സംസ്ഥാനത്തെ 37,334 എ പ്ലസ്സുകളില്‍ തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ ചിമ്മിനി ഡാമിനടുത്തുള്ള എച്ചിപ്പാറ കോളനിയിലെ ഈ ആദിവാസി വിദ്യാര്‍ത്ഥിയുടെ എ പ്ലസിന് തിളക്കമേറെയാണ്
പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്തു വന്നതോടെ എ പ്ലസ് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനമറിയിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരുങ്ങുകയാണ് നാട്ടിലെങ്ങും. സംസ്ഥാനത്തൊട്ടാകെ ഓരോ മുക്കിലും മൂലയിലും സ്ഥലം പിടിക്കാന്‍ പോകുന്ന ഈ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഒരെണ്ണം പക്ഷേ, അല്പം വേറിട്ടതായിരിക്കും. ‘പത്താം ക്ലാസ്സല്ലേ, എ പ്ലസ് വാങ്ങി ജയിക്കണം. നിന്റെ ഫ്‌ളക്‌സൊക്കെ വയ്ക്കണം ഞങ്ങള്‍ക്ക്’ എന്ന നാട്ടുകാരുടെ കാത്തിരിപ്പിന്, മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വാങ്ങിത്തന്നെ മറുപടി കൊടുത്ത വൈഷ്ണവി എന്ന മിടുക്കിക്കുള്ള അഭിനന്ദനമാണത്. സംസ്ഥാനത്തെ 37,334 എ പ്ലസ്സുകളില്‍ നിന്നും വൈഷ്ണവിയുടെ വിജയത്തെ മാറ്റി നിര്‍ത്തുന്ന പല ഘടകങ്ങളുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വൈഷ്ണവി, പ്രതിബന്ധങ്ങളുടെ ഒരു വലിയ നിര തന്നെ തരണം ചെയ്തുകൊണ്ടാണ് തന്റെ സ്‌കൂളിലെ തന്നെ എ പ്ലസ് നേടുന്ന ആദ്യ വിദ്യാര്‍ത്ഥിനിയായി മാറിയത്.
തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ ചിമ്മിനി ഡാമിനടുത്തുള്ള എച്ചിപ്പാറ മലയ കോളനിയിലാണ് വൈഷ്ണവിയുടെ വീട്. വനവിഭവങ്ങള്‍ ശേഖരിക്കാനും കൂലിപ്പണിക്കും മറ്റും പോകുന്ന അച്ഛന്‍ ബാലകൃഷ്ണനും, വീട്ടമ്മയായ അമ്മ ഷീബയും പരിമിതികള്‍ക്കകത്തു നിന്നും മകളുടെ വിദ്യാഭ്യാസത്തിനു കൊടുത്ത പ്രാധാന്യത്തിന്റെ ഫലം തന്നെയാണ് വൈഷ്ണവിയുടെ ചരിത്രനേട്ടം. എച്ചിപ്പാറ സ്‌കൂളിലെ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിനു ശേഷം, തുടര്‍ന്ന് എവിടെ പഠിക്കണം എന്ന ചോദ്യത്തിന് എല്ലാവരേയും പോലെ പീച്ചിയിലെ സ്‌കൂളല്ല ഇവര്‍ മകള്‍ക്കായി തെരഞ്ഞെടുത്തത്. ദിവസവും വീട്ടില്‍ നിന്നു യാത്ര ചെയ്ത് പോയി പഠിച്ചെത്താവുന്ന പീച്ചിയേക്കാള്‍ തങ്ങളുടെ മകള്‍ക്ക് നല്ലത് ചാലക്കുടി നായരങ്ങാടിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, കോളനിയിലെ മറ്റു വിദ്യാര്‍ത്ഥിളില്‍ നിന്നും വ്യത്യസ്തമായി എം.ആര്‍.എസിലെ പഠനസൗകര്യങ്ങളിലേക്ക് വൈഷ്ണവി എത്തിപ്പെട്ടു. എം.ആര്‍.എസും അവിടത്തെ അധ്യാപകരുമാണ് തന്റെ വിജയത്തിനു പിന്നില്‍ എന്നു തന്നെയാണ് വൈഷ്ണവിയുടെ ഉറച്ച വിശ്വാസം. ചെറിയ ക്ലാസുകള്‍ മുതല്‍ക്കു തന്നെ പഠനത്തില്‍ മികവു തെളിയിച്ചിട്ടുള്ള വൈഷ്ണവി, കേള്‍ക്കാന്‍ ഏറ്റവുമിഷ്ടപ്പെട്ട വാര്‍ത്ത തന്നെ ഒടുവില്‍ കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ് എച്ചിപ്പാറ കോളനിയിലെ താമസക്കാരെല്ലാം.
‘എച്ചിപ്പാറ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ടീച്ചര്‍മാര്‍ക്കൊക്കെ അവളെ വലിയ കാര്യമാണ്. നന്നായി പഠിക്കുന്ന കുട്ടിയാണ് എന്നെല്ലാം പറയും. നാട്ടുകാരും വലിയ പ്രോത്സാഹനമാണ്. വൈഷ്ണവി പത്താം ക്ലാസ് എത്തിയപ്പോള്‍ മുതല്‍ എ പ്ലസിന്റെ ഫ്‌ളക്‌സ് വയ്ക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരെല്ലാം. ഈ നാട്ടുകാരുടെയും അധ്യാപകരുടെയും സഹായം കൊണ്ടാണ് അവള്‍ ഇത്ര നന്നായി പഠിച്ചു വന്നതും. എച്ചിപ്പാറ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ കൊണ്ടുപോയി ചേര്‍ത്തു എന്നല്ലാതെ അവളുടെ പഠനകാര്യത്തിലൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടേയില്ല. ഒന്നാം ക്ലാസ് മുതല്‍ക്ക് ഇന്നുവരെ അവള്‍ക്ക് ഞാനോ അവളുടെ അച്ഛനോ ഒന്നും പറഞ്ഞുകൊടുത്തിട്ടില്ല. അതിനുള്ള സാഹചര്യമൊന്നും വീട്ടിലില്ല. എല്ലാം അവള്‍ ഒറ്റയ്ക്കു തന്നെയാണ്. നാലാം ക്ലാസു കഴിഞ്ഞാല്‍ ഇവിടെ സൗകര്യമില്ലല്ലോ. ഒന്നുകില്‍ പീച്ചിയില്‍ പോകണം, അല്ലെങ്കില്‍ എം.ആര്‍.എസില്‍ ചേരണം. ഈ പ്രദേശത്തുള്ള കുട്ടികളെല്ലാം പീച്ചിയിലാണ് പോയിരുന്നത്. അവര്‍ക്കൊപ്പം ചേര്‍ന്ന് സ്‌കൂളിലേക്കുള്ള പോക്കും വരവുമായി പഠനത്തില്‍ നിന്ന് ശ്രദ്ധ തെറ്റരുത് എന്ന് എനിക്കുണ്ടായിരുന്നു. അന്ന് ട്രൈബല്‍ പ്രൊമോട്ടറായിരുന്ന സോന എന്ന കുട്ടിയാണ് പരീക്ഷയെഴുതി എം.ആര്‍.എസിലേക്ക് മാറാന്‍ പറയുന്നത്. ഞാന്‍ മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ വന്നു കണ്ടു പോകുന്നല്ലേയുള്ളൂ. അധ്യാപകരെയാണ് വിശ്വസിച്ച് ഏല്‍പ്പിച്ചത്. മക്കള്‍ക്ക് ആകെ സമ്പാദിച്ചുകൊടുക്കാന്‍ പറ്റുന്നത് വിദ്യാഭ്യാസമാണ്. വേറൊന്നും അവര്‍ക്കായി നമുക്കു കൊടുക്കാനില്ലല്ലോ”, വൈഷ്ണവിയുടെ അമ്മ ഷീബയുടെ വാക്കുകളില്‍ മുഴുവന്‍ മകളുടെ വിജയത്തിലുള്ള സന്തോഷമാണ്.
പഠനത്തില്‍ മാത്രമല്ല, ചെറിയ ക്ലാസുകള്‍ മുതല്‍ക്കു തന്നെ കായികരംഗത്തും വൈഷ്ണവി സജീവമാണ്. ഫുട്‌ബോളും നെറ്റ്ബോളും തുടങ്ങി അട്യ പാട്യ വരെ വൈഷ്ണവി കൈവയ്ക്കാത്ത കായികയിനങ്ങളില്ല. കര്‍ണാടകയില്‍ വച്ചു നടന്ന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച ടീമിലെ അംഗമായിരുന്നു വൈഷ്ണവി. ടീം റണ്ണേഴ്‌സ് അപ്പാകുകയും ചെയ്തു. സംസ്ഥാന നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലും സുബ്രതോ കപ്പിനു വേണ്ടിയുള്ള പോരാട്ടത്തിലും തൃശ്ശൂരിനെ പ്രതിനിധീകരിച്ചിട്ടുള്ള വൈഷ്ണവി അട്യ പാട്യയുടെ നാഷണല്‍ ലെവലിലും കളിച്ചിട്ടുണ്ട്. പഠനത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും, കായിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വൈഷ്ണവിക്ക് താത്പര്യം. എന്നത്തേയും പോലെ മകളുടെ താത്പര്യത്തിന് താങ്ങായി മാതാപിതാക്കളും കൂടെയുണ്ട്. എം.ആര്‍.എസില്‍ത്തന്നെ സയന്‍സ് വിഭാഗത്തില്‍ പ്ലസ് വണ്‍ പഠനം തുടരാനാഗ്രഹിക്കുന്ന വൈഷ്ണവിയുടെ അഭിപ്രായത്തില്‍, എം.ആര്‍.എസ് തന്നെയാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍.
“പരീക്ഷ സത്യത്തില്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഫുള്‍ എ പ്ലസ് ഒന്നും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. പക്ഷേ, ഞാന്‍ എ പ്ലസ് വാങ്ങിത്തന്നെ ജയിക്കണമെന്ന് ടീച്ചര്‍മാര്‍ക്ക് വലിയ ആഗ്രഹമായിരുന്നു. സ്‌കൂളിലെ ഒരേയൊരു ഫുള്‍ എ പ്ലസ് എന്റേതാണ്. അതങ്ങനെ സംഭവിച്ചു എന്നുമാത്രം. എം.ആര്‍.എസിലെ അധ്യാപകര്‍ തന്നെയാണ് എല്ലാ കാര്യത്തിലും സഹായം. ഞങ്ങളവിടെ ഒരു കുടുംബം പോലെയാണ്. ക്ലാസ് ടീച്ചര്‍മാരെപ്പോലും അമ്മ എന്നേ വിളിക്കൂ”, വൈഷ്ണവി പറയുന്നു.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പ്രചോദനമാകുകയാണ് വൈഷ്ണവിയുടെ കഥ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ ശ്രീധന്യയെപ്പോലെ, വൈഷ്ണവിയും ഇനി മുതല്‍ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. അഭിനന്ദനങ്ങളുമായി എച്ചിപ്പാറ കോളനിയിലെ വീട്ടിലേക്കെത്തിയ ഫോണ്‍ കോളുകളിലൊന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റേതു തന്നെയായിരുന്നു.