UPDATES

ട്രെന്‍ഡിങ്ങ്

രണ്ടാം ജന്മം: ബ്രാഹ്മണ സ്വപ്‌നം പേറുന്ന സുരേഷ് ഗോപിയും അധ:കൃത ദു:ഖം പേറുന്ന പി.സി ജോര്‍ജും

പുനര്‍ജന്മം എന്ന ഒന്നുണ്ടോയെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഉണ്ടെന്നും ഇല്ലെന്നുമുള്ളത് ഓരോരുത്തരുടെയും വിശ്വാസ സ്വാതന്ത്ര്യമായി മാത്രം കണക്കാക്കാം

രണ്ട് രാഷ്ട്രീയ നേതാക്കള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ അടുത്ത ജന്മത്തെക്കുറിച്ച് പ്രകടിപ്പിച്ച ആഗ്രഹങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി അടുത്ത ജന്മത്തെക്കുറിച്ച് ഒരു ആഗ്രഹം പറഞ്ഞപ്പോള്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ ആഗ്രഹം അതിന് മറുപടിയെന്നവണ്ണം ആയി.

ഭഗവത് സേവയ്ക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. യോഗക്ഷേമസഭയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുരേഷ് ഗോപി തന്റെ ഒരു സ്വപ്‌നം വെളിപ്പെടുത്തിയത്. ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന ചിത്രത്തില്‍ നിരീശ്വരവാദിയായി അഭിനയിക്കേണ്ടി വന്നപ്പോള്‍ താന്‍ ഏറെ വിഷമിച്ചതായി സുരേഷ് ഗോപി തന്നെ മുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തം ആഗ്രഹം വെളിപ്പെടുത്താനുള്ള അവകാശം സുരേഷ് ഗോപിക്കുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന അനുചിതമായി പോയെന്ന അഭിപ്രായം ബിജെപി നേതാക്കള്‍ക്കിടയില്‍ തന്നെയുണ്ട്. ബിജെപിയുടെ ദലിത് അനുകൂല മുഖംമൂടിയാണ് എംപിയുടെ പ്രസ്താവനയോടെ അഴിഞ്ഞുവീണതെന്ന് രാഷ്ട്രീയ എതിരാളികളും ആരോപിക്കുന്നു. പതിവ് പോലെ സോഷ്യല്‍ മീഡിയയാണ് സുരേഷ് ഗോപിയുടെ ഈ പ്രസ്താവനയെ ഏറ്റെടുത്തത്. ചലച്ചിത്ര താരം കൂടിയായ രാഷ്ട്രീയ നേതാവില്‍ നിന്നും ലഭിച്ച അവസരത്തെ ട്രോളര്‍മാരും നന്നായി ഉപയോഗിച്ചു. പൈതൃകം എന്ന ചിത്രത്തിലെ ക്ഷുഭിതനായ നിരീശ്വരവാദി കഥാപാത്രത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ട്രോളുകള്‍ ഏറെയും.

സുരേഷ് ഗോപിയുടെ ഈ പ്രസ്താവനയുമായി താരതമ്യം ചെയ്യുമ്പോള്‍ പി സി ജോര്‍ജ്ജിന്റെ പ്രസ്താവന ഏറെ അഭിനന്ദനീയമാണെന്ന വിലയിരുത്തലുകളും പുറത്തു വരുന്നുണ്ട്. അടുത്ത ജന്മത്തില്‍ അധഃകൃതനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ജോര്‍ജിന്റെ പറച്ചില്‍. അങ്ങനെ ജനിച്ചാല്‍ ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കുന്നത് എങ്ങനെയാണെന്ന് പഠിപ്പിക്കുമെന്നും പി സി ജോര്‍ജ്ജ് പറയുന്നു. കേരള ജനപക്ഷം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഈ ജന്മം അധഃകൃതനായി ജനിക്കാനാകാതെ പോയതിന്റെ വേദന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. അല്ലെങ്കില്‍ ദലിതരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് ഈ ജന്മത്തില്‍ തന്നെ അടിച്ചുപൊട്ടിക്കാമായിരുന്നല്ലോ. എന്നാല്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ അധഃസ്ഥിതനായി തന്നെ ജനിക്കണമെന്നാണ് പി.സിയുടെ ധാരണയെന്നു തോന്നുന്നു. എസ്‌റ്റേറ്റ് തൊഴിലാളികള്‍ക്കിടയിലേക്ക് സിനിമ സ്‌റ്റൈലില്‍ കൈത്തോക്ക് ചൂണ്ടിയെത്തിയ പി സി ജോര്‍ജ്ജിന്റെ ചിത്രം കേരള ജനത മറക്കാനുള്ള സമയമായിട്ടില്ല. അദ്ദേഹമാണ് ഇപ്പോള്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ അടുത്ത ജന്മത്തില്‍ അധഃസ്ഥിതനായി ജനിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇതിലെ കൗതുകം.

പുനര്‍ജന്മം എന്ന ഒന്നുണ്ടോയെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഉണ്ടെന്നും ഇല്ലെന്നുമുള്ളത് ഓരോരുത്തരുടെയും വിശ്വാസ സ്വാതന്ത്ര്യമായി മാത്രം കണക്കാക്കാം. ഈ ജന്മത്തില്‍ തന്നെ സമൂഹത്തിന് വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ധാരാളമുള്ളവരാണ് ഇരു നേതാക്കളും. ഇവര്‍ക്ക് അടുത്ത ജന്മത്തില്‍ ചെയ്യാനാകുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുണ്ടോയെന്ന ചോദ്യമാണ് ഇവിടെ സ്വാഭാവികമായും ഉയരേണ്ടത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍