UPDATES

വായന/സംസ്കാരം

ഒ.വി വിജയന്‍റെ പ്രതിമ വീണ്ടും പാലക്കാട് നിന്ന് നാടുകടത്തി; തസ്രാക്കിലെത്തിച്ച പ്രതിമയുടെ ഉടമസ്ഥതയെ ചൊല്ലിയും തര്‍ക്കം; അനക്കമില്ലാതെ സാംസ്കാരിക ലോകം

‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ അമ്പതാം വാര്‍ഷികവും ഒ വി വിജയന്റെ ജന്മദിനാഘോഷവും പൊടിപൊടിക്കുന്ന സമയത്ത് തന്നെയാണ് പാലക്കാട് നഗരത്തില്‍ നിന്ന് വിജയന്റെ പ്രതിമ നീക്കം ചെയ്തത്

‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ അമ്പതാം വാര്‍ഷികവും ഒ വി വിജയന്റെ ജന്മദിനാഘോഷവും പൊടിപൊടിക്കുമ്പോള്‍ പാലക്കാട് നഗരത്തില്‍ നിന്ന് വിജയന്റെ പ്രതിമ നീക്കം ചെയ്തത് സംബന്ധിച്ച വിവാദം കൊഴുക്കുന്നു. ഒ വി വിജയന്റെ 89-ാം ജന്മദിനാഘോഷങ്ങള്‍ തസ്രാക്കില്‍ ആഘോഷപൂര്‍വ്വം നടക്കുന്ന വേളയില്‍ പാലക്കാട് നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഒ വി വിജയന്റെ പ്രതിമ പൊളിച്ച് നീക്കിയത് സാഹിത്യകാരനോടുള്ള അനാദരവായി കണ്ട് നിരവധിപേരാണ് പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മുന്‍സിഫ് കോടതി വിധിയെ തുടര്‍ന്ന് നഗരസഭയുടെ സ്ഥലത്ത് നിന്ന് ഒ വി വിജയന്റെ പ്രതിമ കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു. പാലക്കാട് എസ്ബിഐ ജംഗ്ഷന് സമീപം സ്ഥാപിച്ച ഏഴടി ഉടയരമുള്ള പ്രതിമയാണ് പൊളിച്ച് നീക്കിയത്. പ്രതിമ ഒ വി വിജയന്‍ സ്മാരക ട്രസ്റ്റ് ഏറ്റെടുക്കുകയും തസ്രാക്കിലെത്തിക്കുകയും ചെയ്തു. എന്നാല്‍ നഗരസഭയുടെയോ പ്രതിമ സ്ഥാപിച്ചവരുടെയോ അറിവില്ലാതെ പ്രതിമ പൊളിച്ച് മാറ്റിയതിലും തസ്രാക്കിലേക്കെത്തിച്ചതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. പ്രതിമ നിര്‍മ്മിച്ചവര്‍ തങ്ങള്‍ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കിയുണ്ടാക്കിയ പ്രതിമ തിരികെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം, പ്രതിമയുടെ ഉടമസ്ഥാവകാശം കോടതിയില്‍ തെളിഞ്ഞാല്‍ അത് തിരികെ നല്‍കുന്ന കാര്യം ആലോചിക്കാമെന്നാണ് ഒ വി വിജയന്‍ സ്മാരക ട്രസ്റ്റ് ഭാരവാഹികളുടെ വാദം. നഗരസഭയുടെ സ്ഥലത്ത് പ്രതിമ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് പാലക്കാട് നഗരസഭ. എന്നാല്‍ റോഡില്‍ വാഹനങ്ങള്‍ക്ക് മറ സൃഷ്ചിക്കുന്ന പ്രതിമ ആ സ്ഥലത്ത് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കോടതിയില്‍ കേസ് നല്‍കിയ ‘പാലക്കാട് മുന്നോട്ട്’ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍. പ്രതിമയ്ക്കായി പരസ്പരം പിടിവലി മുറുകുമ്പോള്‍ പാലക്കാട് നഗരത്തില്‍ നിന്ന് രണ്ടാംതവണയും ‘അപ്രത്യക്ഷ’മായിരിക്കുകയാണ് ഒ വി വിജയന്‍ എന്ന വിഖ്യാത സാഹിത്യകാരന്റെ പ്രതിമ.

മുമ്പ് പാലക്കാട് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഒ വി വിജയന്റെ പ്രതിമ 2016ല്‍ പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. പ്രതിമയ്ക്കായി തിരച്ചിലുകള്‍ നടന്നെങ്കിലും അത് എവിടെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. റോഡ് വികസനത്തിന്റെ ഭാഗമായാണ് പ്രതിമ കാണാതായതെന്ന് അന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നു. പ്രതിമ മാറ്റാന്‍ ഉത്തരവൊന്നും നല്‍കിയില്ല എന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞപ്പോഴും പ്രതിമ എവിടെ എന്ന കാര്യത്തില്‍ ഉത്തരം ലഭിച്ചിരുന്നില്ല. പിന്നീട് നഗരസഭാ വളപ്പില്‍ നിന്ന് പ്രതിമ അന്യാധീനപ്പെട്ട നിലയില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാലക്കാട്ടെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒ വി വിജയന്റെ പ്രതിമ പുന:സ്ഥാപിക്കണമെന്ന് മുറവിളി കൂട്ടുകയും പ്രതിമാ നിര്‍മ്മാണ സമിതി രൂപീകരിക്കുകയും ചെയ്തു. എസ്ബിഐ ജംഗ്ഷന് സമീപമുള്ള നഗരസഭയുടെ സ്ഥലത്ത് പ്രതിമ നിര്‍മ്മിക്കുന്നതിന് പ്രതിമ നിര്‍മ്മാണ സമിതിക്ക് നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കി. അങ്ങനെ നിര്‍മ്മിച്ചതാണ് ഇപ്പോള്‍ നീക്കം ചെയ്ത പ്രതിമ. സാമൂഹിക പ്രവര്‍ത്തകര്‍ വിവിധ സംഘടനകളുടെ സഹായത്തോടെയാണ് പ്രതിമ നിര്‍മ്മിച്ചത്. 30,000 രൂപ ചെലവില്‍ പട്ടാമ്പി സ്വദേശി എം എ വേണുവാണ് ഏഴടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചത്.

എന്നാല്‍ പ്രതിമ പാലക്കാട് നഗരത്തിലെ വാഹനഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു എന്ന പരാതിയുമായാണ് ‘പാലക്കാട് മുന്നോട്ട്’ എന്ന സംഘടന കോടതിയെ സമീപിച്ചത്. പ്രതിമയുടെ മറവുള്ളതിനാല്‍ വാഹനങ്ങള്‍ കാണാനാവില്ലെന്നായിരുന്നു ഇവരുടെ പരാതി. പ്രതിമ പൊളിച്ചുനീക്കാന്‍ മുന്‍സിഫ് കോടതി ഉത്തരവിട്ടു. എന്നാല്‍ സ്ഥലമുടമയായ നഗരസഭയേയോ പ്രതിമ നിര്‍മ്മാണ സമിതിയേയോ കക്ഷി ചേര്‍ക്കാതെ ‘പാലക്കാട് മുന്നോട്ട്’ എന്ന സംഘടന കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും എക്‌സ് പാര്‍ട്ടി വിധി സമ്പാദിക്കുകയുമായിരുന്നു എന്ന് പ്രതിമ നിര്‍മ്മാണ സമിതി ഭാരവാഹി ബോബന്‍ മാട്ടുമന്ത പറഞ്ഞു. എന്നാല്‍ പാലക്കാട് നഗരത്തിലെ വാഹന ഗതാഗതത്തിന് പ്രതിമയുടെ മറവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നും ബന്ധപ്പെട്ടവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് കോടതിയില്‍ കേസ് നല്‍കിയതെന്നും പാലക്കാട് മുന്നോട്ട് സംഘടനയുടെ ഭാരവാഹിയായ വിജയന്‍ പറയുന്നു. തങ്ങള്‍ക്ക് 30 വര്‍ഷത്തേക്ക് പാര്‍ക്ക് ആയി സംരക്ഷിക്കാന്‍ നഗരസഭ ചുമതലപ്പെടുത്തിയ സ്ഥലത്ത് അനധികൃതമായാണ് പ്രതിമ സ്ഥാപിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഈ സ്ഥലം നഗരസഭയുടേതാണെന്നും നോക്കിനടത്താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം.

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത പ്രതിമ ജില്ലാ കളക്ടറുടെ പ്രത്യേക ആവശ്യപ്രകാരം ഒ വി വിജയന്‍ സ്മാരക ട്രസ്റ്റ് പ്രതിമ ഏറ്റെടുത്ത് തസ്രാക്കിലേക്കെത്തിച്ചു. എന്നാല്‍ തങ്ങളുടെ ശ്രമഫലമായി, തങ്ങളുടെ കൈവശമുള്ള ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രതിമ ട്രസ്റ്റിനെ ഏല്‍പ്പിച്ച നടപടിക്കെതിരെയും പ്രതിമ നിര്‍മ്മാണ സമിതി വലിയ പ്രതിഷേധമാണറിയിക്കുന്നത്. പ്രതിമ പൊളിക്കുമ്പോള്‍ ഏറ്റെടുക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ ട്രസ്റ്റ് ഏറ്റെടുക്കുകയായിരുന്നു എന്ന് വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി ആര്‍ അജയന്‍ വ്യക്തമാക്കി. പ്രതിമ തിരികെ നല്‍കുന്നതിന് തങ്ങള്‍ക്ക് തടസ്സമില്ലെന്നും എന്നാല്‍ ആരുടെയാണ് പ്രതിമ എന്ന കാര്യത്തില്‍ കോടതി തീരുമാനിക്കുന്ന മുറയ്ക്ക് മാത്രമേ തങ്ങള്‍ അത് ചെയ്യൂ എന്നും അജയന്‍ പറയുന്നു. എന്നാല്‍ പ്രതിമ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭയും പ്രതിമ നിര്‍മ്മാണ സമിതിയും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. നഗരസഭ എസ്ബിഐ ജംഗ്ഷന് സമീപം പ്രതിമ നിന്നിരുന്ന സ്ഥലത്ത് ‘നഗരസഭയുടെ സ്ഥലം’ എന്ന ബോര്‍ഡ് സ്ഥാപിക്കുകയും കോടതി വഴി നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിമ നിര്‍മ്മാണ സമിതിയും നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.

പ്രതിമ നവീകരിക്കുന്നതിനായി 4,60,000 രൂപ കഴിഞ്ഞ നഗരസഭാ കൗണ്‍സിലില്‍ വകയിരുത്തിയിരുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി പ്രതിമ നീക്കം ചെയ്തത്. കോടതി വിധി വന്നത് പോലും തങ്ങള്‍ അറിഞ്ഞില്ല എന്നാണ് പ്രതിമ നിര്‍മ്മാണ സമിതിയും നഗരസഭയും പറയുന്നത്. ഇതിനിടെ വിഷയം രാഷ്ട്രീയ വിവാടമായും മാറിയിരുന്നു. ബിജെപി ഭരിക്കുന്ന നഗരസഭയ്ക്ക് താത്പര്യം ഇല്ലാത്തതിനാലാണ് പ്രതിമ നഗരത്തില്‍ നിന്ന് നീക്കം ചെയ്തത് എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പ്രതിമ തിരികെ ആവശ്യപ്പെടുമെന്നും ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം പുതിയ പ്രതിമ ഇതേ സ്ഥലത്ത് സ്ഥാപിക്കുമെന്നും അന്തിമ തീരുമാനം നഗരസഭാ കൗണ്‍സിലില്‍ എടുക്കുമെന്നും നഗരസഭാ വൈസ്‌ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അറിയിച്ചു. പ്രതിമ പൊളിച്ച് ഗുഡ്‌സ് ഓട്ടോയിലാക്കി തസ്രാക്കിലേക്ക് നീക്കുന്നത് കണ്ടിട്ടും സാഹിത്യകാരന്‍മാരോ സാംസ്‌കാരിക നായകരോ അതിനെതിരെ ശബ്ദിക്കാത്തതിലും പാലക്കാട്ടെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്.

Azhimukham Read: ‘ധൈര്യമുണ്ടായതുകൊണ്ട് മറ്റൊരു സാജനായില്ല’, വീട് പണിയാനാവാതെ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ് വിമുക്തഭടന്‍; സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികാരമെന്ന് ആരോപണം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍