രീയെന്ന നിലയില്‍ കന്യാസ്ത്രീകളുടെ ജീവിതത്തെ കുറിച്ച് ആലോചിച്ചു നോക്കണം സിന്ധു ജോയി.

കവിത എഴുതുന്നതും വണ്ടി ഓടിക്കുന്നതും പാപമോ? കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സി. ലൂസി കളപ്പുരയെ പുറത്താക്കാന്‍ നീക്കം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍