UPDATES

പോലീസിനെ കൊണ്ട് പോലീസിനും രക്ഷയില്ലാതാകുമ്പോള്‍

ജോലിക്കിടയിലെ സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്ന പൊലീസുകാരുടെ എണ്ണം കൂടി വരികയാണ്

കാണാതായ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കണ്ടെത്തി. ഇതോടെ രണ്ടു ദിവസത്തെ മാധ്യമ ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കും അവസാനമാകും. നവാസിനെ കാണാനില്ലെന്നു കാണിച്ചു ഭാര്യ നല്‍കിയ പരാതിയും പിന്‍വലിക്കപ്പെട്ടേക്കാം, ആര്‍ക്കെങ്കിലുമെതിരേ പരാതി നല്‍കാന്‍ നവാസും തയ്യാറാകില്ല. സ്വയം തീരുമാനമെടുത്ത് മാറി നിന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കിയും കഴിഞ്ഞു. നവാസിനെ കണ്ടെത്തുകയായിരുന്നു തങ്ങളുടെ ആദ്യ ലക്ഷ്യമെന്നും അന്വേഷണവും കേസുമൊക്കെ പിന്നത്തെ കാര്യമാണെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയും വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍, ഈ വിഷയം ഇന്നത്തോടെ അവസാനിക്കും.

പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ക്ക് സ്വന്തം സേനയ്ക്കുള്ളില്‍ തന്നെ സുരക്ഷിതത്വം ഇല്ലാതാകുന്ന അവസ്ഥ വി എസ് നവാസ് എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറില്‍ അവസാനിക്കുമോ എന്നതാണ് ചോദ്യം. മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീക്കാരുടെയും സമ്മര്‍ദ്ദങ്ങളും ശകാരങ്ങളും പ്രതികാരങ്ങളും മൂലം മാനസികമായി തകര്‍ന്നു പോവുകയും, ഒന്നുകില്‍ ആത്മഹത്യ ചെയ്യുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്ന പൊലീസുകാരുടെ എണ്ണം വര്‍ഷാവഷം കൂടി വരികയാണ്. സി ഐ നവാസിന്റെ കാര്യത്തില്‍ സംഭവിച്ചതും മേലുദ്യോഗസ്ഥനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന മാനസികപീഡനമാണ്. ജോലി ഭാരം, പരസ്യമായ അപമാനം, അവധി കിട്ടാതിരിക്കുക, കുടുംബത്തിന്റെ കാര്യം അന്വേഷിക്കാന്‍ കഴിയാതെ വരിക എന്നിവയൊക്കെ ബഹുഭൂരിപക്ഷം പൊലീസുകാരും നേരിടുന്നതാണ്. അടിമ പണി പൊലീസില്‍ അനുവധിക്കില്ലെന്നു ഡിജിപി പറയുമ്പോഴും ഇപ്പോഴും ഒട്ടമിക്ക കീഴുദ്യോഗസ്ഥരും തന്റെ മുകളിലുള്ളവന്റെ അടിമയെ പോലെയാണ് സര്‍വീസില്‍ കഴിയുന്നത്.

നവാസിന്റെ വിഷയം ചര്‍ച്ചയായിരിക്കുമ്പോള്‍ തന്നെയാണ് മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കവയ്യാതെ ആദിവാസിയായ ഒരു സിവില്‍ പൊലീസ് ഓഫിസര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്. താന്‍ ജാതീയമായ ഏക്ഷേപത്തിനും മാനസിക പീഡനത്തിനും നിരന്തരമായി ഇരയാവുകയായിരുന്നുവെന്നാണ് കുറിച്യ വിഭാഗത്തില്‍പ്പെട്ട രതീഷ് എന്ന പൊലീസുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മാനസിക പീഢനം മാത്രമല്ല, ശാരീരിക പീഡനത്തിനും കീഴുദ്യോഗസ്ഥര്‍ വിധേയരാകുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ ഗവാസ്‌കര്‍ എന്ന പൊലീസ് ഡ്രൈവറെ ആക്രമിച്ച വാര്‍ത്ത വന്നിട്ട് അധികമായിട്ടില്ല. എത്രയോ പൊലീസുകാര്‍ മേലുദ്യോഗസ്ഥരുടെ വീടുകളില്‍ അടിമ പണി ചെയ്യുന്നുണ്ടെന്ന വിവരം ആ വാര്‍ത്തയ്‌ക്കൊപ്പം കേരളം കുറെ ദിവസങ്ങള്‍ ചര്‍ച്ച ചെയ്തയായിരുന്നു. ഉദ്യോഗസ്ഥന്മാരുടെ ഭാര്യയുടെയും മക്കളുടെയും മാനസിക-ശാരീരിക പീഡനങ്ങള്‍ കൂടി പൊലീസുകാര്‍ സഹിക്കേണ്ടി വരുന്നുണ്ട്. പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയയും മകളും ചേര്‍ന്ന് ശ്രമിച്ചെന്ന് ഒരു വനിത സിവില്‍ പൊലീസ് ഓഫിസര്‍ പുറത്തു പറഞ്ഞതും കേരളം മറന്നു കാണില്ല.

താഴെത്തട്ടിലുള്ള പൊലീസുകാര്‍ക്ക് മാത്രമാണ് ഇത്തരം പീഡനങ്ങള്‍ നേരിടേണ്ടി വരുന്നതെന്ന ധാരണ തിരുത്തുന്നതാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന്റെ കാര്യത്തില്‍ നിന്നും മനസിലായത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെ പ്രൊബേഷണറി എസ് ഐ ഗോപകുമാര്‍ ആത്മഹത്യ ചെയ്തത്. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു ഗോപകുമര്‍ കത്തെഴുതി വച്ചിരുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ലോഡ്ജില്‍ നിന്നും ഗോപകുമാറിന്റെ മൃതദേഹത്തിനൊപ്പം കണ്ടെടുത്ത കുറിപ്പില്‍ ഉണ്ടായിരുന്ന ഒരാവശ്യം നോര്‍ത്ത് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ പീറ്റര്‍, എസ് ഐ വിപിന്‍ദാസ് എന്നിവരെ തന്റെ മൃതദേഹം കാണാന്‍ പോലും അനുവദിക്കരുതെന്നായിരുന്നു.

ഗോപകുമാര്‍ ആത്മഹത്യ ചെയ്ത അതേ മാസം തന്നെയായിരുന്നു കടവന്ത്ര സ്റ്റേഷനിലെ എഎസ്‌ഐ പി എം തോമസ് ആത്മഹത്യ ചെയ്തത് സ്‌റ്റേഷന്‍ വളപ്പില്‍ തന്നെയായിരുന്നു എ എസ് ഐ തൂങ്ങിമരിച്ചത്. മാനസിക സമ്മര്‍ദ്ദം തന്നെയായിരുന്നു ആ മരണത്തിനും കാരണം. ഈ രണ്ടു ആത്മഹത്യകളും നടന്നതിന്റെ പിറ്റേ മാസമാണ് തിരുവനന്തപുരം സിറ്റി എ ആര്‍ ക്യാംപിലെ ബാന്‍ഡ് വിഭാഗം എസ് ഐ ക്രിസ്റ്റഫര്‍ ജോയിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017-18 ലെ കാലയളവില്‍ ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് 18 പൊലീസുകാര്‍ക്കായിരുന്നു.

ഡ്യൂട്ടിക്കിടയില്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം വ്യാപകമായി പൊലീസുകാര്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് മുന്‍പേ തന്നെ വന്നിട്ടുള്ളതാണ്. ഇത് പരിഹരിക്കാന്‍ പൊലീസുകാരുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനുള്ള പരിശീലന പദ്ധതികളും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഏറ്റവുമൊടുവിലായി സി ഐ നവാസിന്റെ വിഷയം വരുമ്പോഴും ഒരു പരിശീലന പദ്ധതിയും ഫലവത്താകുന്നില്ലെന്നതാണ് മനസിലാകുന്നത്. പൊലീസുകാരില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്നതില്‍ പരിഹാരം കാണാന്‍ 2017 ല്‍ ഡിജിപി ലോക്‌നാഥ ബെഹ്‌റ ഇടപെടുകയും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന പോലീസുകാര്‍ക്ക് കൗണ്‍സലിംഗ് അടക്കമുള്ള പിന്തുണ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. തൊഴില്‍ സംബന്ധമായോ കുടുംബ പ്രശ്നങ്ങളുടെ ഭാഗമായോ ഇത് രണ്ടും ചേര്‍ന്നോ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും മനസിലാക്കി പ്രതികരിക്കാനും റിപ്പോര്‍ട്ട് നല്‍കാനും യൂണിറ്റ് ചീഫുമാരോട് ഡിജിപി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കേരള പോലീസിലെ താഴ്ന്ന റാങ്കിലുള്ള പോലീസുകാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മേലുദ്യോഗസ്ഥരില്‍ നേരിടുന്ന പീഡനങ്ങളാണെന്ന വസ്തുത ഡിജിപിയോ അദ്ദേഹത്തിനും മുകളില്‍ ഇരിക്കുന്ന ആഭ്യന്തര മന്ത്രിയോ മനസിലാക്കാത്തതാണ് ഇപ്പോഴും തുടരുന്ന ആത്മഹത്യകളും നാടുവിടലും രാജിവയ്ക്കലുമൊക്കെ വ്യക്തമാക്കുന്നത്. അവധി പോലും കിട്ടാതെ, കുടുംബത്തെയും കുട്ടികളെയും മറന്ന് അമിത ജോലി എടുക്കേണ്ടി വരുന്നതിനു മേലാണ് മേലുദ്യോഗസ്ഥരില്‍ നിന്നും ശകാരങ്ങളും ശിക്ഷകളും നേരിടേണ്ടി വരുന്നതും. തുടര്‍ച്ചയായി 18 മണിക്കൂറോളം ഡ്യൂട്ടി നോക്കിയ സി ഐ നവാസിനാണ്, പ്രതികാന നടപടിയെന്നോണം എസിപിയുടെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധി മാര്‍ക്ക് ചെയ്തത്. അതും നവാസിന്റെ കീഴുദ്യോഗസ്ഥനെ കൊണ്ട്. തങ്ങളെ അനുസരിക്കാത്ത, എതിര്‍ക്കുന്ന കീഴുദ്യോഗസ്ഥരോട് പഴയ കൊളോണിയല്‍ ഗര്‍വ് വച്ചാണ് ഉന്നതന്മാര്‍ പ്രതികാരം ചെയ്യുന്നത്. തെറ്റ് അവരുടെ ഭാഗത്ത് ആണെങ്കില്‍ പോലും ശിക്ഷ ഇപ്പുറത്ത് നില്‍ക്കുന്ന കീഴുദ്യോഗസ്ഥനാണ്. നവാസിന്റെ വിഷയത്തില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന ഉന്നതന്‍ തന്നെയാണ് മുന്‍പൊരിക്കല്‍ വയര്‍ലെസ് സെറ്റില്‍ കൂടിയുള്ള സംഭാഷണത്തിന് മറുപടി നല്‍കിയില്ലെന്ന പേരില്‍ നേരിട്ട് വിളിപ്പിച്ച് വിശദീകരണം ചോദിച്ചത്. കീഴുദ്യോഗസ്ഥന്‍ മറുപടി പറയുന്നത് മറ്റെല്ലാവരും കേട്ടെങ്കിലും ഉന്നതന്‍മാത്രം കേട്ടില്ല, അതിനു കാരണം അദ്ദേഹത്തിന്റെ കൈയിലിരുന്ന വയര്‍ലെസ് സെറ്റിന്റെ സാങ്കേതി പ്രശ്‌നമായിരുന്നു. എന്നാല്‍ അത് മറച്ചുവച്ച് തന്റെ അധികാരം ഗര്‍വ് കാണിക്കുകയായിരുന്നു ആ ഉദ്യോസ്ഥന്‍ ചെയ്തത്. ഇത്തരത്തിലാണ് പലപ്പോഴും കീഴുദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുന്നതും ശകാരം കേള്‍ക്കുന്നതും. ഇത പലവിധത്തില്‍ ഇപ്പോഴും തുടരുകയാണ്. പൊതുജനവുമായി എങ്ങനെ ഇടപെടണമെന്ന് പൊലീസുകാര്‍ക്ക് ക്ലാസ് എടുക്കുന്ന കൂട്ടത്തില്‍ പൊലീസുകാര്‍ പരസ്പരം എങ്ങനെ ഇടപെടണമെന്നു കൂടി ഡിജിപി ക്ലാസ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഞാന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ഞാനും നിങ്ങളിലൊരാളല്ലേ? സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് കഫീല്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍