UPDATES

ട്രെന്‍ഡിങ്ങ്

ഫാറൂഖ് കോളേജ്; വസ്ത്രത്തില്‍ ചായം പറ്റിയവരെ അധ്യാപകര്‍ തിരഞ്ഞുപിടിച്ചു തല്ലി; പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പരിശോധന

ഹോളി ആഘോഷിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ഫാറൂഖ് കോളേജ് സ്തംഭിച്ചു

കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ഥി പ്രതിഷേധം. ഹോളി ആഘോഷിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കോളേജിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങിയത്. വിദ്യാര്‍ഥി സംഘടനകളുടെ വേര്‍തിരിവില്ലാതെ മുഴുവന്‍ വിദ്യാര്‍ഥികളും ഒന്നിച്ചു നിന്നുകൊണ്ടാണ് അധ്യാപകരുടെ നടപടിയില്‍ പ്രതിഷേധിക്കുന്നതെന്ന് കോളേജ് യൂണിയന്‍ ചെയര്‍പേഴ്ണ്‍ മിന ഫര്‍ഹാന പറഞ്ഞു.

വ്യാഴാഴ്ച ഹോളി ആഘോഷത്തിനിടെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ കോളേജിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ സുഹൈല്‍ ബിന്‍ മുഹമ്മദ് പറയുന്നു ‘മാര്‍ച്ച് ഒന്ന് മുതല്‍ പരീക്ഷകള്‍ നടന്നുവരുന്നതിനാല്‍ പരീക്ഷകള്‍ക്കൊടുവില്‍ ഹോളി ആഘോഷിക്കാമെന്ന തീരുമാനത്തിലായിരുന്നു വിദ്യാര്‍ഥികളും. ഡിഗ്രിക്ക് പഠിക്കുന്ന ഓരോ വര്‍ഷ വിദ്യാര്‍ഥികളും വെവ്വേറെ ആഘോഷം സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പന്ത്രണ്ടാം തീയതിയായിരുന്നു മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ആഘോഷം. എന്നാല്‍ അന്ന് തന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് ഹോളി ആഘോഷിച്ചതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അത് പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. അന്ന് പോലീസ് എത്തി ഞങ്ങളെ ഓടിച്ചുവിട്ടു. എന്നാല്‍ മൈക്ക് സാങ്ഷന്‍ എടുക്കാത്തത് കൊണ്ടാണ് പോലീസ് എത്തിയതെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. പിന്നീട് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ഡിസിപ്ലിനറി കമ്മിറ്റിയില്‍ ആഘോഷം നടത്താന്‍ അനുമതി തേടി. എന്നാല്‍ അനുവാദം ലഭിച്ചില്ല. തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് കോളേജിന്റെ മുന്‍വശത്ത് ആഘോഷം സംഘടിപ്പിക്കാതെ ട്രെയിനിങ് കോളേജിനോട് ചേര്‍ന്ന് ഹോളി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇതിനായി നാസിക് ദോലുള്‍പ്പെടെ വാഹനത്തില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ വാഹനം ഏതോ അധ്യാപകനെ തട്ടിയെന്ന് പറഞ്ഞുകൊണ്ട് അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് ഹോളി ആഘോഷിക്കുന്ന സ്ഥലത്തേക്കെത്തുകയും വാഹനത്തിന്റെ വൈപ്പര്‍ ഒടിക്കുകയും അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയുമായിരുന്നു. ഇതില്‍ ഒരാള്‍ക്ക് ആക്രമണത്തില്‍ കണ്ണിന് പരിക്ക് പറ്റി. നാസിക്‌ദോല്‍ അതേ വാഹനത്തില്‍ തന്നെ തിരിച്ചുവിട്ടെങ്കിലും ചായം വാരിയെറിഞ്ഞുള്ള ആഘോഷം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ കോളേജിന് മുന്‍ വശത്തെ രാജാഗേറ്റിന് മുന്നിലെത്തി. അപ്പോള്‍ അവിടെയും അധ്യാപകരും മറ്റ് സ്റ്റാഫുകളും എത്തി. അവിടെവച്ച് അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. ആദ്യം ഇതുകണ്ട് അധ്യാപകരുടെ ഭാഗത്തുനിന്നുകൊണ്ട് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ പിടിച്ചുമാറ്റുകയാണ് ഞാനുള്‍പ്പെടെയുള്ളവര്‍ ചെയ്തത്. എന്നാല്‍ പിന്നീട് വിദ്യാര്‍ഥികള്‍ ഹോസ്റ്റലിലേക്ക് കയറിയപ്പോള്‍ അധ്യാപകരും അനധ്യാപകരുമായവര്‍ ഹോസ്റ്റലിലേക്കെത്തി വസ്ത്രത്തില്‍ ചായം പറ്റിയവരെയെല്ലാം തിരഞ്ഞുപിടിച്ച് ഓടിക്കുന്നതാണ് കണ്ടത്. അവരുടെ കൈകളില്‍ കമ്പും വടിയുമെല്ലാം ഉണ്ടായിരുന്നു. ഇത് കണ്ട് നില്‍ക്കാനാവാത്തതിനാല്‍ പല വിദ്യാര്‍ഥികളും പ്രതിഷേധിച്ചു.’

വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകര്‍ മാപ്പ് പറയണം, വിദ്യാര്‍ഥികള്‍ക്കെതിരെ അധ്യാപകര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണം, വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്താല്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമെതിരെയും നടപടിയെടുക്കുക, ഡിസിപ്ലിനറി കമ്മറ്റിയെ പിരിച്ചുവിട്ട് പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്.

എന്നാല്‍ ഇന്നലെ ഹോളി ആഘോഷത്തിന് ശേഷം പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വ്യാപക പരിശോധനയും ദേഹപരിശോധനയും നടത്തിയതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിരാമി പറയുന്നു, ‘ഇന്നലെ ഈ വിഷയം ഉണ്ടായിക്കഴിഞ്ഞും ഞാന്‍ കോളേജില്‍ തന്നെയായിരുന്നു. നാല് മണിയായപ്പോഴേക്കും ഹോസ്റ്റലില്‍ നിന്ന് കുട്ടികള്‍ എന്നെ വിളിച്ച് ഹോസ്റ്റലും ഗേറ്റും എല്ലാം പൂട്ടിയിട്ട് അധ്യാപകര്‍ ചോദ്യം ചെയ്യുകയാണെന്നും പെട്ടെന്ന് എത്തണമെന്നും പറയുന്നത്. ചെന്നപ്പോള്‍ ഹോസ്റ്റലും ഗേറ്റും എല്ലാം പൂട്ടിക്കിടക്കുകയാണ്. അകത്തു കയറിയപ്പോള്‍ എല്ലാ ഡിപ്പാര്‍ട്‌മെന്റിലേയും സ്ത്രീ അധ്യാപകര്‍ ഹോസ്റ്റലിലുണ്ട്. ഒരു കുട്ടിയെപ്പോലും വിടാതെ തല മുതല്‍ കാല് വരെ പരിശോധിച്ചു. മുറികളില്‍ പലയിടത്തായി പരശോധനകള്‍ നടത്തി. എവിടെയെങ്കിലും ചായങ്ങള്‍ പറ്റിയിട്ടുണ്ടോ, ചായങ്ങള്‍ പറ്റിയ വസ്ത്രങ്ങളുണ്ടോ എന്നാണ് അവര്‍ പരിശോധിച്ചത്. ഞങ്ങളുടെ ഹോസ്റ്റലില്‍ വെള്ളമില്ല. രണ്ട് ദിവസം വരെ ബാത്‌റൂമില്‍ പോലും പോവാതെ ഇവിടുത്തെ കുട്ടികള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. അത്രയും വിഷമതകള്‍ അനുഭവിച്ചാണ് ഹോസ്റ്റലില്‍ കഴിഞ്ഞുപോവുന്നത്. അപ്പോഴൊന്നും ഇവിടേക്കെത്തി നോക്കാത്ത അധ്യാപകര്‍ ഹോളി ആഘോഷം കഴിഞ്ഞപ്പോള്‍ എന്തിനാണ് ഈ പ്രശ്‌നം അന്വേഷിക്കാനെത്തിയതെന്ന് മനസ്സിലാവുന്നില്ല.’

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. എന്നാല്‍ ഹോളി ആഘോഷത്തിനായി നാസിക് ദോല്‍ കൊണ്ടുവന്ന വാഹനം അധ്യാപകനെ തട്ടിയെന്നും തുടര്‍ന്ന് അത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് ഫാറൂക് കോളേജ് അധികാരികള്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ ആരോപിക്കും പോലുള്ള കാര്യങ്ങള്‍ കോളേജില്‍ സംഭവിച്ചിട്ടില്ലെന്നും സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍