UPDATES

വീടും പറമ്പും

വീടൊന്നു തണുപ്പിക്കണ്ടേ…വഴികളുണ്ട്

വീട്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി ഈ ചൂടിനെ നിങ്ങള്‍ക്ക് നേരിടാം

വേനല്‍ ചൂട് അസഹനീയമാകുന്ന തരത്തില്‍ കൂടിക്കൊണ്ടിരക്കുകയാണ്. അവധിക്കാലമായതോടെ കുട്ടികളും വീട്ടിലുണ്ടാകും. ഈ കാലാവസ്ഥയോട് പൊരുതാന്‍ വീടിനകത്തും പുറത്തും ചെറിയ ചില മാറ്റങ്ങള്‍ വരുത്താം.

മട്ടുപ്പാവിലെ കൃഷി
ടെറസ് കൃഷി ഇന്ന് ഏറെ പ്രചാരത്തിലായി കൊണ്ടിരിക്കുകയാണ്. മുറ്റമില്ലായ്മയും വിഷമടിച്ച പച്ചക്കറികളോടുള്ള ഭയവും മൂലം ടെറസ്സിലെ ഇത്തിരി സ്ഥലത്ത് ഒരു അടുക്കളത്തോട്ടം മിക്ക വീടുകളിലുമുണ്ട്. ചൂടിനെ പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണിത്. ചാക്കിലും ചട്ടികളിലുമുള്ള മണ്ണ് ചൂടിനെ ആഗിരണം ചെയ്യും. ടെറസ് മുഴുവന്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാല്‍ ചോര്‍ച്ചയെ കുറിച്ചുള്ള ആശങ്ക ഒഴിവാക്കാം. വേനല്‍ കനക്കുന്നതിന് മുമ്പ് ടെറസില്‍ അല്‍പ്പം പച്ചപ്പ് ഉണ്ടാക്കിക്കൊള്ളൂ.

വെള്ളക്കുമ്മായം പൂശുക
മേല്‍ക്കൂരയില്‍ വെള്ള പൂശുന്നത് ചൂട് തടയാനുള്ള ഫലപ്രദമായ വഴിയാണ്. വെള്ള നിറമുള്ള വസ്ത്രങ്ങളും മറ്റും ചൂട് കുറക്കില്ലേ. അങ്ങനെ ഒരു വെള്ളയുടുപ്പ് വീടിനും അണിയിക്കാം. മഴ പെയ്യുന്നതനുസരിച്ച് കുമ്മായം ഒലിച്ച് പോകാനിടയുണ്ട്. വലിയ അധ്വാനമില്ലാതെ വീട്ടുകാര്‍ക്ക് തന്നെ ഇത് വീണ്ടും ചെയ്യാവുന്നതാണ്.

വെന്റിലേഷനില്‍ ശ്രദ്ധ കൊടുക്കാം
വീടിനകത്ത് നല്ല വായു സഞ്ചാരമുണ്ടാകുന്നത് ചൂട് കുറയ്ക്കും. സൂര്യ പ്രകാശം നേരിട്ടടിക്കുന്ന ഇടങ്ങളില്‍ ജനലുകള്‍ വേണ്ട. വായു ചൂട് പിടിച്ച് കിടക്കാത്ത നേരങ്ങളില്‍ ജനലുകള്‍ തുറന്നിടുക. രാവിലെ അഞ്ച് മുതല്‍ എട്ട് വരെയും വൈകീട്ട് ഏഴു മുതല്‍ പത്ത് വരെയും ജനലുകള്‍ തുറന്ന് കിടക്കട്ടെ.

ജനലരികിലെ പച്ചപ്പ്
ജനാലയ്ക്കരികില്‍ ചെടികള്‍ വളര്‍ത്തുന്ന രീതിക്ക് കേരളത്തില്‍ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കിടയില്‍. നല്ല ഭംഗിയോടൊപ്പം ശുദ്ധവായുവും ഇവ വീടിനകത്തേക്ക് എത്തിക്കും. വരണ്ട വായുവിനെ കൂടുതല്‍ നനവുള്ളതാക്കി ചൂടിന്റെ കാഠിന്യത്തേയും കുറച്ച് തരും. കടുത്ത നിറമുള്ള പൂക്കളുള്ള ചെറിയ തരം ചെടികള്‍ ജനാലത്തോട്ടത്തിലേക്കായി തിരഞ്ഞെടുക്കാം.

മുളങ്കീറു കൊണ്ട് കര്‍ട്ടന്‍
മുള ചീന്തി ഉണ്ടാക്കുന്ന കര്‍ട്ടന്‍ കൂടുതല്‍ സ്വകാര്യതയും ഭംഗിയും തരുന്നതാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള മുളക്ക് നല്ല ശേഷിയുണ്ട്. ഉമ്മറത്തും ജനാലയിലും ചുരുട്ടി വെക്കാവുന്ന മുളകൊണ്ടുള്ള കര്‍ട്ടന്‍ ഇടുന്നത് വേനലില്‍ വലിയ ആശ്വാസമാകും.

മഞ്ഞ വെട്ടം വേണ്ട
എല്‍.ഇ.ഡി, സി.എഫ്.എല്‍ ബള്‍ബുകളുടെ പാല്‍ വെളിച്ചം മതി വേനലില്‍. സാധാരണ ബള്‍ബുകള്‍ ഇലക്ട്രിസിറ്റി ബില്‍ മാത്രമല്ല മുറിക്കകത്തെ ചൂടും ഉയര്‍ത്തും. ഇത് ചെറിയ തോതില്‍ ചൂട് പ്രവഹിപ്പിക്കും. ഒരു മണിക്കൂര്‍ ബള്‍ബിട്ട് മുറിക്കകത്ത് ഇരുന്നാല്‍ ചൂട് അതിനനുസരിച്ച് കൂടിയിട്ടും ഉണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍