UPDATES

ട്രെന്‍ഡിങ്ങ്

ശ്രീജിത്തിനൊപ്പം നില്‍ക്കാന്‍ നീയാരാടിയെന്ന്‌ പാര്‍വതിയോട് ചോദിക്കുന്നവരെ, എത്ര അശ്ലീലമാണ് നിങ്ങളുടെയീ വൈരാഗ്യം

എവിടെയായിരുന്നു നിങ്ങളിത്ര നാള്‍ എന്ന ചോദ്യത്തിന് നമ്മളോരോരുത്തരും ഉത്തരം പറയേണ്ടതാണ്; പാര്‍വതി മാത്രമല്ല…

സഹോദരന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് ഏറെ വൈകിയാണെങ്കിലും പൊതുസമൂഹത്തില്‍ നിന്നു കിട്ടിയിരിക്കുന്നത് സമാനതകളില്ലാത്ത പിന്തുണയാണ്. സോഷ്യല്‍ മീഡിയ വഴി ഉണ്ടായ ഈ പൊതുജന പിന്തുണയുടെ ഭാഗമായി വിവിധ രംഗങ്ങളിലെ പ്രമുഖരും രംഗത്തു വന്നതോടെ ശ്രീജിത്ത് തന്റെ ലക്ഷ്യത്തിലേക്ക് ഏറെയടുത്തിരിക്കുന്നു എന്ന പ്രതിതീയാണ് ഉണ്ടായിരിക്കുന്നത്. ഒരിക്കലും സംഭവിക്കാതിരിക്കുന്നതിനെക്കാള്‍ നല്ലതാണ് വൈകിയാണെങ്കിലും സംഭവിക്കുന്നത് എന്നൊരു തത്വമുണ്ട്. നിങ്ങളെല്ലാം ഇത്രനാള്‍ എവിടെയായിരുന്നുവെന്ന ചോദ്യമല്ല, നിങ്ങള്‍ ഇപ്പോഴെങ്കിലും അവനൊപ്പം നിന്നല്ലോ എന്ന ആവേശമാണ് ശ്രീജിത്തിനൊപ്പം വരുന്ന എല്ലാവരോടും എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്. എന്തുകൊണ്ട് ഇങ്ങനെ പറയേണ്ടി വരുന്നത് എന്നതിനു കാരണം, നടി പാര്‍വതി ശ്രീജിത്തിനെ പിന്തുണച്ചതിനെ പരിഹസിച്ചും വിമര്‍ശിച്ചും അസഭ്യം പറഞ്ഞും തങ്ങളുടെ വീരത്വം പ്രകടിപ്പിച്ച് ഒരു വിഭാഗം രംഗത്ത് നില്‍ക്കുന്നത് കണ്ടപ്പോഴാണ്…

ശ്രീജിത്തിനൊപ്പം നില്‍ക്കാന്‍ പാര്‍വതിക്ക് എന്തുകൊണ്ട് അവകാശമില്ലെന്നാണ് പറയുന്നത്? ഇത്രയും നാള്‍ എവിടെയായിരുന്നുവെന്നതാണോ പരാതി? എങ്കില്‍ നിങ്ങളോ? 2015 ഡിസംബര്‍ 11 നാണ് ശ്രീജിത്ത് സമരം തുടങ്ങിയത്? 2018 ജനുവരിയിലാണ് ആ ചെറുപ്പക്കാരന്റെയടുത്തേക്ക് നമ്മളൊക്കെ എത്തിയതെന്നോര്‍ക്കണം. എവിടെയായിരുന്നു നിങ്ങളിത്ര നാള്‍ എന്ന ചോദ്യത്തിന് നമ്മളോരോരുത്തരും ഉത്തരം പറയേണ്ടതാണ്; പാര്‍വതി മാത്രമല്ല…

ശ്രീജിത്തിനൊപ്പം; ഈ പോരാട്ടത്തില്‍ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്ന് പാര്‍വതിയും

പിന്നെ എന്തുകൊണ്ടാണ് പാര്‍വതി ശ്രീജിത്തിനൊപ്പമെന്ന് പറയുമ്പോള്‍ അതൊരു ‘ അശ്ലീല’മായി ചിലര്‍ക്ക് തോന്നുന്നത്? നിങ്ങള്‍ ശ്രീജിത്തിന് നീതി കിട്ടണമെന്ന് വാദിക്കുന്നവരാണ്. ഇന്നലെ സെക്രട്ടേറിയേറ്റിനു മുന്നില്‍ കണ്ട ജനക്കൂട്ടത്തിനു കാരണം അതൊന്നു മാത്രമായിരുന്നല്ലോ! ശ്രീജിത്തിനെ പോലെ ഈ സമൂഹത്തിലെ ഓരോരുത്തര്‍ക്കും തങ്ങളുടെ നീതി കിട്ടാനുള്ള അവകാശമുണ്ട്. തങ്ങള്‍ക്കു നേരെ ഉയരുന്ന നീതികേടിനെതിരേ ശബ്ദിക്കാനും സമരം ചെയ്യാനും അവകാശമുണ്ട്. അവര്‍ക്കെല്ലാം പിന്തുണ കൊടുക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുമുണ്ട്. അതാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ മഹത്വം. ശ്രീജിത്തിനൊപ്പം നില്‍ക്കുകയും പാര്‍വതി ‘കണ്ടംവഴി ഓടിക്കാന്‍’ മത്സരിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വത്തെയാണ് നിങ്ങള്‍ എതിര്‍ക്കുന്നത്.

അധമമായ വൈരാഗ്യബുദ്ധിയില്‍ നിങ്ങള്‍ പാര്‍വതിയെ എതിര്‍ക്കുമ്പോള്‍ ശ്രീജിത്തിനൊപ്പമെന്ന നിങ്ങളുടെ വാദമാണ് പൊളിയുന്നതെന്നോര്‍ക്കണം. ഈ പോരാട്ടത്തില്‍ ആ ചെറുപ്പക്കാരനൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ക്ക് സ്‌പേസ് ഉണ്ടെങ്കില്‍, പാര്‍വതിക്കും അതുണ്ട്. അതംഗീരിക്കുക…ആ പങ്കുചേരലിന് അവരെ അഭിനന്ദിക്കുക. അല്ലാതെ ഒരു സ്ത്രീയെ പുലഭ്യം പറയുകയല്ല വേണ്ടത്.

"</p

പാര്‍വതി ചോദ്യം ചെയ്തത് തെറ്റായ ഒരു വ്യവസ്ഥിതിയെയാണ്. വ്യക്തിയേയല്ല. ശ്രീജിത്തിന്റെ സമരവും അതുപോലൊരു തെറ്റായ വ്യവസ്ഥിതിക്കെതിരെയാണ്. ഒരിടത്ത് നിങ്ങള്‍ ന്യായം കാണുകയും മറ്റൊരിടത്ത് അന്യായം കണുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ശരിയായ കാഴ്ചയെ മറയ്ക്കുന്ന ചില്ലു മങ്ങിയ ഒരു കണ്ണട ധരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.

നിശബ്ദതയായ ഒരു സ്ത്രീയായിരുന്നുവെങ്കില്‍ പാര്‍വതി നമുക്കെല്ലാം പ്രിയപ്പെട്ട നായികയായി മാറിയേനെ. പക്ഷേ തന്നോടു തന്നെ വഞ്ചന ചെയ്യാന്‍ ആ പെണ്‍കുട്ടി തയ്യാറാകാതിരുന്നതാണ് ഇന്നവള്‍ നിങ്ങള്‍ക്ക് ഫെമിനിച്ചിയും വെറുക്കപ്പെട്ടവളുമായത്. നോക്കൂ, തന്റെ സഹോദരന്റെ മരണത്തില്‍ ശ്രീജിത്തും നിശബ്ദനായിരുന്നെങ്കിലോ? നമ്മളൊക്കെ അയാള്‍ക്കരികിലേക്ക് എത്തുന്നതിനു മുമ്പ് ശ്രീജിത്ത് ഒറ്റയ്ക്ക് സഹിച്ച ബുദ്ധിമുട്ടുകളും പരിഹാസങ്ങളും വേദനകളും ഏറെയാണ്! എന്റെ സഹോദരനുവേണ്ടി എന്നു ശ്രീജിത്ത് പറയുന്നതുപോലെ, പാര്‍വതിയും ശബ്ദിച്ചതും പ്രതികരിച്ചതും പെണ്ണിനു വേണ്ടിയാണ്. അതായത് ശ്രീജിത്തും പാര്‍വതിയുമൊക്കെ ആവശ്യപ്പെടുന്ന നീതി അവനവനുവേണ്ടിയല്ല. അവിടെയാണ് നാമവരെ ബഹുമാനിക്കേണ്ടത്.

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ്: അന്വേഷണം തുടങ്ങും വരെ സമരമെന്ന് ശ്രീജിത്ത്

പാര്‍വതിയെ അസഭ്യം പറയുമ്പോള്‍, അപമാനിക്കുമ്പോള്‍, വെളിപ്പെടുന്നത് നിങ്ങളുടെ ഇരട്ടത്താപ്പാണ്. പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരുതവണ വായിക്കുമ്പോള്‍ മനസിലാകുന്നില്ലെങ്കില്‍ ഒരാവര്‍ത്തി കൂടി വായിക്കൂ; ‘നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍’ എന്നാണ് പാര്‍വതി പറയുന്നത്… പാര്‍വതിയുടെ പോസ്റ്റിനു താഴെ ആഭാസത്തരങ്ങള്‍ നിറയ്ക്കാന്‍ തിരക്കു കൂട്ടുന്നതിനവര്‍ ആരും തന്നെ ആ വരികള്‍ ഒരുവട്ടം കൂടി വായിച്ചു കാണില്ല…അതുകൊണ്ടാണല്ലോ അവനവിലേക്ക് തന്നെ വിരല്‍ ചൂണ്ടിക്കൊണ്ട് നീതികേടിനെതിരേ പറയുന്നത്…

കുമ്മനടിക്കാന്‍ വരുന്ന രാഷ്ട്രീയക്കാരോട്, നിങ്ങളെ പുകച്ചു പുറത്തുചാടിക്കാന്‍ ഇവിടെയൊരു സൈബര്‍ പ്രതിപക്ഷമുണ്ട്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍