UPDATES

അതിരൂപതയില്‍ വിശ്വാസിക്ക് കിട്ടാത്ത സ്വീകരണം സ്ഥലക്കച്ചവടക്കാരന് നല്‍കിയവര്‍; പുറത്തുവരുന്നത് വന്‍ തട്ടിപ്പിന്റെ തെളിവുകള്‍

സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ ഭൂമി മാഫിയയുടെ ആളാണെന്നത് ഒന്നോ രണ്ടോ പേരുടെ ആരോപണമല്ല

സീറോ മലബാര്‍ സഭയ്ക്ക് മൊത്തത്തില്‍ നാണക്കേടായി മാറിയ ഭൂമിക്കച്ചവടം കഴിഞ്ഞ ദിവസത്തെ ആദായി നികുതി വകുപ്പ് നടപടിയിലൂടെ കൂടുതല്‍ ഗൗരവമായിരിക്കുന്നു. ഇടനിലക്കാരന്‍ വഴി വിറ്റ ഭൂമിയില്‍ തൃക്കാക്കരയിലേത് കണ്ടുകെട്ടുകയും ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേലിന്റെ ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ ആക്ഷേപം, ഭൂമിക്കച്ചവട വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ പുറത്തു വന്നിരുന്നതുമാണ്. അതിരൂപത ആസ്ഥാനത്തെ പ്രമുഖരുമായും ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിയുമായും അടുത്ത ബന്ധമുള്ള സാജു വര്‍ഗീസ് ഈ കച്ചവടത്തില്‍ നിന്നും ഉണ്ടാക്കിയത് വന്‍ലാഭമാണെന്ന ആക്ഷേപവും ആദായ നികുതി വകുപ്പ് നടപടിയിലൂടെ ശരിയായിരിക്കുകയാണ്. സാജു വര്‍ഗീസിന്റെ വാഴക്കാലയിലുള്ള ആഡംബര വീടും ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. 4298 ചതുരശ്ര അടി വരുന്ന ഈ വീടിനും ഭൂമിക്കും 4.16 കോടി രൂപയാണ് ആദായനികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്. സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് സാജുവിന് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിട്ടുണ്ട്. 3.94 കോടിരൂപയ്ക്ക് രൂപത വില്‍പന നടത്തിയ ഭൂമി ആറുമാസത്തിന് ശേഷം 39 കോടി രൂപയ്ക്ക് മറിച്ച് വിറ്റതായാണ് ആദായ വകുപ്പിന്റെ കണ്ടത്തല്‍. സാജു വര്‍ഗീസ് വഴി വി.കെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരില്‍ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. ഇടപാടില്‍ സാജു വര്‍ഗീസും വി.കെ ഗ്രൂപ്പും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതിലുടെ ഭൂമിയിടപാടില്‍ ഇടനിലക്കാരന്‍ പത്തുകോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

അതിരൂപത ഭൂമിയിടപാടുകൊണ്ട് സാജു വര്‍ഗീസ് കോടികള്‍ സ്വന്തമാക്കിയെന്നത് വളരെ മുന്‍പ് തന്നെ ഉയര്‍ന്ന ആക്ഷേപമാണ്. അഴിമുഖം തന്നെ നിരവധി റിപ്പോര്‍ട്ടുകളിലൂടെ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിപ്പോള്‍ ഔദ്യോഗികമായി ശരിവച്ചിരിക്കുകയാണ് എന്നു മാത്രം. അതിരൂപതയുടെ ഭൂമി വിറ്റതിന്റെ പണം മുഴുവന്‍ നല്‍കാന്‍ പണമില്ലെന്നു പറഞ്ഞ സാജു ഇടുക്കിയില്‍ കോടികള്‍ വിലവരുന്ന ഭൂമി വാങ്ങിച്ചു കൂട്ടുകയും ചെയ്തിരുന്നു. 18 കോടിയോളം രൂപയാണ് സാജു സഭയ്ക്ക് വസ്തു കച്ചവടത്തിന്റെ ഭാഗമായി കൊടുക്കേണ്ടിയിരുന്നത്. നോട്ട് നിരോധനമായിരുന്നു പണം നല്‍കാന്‍ കഴിയാതെ പോയതിന്റെ കാരണമായി സാജു പറഞ്ഞത്. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് അയാള്‍ ഭൂമി വാങ്ങിച്ചു കൂട്ടിയതും. മാത്രമല്ല, സഭയ്ക്ക് നല്‍കേണ്ട പണത്തിനുപകരമായി കോതമംഗലത്തും ദേവികുളത്തും ഭൂമി അതിരൂപതയ്ക്കു മേല്‍ കെട്ടിവച്ചു കൊടുക്കുകയും ചെയ്തായും സാജുവിനെതിരേ ആക്ഷേപമുണ്ട്. ഈ രണ്ടു സ്ഥലങ്ങളും വാങ്ങാനായി അതിരൂപത ബാങ്ക് ലോണ്‍ എടുത്തിട്ടുമുണ്ട്. ഇതെല്ലാം കാണിക്കുന്നത് സാജുവും സഭയിലെ ചില ഉന്നതരും ഒത്തുകളിച്ചുവെന്നു തന്നെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഭൂമി കണ്ടുകെട്ടല്‍ താത്ക്കാലിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നതെങ്കിലും അതിരൂപത ഭൂമിക്കച്ചവടത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയില്‍ വാസ്തവമുണ്ടെന്ന് ഈ നടപടിയിലൂടെ കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. സാജു വര്‍ഗീസ് കച്ചവടത്തിലൂടെ വന്‍ലാഭം ഉണ്ടാക്കിയെന്ന ആക്ഷേപവും ശരിയായിരിക്കുകയാണ്. അതിരൂപത ആസ്ഥാനത്തേക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി സ്വാഗതം ചെയ്യപ്പെട്ടിരുന്ന സാജു വര്‍ഗീസിന് ഭൂമിക്കച്ചവടത്തില്‍ ഇടനിലക്കാരന്റെ വേഷം തരപ്പെടുന്നത് അതിരൂപതയിലെ വമ്പന്മാരുടെ സഹായം കൊണ്ടാണെന്നും സാക്ഷാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയയുമായും സാജുവിന് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഉള്ള വെളിപ്പെടുത്തലുകള്‍, ഇപ്പോള്‍ സാജുവിന് നേരെ ഉണ്ടായിരിക്കുന്ന നടപടികളുടെ തുടര്‍ച്ച സഭ ഉന്നതന്മാരിലേക്കും എത്തുമെന്നതാണ് കാണിക്കുന്നത്. ചെറിയ കോണ്‍ട്രാക്റ്റ് വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്ന സാജു വളരെ പെട്ടെന്നെന്ന പോലെ കോടീശ്വരനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലെ പ്രമുഖനുമായി മാറിയതില്‍ പലതരം സംശയങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹത്തെ തന്നെ അതിരൂപത സ്ഥലക്കച്ചവട ഇടപാടിനു തെരഞ്ഞെടുത്തതിനു പിന്നില്‍ പല ലക്ഷ്യങ്ങളും ഉണ്ടെന്നു തങ്ങള്‍ ചൂണ്ടിക്കാണിച്ചത് സത്യമായി മാറിയെന്നാണ് സേവ് ആര്‍ച്ച് ഡയോസിസ് കാമ്പയിന്‍ പ്രതിനിധികളും പറയുന്നത്. ഭാരതമാതാ കോളേജിന് എതിര്‍വശത്ത് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡരികില്‍ 60.26 സെന്റ് സ്ഥലം സാജു വര്‍ഗീസ് വാങ്ങിയത് 3,99,70,000 രൂപയ്ക്കാണ്. ഇവിടെ സെന്റിന് വിലയിട്ടത് 6,63,292 ലക്ഷത്തിന്. ഇവിടുത്തെ യഥാര്‍ത്ഥ വില സെന്റിന് 25 ലക്ഷത്തിനടുത്ത് വരുമായിരുന്നു. അങ്ങനെയാകുമ്പോള്‍ ആ കച്ചവടത്തില്‍ അതിരൂപതയ്ക്ക് നഷ്ടം 11 കോടിക്കു മുകളിലാണ്. സാജു വര്‍ഗീസ് ചുളുവിലയ്ക്ക് സ്വന്തമാക്കിയ ഈ സ്ഥലം, വാങ്ങാനുണ്ടെന്ന ആവശ്യവുമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞ വില സെന്റിന് 32 ലക്ഷമായിരുന്നുവെന്നും ഭൂമിക്കച്ചവട വിവാദത്തില്‍ പരാതിക്കാരായി നില്‍ക്കുന്നവര്‍ പറയുന്നു. അപ്പോള്‍ തന്നെ അയാളുടെ കള്ളത്തരങ്ങള്‍ തങ്ങള്‍ക്ക് മനസിലായതാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇതേ സാജു വര്‍ഗീസിനെക്കുറിച്ച് അതിരൂപതയിലെ ഉന്നതന്മാര്‍ക്ക് ഒരു സംശയവുമില്ലായിരുന്നു. വിവാദത്തില്‍പ്പെട്ട പ്രോ വികാര്‍ ജനറലായ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ ( ഇപ്പോള്‍ അദ്ദേഹം ചുമതലയിലില്ല) സാജുവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; “സാജു വര്‍ഗീസ് എന്നയാളെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്തിയതിനു പിന്നില്‍ ക്രമക്കേട് ഉണ്ടെന്നു പറയുന്നതില്‍ വാസ്തവമില്ല. സാജു വര്‍ഗീസിനെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ വച്ച് അയാള്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നൊരാളായിരുന്നു; സഭാ വിശ്വാസിയും. ഒരിടത്തു നിന്നും സംശയകരമായ യാതൊരു സൂചനകളും സാജുവിനെ കുറിച്ച് ഉണ്ടായിരുന്നില്ല. ഏതെങ്കിലും വൈദികരുടെ വ്യക്തിപരമായ താത്പര്യമല്ല സാജു വര്‍ഗ്ഗീസിനെ ഭൂമി വില്‍പ്പന ഏല്‍പ്പിക്കാന്‍ കാരണം. അയാളെക്കുറിച്ച് പലരില്‍ നിന്നായി നല്ല വിവരങ്ങള്‍ കിട്ടിയ ശേഷമാണ് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായ ഫാദര്‍ ജോഷി പുതുവ ഡീല്‍ സാജുവിനെ ഏല്‍പ്പിച്ചത്” എന്നാണ്.

ഫാ. ജോഷി പുതുവയുടെ പ്രത്യേക താത്പര്യമാണ് സാജു വര്‍ഗീസിനെ ഇതിലേക്ക് കൊണ്ടുവന്നതിനു പിന്നില്‍ എന്നായിരുന്നു പരാതി ഉയര്‍ത്തിയ വൈദികരും വിശ്വാസികളും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാല്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടനെപോലുള്ളവര്‍ ഇത് വെറും ആക്ഷേപങ്ങളായി തള്ളിക്കളഞ്ഞെങ്കിലും ജോഷി പുതുവയ്ക്കും വടക്കുമ്പാടനും എതിരെ നടപടിയുണ്ടാകുന്നത് ഇതിന്റെ പേരില്‍ തന്നെയായിരുന്നു. സാജുവുമായി ചേര്‍ന്ന് സ്ഥലക്കച്ചവടത്തിനു നീക്കുപോക്കുകള്‍ നടത്തിയ അതിരൂപതിയിലെ പ്രധാനികള്‍ ഇവരാണെന്നായിരുന്നു ആക്ഷേപം. ഭൂമിവില്‍പ്പന നടക്കുമ്പോള്‍ ബിഷപ്പ് ആസ്ഥാനത്ത് സാമ്പത്തികവിഭാഗം ചുമതല വഹിച്ചിരുന്ന ഫാദര്‍ ജോഷി പുതുവയെ കൊച്ചിയിലെ ഒരു പള്ളിയിലേക്ക് മാറ്റിയതും സെബാസ്റ്റ്യന്‍ വടക്കുമ്പാടനോട് വിശ്രമജീവിതം നയിക്കാന്‍ നിര്‍ദേശം നല്‍കിയതും ഈ ആക്ഷേപം ആലഞ്ചേരിക്ക് തന്നെ ശരിയാണെന്നു സമ്മതിക്കേണ്ടി വന്നതുകൊണ്ടാണ്.

കടം വീട്ടാനായി അതിരൂപതയുടെ കീഴിലുള്ള അഞ്ചു സ്ഥലങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത് വിവിധ കാനോനിക സമിതികളില്‍ ആലോചിച്ചശേഷമാണ്. ആകെ വില്‍ക്കാന്‍ തീരുമാനിച്ച വസ്തു 306.98 സെന്റ് ഭൂമി. സെന്റിന് മൂന്നു ലക്ഷം മുതല്‍ 19 ലക്ഷം വരെയുള്ള വിവിധ വിലകളാണ് നിശ്ചയിച്ചിരുന്നത്. ആകെ വിറ്റ വസ്തുവും തത്തുല്യമായ വിലയും താരതമ്യപ്പെടുത്തുമ്പോള്‍ സെന്റ് ഒന്നിന് ഏറ്റവും കുറഞ്ഞ വില 9.05 ലക്ഷമായി നിജപ്പെടുത്തിയിരുന്നു. ഈ സ്ഥലങ്ങള്‍ വില്‍ക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ സാജു വര്‍ഗീസിനു മുന്നില്‍ അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ, കക്ഷികള്‍ക്കോ സ്ഥലങ്ങള്‍ മുറിച്ചു നല്‍കാന്‍ പാടില്ല എന്ന് കരാര്‍ വച്ചിരുന്നതായാണ് പറയുന്നത്. എന്നാല്‍ ഈ കരാര്‍ ലംഘിച്ച് 36 ആധാരങ്ങളിലായി സ്ഥലങ്ങള്‍ സാജു വിറ്റെന്നാണ് പറയുന്നത്. അതും അതിരൂപതയോ കാനോനിക സമിതകളോ അറിയാതെയും. അതിരൂപതയുമായി ബന്ധപ്പെട്ട ഒരാള്‍ പോലും അതേക്കുറിച്ച് അറിഞ്ഞില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്നും കാരണം. ഭൂമി വില്‍പ്പന അതിരൂപത കാനോനിക സമിതികളില്‍ ആലോചനയ്ക്കു വരുന്നതിനു മുമ്പു തന്നെ വില്‍ക്കാനുള്ള ചില സ്ഥലങ്ങള്‍ക്ക് അഡ്വാന്‍സ് വാങ്ങിയിരുന്നുവെന്നത് വാസ്തവമായിരുന്നുവെന്നു വൈദികര്‍ തന്നെ അതിരൂപത അധ്യക്ഷനും സഹായികള്‍ക്കും എതിരേ ആക്ഷേപം ഉയര്‍ത്തിയിരുന്നു. അതായത്, സാജുവിന്റെ ഡീലിംഗുകള്‍ ബിഷപ്പ് ഹൗസിലെ ചിലര്‍ അറിഞ്ഞുകൊണ്ട് തന്നെ നടന്നതാണെന്നാണ് വൈദകര്‍ ചൂണ്ടിക്കാണിച്ചത്.

സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ ഭൂമി മാഫിയയുടെ ആളാണെന്നത് ഒന്നോ രണ്ടോ പേരുടെ ആരോപണമല്ല. എറണാകുളത്തുള്ള ഭൂമിയിടപാടുകാരില്‍ ആരോടു ചോദിച്ചാലും അതു മനസിലാകുന്നതാണ്. എന്നിട്ടും സാജു വര്‍ഗീസിനെ തന്നെ അതിരൂപതയുടെ ഭൂമി കച്ചവടത്തിന് ചുമതലയേല്‍പ്പിച്ചത് എന്തിനായിരുന്നു എന്ന് ആര്‍ച്ച് ബിഷപ്പ് മറുപടി പറയേണ്ടതാണെന്ന് ബിഷപ്പ് ഹൗസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വൈദികര്‍ തന്നെ വെളിപ്പെടുത്തിയിരുന്നതാണ്. ഭൂമി ഇടപാടില്‍ ആലഞ്ചേരി പിതാവിനെ കുരുക്കില്‍ ചാടിച്ചത് പാലാക്കാരനായ ഈ വസ്തു ബ്രോക്കര്‍ ആണെന്നാണ് വൈദികര്‍ക്കും അല്‍മായര്‍ക്കും ഇടയില്‍ പരക്കുന്ന പ്രചാരണം. ഒരു വിശ്വാസിക്ക് കിട്ടാത്ത സ്വീകരണമാണ് ഒരു സ്ഥലക്കച്ചവടക്കാരന് കിട്ടിയിരുന്നത്. ഒരു വര്‍ഷത്തിനു മുകളിലായി തന്റെ വിലകൂടിയ കാറുകളില്‍ ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് സ്ഥിര സന്ദര്‍ശകനായി വന്നിറങ്ങിയിരുന്ന സാജു വര്‍ഗീസിനെ എല്ലാവര്‍ക്കും അറിയാം. സാജു വര്‍ഗീസിന് ആലഞ്ചേരി പിതാവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കത്തോലിക്കാ കോണ്‍ഗ്രസിന്റെ മൈക്രോഫിനാന്‍സ് സ്ഥാപനത്തിന്റെ ചുമതലക്കാരനയി എത്തി കര്‍ദ്ദിനാളിന്റെ വിശ്വസ്തനായി മാറുകയായിരുന്നുവത്രെ സാജു. ആലഞ്ചേരി പിതാവ് ഇയാളെ കണ്ണടച്ച് വിശ്വസിച്ച് ഭൂമി ഇടപാടിന്റെ ഇടനിലക്കാരനാക്കിയപ്പോള്‍ അതിരൂപത 90 കോടിയുടെ കടക്കെണിയിലായി എന്നാണ് ആക്ഷേപം. ഈ ഇടപാടിലേക്ക് സാജു വര്‍ഗീസ് വരുന്നതു ആലഞ്ചേരി വഴിയാണ്. ഫിനാന്‍സ് ഓഫിസറായിരുന്ന ഫാദര്‍ ജോഷി പുതുവയല്ല സാജു വര്‍ഗീസിനെ കൊണ്ടുവരുന്നതെന്നും വെളിപ്പെടുത്തലുകള്‍ നടത്തുന്ന വൈദികരും അല്‍മായ പ്രതിനിധികളുമുണ്ട്.

ഇത് ശരിവയ്ക്കുന്ന ചില തെളിവുകളുമുണ്ട്. 2017 ഓഗസ്റ്റ് മാസത്തില്‍ ചേര്‍ന്ന വൈദികയോഗത്തില്‍ കോതമംഗലത്ത് കോട്ടപ്പടിയിലുള്ള 25 ഏക്കര്‍ ഭൂമി അതിരൂപത വാങ്ങിയോ എന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഒരു വാട്ട്‌സ് ആപ്പ് ചിത്രമായിരുന്നു ആ ചോദ്യത്തിന് പിന്നില്‍. പ്രസ്തുത സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ‘അതിരൂപത വക ഭൂമി’ എന്ന ബോര്‍ഡിന്റെ ചിത്രം ആരോ എടുത്ത് വാട്‌സ് ആപ്പില്‍ അയച്ചത് ചില വൈദികരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഭൂമി വാങ്ങിയോ എന്ന ചോദ്യത്തിന് ആലഞ്ചേരിയുടെ ആദ്യത്തെ ഉത്തരം ‘ഇല്ല’ എന്നായിരുന്നു. തെളിവു സഹിതം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറുപടി പറയേണ്ടി വന്നു; “സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരന്‍ വലിയൊരു ഭൂമിക്കച്ചവടം നടന്നതിന്റെ ലാഭം കിട്ടിയപ്പോള്‍ അതിരൂപതയ്ക്ക് 25 ഏക്കര്‍ ദാനം നല്‍കിയതാണ്”, ഇതായിരുന്നു ആലഞ്ചേരിയുടെ മറുപടി. ഈ മറുപടിയില്‍ സംശയം തോന്നിയവര്‍ കൂടുതലായി അന്വേഷണം നടത്തിയപ്പോഴാണ് ആലഞ്ചേരിയും സാജു വര്‍ഗീസും തമ്മിലുള്ള ബന്ധം വെളിവാക്കപ്പെടുന്നത്.

കോട്ടപ്പടിയിലെ ഭൂമി ജോസ് കുര്യന്‍ എന്നയാളുടെ പേരിലുള്ള ഇലഞ്ഞി എസ്‌റ്റേറ്റിലെ 25 ഏക്കര്‍ ഭൂമിയായിരുന്നു. ഈ ഭൂമി സാജു വര്‍ഗീസ് അതിരൂപതയ്ക്ക് ഇഷ്ടദാനം നല്‍കുകയായിരുന്നില്ല. ഭൂമി ആലഞ്ചേരി പിതാവിന്‌റെ പേരില്‍ തീറാധാരം നടത്തുകയാണ് ചെയ്തത്. ആറു കോടി രൂപ ബാങ്ക് ലോണ്‍ എടുത്തും ഈ കച്ചവടത്തിനായി അതിരൂപത മുടക്കിയിട്ടുമുണ്ട്. ആധാരത്തിന്റെ പകര്‍പ്പ് വച്ചാണ് ആലഞ്ചേരി പിതാവിനും സാജു വര്‍ഗീസിനും ഇടയില്‍ നടന്ന കളികള്‍ പരാതിക്കാരായ വൈദികര്‍ പുറത്തു കൊണ്ടുവന്നത്. അതിരൂപതയുടെ കീഴില്‍ ഉണ്ടായിരുന്ന കാക്കനാട്ടെ സ്ഥലം വില്‍ക്കാന്‍ ഏല്‍പ്പിച്ച സാജുവില്‍ നിന്നും സ്ഥലം വിറ്റ തുകയില്‍ ബാക്കിയായി കിട്ടാനുള്ള 18 കോടി കിട്ടാതെ വന്നപ്പോള്‍ അതിനുള്ള ഈടായാണ് കോട്ടപ്പടിയിലെ ഭൂമി അതിരൂപതയുടെ തലയില്‍ വച്ചത്. ഇഷ്ടാദനം കിട്ടിയെന്നു പറഞ്ഞ ഭൂമിക്കായി 24 കോടി മുടക്കി. 18 കോടി സാജുവിന്റെ തരാനുള്ള തുകയും ബാക്കി ആറു ലക്ഷം അതിരൂപത ബാങ്ക് ലോണ്‍ എടുത്തതും! ഇത്രയും തുക മുടക്കി വാങ്ങിയ ഭൂമിയാകട്ടെ കഴിഞ്ഞ 22 വര്‍ഷങ്ങളായി വില്‍ക്കാനിട്ടിട്ടും വിറ്റുപോവാതിരുന്ന വനമേഖലയില്‍പ്പെട്ട സ്ഥലവും! സെന്റിന് മുപ്പതിനായിരം പോലും വിലയില്ലാത്ത ഈ ഭൂമി അതിരൂപത വാങ്ങിയതായി പറയുന്നത് 96,000 രൂപ സെന്റിന് നല്‍കിയും. കാക്കനാട്ടെയും തൃക്കാക്കരയിലേയും ഭൂമി വിറ്റതില്‍ നിന്നും കിട്ടാനുള്ള തുകയുടെ കാര്യത്തില്‍ ഉണ്ടായ കബളിപ്പിക്കലും അരക്ഷിതാവസ്ഥയുമാണ് ഈ സ്ഥലം ഈടായി എഴുതി വാങ്ങാന്‍ അതിരൂപത നിര്‍ബന്ധിതമായത്. അതായത് വസ്തു കച്ചവടക്കാരന്‍ അതിസമര്‍ത്ഥമായി അതിരൂപതയെ കളിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഈ കളിപ്പിക്കലിന് അയാള്‍ക്ക് സഹായം ചെയ്തവര്‍ അതിരൂപതയ്ക്കുള്ളില്‍ തന്നെയുള്ളവരും, യഥാര്‍ത്ഥത്തില്‍ ഇവിടെ കളിപ്പിക്കപ്പെട്ടത് സഭയും സഭാവിശ്വാസികളുമാണ്. ഇതില്‍ നേട്ടം കൊയ്തവര്‍ ചതിച്ചതും അവരെയാണ്; അതിരൂപത സംരക്ഷണ കാമ്പയിന്‍ പ്രതിനിധികള്‍ ആക്ഷേപം ഉന്നയിക്കുന്നു.

കാക്കനാട്, തൃക്കാക്കര ഭാഗങ്ങളിലെ അതിരൂപതയുടെ ഭൂമി വിറ്റതില്‍ ഇടനിലക്കാരനായി നിന്ന സാജു വര്‍ഗീസ് ഭൂമി വിറ്റ വകയില്‍ തിരിച്ചു നല്‍കേണ്ട തുകയില്‍ 18 കോടിക്കുള്ള ഈടാണ് കോട്ടപ്പടിയിലെ ഭൂമിയെന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പിന്തുണക്കാരനും ഭൂമിക്കച്ചവടത്തില്‍ പിതാവിനെ സഹായിച്ചുവെന്നും പറയുന്ന മുന്‍ പ്രോ വികാര്‍ ജനറലും AICO ഡയറക്ടറുമായിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ അഴിമുഖത്തോട് പറഞ്ഞിരുന്നത്. പ്രസ്തുത ഭൂമിക്ക് നല്ല വില ഉണ്ടെന്നും ഇത് വനമേഖലയയില്‍ പെടുന്നതോ ക്രഷര്‍ യൂണിറ്റുകളുടെ സാമിപ്യമോ ഇല്ലെന്നുമായിരുന്നു ഫാദര്‍ വടക്കുമ്പാടന്റെ വാദം. ഈ കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഇതേ സ്ഥലത്ത് തന്നെ 18 കോടി കുടിശ്ശികയ്ക്കുള്ള ഈടിന് അനുസൃതമായ ഭൂമി നല്‍കാതെ കോട്ടപ്പടിയില്‍ 25 ഏക്കറും ദേവികുളത്ത് 17 ഏക്കര്‍ ഭൂമിയും എന്നിങ്ങനെ രണ്ടിടങ്ങളായി ഭൂമി നല്‍കിയതെന്തെന്ന ചോദ്യത്തിന് സെബാസ്റ്റ്യന്‍ വടക്കുമ്പാടന് ഉത്തരമില്ലായിരുന്നു. ദേവികുളത്തെ ഭൂമി തന്നെ അതീവ പരിസ്ഥിതി ലോല പ്രദേശത്തില്‍ പെടുന്നതല്ലേയെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ റിസോര്‍ട്ട് പണിയാന്‍ കൊള്ളുമെന്നായിരുന്നു സെബാസ്റ്റ്യന്‍ വടക്കുമ്പാടന്റെ മറുപടി. അതായത്, സ്ഥലം വിറ്റ വകയില്‍ തരേണ്ട പണത്തിന്റെ സിംഹഭാഗവും സാജു വര്‍ഗീസില്‍ നിന്നു കിട്ടാതെ വരികയും ഒടുവില്‍ കിട്ടാനുള്ള തുകയ്ക്ക് ഈടായി കോട്ടപ്പുറത്ത് ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ദേവികുളത്ത് അതീവ പരിസ്ഥിതി ലോല പ്രദേശത്തും ഭൂമികള്‍ നല്‍കി സാജു വര്‍ഗീസ് കളിച്ച കളിയില്‍ ആലഞ്ചേരിയും അദ്ദേഹത്തിന്റെ അടുപ്പക്കാരും സഹ കളിക്കാരായി നിന്നു എന്നാണ് പരാതിക്കാരായ വൈദികര്‍ പറയുന്നത്. ഇവരെല്ലാം കൂടി ചേര്‍ന്നു ചതിച്ചത് സിറോ മലബാര്‍ സഭയേയും മൊത്തം വിശ്വാസികളെയുമാണ്. ആ ചതിക്ക് സാജുവിന് തിരിച്ചടി കിട്ടിത്തുടങ്ങി. അടുത്തത് അയാളെ പോലൊരാള്‍ക്ക് കൂട്ടിനിന്നവര്‍ക്കാണ്. അതേത് ഉന്നതനായാലും അവര്‍ ശിക്ഷക്കപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഈ കച്ചവടത്തിലെ കള്ളത്തരങ്ങള്‍ പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവരായി പറയുന്ന വിശ്വാസികളും വൈദികരും പറയുന്നു.

3.94 കോടിക്ക് വിറ്റ ഭൂമി മറിച്ചുവിറ്റത് 39 കോടിക്ക്; സീറോ മലബാര്‍ സഭയുടെ കാക്കനാട്ടെ ഭൂമി കണ്ടുകെട്ടി

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

59 കോടിയുടെ കടം 90 കോടിയിലെത്തിച്ച ‘മിടുക്ക്’! മാര്‍ ആലഞ്ചേരി അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി ആക്ഷേപം

ദാനം കിട്ടിയ ഭൂമിയും വിറ്റോ പിതാവേ! തൃക്കാക്കര കരുണാലയത്തിന്റെ ഭൂമി വില്‍പ്പനയില്‍ വന്‍ തിരിമറിയെന്ന് ആക്ഷേപം

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

സിറോ മലബാര്‍ സഭയുടെ ‘പുത്തന്‍പണം’ മോഡല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ആലഞ്ചേരി പിതാവിനെ നീക്കാനുള്ള ശ്രമമെന്ന് ഒരു വിഭാഗം വൈദികര്‍

രാജ്യത്തെ ഭരണഘടനയെ ആവര്‍ത്തിച്ച് വെല്ലുവിളിക്കുന്ന ആലഞ്ചേരിയോട്; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ദൈവമല്ല, കോടതി തന്നെ വിധിക്കും

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍