UPDATES

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

ട്രുഗാനിനി എന്ന ആദിവാസിയുടെ കഥ, മധുവിന്റെയും

വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു കഥക്ക് കൂടി പൂർണ വിരാമം ആയി; ഇനിയും കഥ തുടരും

ഓസ്ട്രേലിയക്കടുത്തുള്ള ടാസ്മാനിയ എന്ന ദ്വീപിലേക്ക് വെള്ളക്കാർ വരുന്നത് 1800 കളോടെ ആണ്. അന്നവിടെ ആറായിരത്തോളം ടാസ്മാനിയക്കാർ ഉണ്ടായിരുന്നു. ഏകദേശം മുപ്പതിനായിരം വര്‍ഷമായി അവർ അവിടെ പല ഗോത്രങ്ങളായി ജീവിക്കുന്നു.

അന്ന് ഓസ്ട്രേലിയയിലെ ആദിമ വർഗക്കാരെ ഒക്കെ നിരപ്പാക്കി കുറച്ചു കുറ്റബോധം ഒക്കെ തോന്നിയിരുന്ന കാലമാണ് വെള്ളക്കാർക്ക്. അതുകൊണ്ട് തന്നെ ടാസ്മാനിയക്കാർ മനുഷ്യനാണെന്നും സായിപ്പിനുള്ള അതെ നിയമ പരിരക്ഷ ഉണ്ടെന്നും കടലാസിൽ ഉണ്ടായിരുന്നു.

പെട്ടന്നാണ് ടാസ്മാനിയൻ ഉൾനാടുകൾ ആട് വളർത്തലിനു വളരെ യോജിച്ചതാണെന്നു സായിപ്പിന് മനസ്സിലായത്. കുറെ സ്ഥലം അവർ കൈയേറി. സിംപിൾ ആയി നൂറു കണക്കിന് ആദിവാസികളെ വെടിവെച്ചു കൊന്നു കളഞ്ഞു. അല്ലാതെന്തു ചെയ്യും? പാവം വെള്ളക്കാർ!അവർക്ക് ആടുകളെ മേക്കണ്ടേ?

ചില ഒളി ആക്രമണങ്ങളിൽ ടാസ്മാനിയക്കാർ രണ്ടോ മൂന്നോ വെള്ളക്കാരെയും കൊന്നു.

1820 കളോടെ ആണ് ഇത് നടന്നത്. അതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

ടാസ്മാനിയക്കാർ ദുഷ്ടന്‍മാരാണ്! നികൃഷ്ടരും അലവലാതികളും പിന്നെ എന്തൊക്കെയോ തെറികളും ആണ്.

അതായത്, അവർക്ക് എന്തോ കുഴപ്പമുണ്ട്. നമ്മളെപ്പോലെ അവർ മനുഷ്യരാണോ? സായിപ്പിന് സംശയം തോന്നി. ന്യായമായും തോന്നുമല്ലോ. നമ്മൾ ഇന്ത്യക്കാർക്ക് ഇതൊക്കെ പരിചയം ആണ്. ഈ അടുത്ത കാലത്ത്…

അല്ലെങ്കിൽ വേണ്ട; നമുക്ക് പഴേ ചരിത്രത്താളുകളിൽ ഒളിച്ചിരിക്കാം. ചോര കിനിയുന്ന എന്നാൽ ഓര്‍മ്മ മറഞ്ഞ മുന്തിരിത്തോപ്പുകളിൽ ചെന്ന് രാപ്പാർക്കാം. കാരണം ഓർമ്മകൾ ദുഖമാണുണ്ണീ, മറവി അല്ലോ സുഖപ്രദം.

അന്നത്തെ ഗവർണർ, ജോർജ് ആർതർ, ടാസ്മാനിയക്കാരെ ശത്രുക്കളായി പ്രഖ്യാപിച്ചു. പിന്നെ ജൂധം ആയിരുന്നു സുഹൃത്തുക്കളെ – ഭയങ്കര ജൂധം. ഇപ്പോഴും ചില ഓസ്ട്രേലിയൻ ചരിത്ര പുസ്തകങ്ങളിൽ ഇതിനെ യുദ്ധം ആയി ചിത്രീകരിച്ചിരിക്കുന്നു.

കേരളത്തിലെ ആഫ്രിക്ക (കെ. പാനൂരിനോട് കടപ്പാട്)

യുദ്ധം – കോപ്പാണ്. സിംപിൾ ആൻഡ് ഹമ്പിള്‍ ആയിട്ട് പറഞ്ഞാൽ, പത്തു പതിനഞ്ചു കൊല്ലം കൊണ്ട്, ഒരു മാതിരി എല്ലാ ടാസ്മാനിയക്കാരെയും – ടിശ്യും – കൊന്നു കളഞ്ഞു..! കുറെ പേരെ വെടിവെച്ചു കൊന്നു. കുറെ പേരെ പിടിച്ചോണ്ട് പോയി അടിച്ചും ഇടിച്ചും കൊന്നു. പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തു കൊന്നു. തോട്ടക്കാർ, കൊന്നവരുടെ എണ്ണം നോക്കി കൊന്നവർക്ക് കാശ് കൊടുത്തു. ലോക്കൽ ബിഷപ്പൊക്കെ ഇതിനെ സപ്പോർട് ചെയ്തു കേട്ടോ- ദോഷം പറയരുതല്ലോ.

പിന്നെ ബാക്കി വന്നവരെ പല കാമ്പുകളിലായി പാർപ്പിച്ചു. അവിടങ്ങളിൽ അവർ ഈയാം പാറ്റകളെ പോലെ ചത്തൊടുങ്ങി. 1870 കളോടെയൊക്കെ ഇവരെ തമ്മിൽ ഇണ ചേർത്ത് കുട്ടികളെ ഉണ്ടാക്കാൻ ഒക്കെ നോക്കി കേട്ടോ. അപ്പോഴേക്കും കാലം മാറി. അന്യം നിന്ന് പോകാതിരിക്കാൻ ചില പ്രാന്തൻ വെള്ളക്കാർ ശ്രമിച്ചു. അതിലൊരുത്തൻ പറഞ്ഞു; “എന്താണോ എന്തോ – ഇവർക്ക് ഈ സെക്സിലും കുട്ടികളെ ഉണ്ടാക്കാനും ഒന്നും ഒരു താല്പര്യവുമില്ല. ഇവർക്ക് എന്തോ കുഴപ്പമുണ്ട്. ഇവർ മജ്ജയും മാംസവും ഉള്ള മനുഷ്യ ജീവികൾ അല്ലെ?”

വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലുന്നു; ഇതാണ് കേരള വികസനം

തന്നെ, തന്നെ – പൊള്ളുന്ന ഓർമകളും കൊണ്ട് അവർ എങ്ങനെ രമിക്കും? എങ്ങനെ കുട്ടികളെ പോറ്റി വളർത്തും? അവരുടെ ലോകമേ പോയി കഴിഞ്ഞല്ലോ.

ട്രുഗാനിനി ഒരു ഗോത്ര തലവന്റെ മോൾ ആയിരുന്നു. വെള്ളക്കാരുമായി ധീരതയോടെ പോരാടി. അമ്മയെയും അമ്മാവന്മാരെയും ഒക്കെ കൊന്നു കളഞ്ഞു. ഏകസഹോദരിയെ തോട്ടക്കാർ പിടിച്ചോണ്ട് പോയി. കാമുകനെ വെള്ളക്കാർ കൊന്നു. എന്നിട്ട് ട്രുഗാനിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.

ട്രുഗാനിനി ചത്തില്ല. കുറെ കാലം ജീവിച്ചു. തടവിൽ അവസാനം ആയി അവശേഷിച്ചത് അവരാണ്. 1873ൽ. അപ്പോഴേക്കും അവർ ഇംഗ്ളീഷ് ഒക്കെ പഠിച്ചു അവരുടെ സഹ ജീവികളെ ജയിലിൽ സേവിച്ചുകൊണ്ട് വെള്ളക്കാരുമായി പൊരുത്തപ്പെട്ടിരുന്നു. മരണ സമയത്ത് അവർ ഒരേ ഒരു കാര്യമേ വെള്ളക്കാരോട് ആവശ്യപ്പെട്ടുള്ളൂ; “എന്നെ കീറി മുറിച്ചു പഠിക്കരുത്. മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കരുത്. കത്തിച്ച ചാരം ഈ ടാസ്മാനിയൻ കാടുകളിൽ വിതറണം. പ്ലീസ്.”

കറുത്തവരെ കൊല്ലുന്ന ഭാരത് മാതയുടെ മക്കള്‍

മരിച്ച ശരീരം മ്യൂസിയത്തിൽ പ്രദർശനത്തിനും വച്ചു, കീറി മുറിച്ചും നോക്കി. കുറെ ശരീര ഭാഗങ്ങൾ ഇംഗ്ളണ്ടിൽ റോയൽ കോളേജ് ഓഫ് സർജൻസിനും അയച്ചു കൊടുത്തു.

പിന്നീട്, ഈ തെറ്റ് മനസ്സിലാക്കി, 1976 ൽ, അവരുടെ ശരീരം മാന്യമായി സംസ്കരിച്ചു. ചിതാഭസ്മം അവരുടെ ആളുകൾ മുപ്പതിനായിരം കൊല്ലത്തോളം സ്വൈര്യമായി വിഹരിച്ച ആ കാടുകളിൽ വിതറി.

അങ്ങനെ, വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു കഥക്ക് കൂടി പൂർണ വിരാമം ആയി.

ഇനിയും കഥ തുടരും.

‘നാട്ടുകാര്‍ക്ക് അവരുടെ വിള നശിപ്പിക്കാനെത്തുന്ന മറ്റൊരു കാട്ടാനയോ കാട്ടുപന്നിയോ മാത്രമാണ് മധു’

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍