UPDATES

മായ ലീല

കാഴ്ചപ്പാട്

Perpendicular to the System

മായ ലീല

അയിത്തം എന്ന ആഭാസത്തിനു വേണ്ടി ആയുധമെടുത്ത് ഇറങ്ങിയിരിക്കുകയാണ് സവര്‍ണ്ണ മനോവൈകൃതം

പബ്ലിക്കായി വയലന്‍സിനും ക്രമസമാധാനനില തകര്‍ക്കാനും ആഹ്വാനം ചെയ്യുന്ന ഒരുകൂട്ടം സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്തു മാറ്റാതെ അവര്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് വഴി പോലീസും കളക്ടറും എന്താണ് പൊതുജനത്തിന് നല്‍കുന്ന സന്ദേശം?

മായ ലീല

ദളിതനായ ഒരു കലാകാരന്‍റെ മൃതശരീരം സാംസ്കാരിക കേരളത്തിന്‍റെ ഉള്ളില്‍ നിന്ന് പുറന്തള്ളപ്പെട്ട് വരാന്തയില്‍ എടുത്തു വച്ചിരിക്കുന്നുണ്ട്. കുഴികുത്തി മൂടിയ പ്രാകൃത ആചാരങ്ങളുടെ പ്രേതങ്ങള്‍ കാവിയുടുത്ത്‌ അവരുടെ അവകാശമെന്ന പേരില്‍ നാട്ടില്‍ ജാതി വിവേചനവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തിരികെ കൊണ്ടുവരാന്‍ ശൂലവും വാളുമായി പകല്‍വെളിച്ചത്തില്‍ പോലീസിന്‍റെ കാവലില്‍ കളക്ടറുടെ അനുമതിയോടെ പേക്കൂത്ത് നടത്തിയതിന്‍റെ ഫലമാണ് കേരളം ലജ്ജയോടെ മാത്രം സ്വീകരിക്കേണ്ട ഈ സംഭവം. സര്‍ക്കാരിന്‍റെ നടത്തിപ്പിലുള്ള ദര്‍ബാര്‍ ഹാളില്‍ എന്ത് നടക്കണം എന്ന് ഹിന്ദുത്വ തീവ്രവാദികള്‍ തീരുമാനിച്ചിരിക്കുന്നു. സ്ഥലത്തെ കളക്ടറും പോലീസും അവരുടെ ആക്രോശങ്ങള്‍ ശിരസ്സാവഹിച്ചിരിക്കുന്നു.

പൊതുസ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണ്, അത് പൊതുജനങ്ങള്‍ക്ക് വേണ്ടി നടത്തിക്കുക മാത്രമാണ് സര്‍ക്കാരിന്‍റെ ജോലി. അല്ലാതെ പൊതുസ്ഥലങ്ങള്‍ ഭരണം കൈയ്യാളുന്നവരുടെ സ്വകാര്യ സ്വത്തല്ല, അവരുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാന്‍. ജനാധിപത്യത്തില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും അടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളേയും ഭരണഘടന അനുശാസിക്കുന്ന പ്രകാരം സേവിക്കാന്‍ ആണ് ഭരണകൂടങ്ങള്‍ ആധുനിക സമൂഹങ്ങളില്‍ ഉണ്ടായിരിക്കുന്നത്. തീവ്രവാദികളുടെ ഭീഷണിയില്‍ പൊതുസ്ഥലം തോന്നിയത് പോലെ ദുരുപയോഗം ചെയ്യും എന്നത് പച്ചയായ ഭരണഘടനാ ലംഘനം ആണ്, അതാണ്‌ വടയമ്പാടിയിലും എറണാകുളം ദര്‍ബാര്‍ ഹാളിലും നടന്നത്.

പബ്ലിക്കായി വയലന്‍സിനും ക്രമസമാധാനനില തകര്‍ക്കാനും ആഹ്വാനം ചെയ്യുന്ന ഒരുകൂട്ടം സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്തു മാറ്റാതെ അവര്‍ക്ക് വഴങ്ങിക്കൊടുക്കുന്നത് വഴി പോലീസും കളക്ടറും എന്താണ് പൊതുജനത്തിന് നല്‍കുന്ന സന്ദേശം? ഭൂരിപക്ഷ മതത്തിന്‍റെ സവര്‍ണ്ണ തീവ്രവാദത്തിനാണ് രാജ്യത്തെ നിയമങ്ങള്‍ക്കും മുകളില്‍ സ്ഥാനമെന്നോ? അറസ്റ്റ് ചെയ്തെങ്കില്‍ സംഘപരിവാര്‍ ആ സാഹചര്യത്തെ കീഴ്മേല്‍ മറിച്ചുകളയും, ഹിന്ദുക്കളെ കൊല്ലുന്നേ എന്ന് നിലവിളിച്ച് ചാണകപ്പുഴുക്കള്‍ വീണ്ടും രംഗം വഷളാക്കും. അങ്ങനെ ചെയ്യുമെന്ന് ധരിച്ചുകൊണ്ട് ഇന്നവരുടെ തീവ്രവാദത്തിന് കളമൊരുക്കി കൊടുക്കാന്‍ ആണോ നാട്ടുകാരുടെ ചിലവില്‍ ഒരു കളക്ടറും പോലീസും ഇവിടുള്ളത്? അല്ല! നുണകള്‍ മാത്രം പ്രചരിപ്പിക്കുന്ന സംഘപരിവാറിനെ നേരിടാന്‍ കേരളമെന്ന സമൂഹത്തിന് കെല്‍പ്പില്ല എന്നതൊരു മിഥ്യാധാരണയാണ്. ജാതിയുടെ പേരിലുള്ള വിവേചനം, അയിത്താചാരം എന്നിവ ഇന്നാട്ടില്‍ നിയമവിരുദ്ധം ആണെന്നത് അധികാരികള്‍ പഠിച്ചിട്ടില്ലേ?

സംഘപരിവാറിന്റെ ബ്രാഹ്മണ വാദങ്ങള്‍ക്ക് നാട്ടുകാര്‍ എന്തിനാണ് തലകുനിക്കേണ്ടി വരുന്നത്. അമ്പലത്തിനകത്ത് ശുദ്ധി വേണമെങ്കില്‍ അതിനകത്തെ കാര്യങ്ങള്‍ക്കാണ് പിന്നീട് ചര്‍ച്ചകള്‍ നടക്കേണ്ടത്. പൊതുസ്ഥലങ്ങളില്‍ ശുദ്ധിയും അശുദ്ധിയും തീരുമാനിക്കാന്‍ സംഘപരിവാറിന് ആരാണ് അധികാരം കൊടുത്തത്? എത്ര വിപ്ലവങ്ങളും സമരങ്ങളും നടത്തിയാണ് പൊതുവഴികള്‍ പൊതുജനത്തിനായി തുറന്നു കിട്ടിയത്. കേരളം ചരിത്രത്തെ മറന്നുകൊണ്ട് വീണ്ടും അയിത്തം എന്ന ആഭാസത്തിനു വേണ്ടി ആയുധമെടുത്ത് തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ എത്രമാത്രം പിറകോട്ടാണ് നടക്കേണ്ടത് എന്നാണവര്‍ കാണിച്ചു തരുന്നത്. മനുഷ്യന് ശുദ്ധിയും അശുദ്ധിയും കല്‍പ്പിച്ചു കൊടുത്തത് ബ്രാഹ്മണന്റെ ആചാരങ്ങള്‍ ആണ്. അവന്‍റെ ശുദ്ധിയുടെ അളവുകോല്‍ വെച്ചാണ് RSS ഇപ്പോള്‍ കേരളത്തിലെ പൊതു ഇടങ്ങള്‍ അളക്കാന്‍ നടക്കുന്നത്. ആധുനിക സമൂഹത്തില്‍ അതിലെ സാമഗ്രഹികള്‍ വെച്ച് തന്നെ “അബ്രാഹ്മണര്‍ക്ക് ഈ റോഡുപയോഗിക്കാന്‍ അനുമതിയില്ല” എന്നൊരു ബോര്‍ഡ് നിങ്ങളുടെ തെരുവുകളില്‍ വരുകയോ, നിങ്ങളുടെ GPS പറയുകയോ ചെയ്‌താല്‍ അതെത്ര അസംബന്ധം ആണെന്ന് മനസ്സിലാകും. ഈ റോഡ്‌ one way ആണോ എന്നൊക്കെ ചോദിക്കുന്നത് പോലെ, ഈ റോഡ്‌ ഇന്ന ജാതികള്‍ക്ക് മാത്രം ഉള്ളതാണോ എന്ന് ചോദിച്ചുകൊണ്ട് യാത്ര ചെയ്യേണ്ട അവസ്ഥ.

‘വേണമെങ്കിൽ നിലത്ത് വരാന്തയിൽ കിടത്ത്, ഇല്ലെങ്കിൽ മുട്ടുകാലു തല്ലിയൊടിക്കും’

പൊതുസ്ഥലങ്ങള്‍ ജാതിമതഭേദമന്യേ പൊതുജനങ്ങള്‍ക്ക് ഉള്ളതാണ്. അതിന് ഒരു മതവും രാഷ്ട്രീയവും വൃണപ്പെടേണ്ട കാര്യമില്ല. മതവിശ്വാസം ഭരണഘടന ഉറപ്പു വരുത്തുന്നത് അവനവന് മതത്തിന്‍റെ പേരില്‍ എന്ത് ആഭാസവും വിശ്വസിക്കാം എന്നത് വരെയേ ഉള്ളൂ അല്ലാതെ സ്വന്തം വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല മതസ്വാതന്ത്ര്യം. പൊതുസ്ഥലങ്ങളില്‍ എന്ത് നടക്കുന്നു എന്നത് ബ്രാഹ്മണമതത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന ഒന്നല്ല. അതങ്ങനെ ആണെന്ന് വരുത്തി തീര്‍ക്കാന്‍ സംഘപരിവാര്‍ എത്രയോ കാലമായി ശ്രമിക്കുന്നുണ്ട്. അതങ്ങനെ അല്ല. രാജ്യം ചലിക്കുന്നത് ഭരണഘടന അനുസരിച്ചാണ് മനുസ്മൃതി അനുസരിച്ചല്ല. സവര്‍ണ്ണത എന്ന മനോവൈകൃതം ബാധിച്ച കൂട്ടര്‍ക്ക് അതെളുപ്പത്തില്‍ മനസ്സിലാകണം എന്നില്ല. പക്ഷേ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ചവരുത്തിയ പോലീസും, കളക്ടറും, ഒരു കൌണ്‍സിലര്‍ ആയിരുന്നുകൊണ്ട് തീവ്രവാദം നടത്തുന്നയാളും പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതാണ്. കോണ്‍ഗ്രസ്സിന്റെ കൌണ്‍സിലര്‍ വൈക്കം സത്യാഗ്രഹം എന്ന് കേട്ടിട്ടേ ഇല്ലെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം കൂടെ അയാള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രപിതാവിന്‍റെ ഫോട്ടോയില്‍ മാലയിട്ടു കാണണം, പുഷ്പവൃഷ്ടി നടത്തിക്കാണണം. എന്നിട്ടയാള്‍ നേരേ പുറപ്പെടുന്നത് അയിത്താചാരങ്ങള്‍ക്ക് വേണ്ടി വാളെടുക്കാന്‍ ആണ്.

എറണാകുളത്തപ്പന് അയിത്തം; ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് തടഞ്ഞു

ജാതിയുടെ പേരിലുള്ള ശുദ്ധിയെ ആണ് ഹൈന്ദവ വിശ്വാസം ആണെന്ന് ധരിപ്പിച്ചുകൊണ്ടവര്‍ നിങ്ങളുടെ നെഞ്ചിലേയ്ക്ക് കുത്തിയിറക്കുന്നത്. കേരളത്തിലെ സകലരും ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തിരിച്ചു വരണമെന്ന ആഗ്രഹത്തോടെ ജീവിക്കുന്നവരാണോ? ആണോ? മതവിശ്വാസം ആണെന്ന കള്ളത്തരം നടപ്പിലാക്കാന്‍ വകുപ്പില്ല, കാരണം ഹിന്ദുമതത്തില്‍ തന്നെയുള്ളവരെയാണല്ലോ അശുദ്ധി കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത്. ജാതിയാണ് ശുദ്ധിയും അശുദ്ധിയും തീരുമാനിക്കുന്നത്. ജാതിവെറി. “ഞാന്‍” ജന്മംകൊണ്ട് ഉയര്‍ന്നവനും മറ്റവന്‍ നീചനും മ്ലേച്ഛനും ആണെന്ന് കരുതുന്ന മനോരോഗം മൂര്‍ധന്യാവസ്ഥയില്‍ ആയിരുന്നു കേരളത്തില്‍ എത്രയോ കാലം. അവിടുന്ന് സാമൂഹ്യ പരിഷ്കരണം നടത്തിയാണ് സംസ്കരിച്ചാണ് തുല്യത എന്ന ആശയം നടപ്പിലാവുന്നത്, എത്ര കുറഞ്ഞ അളവില്‍ ആണെങ്കില്‍ തന്നെയും. ഇനിയും തിരിച്ചു പോകണോ?
സംഘപരിവാറിന്റെ കുതന്ത്രങ്ങളെ എതിര്‍ത്തുകൊണ്ടേയിരിക്കണം. പ്ലേഗ് പോലെ സമൂഹത്തെ കാര്‍ന്നുതിന്നാനായി പടരുന്ന ജാതിചിന്തകളെ, ശുദ്ധാശുദ്ധി ദ്വന്ദങ്ങളെ കേരളം എതിര്‍ക്കുക തന്നെ ചെയ്യണം. ബ്രാഹ്മണന്റെ ശുദ്ധിയല്ല ഒരു ജനാധിപത്യ സമൂഹത്തിന്‍റെ നിയമങ്ങളെ നിശ്ചയിക്കുന്നത്. അത്തരം തേര്‍വാഴ്ച്ചകള്‍ ഒക്കെ കഴിഞ്ഞുപോയി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജാതിഗുണ്ടകളോട്, ‘വിശ്വാസം നിന്റെ കോവിലിനുള്ളില്‍ മതി, തൊട്ടുകൂടായ്മ നിന്റെ അഴുകിയ മനസിലും’

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍