UPDATES

പ്രളയം 2019

കേരളം അതിജീവിക്കും; കാരണം ഇത് ഏഴാം ക്ലാസുകാരി വേണിയും സ്വന്തം കുഞ്ഞിന്റെ ചികിത്സയ്ക്ക് വച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ച അനസുമുള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്ന മണ്ണാണ്

വലിയ തോതില്‍ നുണപ്രചാരണങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. ഇന്നലെ മാത്രം എത്തിയത് 2.55 കോടി രൂപയാണ്

കേരളം വീണ്ടുമൊരു പ്രളയദുരന്തത്തില്‍ അകപ്പെട്ടിരിക്കുകയാണ്. നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടു. കോടികളുടെ നാശമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിന്റെ തകര്‍ച്ചയില്‍ നിന്നും കരകയറി വരുന്നതിനിടയിലാണ് വീണ്ടും ആഘാതം. തിരിച്ചു പിടിക്കാനുള്ള പരിശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. ലോകമെമ്പാടുമുള്ള മലയാളി ഇത്തവണയും കൈകോര്‍ത്തിട്ടുണ്ട്. വലിയ തോതില്‍ നുണപ്രചാരണങ്ങള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ എത്തിക്കൊണ്ടേയിരിക്കുന്നു. ഇന്നലെ മാത്രം എത്തിയത് 2.55 കോടി രൂപയാണ്. തങ്ങളാല്‍ കഴിയുന്നത് കൊടുത്ത് ഓരോ മലയാളിയും ഉത്സാഹിക്കുകയാണ്; ഈ നാടിനെ വീണ്ടെടുക്കാന്‍.

ഏഴാം ക്ലാസുകാരിയാണ് വേണി. ഈ നാടിനു വേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്യാന്‍ വേണിയുമുണ്ട്. കൈയില്‍ കരുതിവച്ചിരിക്കുന്നതൊന്നുമില്ല. മറ്റൊരു വഴിയാണ് വേണിക്കുള്ളത്.

‘പ്രിയപ്പെട്ടവരെ ആകെ അറിയാവുന്നത് ഡാന്‍സാണ്. ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളില്‍ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളില്‍ നിന്ന് ടോക്കന്‍ ഓഫ് അപ്രീസിയേഷന്‍ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോര്‍ട്ട് കിട്ടാറുമുണ്ട്. പറഞ്ഞു വന്നത് ഇതാണ്, നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ, ഒരു മണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്തുതരാം. CMDRF ലേക്ക് പറ്റാവുന്ന തുക അയച്ച് അതിന്റെ റസീപ്റ്റ് എനിക്ക് അയച്ചാല്‍ മതിയാകും. വല്യ ഡാന്‍സര്‍ എന്നു കളിയാക്കരുത്, എന്നെക്കൊണ്ട് പറ്റുന്നത് എന്നേ കരുതാവൂ’. വേണി നാടിനെ സഹായിക്കാന്‍ വേണ്ടി കണ്ടെത്തിയ മാര്‍ഗം ഇതാണ്. കഴിഞ്ഞ പ്രളയകാലത്തിന്റെ ഓര്‍മകള്‍ വേണിയുടെ മനസില്‍ ഉണ്ട്. അന്ന് തന്റെ മാതാപിതാക്കള്‍ക്കൊപ്പം ദുരിതബാധിതരെ സഹായിക്കാന്‍ കൊച്ചു വേണിയും ഉണ്ടായിരുന്നു. അന്നത്തെ വേദനയുടെയും കഷ്ടപ്പാടുകളുടെയും ചിത്രങ്ങള്‍ മറന്നു പോകാത്തതുകൊണ്ടാണ് ഇത്തവണ സ്വയം എന്തെങ്കിലും ചെയ്യണമെന്ന് ഈ കുഞ്ഞ് ആഗ്രഹിച്ചത്.

വേണിയില്‍ നിന്നും ആദി ബാലസുധയിലേക്ക് വരാം. ഗ്രാഫിക് ഡിസൈനറും ഫോട്ടോഗ്രാഫറുമായ ആദി സ്വന്തം ജീവിതത്തിന്റെ അതിജീവനത്തിനായി ബുദ്ധിമുട്ടുകയായിരുന്നുവെങ്കിലും അതെല്ലാം മറന്നാണ് തന്റെ നാടിനു വേണ്ടി കൈകോര്‍ത്തത്. ആദി പറഞ്ഞു; മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും. ആദിയുടെ വാക്കുകള്‍ കേരളം ഒന്നാകെയാണ് കേട്ടത്. ഒന്നു മടിച്ചു നിന്നവരെ പോലും, ഒന്നുമില്ലല്ലോ കൊടുക്കാനെന്ന് വിഷമിച്ചു നിന്നവരെ പോലും പ്രചോദിപ്പിക്കാന്‍ നാലു വാചകങ്ങളിലൂടെ ആദിക്ക് കഴിഞ്ഞു.

വേണിയും ആദിയും നല്‍കുന്ന പ്രചോദനത്തിന്റെ വൈകാരികതയേറ്റുന്നതായിരുന്നു അനസ് എന്ന മനുഷ്യന്റെ വാക്കുകള്‍. കാന്‍സര്‍ ബാധിതനായ സ്വന്തം കുഞ്ഞിന്റെ ചികിത്സയ്ക്കു വേണ്ടി മാറ്റിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് അനസ് തയ്യാറായത്. വരുന്ന വെള്ളിയാഴ്ചയാണ് അനസിന്റെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടത്. റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലാണ് ചികിത്സ. ചികിത്സയ്ക്കായി കരുതി വെച്ചിരുന്ന പൈസയും, ചികിത്സയ്ക്ക് രണ്ടുപേര്‍ സഹായിച്ച പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചെന്നാണ് അനസ് അറിയിച്ചത്. മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരോളം വരില്ല തന്റെ ദുഖമെന്ന് പറഞ്ഞ അനസിനോട്, അരുതേ… എന്ന് ഈ നാട് ഒന്നടങ്കം സ്‌നേഹപൂര്‍വം പറയുകയാണ്. ആ കുഞ്ഞിന്റെ ജീവനും ഞങ്ങള്‍ക്ക് വേണമെന്നാണ് മലയാളികള്‍ അനസിനോട് അഭ്യര്‍ത്ഥിച്ചത്. എത്ര കോടിയേക്കാളും വലുതാണ് നിങ്ങളുടെ മനസും വാക്കുകളും അനസ്; കേരളം നെഞ്ചോട് ചേര്‍ത്ത് അനസിനോട് പറയുന്നു.

തിരുവനന്തപുരം സ്വദേശി ആദര്‍ശ്; കേരളത്തിന്റെ മറ്റൊരു അഭിമാനം. മുഖ്യമന്ത്രി പിണറായി വിജയനിലൂടെയാണ് ആദര്‍ശിനെ മലയാളിയറിഞ്ഞത്. കഴിഞ്ഞ നാല് വര്‍ഷമായി ചെറിയ തുകയാണെങ്കിലും എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട് ഈ ഒമ്പതാംക്ലാസുകാരന്‍. 2016ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തകാലം മുതല്‍ക്കാണ് ആദര്‍ശ് ഇത്തരത്തില്‍ ചെറിയൊരു തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ആളാരാണെന്നോ അവരുടെ രാഷ്ട്രീയമെന്താണെന്നോ ആദര്‍ശിന് അറിയാന്‍ താല്പര്യമില്ല. അവനവന്‍ ചെയ്യേണ്ടത് അവനവന്‍ ചെയ്യുക എന്നാണ് ആദര്‍ശ് പറയുന്നത്.

വലിയ പ്രാരാബ്ധങ്ങള്‍ക്കിടയിലാണ് ആസിഫ് അലി. ചെറിയൊരു ജോലിയില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് വേണം കുടുംബം പോറ്റാന്‍. പക്ഷേ, ആസിഫും ഉണ്ട് ദുരിത കേരളത്തെ കൈപിടിച്ചു കരകയറ്റാന്‍. ആസിഫിന്റെ ഈ വാക്കുകളും കേരളത്തിന്റെ കരുത്ത് കൂട്ടുകയാണ്; ഉപ്പയും ഉമ്മയും ആറു പെങ്ങമ്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം, അഞ്ചു പെങ്ങമ്മാരെ കെട്ടിച്ചയച്ചു, പ്രാരാബ്ധത്തിന്റെ പടുകുഴിയിലാണ്, ഇപ്പോള്‍ 4വര്‍ഷമായി സൗദിയില്‍ മലയാളികളുടെ ഒരു റെസ്റ്റാറ്റാന്റില്‍ (മീന്‍കട) ജോലി ചെയ്യുന്നു, ഇത് ഇവിടെ വിദേശികള്‍ക്ക് ഭക്ഷണം മുന്നില്‍ വെച്ച് കൊടുക്കുമ്പോള്‍ ടിപ്പ് ആയി തരുന്നതാണ്.. ഇത് മുഴുവനും പെരുന്നാള്‍ പൈസ ആയി മുതലാളി വക കിട്ടിയ പൈസയും കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ പ്രാവശ്യം കൊടുത്തതില്‍ ഏറെ കൊടുക്കാന്‍ തന്നെയാണ് തീരുമാനം.

കൊടുക്കണമെന്നുണ്ടെങ്കിലും എന്റെ കൈയില്‍ ഒന്നുമില്ലല്ലോ എന്നു പറഞ്ഞുപോലും മാറിനില്‍ക്കരുത് നാം എന്നോര്‍മിപ്പിക്കാന്‍ മഞ്ജി ചാരുതയെപോലുള്ളവര്‍ ഉണ്ടാകുമ്പോഴും കേരളം അതിവേഗം അതിജീവിക്കുകയാണ്. കൈയില്‍ സമ്പാദ്യമൊന്നും ഇല്ലെങ്കിലും മഞ്ജിക്ക് മടിച്ചു മാറി നില്‍ക്കാന്‍ കഴിയില്ലായിരുന്നു. ചിത്രം വരച്ചു തരാം പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമോ എന്നു മഞ്ജി ചോദിച്ചപ്പോള്‍ അതിനു കിട്ടിയ പ്രോത്സാഹനമാണ് കേരളത്തിന്റെ മനസ്. മഞ്ജി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുള്ള ഈ വാക്കുകള്‍ കൂടെ കേള്‍ക്കൂ;

കുഞ്ഞു പ്രായത്തില് (ഇപ്പഴും) മഞ്ചാടികള്‍ ഇങ്ങനെ പെറുക്കി കൂട്ടി വയ്ക്കും… അതിങ്ങനെ നിറഞ്ഞു വരുമ്പോ ഉള്ളു നിറയും… ഇന്നലെ രാത്രി ഇട്ട പോസ്റ്റ് വഴി ഈ സമയം വരെ എല്ലാം കൂട്ടി 17,000 രൂപയ്ക്ക് മുകളില്‍ ദുരിതാശ്വാസനിധിയില്‍ ഇട്ടതിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍ബോക്‌സില്‍ വന്നു…100 രൂപ മുതല്‍ 2000 രൂപ വരെ… കൊറേ മനുഷ്യര്.. ഇതുവരേം അറിയാത്തവര്… നാട്ടില്‍ ഉള്ളവരും ദൂരെ എവിടെയോ ഉള്ളവരും…രാത്രി മുഴുവന്‍ ഞാനിരുന്ന് കരഞ്ഞു…ഇതൊക്കെ ചെയ്യാന്‍ പൈസ വേണ്ടേ അതുകൊണ്ട് ചിത്രം അയക്കണ്ട..എന്നെങ്കിലും കാണുമ്പോ തന്നാല്‍ മതി,മോളുടെ ചിത്രത്തിന് പൈസ അയച്ചിട്ടുണ്ട് പറഞ്ഞവര്….വേവലാതി അറിഞ്ഞ് മെല്ലെ ചെയ്താ മതി പറഞ്ഞവര്.. പിന്നെ എല്ലാറ്റിനും ഓടിയെത്തണ സുധിയെട്ടാ..നിങ്ങള് മനസില്‍ കാണുമ്പോ മാനത്തു കാണണ ചങ്ങാതി നിങ്ങടെ ഭാഗ്യാണ്…ഓടി നടക്കുന്നതിന്റെ ഇടയില്‍ പോസ്റ്റ് ഇടാന്‍ സമയമില്ലാഞ്ഞിട്ട് കിട്ടുന്ന വര്‍ക്ക് മുഴോനും എടുത്തോ.. കൂടെ നീക്കാം പറഞ്ഞ നിജില്‍…ക്യാന്‍വാസ് മേടിക്കാന്‍ പൈസ വേണ്ടെടോ പറഞ്ഞ് അത് തരാന്‍ ഓടിപാഞ്ഞു വന്ന രക്തബന്ധം അല്ലാത്ത ഏട്ടന്‍…ക്യാന്‍വാസ് ഇവിടുണ്ട് വന്നെടുത്തോളാന്‍ പറഞ്ഞ സരീഷ് മാഷ്…ഇല്ലാത്ത കാശ് ഉണ്ടാക്കി അകൗണ്ടില്‍ ഇട്ട എന്റെ പിള്ളേര്…അഞ്ചു വയസുകാരന്‍ അക്കു…. ക്യാന്‍വാസും പെയിന്റും മേടിക്കാനുള്ള പൈസ അച്ചായന്‍ അരുണിയേച്ചിടെ കയ്യില്‍ കൊടുത്തിട്ടുണ്ട്…..ഇത് നമ്മള്‍ എല്ലാരും കൂടി ചേര്‍ത്ത് വച്ച് ഉണ്ടാക്കിയതാണ്…അങ്ങോട്ടേക്ക് എത്തുമ്പോ ഇത് ചെറിയ തുക ആണ് എന്നറിയാം.. എന്നാലും മാസാവസാനം 1000 രൂപ ഹോസ്റ്റല്‍ ഫീസ് അടക്കണ്ടെയെന്നു വേവുന്ന അച്ഛന്റേം അമ്മേടേം മകള്‍ക്കിത് വലിയ തുകയാണ്…..കുറച്ചു ദിവസങ്ങളായിട്ട് ഞാന്‍ മനുഷ്യരെ കണ്ടു…നാളെ പിള്ളേരൊക്കെ ശുചീകരണത്തിന് പോണം പറയുന്നുണ്ട്… നമ്മള്‍ എല്ലാരും കൂടി അങ്ങ് ഇറങ്ങുവല്ലേ…

വേണിയെ പോലെ, മഞ്ജിയെ പോലെ, ആസിഫിനെയും അനസിനെയും ആദിയേയും എല്ലാം പോലെ…ഇനിയുമുണ്ട് നിരവധി മനുഷ്യര്‍ ഈ നാട്ടില്‍…അപ്പോഴും നുണകള്‍ പറന്നുകൊണ്ടിരിക്കുകയാണ്. ഒന്നും കൊടുക്കരുതെന്നാണ് പറയുന്നത്. ഇത്തരക്കാര്‍ക്ക് മറുപടിയാണ് നമുക്കിടിയിലെ ഈ മനുഷ്യര്‍. കുഞ്ഞുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷകളായവര്‍. അതിജീവനത്തിന്റെ മാതൃകള്‍.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍