UPDATES

സോമനാഥ് ചാറ്റർജി; ഇടത് കൊടിയേന്തിയ പ്രായോഗികമതി

തനിക്ക് പൈതൃകമായി കിട്ടിയ വലതുപക്ഷമൂല്യങ്ങളെ ഒരു ഘട്ടത്തിലും കയ്യൊഴിയുകയുണ്ടായില്ല ചാറ്റർജി.

2008 ജൂലൈ മാസത്തിൽ ഇടതു പാർട്ടികൾ യുപിഎ സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാതെ, സ്പീക്കര്‍ കക്ഷിരാഷ്ട്രീയത്തിന് അതീതനാകണം എന്ന നിലപാടെടുത്തതോടെ സോമനാഥ ചാറ്റർജി സിപിഎമ്മിനു പുറത്തായി. അതീവഗുരുതരമായ രീതിയിൽ പാർട്ടി അച്ചടക്കം ലംഘിക്കപ്പെട്ടതോടെയാണ് ഈ നടപടിക്ക് പാർട്ടി മുതിർന്നത്. വലതുപക്ഷ മാധ്യമങ്ങൾ ‘കാരാട്ടിന്റെ കംഗാരൂ കോടതി’ എന്ന് വിശേഷിപ്പിച്ച നീക്കമായിരുന്നു അത്. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായിരുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം പാർട്ടിയിലെ അടിത്തട്ടിൽ പ്രവർത്തിക്കുന്നവർക്കു പോലും അവിശ്വസനീയമായിരുന്നു എന്നുവേണം പറയാൻ.

ഈ സംഭവത്തിനു ശേഷം തെഹൽക്ക മാസികയിൽ ശന്തനു ഗുഹ റായ് എഴുതിയ ”അന്തഃകരണാനുവർത്തിയായ മാർക്സിസ്റ്റ്’ എന്ന ലേഖനത്തിൽ സോമനാഥ് ചാറ്റർജിയുടെ മനോഭാവത്തെ ഇങ്ങനെയാണ് വിവരിക്കുന്നത്: “ചാറ്റർജിയുടെ വ്യക്ത്യധിഷ്ഠിത ചിന്താരീതി അദ്ദേഹത്തിന്റെ വീടിന്റെ ചുവരിൽ തൂക്കിയ ചിത്രങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്. രബീന്ദ്രനാഥ ടാഗോറും ജ്യോതിബസുവും. ഈ രണ്ട് ചിത്രങ്ങൾ മാത്രമേ ചുവരിലുള്ളൂ. വ്ലാദ്മിർ ലെനിനോ, കാൾ മാർ‌ക്സോ, ഫ്രെഡെറിക് എംഗൽസോ ഇല്ല!” സോമനാഥ ചാറ്റർജിയുടെ പാർട്ടിയിലേക്കുള്ള വരവും പ്രത്യയശാസ്ത്ര ധാരണകളിലൂന്നിയ ഒന്നായിരുന്നില്ല. വ്യക്തിബന്ധങ്ങളിലൂന്നിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് ചാറ്റർജിയെ സിപിഎമ്മിലെത്തിച്ചത്.

ജ്യോതിബസുവുമായി അടുത്ത ബന്ധമാണ് ചാറ്റർജി പുലർത്തിയിരുന്നത്. ചാറ്റർജിയുടെ പിതാവ് നിർമൽചന്ദ്ര ചാറ്റർജി ഒരു ഹിന്ദു മഹാസഭ നേതാവായിരുന്നെങ്കിലും 1963ലും 67ലും ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ് ജയിച്ചത്. 68ൽ സിപിഎമ്മിലേക്കു വന്ന സോമനാഥ ചാറ്റർജി പിതാവിന്റെ മരണശേഷം നടന്ന തെരഞ്ഞെടുപ്പിൽ, 71ൽ, സിപിഎം സ്ഥാനാർത്ഥിയായി നിന്ന് ഭോലെപൂർ മണ്ഡലത്തിൽ ജയിച്ചു.

ദീർഘകാലം പാർട്ടിയിലുണ്ടായിരുന്നിട്ടും പാർലമെന്ററി സ്ഥാനങ്ങളിലല്ലാതെ പാർട്ടി സ്ഥാനങ്ങളിലെത്താൻ സോമനാഥ ചാറ്റർജി ഒരിക്കലും ശ്രമിക്കുകയുണ്ടായില്ല. 1990ൽ‌ കേന്ദ്ര കമ്മറ്റിയിലെത്തിയിരുന്നെങ്കിലും അതിനു പിന്നിൽ ജ്യോതിബസുവിന്റെ നിർബന്ധമുണ്ടായിരുന്നു. പോളിറ്റ് ബ്യൂറോയിലേക്ക് ചാറ്റർജി എത്തുകയുണ്ടായില്ല.

ഒമ്പതു തവണയാണ് സോമനാഥ് ചാറ്റർജി സിപിഎം ടിക്കറ്റിൽ ലോകസഭയിലേക്ക് മത്സരിച്ചത്. 1984ല്‍ മമതാ ബാനർജിയോട് ജാദവ്പൂർ മണ്ഡലത്തിൽ തോറ്റതൊഴിച്ചാൽ പത്തു തവണ ചാറ്റർജി ലോകസഭയിലെത്തി.

പാർട്ടി നേതാവ് എന്ന നിലയിൽ അറിയപ്പെടാന്‍ സോമനാഥ ചാറ്റർജി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്റെ ആത്മകഥയ്ക്ക് അദ്ദേഹം നല്‍കിയ പേര് “Keeping the Faith : Memoirs of a Parliamentarian” എന്നായിരുന്നു. ചെറുപ്പം മുതലേ പരിചയിച്ച രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും പുറത്തുപോരേണ്ടി വന്നില്ല സോമനാഥ ചാറ്റർജിക്ക്.

ചെറുപ്പകാലം

1929 ജൂലൈ 25നാണ് സോമനാഥ ചാറ്റർജി ജനിച്ചത്. അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ പ്രസിഡണ്ട് സ്ഥാനം വരെ വഹിച്ചിരുന്ന, നിർമൽ ചന്ദ്ര ചാറ്റർജിയുടെയും ബീണാപാണി ദേബിയുടെയും മകനായി ആസ്സാമിലെ തേസ്പൂരിലെ ഒരു ജന്മി കുടുംബത്തിൽ ജനനം. രാഷ്ട്രീയത്തില്‍ ഉയർന്ന മൂല്യങ്ങൾ സൂക്ഷിച്ചിരുന്നയാളാണ് നിർമൽ ചന്ദ്ര ചാറ്റർജി. 1948ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ നിരോധിച്ച ഘട്ടത്തിൽ അതിനെതിരെ അതിശക്തമായി നിലയുറപ്പിക്കുകയുണ്ടായി നിർമൽ ചന്ദ്ര ചാറ്റർജി. ജ്യോതിബസുവുമായും ഇദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ജവഹർലാൽ നെഹ്റുവുമായി പിണങ്ങിപ്പിരിഞ്ഞ്, മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുവന്ന് ഭാരതീയ ജനസംഘം എന്ന പാർട്ടി രൂപീകരിച്ച ശ്യാമപ്രസാദ് മുഖർജിയുടെ ഏറ്റവുമടുത്തയാളുകളില്‍ ഒരാളായിരുന്നു നിർമൽ ചന്ദ്ര ചാറ്റർജി.

കൊൽക്കത്തയിലെ ഏറ്റവും വിഖ്യാതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സോമനാഥ് ചാറ്റർജി വിദ്യാഭ്യാസം നിർവ്വഹിച്ചത്. മിത്ര ഇൻസ്റ്റിറ്റ്യൂഷൻ, പ്രസിഡൻസി കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കേംബ്രിഡ്ജിലെ ജീസസ് കോളജിലും ചാറ്റര്‍ജി പഠിച്ചു. ഈ കോളജിലെ നിയമപഠനത്തിനു ശേഷം ലണ്ടനിലും പിന്നീട് കൊൽക്കത്ത ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

രാഷ്ട്രീയജീവിതം

എല്ലാക്കാലത്തും പാർട്ടിക്കകത്ത് ഒരു വിമർശക നിലപാട് സോമനാഥ ചാറ്റർജി കാത്തുപോന്നു. തനിക്ക് പൈതൃകമായി കിട്ടിയ വലതുപക്ഷമൂല്യങ്ങളെ ഒരു ഘട്ടത്തിലും കയ്യൊഴിയുകയുണ്ടായില്ല. ഇക്കാരണത്താൽ തന്നെ പാർട്ടിയിലെ ഉയർ‌ന്ന സ്ഥാനങ്ങളിലേക്ക് അദ്ദേഹം നീങ്ങുകയുണ്ടായില്ല. അക്കാലത്തെ വരട്ടുവാദത്തോളം പോന്ന ഇടതു നിലപാടുകളോട് ചാറ്റർജി പാർട്ടിക്കകത്ത് കലഹിച്ചിരുന്നു. ഇത് ഏറ്റവുമധികം ദൃശ്യമായത് 1996ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാകാനുള്ള അവസരം പാർട്ടി കളഞ്ഞു കുളിച്ചപ്പോഴാണ്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമെല്ലാം അടങ്ങുന്ന യുവാക്കളുടെ കടുത്ത പ്രത്യയശാസ്ത്ര പിടിവാശികളിൽ തട്ടിയാണ് അമൂല്യമായ ആ അവസരം കളഞ്ഞുപോയത്. പാർട്ടി തീരുമാനത്തെ പിന്നീട് ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ച ബസുവിനൊപ്പം സോമനാഥ ചാറ്റർജി നിലയുറപ്പിച്ചു. മാർക്സിസ്റ്റുകാർ ‘പിൻസീറ്റ് ഡ്രൈവിങ്ങില്‍’ മാത്രം തൽപരരാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബംഗാളിന് ഇങ്ങനെ പിന്നാമ്പുറ രാഷ്ട്രീയം മാത്രം കളിക്കുന്നത് അധികകാലം തുടരാനാകില്ലെന്നും ചാറ്റർജി അന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പിൽക്കാലത്ത് പ്രകാശ് കാരാട്ടും യെച്ചൂരിയും പിള്ളയുമെല്ലാം പാർട്ടിയുടെ ഉന്നതങ്ങളിലെത്തി. ചാറ്റർജി സ്വന്തമായ ആലോചനകളെ പ്രവൃത്തിയിലെത്തിക്കുന്ന പാർലമെന്റേറിയനായിത്തന്നെ തുടർന്നു. പാർലമെന്ററി സ്ഥാനങ്ങൾ വേണ്ടെന്നു വെക്കുന്ന പഴയ ‘മണ്ടത്തരം’ ആവർത്തിക്കാൻ തനിക്ക് സാധ്യമല്ലെന്ന് സന്ദേശം കൂടി പ്രകാശ് കാരാട്ടിന് കൈമാറുകയായിരുന്നിരിക്കണം ചാറ്റർജി.

പാർട്ടിയുടെ ഏറ്റവും ശക്തമായ മണ്ഡലങ്ങളിൽ തന്നെ ചാറ്റർജിയെ നിറുത്തി വിജയിപ്പിക്കാൻ സിപിഎം എക്കാലത്തും ശ്രമിച്ചു പോന്നു. ഇക്കാരണത്താൽ തന്നെ മത്സരിച്ച പത്തിൽ ഒമ്പതു തവണയും ചാറ്റർജി ജയിച്ചുവന്നു. പാർലമെന്റേറിയൻ എന്ന നിലയിൽ ചാറ്റർജിക്കുള്ള കഴിവുകളാണ് സിപിഎമ്മിനെ എപ്പോഴും ആകർഷിച്ചു വന്നത്. പാർലമെന്റിൽ കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരാളായി മാറാൻ ചാറ്റർജിക്ക് കഴിഞ്ഞു.

2008ലെ അവിശ്വസപ്രമേയം

ഇന്ത്യ-അമേരിക്ക ആണവക്കരാറുമായി ബന്ധപ്പെട്ട വിയോജിപ്പുകളിന്മേൽ യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ സിപിഎം തീരുമാനമെടുത്തു. അന്ന് 43 അംഗങ്ങളാണ് സിപിഎമ്മിന് പാർലമെന്റിലുണ്ടായിരുന്നത്. പിന്തുണ പിൻവലിക്കുന്ന എംപിമാരുടെ പട്ടിക സമർപ്പിക്കപ്പെട്ടപ്പോൾ അതിൽ സോമനാഥ ചാറ്റർജിയുടെ പേരും ഉണ്ടായിരുന്നു. പാർട്ടിയുടെ ഈ തീരുമാനത്തെ ചാറ്റർജി അനുസരിച്ചില്ല. ഇതോടെ ചാറ്റർജിയെ പുറത്താക്കാൻ പാർട്ടി തീരുമാനമെടുത്തു.

പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം സ്പീക്കറായി തുടർന്നുവെങ്കിലും കാലാവധി കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു ചാറ്റർജി. 2009ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയുണ്ടായില്ല. 2009ൽ ബോൽപൂർ മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി നിയോഗിച്ച രാമചന്ദ്ര ഡോം ചാറ്റർജിയോടുള്ള ആദരവ് കൂടി പ്രകടിപ്പിച്ചാണ് ആ നിയോഗം ഏറ്റെടുത്തത്. ചാറ്റർജിയെ പുറത്താക്കിയ വിഷയം കോൺഗ്രസ്സ് പ്രധാന പ്രചാരണങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍