UPDATES

ട്രെന്‍ഡിങ്ങ്

‘തുണ്ടുപടം മുദ്രാവാക്യ’ത്തിന്റെ യാഥാര്‍ത്ഥ്യം അത് പ്രചരിപ്പിക്കുന്നവര്‍ക്കറിയാമോ? പരാതിയുമായി വിദ്യാര്‍ഥികള്‍

പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു

രാപ്പകല്‍ സമരത്തിന്റെ വീഡിയോ, സോഷ്യല്‍മീഡിയയിലൂടെ മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. പാറശാല സിഎസ്‌ഐ ലോ കോളേജ് വിദ്യാര്‍ഥിനികള്‍ നടത്തിയ രാപ്പകല്‍ സമരത്തിനിടെ വിളിച്ച മുദ്രാവാക്യങ്ങള്‍ കഴിഞ്ഞയിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ‘ഞങ്ങളെ ഹോസ്റ്റലീന്നിറക്കി വിട്ടേ… റെയ്ഞ്ചില്ലാ പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം… പോയേ പോയേ കിടപ്പാടം പോയേ…’ എന്ന് തുടങ്ങുന്ന മുദ്രാവാക്യങ്ങളാണ് സമരം ചെയ്ത പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചരിക്കുന്നത്. ന്യായമായ ആവശ്യത്തിനായി സമരം ചെയ്ത തങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തടയണമെന്നും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ പോലീസില്‍ പരാതി നല്‍കി.

തിരുവനന്തപുരം പാറശാല സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥിനികള്‍ ഫെബ്രുവരി ആറ്, ഏഴ് ദിവസങ്ങളില്‍ നടത്തിയ രാപ്പകല്‍ സമരത്തിനിടെ പ്രിന്‍സിപ്പാള്‍ ഡോ. എ പ്രസന്നയ്‌ക്കെതിരെ വിളിച്ച മുദ്രാവാക്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ മോശമായ കമന്റുകളുള്‍പ്പെടെ പ്രചരിപ്പിക്കുന്നത്. ‘പല സമരങ്ങളും കണ്ടിട്ടുണ്ട്, എന്നാല്‍ തുണ്ടുപടം കാണാന്‍ ഇങ്ങനെയൊരു സമരം ആദ്യമായാണ് കാണുന്നത്’, ‘പെമ്പിള്ളേര്‍ക്ക് തുണ്ടുപടം കാണാന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് സമരം’ തുടങ്ങിയ കമന്റുകളോടെ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമെല്ലാം വിദ്യാര്‍ഥിനികള്‍ വിളിച്ച 30സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മുദ്രാവാക്യങ്ങള്‍ നിറഞ്ഞു നിന്നു.

വിദ്യാര്‍ഥികളുടെ മുദ്രാവാക്യങ്ങള്‍ക്ക് പിന്നിലിതാണ്

സമരത്തിന് ഒരാഴ്ച മുമ്പ് സി.എസ്.ഐ ലോ കോളേജിന്റെ ഹോസ്റ്റലിലെ മെസ്സില്‍ നല്‍കിയ ഭക്ഷണത്തില്‍ ഈച്ചയെ കാണുകയും ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുക്കുകയും ചെയ്തു. പതിനാല് ദിവസത്തിനകം ഹോസ്റ്റല്‍ മെസ്സ് നവീകരിക്കണമെന്നും, വൃത്തിയുള്ള സാഹചര്യത്തില്‍ ആരോഗ്യകരമായ ഭക്ഷണം മാത്രം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ കോളേജ് മാനേജ്‌മെന്റ് ഹോസ്റ്റല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചു. എത്രയും വേഗം ഹോസ്റ്റല്‍ ഒഴിയണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശവും ലഭിച്ചു. എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാല്‍ റീ അഡ്മിഷന്‍ എടുത്താല്‍ മാത്രമേ ഹോസ്റ്റലില്‍ പ്രവേശനം സാധ്യമാവൂ എന്ന നിബന്ധന മാനേജ്‌മെന്റ് വച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തിനെതിരെയായിരുന്നു വിദ്യാര്‍ഥിനികളുടെ സമരം.

എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് ഒഴിയണമെന്നും പിന്നീട് റീ അഡ്മിഷന്‍ എടുക്കണമെന്നുമുള്ള മാനേജ്‌മെന്റ് നിര്‍ദ്ദേശത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ എന്തിനാണ് ‘തുണ്ടുപടം’ മുദ്രാവാക്യം വിളിച്ചത് എന്നാണ് പലരുടേയും സംശയം. ഇതിനുള്ള മറുപടി വിദ്യാര്‍ഥിനികള്‍ തന്നെ പറയും. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയ്ക്ക് ഒരാഴ്ച മുമ്പാണ് മുദ്രാവാക്യത്തിനാസ്പദമായ സംഭവം നടന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ പറയുന്നതിങ്ങനെ: “പ്രസന്നാ മാഡം കോളേജിന്റെ പുതിയ പ്രിന്‍സിപ്പാളാണ്, സമരം നടക്കുന്നതിന്റെ ഏകദേശം ഒരാഴ്ചമുന്‍പ് പ്രിന്‍സിപ്പാള്‍ ഗേള്‍സ് ഹോസ്റ്റലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ മൊബൈലില്‍ കളിക്കുന്നത് കണ്ട് പ്രിന്‍സിപ്പാള്‍ ശകാരിച്ചിരുന്നു. നിങ്ങള്‍ക്ക് വെറുതെ ഇരുന്ന് മൊബൈലില്‍ തുണ്ട് വീഡിയോ കാണുന്ന നേരത്ത് പഠിച്ചു കൂടെ എന്ന് തുടങ്ങിയ രീതിയിലാണ് സംസാരിച്ചത്. അതു കഴിഞ്ഞാണ് ഹോസ്റ്റലില്‍ ഭക്ഷണത്തില്‍നിന്ന് ഈച്ചയെ കിട്ടിയ സംഭവം ഉണ്ടായത്, തുടര്‍ന്ന് ഫുഡ് ആന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടന്നാണ് കോളേജ് മാനേജ്‌മെന്റ് ഹോസ്റ്റല്‍ മെയിന്റനന്‍സ് ആണെന്നും, കുട്ടികള്‍ ഇറങ്ങിത്തരണമെന്നും പറയുന്നത്. ഇതിനെതിരെയാണ് സമരം നടന്നത്. ഇതിനിടയിലാണ് വിവാദമായ മുദ്രാവാക്യം വന്നത്. കുട്ടികള്‍ തുണ്ടുപടം കാണണമെന്ന് പറഞ്ഞ് സമരം ചെയ്യില്ലെന്ന് വിദ്യാഭ്യാസമുള്ള ജനതയ്ക്ക് മനസ്സിലാകും. എന്നാല്‍ എന്തുവിഷയത്തിനാണ് സമരം എന്ന് അന്വേഷിക്കാനുള്ള സാമാന്യ ബോധം നാട്ടുകാര്‍ക്കില്ലാതായിരിക്കുന്നു. എത്രമാത്രം ആളുകളാണ് അസഭ്യം നിറഞ്ഞ കമന്റുകളോടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതുകാരണം കോളേജിനും, വിദ്യാര്‍ത്ഥിനികള്‍ക്കും, പാറശാല നിവാസികള്‍ക്കും വല്ലാത്ത മാനഹാനിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എഴുതി തയ്യാറാക്കിയ പരാതി സൈബര്‍സെല്‍, പാറശാല എസ്.ഐ, സി.ഐ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.”

കോളേജിലെ ഹോസ്റ്റല്‍വിഷയം സമരത്തിന്റെ മൂന്നാംനാള്‍തന്നെ ഒത്തുതീര്‍പ്പായിരുന്നു. ഹോസ്റ്റലില്‍ നിന്ന് കുട്ടികളെ പുറത്താക്കാതെതന്നെ മെയിന്റനന്‍സ് വര്‍ക്ക് നടത്താമെന്നും, റീ അഡ്മിഷന്‍ നടപടി റദ്ദാക്കിക്കൊണ്ടും ഉത്തരവിറക്കി മാനേജ്‌മെന്റ് സമരം ഒത്തുത്തീര്‍പ്പാക്കി. എ്‌നാല്‍ സമരത്തിന്റെ സമയത്ത് വിളിച്ച മുദ്രാവാക്യത്തെപ്പറ്റിയുള്ള ചര്‍ച്ചകളാണ് ഇനിയും കെട്ടടങ്ങാത്തത്. കുട്ടികള്‍ തീര്‍ത്തും രാഷ്ട്രീയപരമായാണ് ഹോസ്റ്റല്‍ വിഷയത്തില്‍ സമരം നടത്തിയതെന്നും, അവര്‍ മുദ്രാവാക്യത്തില്‍ പറയുന്ന തരത്തില്‍ യാതൊരു അസഭ്യവും താന്‍ പറഞ്ഞില്ലെന്നുമാണ് പ്രിന്‍സിപ്പാള്‍ ഡോ.എ പ്രസന്ന പറയുന്നത്. ഹോസ്റ്റല്‍ സമരസമയത്ത് കുട്ടികള്‍ അറിവില്ലായ്മയില്‍ നിന്നുള്ള കോമാളിത്തരമാണ് കാണിച്ചതെന്നും, കോമാളിത്തരത്തെ നവമാധ്യമങ്ങള്‍ ആവശ്യമില്ലാതെ വിവാദമാക്കിയെന്നുമാണ് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചത്.

പ്രിന്‍സിപ്പാള്‍ ഡോ. എ പ്രസന്നയുടെ വാക്കുകള്‍: “ഹോസ്റ്റല്‍ നവീകരണത്തിനായി കുറച്ചുദിവസത്തേക്ക് കുട്ടികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തീര്‍ത്തും രാഷ്ട്രീയമായാണ് കുട്ടികള്‍ കണ്ടത്. പിന്നെ കുട്ടികള്‍ മുദ്രാവാക്യത്തില്‍ പറയുന്നപോലുള്ള അസഭ്യവാക്കുകള്‍ ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് അറുപത് വയസുണ്ട്, എന്റെ കൊച്ചുമക്കളുടെ പ്രായമുള്ള കുട്ടികളെ ഞാന്‍ ശകാരിച്ചിട്ടുണ്ട്. പക്ഷെ ഞാനവരോട് അസഭ്യപരമായി സംസാരിച്ചുവെന്നത് തീര്‍ത്തും തെറ്റാണ്. പ്രശ്‌നം ഗുരുതരമായപ്പോള്‍ അവര്‍ക്ക് പറഞ്ഞത് മാറ്റിപ്പറയാന്‍ സാധിക്കാതെയാതെയായി. അബദ്ധം പറഞ്ഞുപോയ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയാണ് ആളുകള്‍ ചെയ്യുന്നത്. അവര്‍ തമാശരീതിയില്‍ ചെയ്തുപോയ തെറ്റിനെ ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഇത്രയും വര്‍ഷത്തെ എന്റെ സര്‍വീസുകൊണ്ട് എന്താണ് കാര്യം.”

മാനേജ്‌മെന്റിനെതിരെ നിരവധി മുദ്രാവാക്യങ്ങള്‍ വിളിച്ചതില്‍ ചിലത് മാത്രം തിരഞ്ഞെടുത്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളെടുക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍