UPDATES

ട്രെന്‍ഡിങ്ങ്

‘പുഴുവരിച്ച ശരീരത്തിന് ഒപ്പീസ് ചൊല്ലിയിട്ടെന്തു കാര്യം?’, മരണശേഷം ശരീരം മെഡിക്കല്‍ കോളേജിനെഴുതി വച്ച സി. ലൂസി മനസ്സ് തുറക്കുന്നു

ഏഴായിരത്തിലധികം കന്യാസ്ത്രീകളുള്ള എഫ്‌സിസിയില്‍ മരണശേഷം എല്ലാവരുടെയും കണ്ണുകള്‍ ദാനം ചെയ്യുകയാണെങ്കില്‍ പതിനാലായിരത്തോളം മനുഷ്യര്‍ക്ക് വെളിച്ചം കിട്ടും

അച്ചടക്കലംഘനം ആരോപിച്ച് സഭയില്‍ നിന്നും പുറത്താക്കാന്‍ മതമേലധികാരികള്‍ തയ്യാറായി നില്‍ക്കുമ്പോഴും സി. ലൂസി കളപ്പുര തന്റെ സന്ന്യസ്ത ജീവിതം കൊണ്ട് ഓരോ നിമിഷവും സമൂഹത്തിന്റെ പിന്തുണ നേടുകയാണ്. സഭയില്‍ നടക്കുന്ന ‘തെമ്മാടിത്തരങ്ങള്‍’ ചോദ്യം ചെയ്യുന്നതുകൊണ്ടാണ് സഭ തന്നെ ‘തെമ്മാടി’യാക്കി മുദ്ര കുത്തി പുറത്താക്കുന്നതെന്നാണ് സി. ലൂസി പറയുന്നത്. കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ശബ്ദം ഉയര്‍ത്തിയതും കത്തോലിക്ക സഭയിലേയും സന്ന്യസ്ത സഭയിലേയും തെറ്റുകുറ്റങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടിയതുമാണ് തന്നെ പുറത്താക്കാനുള്ള കാരണങ്ങള്‍ എന്നു വിളിച്ചു പറയാന്‍ ധൈര്യപ്പെടുന്ന ഈ കന്യാസ്ത്രീ, പരാജയപ്പെട്ടൊരാളെപ്പോലെ തലകുനിച്ച് താന്‍ മഠം വിട്ട് പോകില്ലെന്നും തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിതയായി കന്യാസ്ത്രീ ജീവിതത്തിലേക്ക് എത്തിയ താന്‍ മരണം വരെ ആ വഴിയിലൂടെ തന്നെ സഞ്ചരിക്കുമെന്ന് പ്രഖ്യാപിച്ച സി.ലൂസി പറയുന്നത്, മരണശേഷവും താന്‍, ഈ ലോകത്തിനും ഇവിടുത്തെ മനുഷ്യര്‍ക്കും ഉപകാരപ്പെടണം എന്നാണ്. അതിനുള്ള വഴിയാണ്, അവയവദാനവും ശരീരദാനവും കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. തന്റെ തീരുമാനങ്ങള്‍ക്കു പിന്നിലെ കാരണങ്ങളെക്കുറിച്ച് സി. ലൂസി കളപ്പുര അഴിമുഖത്തോട് വിശദമായി സംസാരിക്കുന്നു.

ഞാന്‍ സന്ന്യസ്ത ജീവിത്തിലേക്ക് വരുന്നത് തന്നെ പൂര്‍ണമായ സമര്‍പ്പണം എന്ന നിശ്ചയത്തോടെയാണ്. എന്റെ കണ്ണുകള്‍, വൃക്ക, ഹൃദയം… മറ്റുള്ളവര്‍ക്ക് ജീവിതമേകാന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതെന്റെ പുണ്യം എന്നു കരുതുന്നൊരാളാണ്, അന്നും ഇന്നും. ശരീരവും ശരീരാവയങ്ങളും ദാനം ചെയ്യുന്ന കാര്യം വര്‍ഷങ്ങള്‍ക്കു മുന്നേ എന്റെ സുഹൃത്തുക്കളോടും സഭാ അധികാരികളോടും സംസാരിച്ചിട്ടുള്ളതാണ്. ഒരു കിഡ്‌നി ദാനം ചെയ്യാന്‍ പലവട്ടം സഭ അധികാരികളോട് അനുവാദം ചോദിച്ചിട്ടുള്ളതാണ്. കത്തെഴുതിയും ഇ-മെയില്‍ അയച്ചുമൊക്കെ പല തവണ ഇക്കാര്യത്തില്‍ സമ്മതം തേടിയപ്പോഴും അവര്‍ നിഷേധിക്കുകയാണ് ഉണ്ടായത്.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്‌സിസി) ഏഴായിരിത്തലധികം കന്യാസ്ത്രീകളുണ്ട്. മരണശേഷം എഫ്‌സിസി അംഗങ്ങളുടെ എല്ലാവരുടെയും കണ്ണുകള്‍ ദാനം ചെയ്യുകയാണെങ്കില്‍ പതിനാലായിരത്തോളം മനുഷ്യര്‍ക്ക് വെളിച്ചം കിട്ടും. ഇക്കാര്യം ഒരു പ്രൊജക്ട് പോലെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എഫ്‌സിസി അധികാരികള്‍ക്കും സഭ നേതൃത്വത്തിനും എഴുതി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. അതെല്ലാം നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്.

എനിക്ക് മേലുള്ളവരുടെ സമ്മതത്തോടെ ഒന്നിനും കഴിയില്ലെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍, എന്റെ തീരുമാനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. എന്റെ ജീവിതം എന്നപോലെ എന്റെ മരണവും ലോകത്തിന് ഉപകാരപ്പെട്ടതാകണം. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്റെ ശരീരത്തില്‍ നിന്നും എന്തൊക്കെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടാനായി എടുക്കാന്‍ കഴിയുമോ അതത്രയും എടുക്കണം. എന്തൊക്കെ അവയവങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് അറിയില്ല, എന്റെ മരണം എങ്ങനെയായിരിക്കും എന്നതിനെ അനുസരിച്ചായിരിക്കും അത് പറയാന്‍ കഴിയുക. അവയവങ്ങള്‍ ദാനം ചെയ്യുന്നതുപോലെ മരണശേഷം എന്റെ ശരീരം പഠിക്കാന്‍ വിട്ടുകൊടുക്കണം. അതുമെന്റെയാഗ്രഹമാണ്. നാളുകള്‍ക്കു മുമ്പ് തന്നെ ഈയാഗ്രഹം ഞാന്‍ വ്യക്തമാക്കിയിരുന്നതുമാണ്.

മരിച്ചു കഴിഞ്ഞാല്‍ ഒരു ശരീരം മണ്ണില്‍ കുഴിച്ചിട്ട് അഴുക്കി കളയുകയാണ്. എന്നെ കൊണ്ടുപോയി കുഴിച്ചിട്ടാലും അതതവിടെ കിടന്നു അഴുകി പോവുകയല്ലേ ഉള്ളൂ. ക്രൈസ്തവ വിശ്വാസം അനുസരിച്ച് ആത്മാവ് എന്നു പറയുന്നത് അവസാന ശ്വാസത്തോടെ നമ്മളില്‍ നിന്നും വിട്ടുപോവുകയാണ്. ബാക്കിയാവുന്നത് വെറും ജഡം മാത്രമാണ്. ആ ജഡം പുഴുവരിച്ച് പോകാന്‍ കളയണോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആര്‍ക്കും പ്രയോജനം ഇല്ലാതെ പോകുന്നതിനേക്കാള്‍ നല്ലതല്ലേ, നമ്മുടെ ജഡം ഏതെങ്കിലും തരത്തില്‍ ലോകത്തിന് ഉപകാരപ്പെടുന്നത്. അപ്പോഴല്ലേ, നാം ആഗ്രഹിക്കുന്ന സമര്‍പ്പണം പൂര്‍ണമാകുന്നത്.

ആത്മാവ് വേര്‍പ്പെട്ട അഴുകിയ ശരീരമാണ് സംസ്‌കരിക്കാന്‍ കൊണ്ടു പോകുന്നത്. സംസ്‌കരിച്ചയിടങ്ങളില്‍ പോയി പിന്നീട് നമ്മുടെ പ്രിയപ്പെട്ടവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാകാം. പക്ഷേ, അതൊരു ഓര്‍മ പുതുക്കല്‍ മാത്രമാണ്. എന്റെ കുഴിമാടത്തില്‍ വന്നു നിന്ന് ഒപ്പീസ് ചൊല്ലിയതുകൊണ്ടോ പ്രാര്‍ത്ഥിച്ചതുകൊണ്ടോ എന്തെങ്കിലും കാര്യമുണ്ടെന്നു കരുതുന്നില്ല. എന്തിനാണ് അഴുകിയ ശരീരത്തിനു വേണ്ടി ഒപ്പീസ് ചൊല്ലുന്നതും പ്രാര്‍ത്ഥിക്കുന്നതും? അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ആത്മാവ് ആണെങ്കില്‍, അത് നമ്മള്‍ മരിക്കുമ്പോഴെ വിട്ടുപോവുകയും ചെയ്തിരിക്കുന്നു. കുഴിമാടങ്ങളിലെ പ്രാര്‍ത്ഥന, മരിച്ചവരെ കുറിച്ചുള്ള ഓര്‍മകള്‍ ജീവിച്ചിരിക്കുന്നവര്‍ പുതുക്കുന്നുവെന്നത് മാത്രമാണ്. നമ്മളെ ഓര്‍ക്കാന്‍ മറ്റെന്തെല്ലാം മാര്‍ഗങ്ങളുണ്ട്. ഇവിടെയാണ് എന്നെകുഴിച്ചിട്ടത്, അതുകൊണ്ട് എന്റെ കുഴിമാടത്തിന്റെ അരികില്‍ നിന്നു പ്രാര്‍ത്ഥിക്കാം എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രത്യേകയും ഇല്ല. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെങ്കില്‍, എന്നെയോര്‍ക്കണമെങ്കില്‍ അതെവിടെവച്ചുമാകാം.

അവയവദാനവും ശരീരദാനവും വിശ്വാസപരമായി വിലക്കിയിട്ടില്ലാത്ത കാര്യമാണ്. പല പുരോഹിതരും കന്യാസ്ത്രീകളും ഇത്തരത്തില്‍ അവയവദാനം നടത്തിയിട്ടുമുള്ളതാണ്. എന്റെ സഭയില്‍ (എഫ്‌സിസി) പക്ഷേ, ഇതുവരെ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. എഫ്‌സിസിയില്‍ ഞാനാണ് ആദ്യമായി അവയദാനത്തിന് സമ്മതം ചോദിച്ചത്. മദര്‍ ജനറല്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ, സമ്മതിക്കുമോ എന്നറിയില്ല, ഞാന്‍ ഈ കാര്യത്തിന് സമ്മതം ചോദിച്ച് അപേക്ഷ നല്‍കിയത്. മദര്‍ ജനറലിനു കൊടുക്കാന്‍ വേണ്ടി, എന്റെ മഠത്തില്‍ നിന്നും പോയ കന്യാസ്ത്രീകളുടെ കൈയില്‍ ഈ ആവശ്യം പറയുന്നൊരു കത്ത് എഴുതി കൊടുത്തു വിട്ടിരുന്നു. അവയവദാനം നടത്തുന്നതിലൂടെ നമ്മള്‍ സമൂഹത്തിന് മാതൃകയാവുകയാണെന്ന് ആ കത്തില്‍ ഞാന്‍ എഴുതിയിരുന്നു. എന്റ കിഡ്‌നി ദാനം ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. ഞാനിത് ചെയ്യുകയാണെങ്കില്‍ മറ്റു പലര്‍ക്കും അതൊരു പ്രചോദനമാകുമെന്നാണ് വിശ്വസിച്ചത്. ഈ കാര്യങ്ങള്‍ എഴുതി ഞാനെന്റെ ബൈബിളിലും സൂക്ഷിച്ചു വച്ചിട്ടുണ്ട്. എനിക്കത്രയ്ക്ക് ആഗ്രഹമുള്ളതുകൊണ്ട് ആ കത്ത് ഞാന്‍ ബൈബിളില്‍ സൂക്ഷിച്ചതും. ബൈബിള്‍ ഒരു വിശുദ്ധ പുസ്തകമാണ്. എന്റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ മദര്‍ ജനറലിനെയും മറ്റ് അധികാരികളെയും പ്രേരിപ്പിക്കാന്‍ ദൈവത്തിനാകുമെന്നയിരുന്നു ബൈബിളില്‍ ആ കത്ത് സൂക്ഷിച്ചുകൊണ്ട് ഞാന്‍ വിശ്വസിച്ചത്. കത്ത് ഇപ്പോഴും എന്റെ ബൈബിളിലുണ്ട്. ഇപ്പോഴുമെന്നാല്‍, ഇന്നുവരെ. നാളെ അതുണ്ടാകുമോ, എന്റെ ബൈബിള്‍ തന്നെ എന്റെയടുത്ത് ഉണ്ടാകുമോ എന്നുറപ്പില്ലാത്തതുകൊണ്ടാണ് ഇന്നുവരെയുണ്ട് എന്നു പറഞ്ഞത്. ഓരോന്നായി എന്നില്‍ നിന്നും പിടിച്ചുവാങ്ങിക്കൊണ്ടിരിക്കുകയാണല്ലോ.

എന്നെ സഭ ഒരു തെമ്മാടിയായി കണക്കാക്കിയാണല്ലോ ഇറക്കി വിടുന്നത്. സഭ ഒരാളെ തെമ്മാടിയാക്കി ചാപ്പ കുത്തിയാല്‍, ആ വ്യക്തി മരിച്ചാലും തെമ്മാടി തന്നെയാണ്. സെമിത്തേരിയില്‍ വിശുദ്ധരായ മനുഷ്യര്‍ക്കൊപ്പം സ്ഥാനമില്ല. അവിടെ നിന്നും മാറി തെമ്മാടിക്കുഴിയുണ്ടാകും, അവിടെ കൊണ്ടുപോയി അടക്കിക്കോളണം. എനിക്കെന്തായാലും എന്റെ ശരീരം തെമ്മാടിക്കുഴിയില്‍ കിടന്നു പുഴവരിക്കുന്നതില്‍ ഒട്ടും താത്പര്യമില്ല. എന്റെ ശരീരം ഉപകാരപ്പെടട്ടേ. ജീവിച്ചിരിക്കുന്ന കാലത്തോളം ഞാനീ ശരീരം കൊണ്ട് സമൂഹത്തിനും പാവങ്ങള്‍ക്കും ഉപകാരം ചെയ്തു ജീവിക്കും. മരിച്ചു കഴിയുമ്പോഴും അതേ ശരീരം കൊണ്ടു തന്നെ വീണ്ടും ഈ സമൂഹത്തിനും മനുഷ്യര്‍ക്കും ഉപാകരം ചെയ്യാന്‍ കഴിഞ്ഞാല്‍, അതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്. ജീവിതവും മരണവും കൊണ്ട് ലോകത്തിന് സമര്‍പ്പിതയായവള്‍ എന്ന് എന്നെക്കുറിച്ച് ഓര്‍ക്കുമെങ്കില്‍ അതിലും വലിയ ഒപ്പീസ് ചൊല്ലല്‍ എന്തിനാണ്?

സി. ലൂസി മുമ്പ് അഴിമുഖത്തോട് സംസാരിച്ചത് ഇവിടെ വായിക്കാം: ‘അവര് പറയുന്നതും കേട്ട് തലയും താഴ്ത്തി കണ്ണീരോടെ മഠം വിട്ടു പോകുമെന്ന് കരുതേണ്ട’, ബിഷപ്‌ ഫ്രാങ്കോക്കെതിരെ സമരം ചെയ്തതിന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സി. ലൂസി സംസാരിക്കുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍