UPDATES

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സിനഡിന്റെ ഉറപ്പ്; കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി, സമരത്തില്‍ നിന്നും താത്കാലികമായി പിന്മാറുന്നതായി വൈദികര്‍

ഇപ്പോഴത്തെ ഉപവാസ സമരത്തോടെ കര്‍ദിനാള്‍ ആലഞ്ചേരിയെ യാതൊരു കാരണവശാലും തങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍

എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് രണ്ടു ദിവസമായി വൈദികര്‍ നടത്തി വന്ന ഉപവാസ സമരം പിന്‍വലിച്ചു. സീറോ മലബാര്‍ സഭ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാര്‍ വൈദികരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഉപവാസ സമരം അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അതിരൂപത വൈദികരുടെ പ്രതിനിധികളും മെത്രാന്മാരുടെ സംഘവും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയിലാണ് വൈദികരുടെ ആവശ്യങ്ങളോട് സഹകരിക്കാമെന്ന് സഭാ നേതൃത്വം ഉറപ്പ് നല്‍കിയത്. ഈ ഉറപ്പുകളുടെ പശ്ചാത്തലത്തില്‍ സിനഡില്‍ നിന്നും നീതിപൂര്‍വകമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ താത്കാലികമായാണ് സമരത്തില്‍ നിന്നും പിന്മാറുന്നതെന്നു വൈദികര്‍ അറിയിച്ചു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപത ഭരണ ചുമതലയില്‍ നിന്നും മാറ്റുക, ആലഞ്ചേരി അധികാരത്തിലേക്ക് വന്നതിനു പിന്നാലെ അതിരൂപത സഹായമെത്രാന്മാരെ സസ്പന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങളുമായാണ് വ്യാഴാഴ്ച്ച വൈകിട്ടോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ (എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനം) വൈദികര്‍ ഉപവാസ സമരം ആരംഭിച്ചത്. വൈദികരുടെ ഉപവാസ സമരം സഭയെ പ്രതിസന്ധിയിലാക്കുമെന്ന് മനസിലാക്കി ഉടനടി പ്രശ്‌നപരിഹാരത്തിന് തയ്യാറാവുകയായിരുന്നു സ്ഥിരം സിനഡ്. അതിരൂപതയുമായി ബന്ധപ്പെട്ട് തങ്ങള്‍ നടത്തിവരുന്ന പോരാട്ടത്തിന്റെ വിജയമായാണ് വൈദികര്‍ ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തുന്നത്.

കാക്കനാട് മൗണ്ട് സെന്റ്.തോമസില്‍ വെള്ളിയാഴ്ച്ച സിറോ മലബാര്‍ സഭ സ്ഥിരം സിനഡിലെ അംഗങ്ങളുമായി അതിരൂപത വൈദികര്‍ നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ ഇവയാണ്; വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണമെന്നും പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കും. സഹായമെത്രന്മാരെ സസ്‌പെന്‍ഡ് ചെയ്ത കാര്യത്തില്‍ തങ്ങള്‍ക്കുള്ള വികാരവും വേദനയും വൈദിക പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം ഓഗസ്റ്റില്‍ നടക്കുന്ന സിനഡില്‍ ഉറപ്പായും ചര്‍ച്ചയാക്കും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കൂടി കുറ്റാരോപിതനായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് മുന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തണമെന്ന വൈദികരുടെ അഭ്യര്‍ത്ഥന വത്തിക്കാനെ അറിയിക്കണമെന്ന കാര്യത്തില്‍ സിനഡില്‍ ചര്‍ച്ച ചെയ്യും. അതിരൂപതയുടെ സാധാരണ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേക അധികാരമുള്ള മെത്രാനെ ഉടന്‍ നിയമിക്കുവാന്‍ സിനഡിനോട് ശുപാര്‍ശ ചെയ്യും. ഈ തീരുമാനങ്ങളുടെ പുറത്ത്, സഭയുടെയും അതിരൂപതയുടെയും പൊതുനന്മയെ കരുതി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍(അതിരൂപത ആസ്ഥാനം)ഫാ. ജോസഫ് പാറേക്കാട്ടില്‍ നടത്തി വരുന്ന ഉപവാസ സമരം അവസാനിപ്പിക്കണമെന്ന മെത്രാന്മാരുടെ ആവശ്യം അംഗീകരിച്ചാണ് വൈദികര്‍ സമരം അവസാനിപ്പിച്ചിരിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്. തോമസില്‍ സഭ സ്ഥിരം സിനഡ് അംഗവും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് പെരുംതോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പോള്‍ ആലപ്പാട്ട്, കുരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയാപുരക്കല്‍ എന്നീ എട്ടു മെത്രാന്‍മാര്‍ ഉള്‍പ്പെട്ട സംഘവുമായിട്ടായിരുന്നു എറണാകുളം-അങ്കമാലി വൈദിക പ്രതിനിധികളായ ഒമ്പതു വൈദികര്‍ ചര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആരംഭിച്ച ചര്‍ച്ച രാത്രി 8.30 വരെ നീണ്ടിരുന്നു. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഉടനീളം വൈദികര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ മെത്രാന്‍ സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. വൈദികരുടെ ആവശ്യങ്ങള്‍ കേട്ട ശേഷമാണ് മെത്രാന്‍ സംഘം പൊതുധാരണകള്‍ മുന്നോട്ടു വച്ചത്. തുടര്‍ന്ന് ഉപവാസ സമരം അവസാനിപ്പിക്കണമെന്നു മെത്രാന്‍ സംഘം വൈദിക പ്രതിനിധികളോട് ആവശ്യപ്പെട്ടുവെങ്കിലും ഇക്കാര്യത്തില്‍ യോഗത്തില്‍ ഒരു തീരുമാനം പറയാന്‍ തങ്ങള്‍ക്കാകില്ലെന്നും അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരത്തില്‍ ഇരിക്കുന്നവരുമായി കൂടി ആലോചിച്ചതിനുശേഷം മാത്രമേ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാന്‍ കഴിയൂ എന്നുമാണ് വൈദികര്‍ മെത്രാന്‍ സംഘത്തെ അറിയിച്ചത്. ചര്‍ച്ച കഴിഞ്ഞ് എത്തിയ വൈദിക സംഘം അതിരൂപതയില്‍ എത്തിയിരുന്ന വൈദികരോടും അല്‍മായ പ്രതിനിധികളോടും മെത്രാന്മാരുമായുള്ള ചര്‍ച്ചയില്‍ എത്തിച്ചേര്‍ന്ന പൊതുധാരണകള്‍ പങ്കുവയ്ക്കുകയായിരുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം ഉപവാസ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ഉപവാസ സമരത്തിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ സഭ അധികാരികള്‍ക്കു മുന്നിലും പൊതുസമൂഹത്തിനു മുന്നിലും കൊണ്ടുവരാന്‍ കഴിഞ്ഞതിന് അതിരൂപതയിലെ വൈദികരും സന്ന്യസ്തരും അല്‍മായരും ഉള്‍പ്പെട്ട അഞ്ചു ലക്ഷം അംഗങ്ങളുടെ പേരില്‍ ആദ്യം നന്ദി പറയുന്നത് ഉപവാസ സമരം നടത്തിയ ഫാ. ജോസഫ് പാറക്കാട്ടിലിനാണെന്നായിരുന്നു വൈദിക പ്രതിനിധികള്‍ പറഞ്ഞത്. ഉപവാസ സമരത്തോട് വളരെ പെട്ടെന്ന് സ്ഥിരം സിനഡ് പ്രതികരിച്ചതിലും തങ്ങള്‍ക്ക് വളരെ സന്തോഷം ഉണ്ടെന്നും വൈദികര്‍ പറഞ്ഞു. ഉപവാസ സമരം മൂന്നാം ദിവസത്തില്‍ തന്നെ അവസാനിക്കാന്‍ കാരണം ഈ പ്രശ്‌നത്തില്‍ സിനഡിലെ മെത്രാന്മാര്‍ സത്വരമായി ഇടപെട്ടതുകൊണ്ടാണ്. അതിരൂപത ആസ്ഥാനത്ത് ഉപവാസ സമരം ആരംഭിച്ച രാത്രിയില്‍ തന്നെ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയുമായി ബന്ധപ്പെട്ടിരുന്നു. വൈദികര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. ഉപാധികളില്ലാത്ത ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. അത് അംഗീകരിക്കപ്പെട്ടു. തുടര്‍ന്നാണ് അതിരൂപതയിലെ 451 വൈദികരുടെ പ്രതിനിധികളായി ഒമ്പത് വൈദികര്‍ സഭ ആസ്ഥാനത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയില്‍ വിശ്വസികള്‍ക്കും വൈദികര്‍ക്കും പറയാനുള്ളതെല്ലാം പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സിനഡ് അംഗങ്ങളായ മെത്രാന്മാര്‍ ഉറപ്പ് നല്‍കി. ഇത്തരമൊരു ചര്‍ച്ചയില്‍ ഉറപ്പുകള്‍ നല്‍കാന്‍ മാത്രമെ കഴിയൂ. തീരുമാനം എടുക്കേണ്ടത് സിനഡ് ആണ്. നീതിപൂര്‍വകമായ തീരുമാനം സിനഡില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആയൊരു പ്രതീക്ഷയിലാണ് താത്കാലികമായി സമരത്തില്‍ നിന്നും മാറിയിരിക്കുന്നത്; വൈദിക പ്രതിനിധികളായ ഫാ. കുര്യാക്കോസ് മുണ്ടാടനും ഫാ. ജോസ് വയലിക്കോടത്തും പറയുന്നു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കുറ്റാരോപിതനായ ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട് മാര്‍പാപ്പയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അതിരൂപത മുന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ നടക്കുന്ന സിനഡിന് നല്‍കുമെന്ന് വത്തിക്കാന്‍ അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കണമെന്നും അതിന്റെയടിസ്ഥാനത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നുള്ള തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് വൈദികര്‍ അറിയിക്കുന്നത്. അതിരൂപതയുടെ ഭരണ ചുമതല തിരികെ നല്‍കിക്കൊണ്ട് വത്തിക്കാന്‍ നല്‍കിയിരിക്കുന്ന ഉത്തരവില്‍ ഭൂമിയിടപാടില്‍ അതിരൂപതയ്ക്ക് വന്നിരിക്കുന്ന നഷ്ടം നികത്തണമെന്ന് ആവിശ്യപ്പെട്ടിട്ടുണ്ട്. നഷ്ടം എന്നതുകൊണ്ട് സാമ്പത്തികം മാത്രമല്ല, ധാര്‍മികതയുടെ നഷ്ടവും നികത്തണമെന്നാണ് വത്തിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. അക്കാര്യവും ചര്‍ച്ച ചെയ്ത് സിനഡ് നടപടികള്‍ സ്വീകരിക്കാമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും വൈദികര്‍ അറിയിച്ചു. എറണാകളം-അങ്കമാലി അതിരൂപതയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ സ്വതന്ത്ര ഭരണ ചുമതലയുള്ള ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്ന തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവിശ്യത്തിന്‍മേലും സിനഡില്‍ ചര്‍ച്ചയുണ്ടാകുമെന്നും അനുകൂലമായ തീരുമാനം നടപ്പിലാക്കുമെന്നും വൈദികര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വ്യാജ രേഖ ചമച്ചുവെന്നു പറഞ്ഞ് നല്‍കിയിരിക്കുന്ന കേസിന്റെ പേരില്‍ പൊലീസ് വൈദികരെയും വിശ്വാസികളെയും വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ ഉടനടി സഭ നേതൃത്വം ഇടപെടണമെന്നതായിരുന്നു വൈദിക സമരത്തിലെ മറ്റൊരു പ്രധാന ആവശ്യം. വ്യാജരേഖയുടെ യഥാര്‍ത്ഥ ഉറവിടം ഏതാണെന്നു കണ്ടെത്താന്‍ സ്ഥിരം സിനഡിന് കഴിയുമെന്നും അതിനു തയ്യാറാകണമെന്നുമായിരുന്നു കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ വൈദിക പ്രതിനിധികള്‍ മെത്രാന്മാരെ അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഒരു വ്യക്ത കിട്ടാതിരുന്നതാണ് ഇന്നലെ രാത്രി അവസാനിച്ച ചര്‍ച്ചയുടെ പുറത്ത് ഉപവാസ സമരം അവസാനിപ്പിക്കാന്‍ ഇന്ന് ഉച്ചവരെ സമയം എടുത്തതെന്നും വൈദികര്‍ പറഞ്ഞു. ഇന്ന് രാവിലെയോടെ ഇക്കാര്യത്തിലും തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയെന്നും സമരം അവസാനിപ്പിച്ച കാര്യം അറിയിച്ചുകൊണ്ട് നടത്തിയ മാധ്യമ സമ്മേളനത്തില്‍ വൈദികര്‍ പറഞ്ഞു. വ്യാജരേഖ കേസില്‍ പൊലീസ് അമിതാധികാരം പ്രയോഗിക്കുകയാണെന്നാണ് വൈദികര്‍ കുറ്റപ്പെടുത്തുന്നത്. ഇപ്പോഴത്തെ അന്വേഷണം തൃപ്തികരമല്ലെന്നും വ്യാജ രേഖ കേസിലെ സത്യം കണ്ടെത്താന്‍ കേരള പൊലീസിന് കഴിയില്ലെന്നും അതിനാല്‍ മറ്റ് ഏജന്‍സികളെ കൊണ്ട് കേസ് അന്വേഷിക്കണമെന്നുമാണ് വൈദികര്‍ ആവശ്യപ്പെടുന്നത്. കേസില്‍ പ്രതിയാക്കപ്പെട്ട ആദിത്യ, വിഷ്ണു റോയി ന്നിവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഇക്കാര്യത്തില്‍ സഭ നേതൃത്വം അപലപിക്കണമെന്നും വൈദികര്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. വ്യാജരഖ കേസിന്റെ പേരില്‍ പൊലീസ് നടത്തുന്ന വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും വൈദികര്‍ സിനഡ് മെത്രാന്മാരോട് പറയുന്നു.

ഭൂമി വില്‍പ്പന വിവാദത്തെ തുടര്‍ന്ന് മാര്‍പാപ്പ ഇടപെട്ട് മാറ്റി നിര്‍ത്തിയിരുന്ന സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതലകളിലേക്ക് തിരിച്ചു വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ രൂക്ഷമാക്കിയത്. കര്‍ദിനാളിനെതിരേ അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും പ്രതിഷേധങ്ങളുമായി രംഗത്തു വന്നു. അതിരൂപത ഭൂമി വില്‍പ്പന മുതല്‍ കര്‍ദിനാളിനെതിരേ സ്വീകരിച്ചു വരുന്ന ശക്തമായ നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു ഈ പ്രതിഷേധവും. അതിന്റെ മറ്റൊരു രൂപമായിരുന്നു അതിരൂപത ആസ്ഥാനത്ത് നടത്തിയ ഉപവാസ സമരം. സമരത്തിന്റെ മുഖ്യമായ ആവശ്യം തന്നെ കര്‍ദിനാള്‍ ആലഞ്ചേരിയെ അതിരൂപത ഭരണ ചുമതലകളില്‍ നിന്നും നീക്കുക എന്നതായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അതിരൂപത അധ്യക്ഷന്‍ എന്ന നിലയില്‍ അതിരൂപതയിലെ സ്ഥാപനങ്ങളെയും വൈദികരെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ കഴിയാത്തതിനാലും 14 കേസുകളില്‍ പ്രതി ആയതിനാലും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണം ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തുക, കാരണം വ്യക്തമാക്കാതെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്‍മാരെ ചുമതലകള്‍ നല്‍കി ഉടന്‍ തിരിച്ചെടുക്കുക, കുറ്റാരോപിതനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി വത്തിക്കാനില്‍ നിന്നുള്ള അപ്പസ്‌തോലിക നിരീക്ഷകന്റെ സാന്നിധ്യത്തില്‍ അതിരൂപത വിഷയങ്ങളില്‍ സിനഡ് യോഗം ചേരുക, സ്വതന്ത്ര ചുമതലയുള്ള, അതിരൂപതയിലെ വൈദികരെ അറിയാവുന്നതും, വൈദികര്‍ക്ക് പൊതുസമ്മതനും, അതിരൂപത അംഗവുമായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയക്ക് വേണ്ടി നിയമിക്കുക എന്നിവയായിരുന്നു വൈദികര്‍ മുന്നോട്ടുവച്ചിരുന്ന അഞ്ച് ആവശ്യങ്ങള്‍.

ഉപവാസ സമരത്തിനു മുന്നോടിയായി വൈദികര്‍ കര്‍ദിനാള്‍ ആലഞ്ചേരിയുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരത്തിന് വൈദികര്‍ ഒരുങ്ങിയത്. ഇരുന്നൂറോളം വൈദികര്‍ അതിരൂപതയില്‍ എത്തി തങ്ങള്‍ക്ക് പറയാനുള്ള ആവശ്യങ്ങളുമായി കര്‍ദിനാളിനെ കണ്ടതാണെന്നും എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി കേള്‍ക്കാനോ പരിഹാരം കാണാനോ കര്‍ദിനാള്‍ തയ്യാറായില്ലെന്നുമായിരുന്നു സമരം തുടങ്ങാനുള്ള കാരണമായി വൈദിക സമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞിരുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും വ്യക്തമായ ഉത്തരങ്ങളോ പരിഹാരങ്ങളോ ചെയ്യുവാന്‍ അതിരൂപതാധ്യക്ഷന് ഒറ്റക്ക് കഴിയില്ല എന്നു മനസിലായതോടെയാണ്, അതിരൂപതയുടെ ഇപ്പോഴത്തെ മേല്‍നോട്ട ചുമതല കൂടി നോക്കുന്ന സീറോ മലബാര്‍ സഭ സ്ഥിരം സിനഡിനോട് തങ്ങളുടെ ആവശ്യങ്ങളില്‍ പരിഹാരം ഉണ്ടാക്കാന്‍ വൈദികര്‍ ആവശ്യപ്പെടുന്നത്. അത്തരത്തിലൊരു പരിഹാരം ഉണ്ടാകുന്നതുവരെ അതിരൂപത ആസ്ഥാനത്ത് അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്നും വൈദികര്‍ പ്രഖ്യാപിച്ചിരുന്നു. വൈദിക സമരത്തിനു പിന്തുണയുമായി വിശ്വാസികളും ഒത്തുകൂടിയതോടെയാണ് സിനഡ് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. സമരം നീണ്ടുപോയാല്‍ ഇടവകകളിലെ പ്രവര്‍ത്തനങ്ങള്‍ വരെ താറുമാറാകുമെന്ന സാഹചര്യമാണ് മുന്നില്‍ വന്നത്. തങ്ങള്‍ പറയുന്നത് കേള്‍ക്കാനോ മറുപടി പറയാനോ തയ്യാറാകാത്ത കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ ഒരുതരത്തിലിമുള്ള വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാല്ലെന്നതിന്റെ സൂചന കൂടിയായിരുന്നു അതിരൂപത ആസ്ഥാനത്തെ വൈദിക സമരം.

കര്‍ദ്ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതലയോടെ തിരിച്ചുവന്നതോടെ ആരംഭിച്ച വൈദിക പ്രതിഷേധമാണ് ഇപ്പോള്‍ സിറോ മലബാര്‍ സഭയെ തന്നെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ ഗുരുതരമാകുന്നത്. അതിരൂപതയിലെ രണ്ടു സഹായമെത്രാന്‍മാരെ പുറത്താക്കിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയായിട്ടാണ് വൈദികര്‍ കരുതുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 200-ഓളം വൈദികര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. സഭയില്‍ മുമ്പെങ്ങും ഇല്ലാത്ത ഒരു സാഹചര്യമാണ് ഇതു സൃഷ്ടിച്ചത്. അതിരൂപതയ്ക്ക് കീഴിലെ 280 ഇടവകകളില്‍ കര്‍ദ്ദിനാളിനെതിരായ പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാനും വൈദികര്‍ തീരുമാനിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും വൈദികര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതിന്റെ ഭാഗം തന്നെയായിരുന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളും ബഹിഷ്‌കരിച്ചത്. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുര്‍ബാനയ്ക്കിടയില്‍ വായിക്കണം എന്ന നിര്‍ദേശത്തോടെയായിരുന്നു സര്‍ക്കുലര്‍ നല്‍കിയിരുന്നത്. എന്നാല്‍ അതിരൂപതയിലെ 345 പള്ളികളില്‍ ഏകദേശം 28 പള്ളികളില്‍ മാത്രമാണ് സര്‍ക്കുലര്‍ വായിച്ചത്. അതില്‍ തന്നെ 15 ഓളം പള്ളികളില്‍ സര്‍ക്കുലറിലെ കാര്യങ്ങള്‍ ചുരുക്കി പറയുക മാത്രമാണ് ചെയ്തതും. പള്ളികളില്‍ വായിക്കുന്നതിനു മുന്നേ തന്നെ കര്‍ദിനാളിന്റെ സര്‍ക്കുലര്‍ സീറോ മലബാര്‍ സഭ പരസ്യപ്പെടുത്തിയിരുന്നു. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് കര്‍ദിനാള്‍ നടത്തുന്ന വിശദീകരണമെന്ന നിലയിലായിരുന്നു സര്‍ക്കുലര്‍ തയ്യാറാക്കിയിരുന്നത്. ഈ സര്‍ക്കുലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ഇത് ബഹിഷ്‌കരിക്കുമെന്ന് ആലഞ്ചേരിയെ എതിര്‍ക്കുന്ന വൈദിക സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. തങ്ങള്‍ ഒരുതരത്തിലും കര്‍ദിനാളുമായി യോജിച്ച് പോകാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിക്കുന്ന തരത്തില്‍ അവര്‍ സര്‍ക്കുലര്‍ ബഹിഷ്‌കരിക്കുകയുമാണ് ചെയ്തത്.

അതിരൂപതയില്‍ വൈദികരുടെയും ചില വിശ്വാസി സംഘടനകളുടെയും നേതതൃത്വത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അത്തരക്കാരോട് യോജിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നതായിരുന്നു കര്‍ദിനാളിന്റെ സര്‍ക്കുലര്‍. അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടത്തില്‍ തനിക്കെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അതിരൂപതയുടെ ഭരണാധികാരം തനിക്ക് തിരികെ കിട്ടിയതിലും സഹായമെത്രാന്മാരായിരുന്ന സെബാസറ്റിയന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും പുറത്താക്കിയതിലും തനിക്ക് പങ്കില്ലെന്നും സര്‍ക്കൂലറിലൂടെ കര്‍ദിനാള്‍ വാദിക്കുന്നുണ്ടായിരുന്നു. ഇത്തരമൊരു സര്‍ക്കുലറിലൂടെ വിശ്വാസികളുടെ പിന്തുണ നേടിയെടുക്കാനായിരുന്നു കര്‍ദിനാള്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ കര്‍ദിനാള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് എതിര്‍വിഭാഗം അവകാശപ്പെടുന്നത്. ഇപ്പോഴത്തെ ഉപവാസ സമരത്തോടെ കര്‍ദിനാള്‍ ആലഞ്ചേരിയെ യാതൊരു കാരണവശാലും തങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാട് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍. വിശ്വാസികളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്നതും കര്‍ദിനാള്‍ പക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

Read More: അഞ്ചു മാസമായി ഇന്തോനേഷ്യന്‍ നേവിയുടെ തടങ്കലില്‍; ഭക്ഷണവും വെള്ളവും തീര്‍ന്ന് നാലു മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ ജീവന്‍ അപകടത്തില്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍