UPDATES

സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലനിലേക്ക് ഒറ്റ രാത്രികൊണ്ട് ഓടിച്ചു കയറിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപൂരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ അപകടമരണത്തിന് ഇടയാക്കിയ വാഹനം ശ്രീറാമായിരുന്നു ഒടിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

ഒറ്റ രാത്രികൊണ്ട് ഹീറോയില്‍ നിന്നും വില്ലന്‍ പരിവേഷത്തില്‍ എത്തിയിരിക്കുകയാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഓഫിസര്‍. ദേവികുളം സബ് കളക്ടര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുക വഴി കിട്ടിയ സൂപ്പര്‍ സ്റ്റാര്‍ ഇമേജ് ആണ് ഒരു മാധ്യമപ്രവര്‍ത്തകന്റെ മരണത്തിലൂടെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപൂരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ അപകടമരണത്തിന് ഇടയാക്കിയ വാഹനം ശ്രീറാമായിരുന്നു ഒടിച്ചിരുന്നതെന്നും അല്ലെന്നുമുള്ള വാര്‍ത്തകളായിരുന്നു തുടക്കം മുതല്‍ വന്നിരുന്നത് എങ്കിലും ശ്രീറാം തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത് എന്ന് പോലീസ് ഇപ്പോള്‍ സ്ഥീരീകരിച്ചിട്ടുണ്ട്. ഒരാളുടെ ദാരുണമായ മരണത്തിനു ഇടയാക്കിയ സംഭവത്തില്‍ ശ്രീറാമിനെതിരേ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. കൈയബദ്ധം പോലുമല്ല, മദ്യപിച്ച് വാഹനോടിച്ച് ഒരാളെ കൊലപ്പെടുത്തുകയാണ് ഉണ്ടായത് എന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗൌരവതരമാക്കുന്നത്.

സിനിമയില്‍ മാത്രം ഹീറോകളും യഥാര്‍ത്ഥ്യത്തിന്റെ പരിസരങ്ങളില്‍ രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും വഴങ്ങിയും വിധേയപ്പെട്ടും ജീവിക്കുന്നവരായാണ് സിവില്‍ സര്‍വീസുകാരെ കുറിച്ച് പൊതുവേ പറയുന്നത്. അവിടെ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സാധാരണ ജനത്തിനും തേവള്ളിപറമ്പില്‍ ജോസഫും ഭരത് ചന്ദ്രനുമൊക്കെയായി ശ്രീറാം വെങ്കിട്ടരാമന്‍ മാറിയത് മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും ഭൂമി കയ്യേറ്റങ്ങള്‍ക്കുമെതിരേ രാഷ്ട്രീക്കാരെയും മന്ത്രിമാരെയും വകവയ്ക്കാതെ നടപടികള്‍ എടുത്തതുകൊണ്ടാണ്. ഭരണകക്ഷിയിലെ എംഎല്‍എയും ഭരിക്കുന്ന പാര്‍ട്ടിയിലെ പ്രാധാനികളെയും അയാള്‍ ഒരുപോലെ നേരിട്ടു. നാട് ഭരിക്കുന്ന മന്ത്രിപോലും ശ്രീറാമിനെതിരേ രംഗത്തു വന്നപ്പോഴും ഞാനെന്റെ ജോലിയാണ് ചെയ്യുന്നത്, അത് ഞാന്‍ തുടരുക തന്നെ ചെയ്യുമെന്ന് പറയാന്‍ ശ്രീറാമിന് കഴിഞ്ഞപ്പോള്‍ വലിയ പിന്തുണയാണ് സമൂഹത്തില്‍ നിന്നും കിട്ടിയത്. അതെല്ലാമാണ് ശനിയാഴ്ച്ച പുലര്‍ച്ചെ മ്യൂസിയം റോഡില്‍ ഇടിച്ചു തകര്‍ന്ന് ഇല്ലാതായത്; ഒപ്പം ഒരാളുടെ ജീവനും കവര്‍ന്നത്.

2012-ല്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വ്യക്തിയാണ് ശ്രീറാം. സുവോളജി പ്രൊഫസറായ ഡോ. പി ആര്‍ വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂര്‍ത്തിയുടെയും മകനായ ശ്രീറാം എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശ്രീറാം തുടര്‍ന്ന് എം ഡി പഠനത്തിനായി ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമചന്ദ്ര ഭഞ്ജ് മെഡിക്കല്‍ കോളേജിലും പഠിച്ചു. എന്നാല്‍ പഠനത്തിന്റെ പാതിവഴിയില്‍ വച്ച് മെഡിക്കല്‍ മേഖലയല്ല, സിവില്‍ സര്‍വീസ് ആണ് തന്റെ കര്‍മരംഗമെന്നു തീരുമാനിച്ച് ആ വഴിയിലേക്ക് ഇറങ്ങുകയായിരുന്നു.

എന്തുകൊണ്ട് ഐഎഎസ് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ശ്രീറാമിന് ഉണ്ടായിരുന്നു. റിഡീഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെയായിരുന്നു പറഞ്ഞത്; “ഈ രാജ്യത്തെ എല്ലാവരെയും പോലെ, വര്‍ദ്ധിച്ചു വരുന്ന അഴിമതിയും മോശം ഭരണനിര്‍വ്വഹണവും സുതാര്യത ഇല്ലായ്മയും സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയും ഒക്കെയാണ് ഏറ്റവും വലിയ പ്രശ്‌നമായി ഞാന്‍ കാണുന്നത്. അതേസമയം സാമൂഹ്യമാറ്റം എന്നത് സാവധാനത്തില്‍ നടക്കുന്ന ഒരു പ്രക്രിയയാണ് എന്നും എനിക്ക് ബോധ്യമുണ്ട്. ഒറ്റ രാത്രികൊണ്ട് ഒരു ഐഎഎസ് ഓഫീസര്‍ വിചാരിച്ചാല്‍ വിപ്ലവം ഉണ്ടാവില്ല”.

ഒരാവേശത്തിന് പുറത്തല്ല ഇങ്ങനെയൊക്കെ പറഞ്ഞതെന്നു തെളിയിക്കാന്‍ ദേവികുളം സബ് കളക്ടര്‍ പോസ്റ്റ് അദ്ദേഹത്തിന് സഹായകമായി. കാലങ്ങളായി യാതൊരു തടസവുമില്ലാതെ ഭൂമി-റിസോര്‍ട്ട്-രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയകള്‍ സംയുക്തമായി നടത്തി വന്നിരുന്ന മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരേ കാര്യമായി എന്തെങ്കിലും ചെയ്ത, ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഒരു ഉദ്യോഗസ്ഥന്‍ ശ്രീറാം ആണെന്നതില്‍ സംശയമില്ല. വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മൂന്നാര്‍ ഓപ്പറേഷന്‍ കെട്ടടങ്ങിയശേഷം വീണ്ടും കയ്യേറ്റങ്ങള്‍ക്കടിപ്പെട്ട മൂന്നാറിനെ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് ദേവികുളം സബ് കളക്ടറുടെ നടപടികളായിരുന്നു.

മൂന്നാറിലെ ഇടപെടലുകള്‍ ഒരു ശത്രു മുന്നണിയെ തന്നെ ശ്രീറാമിന് ഉണ്ടാക്കി. മൗനമായ പിന്തുണ കൊടുത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒടുവില്‍ കൈവിട്ടതോടെയാണ് ശ്രീറാമിന് മൂന്നാര്‍ വിട്ട് ഇറങ്ങേണ്ടി വന്നത്. അതിലൊരു പ്രധാന കാരണമായി പാപ്പാത്തിചോലയിലെ കുരിശും ഉണ്ടായിരുന്നു. ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പത്തിചോലയിലെ ഭീമന്‍ കോണ്‍ക്രീറ്റ് കുരിശ് ആത്മീയ ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന ഏക്കറു കണക്കിന് ഭൂമി കയ്യേറ്റത്തിനുള്ള മറവായിരുന്നു. കുരിശ് നില്‍ക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിവ് സഹിതം വ്യക്തമായിട്ടും പല തവണ റവന്യൂ ഉദ്യോഗസ്ഥര്‍ മല കയറി വന്നിട്ടും അതില്‍ തൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കൈക്കലാക്കി വച്ചിരിക്കുന്ന നൂറു കണക്കിന് ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ ഭൂസംരക്ഷണ സേനയും രണ്ടു തവണയും ഇവിടെയെത്തിയെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണുണ്ടായത്. ഒടുവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എല്ലാ തയ്യാറെടുപ്പുകളുമായി എത്തിയപ്പോള്‍ പാപ്പാത്തി ചോലയില്‍ ഇരുമ്പ് ഗര്‍ഡറില്‍, കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച കൂറ്റന്‍ കുരിശു നിലംപൊത്തി, കയ്യേറ്റഭൂമിയിലെ കുടിലുകള്‍ പൊളിച്ചു നീക്കപ്പെട്ടു. പക്ഷേ അതിനു പിന്നാലെ ശ്രീറാമിന് സബ് കളക്ടര്‍ സ്ഥാനവും നഷ്ടമായി.

ദേവികുളം സബ് കളക്ടറില്‍ നിന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ആയിട്ടായിരുന്നു ശ്രീറാമിനെ മാറ്റിയത്. വലിയ പ്രതിഷേധങ്ങള്‍ ശ്രീറാമിനെ മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്, ഇതൊരു ശിക്ഷ നടപടിയല്ല, പ്രമോഷനോടെ പുതിയ പോസ്റ്റ് നല്‍കുകയാണുണ്ടായിരിക്കുന്നതെന്നായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ആ പറഞ്ഞതില്‍ ശരികേടുണ്ടായിരുന്നു. ശ്രീറാമിനെ മാറ്റിയത് പ്രമോഷന്‍ കൊടുത്തല്ലെന്ന് തെളിയിക്കപ്പെട്ടു. കാരണം, 2017 ല്‍ പ്രമോഷന്‍ കിട്ടിയിട്ടുള്ള ശ്രീറാമിന് അടുത്ത പ്രമോഷന്‍ കാലയളവ് 2022 ആണ്. 2017 ല്‍ തന്നെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് രണ്ടു തവണ പ്രമോഷന്‍ കൊടുക്കാന്‍ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന് തെളിവു സഹിതം ചിലര്‍ പുറത്തു കൊണ്ടു വന്നതോടെയാണ് മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞത്.

മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തനിക്കൊരു ഹീറോ പരിവേഷം നല്‍കുന്നുണ്ടെന്നറിഞ്ഞപ്പോഴും ശ്രീറാം യുക്തിസഹമായിട്ടായിരുന്നു അതിനോട് പ്രതികരിച്ചതും. “ഞാന്‍ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്. അതു ചെയ്യാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ ശൈലിയുണ്ട്. ആര്‍ക്കും നമ്മുടെ പ്രവര്‍ത്തനരീതികള്‍ മാറ്റാന്‍ കഴിയില്ല. അത്രയൊന്നും എക്സ്ട്രീം ലെവലില്‍ ഞാനും കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ആരെയും പ്രത്യേകം ടാര്‍ഗറ്റ് ചെയ്തു പ്രവര്‍ത്തിച്ചിട്ടുമില്ല. എന്റെ കണ്ണില്‍ പെടുന്ന തെറ്റുകള്‍ തിരുത്താനാണു ശ്രമിക്കുന്നത്”.

എന്നാല്‍ ഇപ്പോള്‍ ശ്രീറാമിന് പിഴച്ചിരിക്കുന്നു. ഒരു വലിയ തെറ്റിന്റെ ഭാഗമാണിപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍