UPDATES

സ്ത്രീകള്‍ വെറുതേ ഇരിക്കേണ്ടവരല്ല; സുബേദയുടെ കലംകാരി

എസ് ബി ടിയില്‍ മാനേജരായിരുന്ന തൊടുപുഴക്കാരി സുബേദ ജോസ് അഞ്ചുവര്‍ഷത്തെ സേവനം ബാക്കി നില്‍ക്കെയാണ് വോളന്‍ററി റിട്ടയര്‍മെന്‍റെടുത്തു ബിസിനസ് രംഗത്തേക്ക് തിരിയുന്നത്

എസ് ബി ടിയില്‍ മാനേജരായിരുന്ന തൊടുപുഴക്കാരി സുബേദ ജോസ് അഞ്ചുവര്‍ഷത്തെ സേവനം ബാക്കി നില്‍ക്കെയാണ് വോളന്‍ററി റിട്ടയര്‍മെന്‍റെടുത്ത് ബിസിനസ് രംഗത്തേക്ക് തിരിയുന്നത്. ഒരുപാട് നാള്‍ ആലോചിച്ചെടുത്ത തീരുമാനമൊന്നുമായിരുന്നില്ല അത്. ബാങ്ക് ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച സുബേദ 33 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പെട്ടെന്നൊരു ദിവസം അങ്ങവസാനിപ്പിക്കുകയായിരുന്നു. തൊടുപുഴ ഈസ്റ്റ് മങ്ങാട്ട് കവലയിലുള്ള ‘കലംകാരി’ (Drawing with a Pen) എന്ന ബ്യൂട്ടിക്കില്‍ എത്തിയാല്‍ സുബേദാ ജോസ് എടുത്ത തീരുമാനം തെറ്റിയില്ല എന്ന് ആര്‍ക്കും ഉറപ്പിക്കാന്‍ പറ്റും.

“ഞാന്‍ 1985-ലാണ് എസ് ബി ടി യില്‍ ജോയിന്‍ ചെയ്തത്. 31 വര്‍ഷം ജോലി ചെയ്തു. ഓഫീസറുടെ പോസ്റ്റില്‍ ഇരിക്കുമ്പോഴാണ് വോളന്‍ററി റിട്ടയര്‍മെന്‍റ് എടുക്കുന്നത്. ഞാന്‍ ഫീല്‍ഡില്‍ അഡ്വാന്‍സ് ഓഫീസറും കൂടെ ആയിരുന്നു. രാവിലെ പോയാല്‍ എട്ടരയൊക്കെ ആകും വരുമ്പോള്‍. അത് നമുക്ക് ഭയങ്കര ടെന്‍ഷന്‍ തരുന്ന ജോലിയാണ്. പെട്ടെന്നായിരുന്നു ഞാന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. മൂവാറ്റുപുഴയിലെ അസൈന്‍മെന്‍റ് കഴിഞ്ഞാല്‍ റിട്ടയര്‍മെന്‍റ് എടുക്കണം എന്ന് ഞാന്‍ ആദ്യമേ കരുതിയിരുന്നു. സര്‍വീസില്‍ അഞ്ചു വര്‍ഷം ബാക്കിയുള്ളപ്പോഴാണ് റിട്ടയര്‍മെന്‍റ് എടുക്കുന്നത്.”

ജോലി ചെയ്തിന്ന സമയം വളരെ ആത്മാര്‍ഥമായാണ് ജോലി ചെയ്തിരുന്നതെന്നും മാനേജര്‍ പോസ്റ്റില്‍ എത്തിയപ്പോള്‍ ബാങ്കിംഗ് ജോലി ഒരുതരം മടുപ്പായെന്നും അതിനു കാരണമായി അവര്‍ പറയുന്നു. ഇത് വിട്ട് വേറെന്തെങ്കിലും ചെയ്യണം എന്ന തോന്നല്‍ ശക്തമായപ്പോഴാണ് വോളന്‍ററി റിട്ടയര്‍മെന്‍റ് എടുക്കാന്‍ തീരുമാനിച്ചതെന്നും സുബേദ പറയുന്നു.

തൊടുപുഴ ഈസ്റ്റ് മങ്ങാട്ട് കവലയിലെ സുബേദയുടെ കലംകാരിയില്‍, കലംകാരി കോട്ടണ്‍, സില്‍ക്ക് സാരികള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, കുട്ടികള്‍ക്കുള്ള ടോപ്പുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഉള്ളത്. അവിടെ നിന്നു മെറ്റീരിയല്‍ വാങ്ങുന്നവര്‍ക്ക് അവിടെ നിന്നു തന്നെ തയ്പ്പിക്കാനുള്ള സൌകര്യവും ഉണ്ട്. സുബേദയെ കൂടാതെ വേറെ മൂന്നു സ്ത്രീകളും കൂടി  ബ്യൂട്ടിക്കില്‍ ഉണ്ട്. തുണിടുക്കാന്‍ പോകുമ്പോഴും മറ്റും കൂടെ പോകുന്നത് ഭര്‍ത്താവ് ജോസാണ്.

എന്തുകൊണ്ട് തുണി ബിസിനസ് എന്ന ചോദിച്ചതിനുള്ള ഉത്തരം ഇങ്ങനെയായിരുന്നു.

“മെയ് 31 നു ബാങ്കില്‍ നിന്ന് ഇറങ്ങി. ജൂണ്‍ മുഴുവനും ഞാന്‍ ബാങ്കിലായിരുന്നു. കുറെ ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നു. ഓഗസ്റ്റിലാണ് ഈ ബിസിനസ് തുടങ്ങുന്നത്. ഞാന്‍ സെലക്ട് ചെയ്യുന്ന ഡ്രസ്സിനോട് പൊതുവേ കൂട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നു. ഞാന്‍ എന്തിട്ടാലും അവര്‍ നല്ല അഭിപ്രായം പറയുമായിരുന്നു. അതായിരുന്നു എന്‍റെ കോണ്‍ഫിഡന്‍സ്. തുടക്കത്തില്‍ സാധനങ്ങള്‍ എടുത്തത് ബാംഗ്ലൂരില്‍ നിന്നായിരുന്നു. കട എഴുന്നൂറ്റമ്പതു സ്ക്വയര്‍ ഫീറ്റ് ആണ്. പകുതി പോര്‍ഷന്‍ സ്റ്റിച്ചിംഗിനാണ്. ബാക്കി ഭാഗം തുണികളും. എന്റെ ഒരു ചെറിയമ്മയുടെ മോളും പിന്നെ പണ്ട് മക്കളെയൊക്കെ നോക്കിയിരുന്ന റംലയും പിന്നെ തയ്ക്കാന്‍ ബെറ്റി എന്നൊരു കുട്ടിയുമുണ്ട്.”

യാതൊരു ബിസിനസ് പാരമ്പര്യവും ഇല്ലാത്ത ഒരു സ്ത്രീ ഇങ്ങനെ ഒരു സംരംഭവുമായി ഇറങ്ങിയപ്പോള്‍ കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള പ്രതികരണം എങ്ങിനെയായിരുന്നു എന്നു ചോദിച്ചപ്പോള്‍ സുബേദയുടെ മറുപടി ഇതായിരുന്നു.

“ആദ്യം ബിസിനസ് എന്നൊക്കെ പറഞ്ഞപ്പോള്‍ എങ്ങനെയാകും, എന്താകും എന്നൊക്കെ ഒരു ടെന്‍ഷന്‍ ഫാമിലിക്ക് ഉണ്ടായിരുന്നു. പിന്നെ എല്ലാരും നല്ല സപ്പോര്‍ട്ട് തന്നു. ഭര്‍ത്താവും ഞാനും ചേര്‍ന്നാണ് തുണികള്‍ ഒക്കെ എടുക്കാന്‍ പോകുന്നത്. ബ്യൂട്ടിക് ഒക്കെ ആകുമ്പോള്‍ സാധാരണക്കാര്‍ക്കൊക്കെ വരാന്‍ പറ്റുമോ എന്നൊക്കെ ആളുകള്‍ക്ക് സംശയം ഉണ്ടാകും. ഞാന്‍ അവര്‍ക്കുള്ളതും കൂടി വെക്കുന്നുണ്ട്. ഞാനുമായി ഏറ്റവും അടുപ്പം ഉള്ളവര്‍ എന്നു പറഞ്ഞാല്‍ സാധാരണക്കാരാണ്. എന്നോടുള്ള അടുപ്പം വച്ച് അവര്‍ കടയില്‍ വരുമ്പോള്‍, അയ്യോ ഇതിനൊക്കെ വലിയ വിലക്കൂടുതലാണല്ലോ എന്നു പറയുന്നത് എനിക്കിഷ്ടമല്ല. ആയിരത്തില്‍ താഴെയുള്ള സെറ്റുകളൊക്കെ ഞാന്‍ ഇഷ്ടം പോലെ കൊണ്ട് വെച്ചിട്ടുണ്ട്. സാരിയൊക്കെ അയ്യായിരത്തിന് മുകളില്‍ ഉള്ളത് വളരെ ചുരുക്കമേയുള്ളൂ. അയ്യായിരത്തിന് മുകളില്‍ ഉള്ളതൊക്കെ വാങ്ങുന്നവര്‍ എപ്പോഴും വലിയ കടകളില്‍ അല്ലേ പോകൂ. യുണീക് ആയിട്ടുള്ള സാധനങ്ങളാണ് ഞാന്‍ കൊണ്ടുവരുന്നത്. ഇവിടുന്നു തുണിയെടുക്കുന്നവരില്‍ 75 ശതമാനം പേരും ഇവിടെ തന്നെയാണ് തയ്ക്കാന്‍ തരുന്നതും.

എനിക്ക് സ്റ്റിച്ചിംഗ് അറിയില്ലെങ്കിലും അതിന്‍റെ കാര്യങ്ങള്‍ ഒക്കെ നല്ലപോലെ പറഞ്ഞു കൊടുക്കാന്‍ കഴിയും. കുഴപ്പങ്ങള്‍ ഒക്കെ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ പറ്റും. പിന്നെ തുണികളോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടായിരുന്നു. തുണി വാങ്ങിക്കുക എന്നത് ഒരുതരം ഭ്രാന്തായിരുന്നു. ചെറുപ്പത്തില്‍ അതിനുള്ള സാഹചര്യം ഒന്നും വീട്ടില്‍ ഉണ്ടായിരുന്നില്ല. ജീവിതം തന്നെ വളരെ ബുദ്ധിമുട്ടിലായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴൊന്നും അങ്ങനെ ഡ്രസ്സിനെ കുറിച്ച് ആലോചിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. പിന്നെ ചെറിയ ക്ലാസ്സില്‍ ഒക്കെ പഠിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി അച്ഛന്‍ തുണിയെടുത്തിട്ട് തയ്പ്പിക്കുന്ന ഒരു ഫ്രണ്ട് ഉണ്ട്. അയാളോട് എങ്ങനെ തയ്ക്കണം എന്നൊക്കെ അച്ഛന്‍ പറഞ്ഞുകൊടുക്കുന്നത് കേള്‍ക്കാറുണ്ട്. അത് ശരിക്കും വെറൈറ്റി ആയിരുന്നു. ചിലപ്പോള്‍ എനിക്കു കിട്ടിയത് അച്ഛന്‍റെ ആ ഒരു ടേസ്റ്റായിരിക്കും.”

ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന പരമേശ്വരന്‍റെയും കല്യാണിയുടെയും മകളാണ് സുബേദ. സാമ്പത്തികമായി മെച്ചപ്പെട്ട ഒരു ജീവിതം ഒന്നുമായിരുന്നില്ല കുട്ടിക്കാലത്ത് അവരുടേത്. ആദര്‍ശവാനും നല്ല വായനക്കാരനുമായിരുന്ന അച്ഛന്‍ തന്നെയായിരുന്നു സുബേദയുടെ വഴികാട്ടി.

“ആദ്യകാല കമ്മ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അച്ഛന്‍ ചെത്ത് തൊഴിലാളിയായിരുന്നു. ഒന്‍പതാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എങ്കിലും അച്ഛന്‍ നന്നായി വായിക്കുമായിരുന്നു. എന്‍റെ ചെറുപ്പത്തില്‍ കേരള കൌമുദി, മാതൃഭൂമി ഒക്കെ വീട്ടില്‍ വരുത്തുമായിരുന്നു. എത്ര ബുദ്ധിമുട്ടാണെങ്കിലും അച്ഛന്‍ അതൊന്നും നിര്‍ത്തില്ല. ആ ഒരു വായനാശീലം നമ്മള്‍ക്കും കിട്ടിയിട്ടുണ്ട്. മൂവാറ്റുപുഴ വാഴക്കുളം എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ സ്ഥലം. ഞങ്ങള്‍ അവിടുന്നു വിട്ടിട്ട് അമ്മച്ചിയുടെ നാടായ മുതലക്കോട്ടേക്ക് വരികയായിരുന്നു. അന്നത്തെ കാലത്ത് എംഎം ലോറന്‍സ് ഒക്കെ വീട്ടില്‍ വരുമായിരുന്നു. അങ്ങേയറ്റത്തെ സോഷ്യലിസ്റ്റ് ആയിരുന്നു അച്ഛന്‍. എല്ലാവരും ഒരുപോലെ ആകണം എന്നു കരുതുന്ന ആളായിരുന്നു. കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെ ഉണ്ടെങ്കിലും ഞങ്ങളുടെ മനസ്സിലേക്ക് അത് അധികം ബാധിക്കാതെയാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്. നമ്മളെക്കാള്‍ ബുദ്ധിമുട്ടുള്ളവരാണ് നമുക്ക് ചുറ്റും ഉള്ളവര്‍ എന്ന് എപ്പോഴും അച്ഛന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരുമായിരുന്നു.

ഞങ്ങള്‍ മൂന്നു മക്കളാണ്. ഞാനാണ് മൂത്തത്. അനിയത്തി ഹൌസ് വൈഫാണ്. അവര്‍ക്ക് കുറച്ചു കൃഷിയൊക്കെയുണ്ട്. അനിയന്‍ ടൈലിന്റെ വര്‍ക്ക് ചെയ്യുന്നു. അച്ഛനും അമ്മയും വയസ്സായി. ഞാറക്കാടാണ് അവരിപ്പോള്‍ ഉള്ളത്. ഞാന്‍ കടവൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ചു. പ്രീഡിഗ്രീ നിര്‍മ്മല കോളേജിലായിരുന്നു. ബി കോം തൊടുപുഴ പാരലല്‍ കോളേജിലായിരുന്നു. ജോലി കിട്ടിയതിന് ശേഷമാണ് കല്യാണം കഴിഞ്ഞത്.”

ജോലിയില്‍ നിന്നു സ്വയം വിരമിച്ചത് തെറ്റായിപ്പോയെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ സുബേദ പറഞ്ഞു;

“ഇരുപത്തി നാലാം വയസ്സിലാണ് എനിക്കു ജോലി കിട്ടുന്നത്. ഞാന്‍ ഒരുപാട് ആഗ്രഹിച്ച് കിട്ടിയ ജോലിയാണ്. നമ്മള്‍ അത്ര ഫിനാന്‍ഷ്യലി വെല്‍ ആയിട്ടുള്ള വീട്ടുകാര്‍ ഒന്നും ആയിരുന്നില്ല. അതുകൊണ്ട് തന്നെ ജോലി അത്യാവശ്യമായിരുന്നു. അത്രമാത്രം പഠിച്ചിട്ടാണ് ജോലി കിട്ടിയത്. ആദ്യം ജോലി കിട്ടിയത് എറണാകുളത്ത് കേരള സ്റ്റേറ്റ് ഹൌസിംഗ് ഫെഡറേഷനിലായിരുന്നു. ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ബാങ്കില്‍ ജോലി കിട്ടി. ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് ജോലി ചെയ്തത്. എങ്ങനെയെങ്കിലും ചെയ്താല്‍ മതി എന്ന അവസ്ഥ വന്നപ്പോഴാണ് ഞാന്‍ ജോലി വിട്ടത്.

വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ കട പ്രവര്‍ത്തിക്കുന്നത്. രാവിലെ പത്തുമണിക്ക് തുടങ്ങും, വൈകീട്ട് ആറുമണിക്ക് ക്ലോസ് ചെയ്യും. കസിന്‍ സിന്ധുവാണ് രാവിലെ വന്നു കട തുറക്കുന്നത്. ഞാന്‍ മിക്കവാറും ലേറ്റായിട്ടാണ് വരുന്നത്. ബാങ്കില്‍ പോകുന്നപോലെ പോകാന്‍ വയ്യ. അത് മടുത്തിട്ടാണല്ലോ നമ്മള്‍ ഇത് തുടങ്ങിയത്. സിന്ധു നേരത്തെ വന്നു കട തുറക്കുന്നത് കാരണം എനിക്കു അങ്ങനെ പോയാല്‍ മതി. ബ്രേക് ഈവെന്‍ ആയിട്ടാണ് പോയിക്കൊണ്ടിരുന്നത്. ഡിമോണിറ്റൈസേഷന്‍ വന്നപ്പോള്‍ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി. എന്നാലും ഇപ്പോള്‍ വല്യ കുഴപ്പം ഇല്ലാതെ പോകുന്നു.

മകള്‍ നജ്മ ക്യാനഡയില്‍ എഞ്ചിനീയറാണ്. മകന്‍ സച്ചിന്‍ വര്‍ക്ക് ഷോപ്പില്‍ പോകുന്നു. ഹസ്ബന്‍റ് എന്നെ സഹായിക്കുന്നത് കൂടാതെ ഇപ്പോള്‍ ഞങ്ങളുടെ പറമ്പില്‍ ചെറുതായിട്ട് മത്സ്യ കൃഷി തുടങ്ങിയിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ വെറുതെ ഇരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. നമുക്ക് താത്പര്യം ഉള്ള എന്തെങ്കിലും ഒരു വിഷയം കാണുമല്ലോ. അങ്ങനെയുള്ള എന്തെങ്കിലും ചെയ്യുന്നതാണ് വെറുതെ ഇരിക്കുന്നതിനെക്കാള്‍ നല്ലതെന്ന് എനിക്കു തോന്നുന്നു. വെറുതെ ഇരുന്നാല്‍ ഡിപ്രഷന്‍ ആയിപ്പോകും. എനിക്കു വെറുതെ ഇരിക്കുന്നത് ആലോചിക്കാനേ പറ്റില്ല.”

സുബേദ ആത്മവിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തുന്നു.

കലംകാരി ഫേസ്ബുക്ക് പേജ്: https://www.facebook.com/teamkalamkari/

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍