UPDATES

കേരളം ലോകത്തിന്റെ സ്വന്തം നാടാകുന്നത് ഇങ്ങനെയാണ്

കേരളം ബീഫ് തീറ്റക്കാരുടെ നാടാണെന്നും കേരളം മുഴുവന്‍ കമ്യൂണിസ്റ്റുകാരാണെന്നും അതുകൊണ്ട് സഹായം നല്‍കരുതെന്നും ചില ഉത്തരേന്ത്യന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ തുടക്കം മുതല്‍ പ്രചരിപ്പിച്ചിരുന്നു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരിതത്തിലകപ്പെട്ട കേരളം മറ്റെവിടെ നിന്നും സഹായങ്ങള്‍ ലഭ്യമാകുന്നതിന് മുമ്പ് തന്നെ സ്വയം സന്നദ്ധരായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് തുടക്കം മുതല്‍ കണ്ടത്. ഇതിനു പിന്നാലെ കേരളത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും സഹായഹസ്തം നീട്ടിക്കൊണ്ടും ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് നിരവധിപ്പേര്‍ എത്തുന്നത്. എന്നാല്‍ കേരളം ബീഫ് തീറ്റക്കാരുടെ നാടാണെന്നും അതുകൊണ്ട് സഹായം നല്‍കരുതെന്നും ചില ഉത്തരേന്ത്യന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ തുടക്കം മുതല്‍ പ്രചരിപ്പിച്ചിരുന്നു. കേരളം മുഴുവന്‍ കമ്യൂണിസ്റ്റുകാരായതിനാല്‍ സഹായം നല്‍കരുത് എന്നതായിരുന്നു മറ്റൊരു പ്രചരണം. ഇതിനു പിന്നാലെ, മറുനാറ്റില്‍ താമസിക്കുന്ന ചില മലയാളികളും കേരളത്തില്‍ തന്നെ താമസിക്കുന്നവരും അടക്കമുള്ള ചില നിക്ഷിപ്ത താത്പര്യക്കാരും കേരളത്തിനുള്ള സഹായം തടയാന്‍ രംഗത്തു വന്നതും കേരളം കണ്ടു. എന്നാല്‍ ഇതിനെയൊക്കെ അപ്രസക്തമാക്കിക്കൊണ്ട് ലോകം തന്നെ കേരളത്തെ ഏറ്റെടുക്കുന്നതിനാണ് ഇപ്പോഴുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് കേരളത്തിന് പിന്തുണയുമായി എത്തിയ പ്രമുഖരില്‍ ഒരാള്‍. ദാരുണമായ വാര്‍ത്തയാണ് കേരളത്തില്‍ നിന്ന് കേള്‍ക്കുന്നത്. പ്രളയത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രളയം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമുണ്ട് ഞങ്ങള്‍.’ കാനഡ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ കേരളത്തിന് എല്ലാ സഹായവും നൽകാൻ തയാറാണെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജപ്പാൻ സ്ഥാനപതി ഹിരാമസ്തുവാണ് ഇതറിയിച്ചത്.

കേരളത്തിന് പിന്തുണയുമായി മാര്‍പ്പാപ്പയും ഐക്യരാഷ്ട്ര സഭയും ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ പ്രാര്‍ത്ഥനയ്ക്കിടെയാണ് ഇക്കാര്യം മാര്‍പ്പാപ്പ വ്യക്തമാക്കിയത്. കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം. മരിച്ചവര്‍ക്കും മഴക്കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു. രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നല്‍കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. അതേസമയം കേരളത്തെ സഹായിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് തങ്ങളെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.

മലയാളികൾ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ നിന്നാണ് കേരളത്തിന് ആദ്യ പിന്തുണ ലഭിച്ചത്. മലയാളികൾക്കും ഗൾഫ് രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കവും, ആഴവുമുണ്ട്. ഈ വസ്തുത ഗൾഫ് ഭരണാധികാരികളും ശരി വെക്കുന്ന തരത്തിലുള്ള പിന്തുണയാണ് അവർ കേരളത്തിന് നൽകി കൊണ്ടിരിക്കുന്നത്.

ഷാര്‍ജ ഭരണാധികാരിയായ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വസിമി ശനിയാഴ്ച്ച 4 കോടി രൂപ കേരളത്തിന് സഹായധനമായി നല്‍കാന്‍ തീരുമാനിച്ചു.പുറമെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും കേരളത്തിനു സഹായം പ്രഖ്യപിച്ചിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗള്‍ഫിലെ കലാ സാംസ്‌കാരിക സംഘനകളും നൂറോളം മലയാളി സമാജങ്ങളും എല്ലാം കൂടി നൂറുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷെയ്ക്ക് മുഹമ്മദിന്റെ നേതൃത്തില്‍ കേരളത്തെ രക്ഷിക്കുന്നതിനായി ഒരു അടിയന്തര സമിതിയെ ഉണ്ടാക്കാന്‍ ഉത്തരവിറക്കിയതായി യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സൈദ് അലി നഹ്യാന്‍ അറിയിച്ചു.കേരളത്തിലെ മൂന്നുകോടി ജനങ്ങളില്‍ ഏകദേശം 10 ശതമാനം പേരും ഗള്‍ഫ് മേഖലയിലേക്ക് തൊഴിലിനായി കുടിയേറിയവരാണ്.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു ഗ്രൂപ്പും ബിആര്‍ ഷെട്ടിയും രണ്ടു തവണ ധസഹായം പ്രഖ്യാപിച്ചു. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ശൈഖ് ഖലീഫ ഫണ്ടിലേക്ക് ഏകദേശം 10 കോടി രൂപ ചെയര്‍മാന്‍ എംഎ യൂസഫലി കൈമാറും. യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ബി ആര്‍ ഷെട്ടിയും 10 കോടി രൂപ ഫണ്ടിലേക്ക് കൈമാറും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് യൂസഫലിയും ഷെട്ടിയും അഞ്ച് ദശലക്ഷം ദിര്‍ഹം യുഎഇയുടെ ഖലീഫ ഫണ്ടിലേക്ക് കൈമാറുന്നത്. ലുലു ഗ്രൂപ്പ് നേരത്തേ അഞ്ച് കോടിയും ബി ആര്‍ ഷെട്ടി രണ്ടരകോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍വീസ് ചാര്‍ജില്ലാതെ പണമയക്കാന്‍ യുഎഇ എക്‌സ്‌ചേഞ്ച് സൗകര്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽതാനി അന്‍പത് ലക്ഷം ഡോളറിന്റെ (35കോടി) ഇന്ത്യന്‍ രൂപ) അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അഞ്ചുലക്ഷം റിയാലിന്റെ സഹായപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്റേറ്റീവ് ഓഫീസ് മുഖേനയായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ സഹായം ലഭ്യമാക്കാന്‍ പ്രത്യേക ഫണ്ട് സമാഹരണ പദ്ധതിക്കും ഖത്തര്‍ ചാരിറ്റി രൂപം നല്‍കിയിട്ടുണ്ട്. 40ലക്ഷത്തിലധികം റിയാല്‍ (7.60കോടി രൂപ) സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദുരിതബാധിതരെ സഹായിക്കാന്‍ നിരവധി പ്രവാസി സംഘടനകളും കൈകോര്‍ക്കുന്നുണ്ട്. ഇതിനു പുറമെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, ചാരിറ്റി പ്രവർത്തകർ, ഒപ്പം അൽഫർദാൻ, യു എ ഇ, ലുലു മണി എക്സ്ചേഞ്ചുകളും സന്നദ്ധ സേവനങ്ങളുമായി സജീവമാണ്.

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് രാഷ്ട്രീയ-സിനിമാ മേഖലകളില്‍ നിന്നും നിരവധി പ്രമുഖരാണ് ഹസ്തദാനവുമായി എത്തിയത്. മലയാളി താരങ്ങള്‍ കൈത്താങ്ങുമായി എത്തുംമുമ്പേ പ്രചോദനമേകി തെന്നിന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മലയാള താരങ്ങളും രംഗത്തെത്തി. ഒടുവിൽ ബോളിവുഡ് താരങ്ങളും മലയാള മണ്ണിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

റസൂല്‍ പൂക്കുട്ടിയാണ് കേരളത്തിന് വേണ്ടി സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആദ്യം മുന്നിട്ടിറങ്ങിയത്. കേരളത്തെ സഹായിക്കണമെന്നും പ്രളയക്കെടുതിയിലേക്ക് ദേശീയ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും റസൂല്‍ പൂക്കുട്ടി ആവശ്യപ്പെട്ടത് ട്വിറ്ററിൽ വലിയ വാർത്തയായിരുന്നു.

കേരളത്തിന് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് റസൂല്‍ പൂക്കുട്ടി നിരവധി ആളുകളെ നേരില്‍ കണ്ടിരുന്നു. അതില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, എആര്‍ റഹ്മാന്‍ എന്നിവരുടെ പ്രതികരണം വളരെ പെട്ടെന്നായിരുന്നുവെന്ന് പൂക്കുട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ കേരള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപയാണ് ഷാരൂഖ് ഖാൻ സംഭാവന ചെയ്‌തത്‌. അഭിഷേക് ബച്ചന്‍, അനുഷ്‌ക്ക ശര്‍മ്മ, ഹന്‍സിക, തമന്ന തുടങ്ങിയ നിരവധി താരങ്ങള്‍ കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി ഇപ്പോള്‍ രംഗത്തു വന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥന ട്വിറ്ററില്‍ പങ്കുവച്ചു കൊണ്ട് നടി സണ്ണി ലിയോണും ശ്രദ്ധേയയായി. അഞ്ചു കോടി രൂപ അവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല.

ഐ സ്റ്റാന്‍ഡ് വിത്ത് കേരള എന്ന ക്യാമ്പയിനുമായി നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിന് പിന്തുണയുമായി കരണ്‍ ജോഹര്‍, ഹൃത്വിക് റോഷന്‍, സിദ്ധാര്‍ത്ഥ്, എന്നിവര്‍ രംഗത്ത് എത്തി. കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തിക് തുടങ്ങിയ താരങ്ങള്‍ ആദ്യഘട്ടത്തില്‍തന്നെ സഹായങ്ങള്‍ നല്‍കിയിരുന്നു. കമല്‍ ഹാസന്‍ 25 ലക്ഷം നല്‍കിയതിനു പുറമേ അദ്ദേഹം ഇടപെട്ട് വിജയ് ടി.വിയെ കൊണ്ട് 25 ലക്ഷം കൊടുപ്പിക്കുകയും ചെയ്തു. സൂര്യ, കാർത്തി സഹോദരന്മാർ 25 ലക്ഷം രൂപ നൽകി. വിജയ് സേതുപതി 25 ലക്ഷവും, നടന്‍ ധനുഷ് 15 ലക്ഷവും നല്‍കിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ് , ശിവകാര്‍ത്തികേയന്‍, വിശാല്‍ എന്നിവര്‍ പത്ത് ലക്ഷവും നല്‍കി. സണ്‍ ടി.വി ഒരു കോടി രൂപയാണ് നല്‍കിയത്.

നടി നയന്‍താര 10 ലക്ഷം രൂപ നല്‍കിയപ്പോള്‍ അമല പോള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും സ്വയം കടകളില്‍ പോയി വാങ്ങിയാണ് കൈമാറിയത്.

ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടി നല്‍കി. സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണ്‍ തേജ 60 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യ 1.20 കോടിയും നല്‍കി. പത്ത് ടണ്‍ അരിയും രാം ചരണ്‍ നല്‍കി. മറ്റൊരു തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. തെലുങ്ക് താരം വിജയ് ദേവരകൊണ്ട നേരത്തെ 5 ലക്ഷം നല്‍കിയിരുന്നു.

ക്രിക്കറ്റ് താരം വിരാട് കോഹ് ലിയും കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലും കര്‍മ്മനിരതരായ ഇന്ത്യന്‍ സേനയ്ക്കും ദുരന്തപ്രതികരണ സേനയ്ക്കും കോഹ് ലി നന്ദി അറിയിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി ഡിവില്ല്യേഴ്‌സും കേരളത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ ടീമിന്റെ മുൻനിര താരം ആണ് എ ബി ഡിവില്ലിയേഴ്സ്.

ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബുകളായ ചെല്‍സി, ലിവര്‍പൂള്‍, ടോട്ടനം, സ്പാനിഷ് ക്ലബ് ബാഴ്‌സലോണ എന്നിവരാണ് കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ അന്താരാഷ്ട്ര ഫുട്ബാൾ ക്ളബ്ബുകൾ.  സ്പാനിഷ് ലീഗായ ലാ ലിഗയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

“‘നിങ്ങളോടൊപ്പം ഞങ്ങളുണ്ട്. ആരെങ്കിലും ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ ഞങ്ങളുടെ ഔദ്യോഗിക ഫാന്‍ ക്ലബായ ലിവര്‍പൂള്‍ കേരള സപ്പോര്‍ട്ടേഴ്‌സ് ക്ലബുമായി ബന്ധപ്പെടാവുന്നതാണ്”, ലിവര്‍പൂള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഒപ്പം സഹായത്തിനായുള്ള അക്കൗണ്ട് നമ്പറും ലിവര്‍പൂള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും കേരളത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും ബാഴ്‌സ വ്യക്തമാക്കി. ഇരുടീമുകൾക്കും കേരളത്തിൽ വലിയ ആരാധക വൃന്ദം തന്നെ ഉണ്ട്.

ഇന്ത്യന്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും, ഗോകുലം എഫ്.സിയും,  ബെംഗളൂരു എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയുമെല്ലാം കേരളത്തിനുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്. സുനില്‍ ഛേത്രിയും കേരളത്തിനുള്ള സഹായം അഭ്യര്‍ഥിച്ച് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തു. സഹായവും പിന്തുണയും അഭ്യര്‍ഥിച്ച് മുന്‍ ലോക ചെസ് ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരങ്ങളായ വി.വി.എസ് ലക്ഷമണ്‍, ഇര്‍ഫാന്‍ പഠാന്‍, ചേതേശ്വര്‍ പൂജാര എന്നിവരും ഐ.പി.എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സും നേരത്തെ രംഗത്തുവന്നിരുന്നു. കേരളത്തിന്‌ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് പാക്‌ തരാം ഷാഹിദ് അഫ്രിദിയും രംഗത്തു വന്നു.

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിന്‌ സഹായധനം പ്രഖ്യാപിച്ചതിനു പുറമേ, നിരവധി സ്ഥലങ്ങളില്‍ കേരളത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതിനുള്ള കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിരുന്നു. തുടക്കത്തില്‍ അടിയന്തിരസഹായമായി 100 കോടി രൂപ പ്രഖ്യാപിച്ചതിനു പിന്നാലെ കേരളം സന്ദര്‍ശിച്ച ശേഷം ഇടക്കാല സഹായമായി 500 കോടി രൂപ കൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഇതൊക്കെ ആവുമ്പോഴും നഷ്ടങ്ങളുടെ ഏകദേശ കണക്കു പോലും താങ്ങാവുന്നതിലപ്പുറം ആയത് കൊണ്ട് ഇനിയും കൂടുതൽ സഹായങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ടതുണ്ട്. അടിസ്ഥാന സൌകര്യങ്ങള്‍ മാത്രം ശരിയാക്കി എടുക്കുന്നതിന് കേരളത്തിന്‌ 21,000 കോടി രൂപ ആവശ്യമുണ്ടെന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയയ്ക്കാനുള്ള വിലാസം .

Name of Account Holder: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

കേരളത്തിന് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞ സുരേഷ് കൊച്ചാട്ടില്‍ മോദിയുടെ ടീമിലുണ്ടായിരുന്നയാള്‍

ഇവര്‍ പ്രളയ കാലത്തെ ഗജഫ്രോഡുകള്‍

‘പ്രബുദ്ധ മലയാളി’; അകറ്റി നിര്‍ത്തുക ദുരന്തമുഖത്തെ ഈ വിഷജീവികളെ

നാം നീന്തിക്കയറുന്നതു മാനുഷികതയിലുള്ള വിശ്വാസവുമായാണ്, കാരിരുമ്പിന്റെ കരുത്തുള്ള ഒരു ഹൃദയവുമായാണ്

മലവെള്ളത്തിൽ ഒലിച്ചു പോകാതെ നമ്മൾ പിടിച്ചു നിന്നില്ലേ? ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

ആയിരം അപവാദപ്രചാരണങ്ങൾക്ക് അര പത്രസമ്മേളനം: നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് പിണറായി വിജയൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍