UPDATES

ട്രെന്‍ഡിങ്ങ്

ആരും തടയാനില്ലാതെ കുതിച്ച സുരേഷ് കല്ലടയെ പിടിച്ചു നിര്‍ത്തി സോഷ്യല്‍ മീഡിയ

ന്യൂട്രല്‍ ഗിയറിലേക്ക് മാറേണ്ടി വന്ന കല്ലട ഗ്രൂപ്പ് അവര്‍ക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ്

ദീര്‍ഘദൂരം പായുന്നൊരു ബിസിനസ് സാമ്രാജ്യത്തിന് ചക്രം കെട്ടിയാണ് 1996 ല്‍ ഇരിഞ്ഞാലക്കുടക്കാരന്‍ കെ വി രാൃമകൃഷ്ണന്റെ സുനില്‍ കുമാര്‍ എന്‍ര്‍പ്രൈസസ് കൊടുങ്ങല്ലൂര്‍-ബാംഗ്ലൂര്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഇന്നത്തപോലത്തെ ആഢംബര ബസ് ഒന്നുമായിരുന്നില്ല, ഒരു സാധാരണ ലെയ്‌ലാന്‍ഡ്. അക്കാലത്ത് കേരളത്തില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സര്‍വീസുകള്‍ വളരെ കുറവായിരുന്നു. കെഎസ്ആര്‍ടിസി പുറം സംസ്ഥാനങ്ങളിലേക്ക് ബസുകള്‍ ഒടിച്ചിരുന്നുവെങ്കിലും എണ്ണം കുറവയായിരുന്നു. മാത്രമല്ല, ചില പ്രധാന നഗരങ്ങളില്‍ നിന്നുമാത്രമായിരുന്നു ആ സര്‍വീസുകള്‍ ഉണ്ടായിരുന്നതും. ഈ സാഹചര്യമാണ് രാമകൃഷ്ണന്‍ മുതലെടുത്തത്. മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴി തങ്ങള്‍ക്കുള്ളതാണെന്നു മനസിലാക്കി അവര്‍ മുന്നോട്ടു നീങ്ങി. പിന്നെയതിന്റെ ആക്‌സിലേറ്റര്‍ കൂട്ടി. അങ്ങനെ അന്തര്‍ സംസ്ഥാന ട്രാവല്‍ രംഗത്ത് അവരങ്ങു കുതിച്ചു പാഞ്ഞു.

കല്ലട ബസ് ഗ്രൂപ്പിന്റെ ചരിത്രം ഒരു റിയര്‍ വ്യൂ മിററിലൂടെ നോക്കി കാണുമ്പോള്‍ പിന്നെയും സംഭവങ്ങള്‍ പിന്നിലുണ്ട്. അത് തുടങ്ങുന്നത് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള താണിശ്ശേരിയില്‍ കെ വി രാമകൃഷ്ണന്‍ സുനില്‍ കുമാര്‍ എന്റര്‍പ്രൈസസ് എന്ന ബിസിനസ് ഗ്രൂപ്പ് തുടങ്ങുന്നിടത്താണ്. രാമകൃഷ്ണന്റെ മൂത്തമകനാണ് സുനില്‍ കുമാര്‍. സുനിലിനു താഴെയായി നാല് ആണ്‍മക്കള്‍ കൂടിയുണ്ട് രാമകൃഷ്ണന്; ശൈലേഷ് കുമാര്‍, സുരേഷ് കുമാര്‍, സജീവ് കുമാര്‍, സന്തോഷ് കുമാര്‍. ഇതില്‍ സുരേഷ് കുമാര്‍ ആണ് ഇന്നത്തെ  സുരേഷ് കല്ലട.

സുനില്‍ കുമാര്‍ എന്റര്‍പ്രൈസസ് ബിസിനസില്‍ പല മേഖലകളില്‍ ഇറങ്ങി. അതില്‍ വെള്ളിച്ചെണ്ണ ഉത്പാദനം ഉണ്ടായിരുന്നു, തുണിക്കച്ചവടവുമുണ്ടായിരുന്നു. പിന്നെ ട്രാവല്‍ ആന്‍ഡ് ടൂറിസവും. എന്നാല്‍ വണ്ടികളോടിച്ചല്ല രാമകൃഷ്ണന്റെ ബിസിനസ് വളര്‍ന്നത്. അതിനു കാരണം മറ്റൊന്നായിരുന്നു; ചാരായം. അബ്കാരി ബിസിനസിലാണ് രാമകൃഷ്ണനും മക്കളും കാശുണ്ടാക്കിയത്.

കാശൊഴുകി വന്നിരുന്ന കാലത്തിന് 1996 ല്‍ തിരശ്ശീല വീണു. അതിനൊരാള്‍ കാരണമായി. സാക്ഷാല്‍ എ കെ ആന്റണി! 96 ല്‍ മുഖ്യമന്ത്രി ആന്റണി സംസ്ഥാനത്ത് ചാരായം നിരോധിച്ചു. ഇതോടെ അബ്കാരി ബിസിനസില്‍ നിന്നും രാമകൃഷ്ണനും മക്കളും ഗിയര്‍ മാറ്റി ബസ് സര്‍വീസിലേക്ക് തിരിഞ്ഞു.

എല്ലാ കുടുംബ ബിസിനസിലും സംഭവിക്കുന്ന ട്വിസ്റ്റ് രാമകൃഷ്ണന്റെ കുടുംബത്തിലും നടന്നു. വര്‍ഷം 2003. ആ കൊല്ലമായിരുന്നു രാമകൃഷ്ണന്റെ മരണം. അച്ഛന്‍ എന്ന നിയന്ത്രണത്തില്‍ അത്രയും കാലം നില്‍ക്കേണ്ടി വന്ന മക്കള്‍ അപ്പോഴുണ്ടായ ശ്യൂനതയില്‍ പരസ്പരം തിരിഞ്ഞു. മുന്നിലുള്ളത് വലിയൊരു സാമ്രാജ്യമാണ്. ആരാണതിന്റെ അവകാശിയാകാന്‍ പോകുന്നുവെന്ന തര്‍ക്കത്തില്‍ രണ്ടു ചേരികള്‍ രൂപപ്പെട്ടു. സുനില്‍ കുമാറും ശൈലേഷ് കുമാറും സജീവ് കുമാറും സന്തോഷ് കുമാറും ഒരു ഭാഗത്ത്. മറു വശത്ത് സുരേഷ് കുമാര്‍ ഒറ്റയ്ക്കും. തര്‍ക്കം ഒരു പിളര്‍പ്പിലാണ് അവസാനിച്ചത്. അങ്ങനെയാണ് കല്ലട രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടാകുന്നത്. നാല് സഹോദരങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഉണ്ടാക്കിയത് കല്ലട ജി-ഫോര്‍ ഗ്രൂപ്പ്. സുരേഷ് കുമാറിന്റെ പേരില്‍ കല്ലട ഒന്നാം ഗ്രൂപ്പും. അന്നു മുതല്‍ സുരേഷ് കുമാര്‍ കല്ലട സുരേഷ് ആയി. കല്ലട ജി ഫോര്‍ ഗ്രൂപ്പ് അബ്കാരി ബിസിനസും ടെക്‌സറ്റൈല്‍ അടക്കമുള്ള മറ്റ് സംഭരങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ സുരേഷ് കയറിയിരുന്നത് ബസ് സര്‍വീസിന്റെ ഡ്രൈവിംഗ് സീറ്റില്‍ ആയിരുന്നു. തന്റെ സഹോദരങ്ങളെ ഉള്‍പ്പെടെ പിന്നിലാക്കി പിന്നെയൊരു കുതിപ്പായിരുന്നു.

ഒരു ബിസിനസ് വളരാന്‍ ഏറ്റവും നല്ല സാഹചര്യം അതേ മേഖലയില്‍ എതിരാളികള്‍ ഇല്ലാതിരിക്കുക എന്നതാണ്. അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകളുമായി സുരേഷ് വരുമ്പോള്‍ കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ മറ്റുള്ളവര്‍ ഇല്ലായിരുന്നു. കെഎസ്ആര്‍ടിസിയെ ഒതുക്കാന്‍ സുരേഷിന് വേഗം കഴിയുകയും ചെയ്തു. കൂടുതല്‍ സര്‍വീസുകള്‍, യാത്രാ സുഖം ഏകുന്ന ബസുകള്‍, യാത്രക്കാര്‍ക്ക് സമയത്തിന്റെ കാര്യത്തില്‍ വിശ്വസിക്കാവുന്ന സര്‍വീസുകള്‍ ഇതൊക്കെ ബിസിനസിന്റെ വിജയഘടകങ്ങളായി. മുന്നോട്ടുള്ള സാഹചര്യവും കണ്ടറിഞ്ഞ് കൂടുതല്‍ ബസുകള്‍ വാങ്ങി അതിനനുസരിച്ചുള്ള സര്‍വീസുകളും തുടങ്ങിയതോടെ ഈ മേഖലയില്‍ സുരേഷ് എതിരാളികളെ ഇല്ലാത്തയാളായി.

ഇന്നിപ്പോള്‍ കല്ലട ഗ്രൂപ്പിനുള്ളത് 130 ലേറെ ബസുകളാണ്. കേരളത്തില്‍ മറ്റേതെങ്കിലും ട്രാവല്‍ ഗ്രൂപ്പിന് അവകാശപ്പെടാനാവാത്ത എണ്ണം. ഇവയില്‍ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസുകളും എ സി സ്ലീപ്പറുകളുമുണ്ട്. കല്ലടയുടെ സ്‌കാനിയ ബസുകള്‍ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. സ്‌കാനിയ ബസുകള്‍ ഇന്ത്യയില്‍ ഓടിത്തുടങ്ങിയ കാലത്ത് ഒറ്റയടിക്ക് 20 മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ബസുകളാണ് സുരേഷ് വാങ്ങിയത്!

എതിരാളികളെ, അത് തന്റെ ബസിന്റെ പിന്നാലെ വരുന്നവരായാലും ബസിനുള്ളില്‍ ഇരിക്കുന്നവരായാലും ഒരുപോലെ നിശബ്ദരാക്കിയാണ് കല്ലട ഗ്രൂപ്പുമായി സുരേഷ് കുതിച്ചത്. ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും വരെ സ്വാധീനമുള്ളയാളാണെന്ന വാര്‍ത്തകള്‍ സുരേഷിനെതിരേ സംസാരിക്കാന്‍ പലരെയും മടുപ്പിച്ചു. നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കാതെ റോഡില്‍ കൂടി കുതിച്ചു പാഞ്ഞു പോകുന്ന കല്ലട സര്‍വീസുകളെക്കുറിച്ച് പലകോണുകളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നെങ്കിലും ഉത്തരവാദിതത്വപ്പെട്ടവരത് കാര്യമാക്കിയില്ല. ഇടയ്‌ക്കൊക്കെ റെഡ് സിഗനല്‍ തെളിഞ്ഞെങ്കിലും അതിലു വേഗത്തില്‍ സുരേഷിനു മുന്നില്‍ പച്ചവെളിച്ചം തെളിയിക്കാന്‍ ആളുണ്ടായിരുന്നു. ആദ്യമാദ്യം കല്ലട സര്‍വീസിനെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് യാത്രക്കാര്‍ക്ക് കുറഞ്ഞു വന്നപ്പോള്‍ അതിനെ നേരിടാന്‍ ഇറങ്ങിയത് സുരേഷിന്റെ ഗൂണ്ടകളായിരുന്നു. ബസ് ജീവനക്കാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. അടിച്ചും ഇടിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെ പരാതിക്കാരെ നേരിട്ടു. അതുകൊണ്ടാണ് ചില മുറുമുറുപ്പുകള്‍ക്ക് അപ്പുറം ഗൗരവമായൊരു പരാതി കല്ലടയ്‌ക്കെതിരേ ഉണ്ടാകാതിരുന്നത്.

എന്നാല്‍ വേഗത്തില്‍ പാഞ്ഞുപോകുന്നൊരു ബസ് സഡണ്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തേണ്ടി വന്നൊരു അവസ്ഥയിലാണ് ഇപ്പോള്‍ കല്ലട ഗ്രൂപ്പ്. സര്‍വീസ് സംബന്ധിച്ച് പരാതി ഉയര്‍ത്തിയ യാത്രക്കാരെ ക്രൂരമായ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലടയുടെ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തു. ജീവനക്കാര്‍ അറസ്റ്റിലായി. കൂടുതല്‍ നടപടികളുമായി പൊലീസും സര്‍ക്കാരും. എന്നാല്‍ ഇതൊന്നുമല്ല, കല്ലടയ്ക്ക് തടയായി നില്‍ക്കുന്നത് സോഷ്യല്‍ മീഡിയ ആണ്. യാത്രക്കാരെ മര്‍ദ്ദിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറല്‍ ആയതോടെ സോഷ്യല്‍ മീഡിയ വലിയ കാമ്പയിന്‍ കല്ലടയ്‌ക്കെതിരേ ആരംഭിച്ചു. നിയമസംവിധാനങ്ങള്‍ക്ക് ഇടപെടല്‍ നടത്തേണ്ടി വന്നതുപോലും അതിന്റെ ഭാഗമാണ്. മാധ്യമങ്ങളും ഒപ്പം കൂടിയതോടെ കല്ലടയ്‌ക്കെതിരേ പരാതികളുമായി മുന്‍പ് ദുരനുഭവങ്ങള്‍ നേരിട്ടവരും രംഗത്തു വന്നു. അതോടെ ന്യൂട്രല്‍ ഗിയറിലേക്ക് മാറേണ്ടി വന്ന കല്ലട ഗ്രൂപ്പ് അവര്‍ക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ്. ഇതൊന്നും കൊണ്ട് കല്ലടയെ തളയ്ക്കാന്‍ പറ്റില്ലെന്നും അവര്‍ വണ്ടിയെടുത്ത് പോവുക തന്നെ ചെയ്യുമെന്നു മറ്റൊരു പ്രചാരണം ഇതിനിടയില്‍ വരുന്നുണ്ട്. അങ്ങനെ പറയാന്‍ കാരണം; കല്ലടയെ ശരിക്കും അറിയാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍