UPDATES

ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സിനഡ് തീരാന്‍ കാത്തിരിക്കില്ല; മൗണ്ട് സെന്റ് തോമസിലേക്ക് മാര്‍ച്ച്, കുത്തിയിരിപ്പ് സമര പ്രഖ്യാപനവുമായി വിശ്വാസികള്‍, സംഘര്‍ഷം മൂര്‍ച്ഛിച്ച് സിറോ മലബാര്‍ സഭ

വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങളും സമരങ്ങളും കാര്യമാക്കുന്നില്ലെന്ന സൂചനയാണ് കര്‍ദിനാള്‍ ആലഞ്ചേരി നല്‍കുന്നത്

എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നു സീറോ മലബാര്‍ സഭ സിനഡിന് വിശ്വാസികളുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് 19 ന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ച സിനഡ് പുരോഗമിക്കുമ്പോഴും ഇതുവരെയായും അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും വിശ്വാസികളും ഉന്നയിച്ച പരാതികളുടെ മേല്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് വിവരം. ഇതിന്മേലാണ് ഇപ്പോള്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച്ച പ്രസ്തുത വിഷയങ്ങളില്‍ മറുപടിയുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും വാക്ക് കിട്ടിയിരിക്കുന്നത്, ആ വാക്ക് പാലിക്കപ്പെടുന്നില്ലെങ്കില്‍ ഞായറാഴ്ച്ച വിശ്വാസികള്‍ കൂട്ടമായി സിനഡ് നടക്കുന്ന മൗണ്ട് സെന്റ് തോമസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അന്നും അനുകൂലമായ മറുപടികളൊന്നും ലഭിക്കുന്നില്ലെങ്കില്‍ വിശ്വാസികള്‍ സിനഡിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തുമെന്നും സഭ സുതാര്യ സമതി പറയുന്നു.

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പൂര്‍ണാധികാരമുള്ള സ്വതന്ത്ര അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കൂടി പ്രതിയായ അതിരൂപത ഭൂമിക്കച്ചവടത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുക, പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ വത്തിക്കാന്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ അറിയിക്കുക, അതിരൂപത സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ പുറത്താക്കിയ നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിനഡ് ചര്‍ച്ച് ചെയ്ത് തീരുമാനം എടുക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഇക്കാര്യങ്ങളൊന്നും സിനഡ് പരിഗണിക്കാന്‍ തയ്യാറായിട്ടില്ലെന്നും അതിനാല്‍ സിനഡ് കഴിയും വരെ കാത്തിരിക്കാതെ തങ്ങള്‍ രംഗത്ത് ഇറങ്ങുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ഞായറാഴ്ച്ച നൂറു കണക്കിന് വിശ്വാസികള്‍ സഭ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും സഭ അധികാരികളെ കണ്ട് തങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അറിയിക്കുകയും ചെയ്തിരുന്നു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ അധികാര സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിശ്വാസികള്‍. പൂര്‍ണാധികാരമുള്ള അഡ്മിനിസിട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് എന്നാവശ്യം സിനഡ് അംഗീകരിക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്ന് വിശ്വാസികള്‍ ആവര്‍ത്തിക്കുന്നതും ഇതുകൊണ്ടാണ്. ഭൂമിക്കച്ചവടത്തിലൂടെ അതിരൂപതയ്ക്ക് ഉണ്ടായിരിക്കുന്നത് 91 കോടിക്കു മേല്‍ ആണെന്നും ഇത്രയും തുക ആരാണോ നഷ്ടപ്പെടുത്തിയത് അവരില്‍ നിന്നും തന്നെ തിരിച്ചു പിടിക്കണമെന്നതാണ് വിശ്വാസികളുടെ മറ്റൊരാവശ്യം. അതുപോലെ, ഭൂമിക്കച്ചവടത്തെ കുറിച്ച് വത്തിക്കാന്‍ നിര്‍ദേശാനുസരണം അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ 40 ലക്ഷം രൂപയാണ് ചെലവാക്കിയതെന്നും ഈ പണവും എറണാകുളം-അങ്കാമാലി അതിരൂപതയുടെതായതിനാല്‍, അന്വേഷണം നടത്തിയ ഇഞ്ചോടി കമ്മിഷന്റെയും കെപിഎംജി യുടെയും റിപ്പോര്‍ട്ടുകള്‍ അതിരൂപത വിശ്വാസികള്‍ക്ക് കാണാനും പരിശോധിക്കാനുമുള്ള അവകാശമുണ്ടെന്നും പറയുന്നു. പ്രസ്തുത റിപ്പോര്‍ട്ട് വിശ്വാസികള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നാണ് ആവശ്യം. ഈ റിപ്പോര്‍ട്ടിന്മേല്‍ വത്തിക്കാനില്‍ നിന്നും എന്തൊക്കെ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നതിന്റെ രേഖകളും വിവരങ്ങളും വിശ്വാസികള്‍ക്ക് അറിയണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കൊക്കെ എതിരേ നടപടിക്ക് വത്തിക്കാനില്‍ നിന്നും ശുപാര്‍ശയുണ്ടോ, ആ നടപടികള്‍ താമസംവിന സ്വീകരിക്കണമെന്നും സഭയില്‍ നിന്നും പുറത്താക്കേണ്ട തരത്തില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും പുറത്താക്കിയിരിക്കണമെന്നും വിശ്വാസികള്‍ പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സമ്പത്ത് എന്നത് വിശ്വാസികളുടെ അദ്ധ്വാനവും വിയര്‍പ്പും ആയതിനാല്‍ ഇനിമേലില്‍ നടക്കുന്ന ഒരോ സാമ്പത്തിക ഇടപാടുകളും അതിന്മേല്‍ ഉണ്ടാകുന്ന തീരുമാനങ്ങളും തീര്‍ത്തും സുതാര്യമായി അവതരിപ്പിക്കണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്ത് ക്രയവിക്രയങ്ങള്‍ നടന്നാലും ടെന്‍ഡര്‍ വിളിച്ചു വേണം ചെയ്യാന്‍, ലേലത്തില്‍ വയ്ക്കാനും പരസ്യപ്പെടുത്താനും തയ്യാറാകണം. അതിരൂപത ക്രയവിക്രയങ്ങള്‍ക്ക് പാസ്റ്റല്‍ കൗണ്‍സിലിന്റെയും വൈദിക സമിതിയുടെയും തീരുമാനങ്ങള്‍ക്കും പരിശോധനയ്ക്കും വിധേയമാക്കണം. ക്രയവിക്രയങ്ങള്‍ നടത്തിയതിന്റെ വിവരങ്ങള്‍ മാസാമാസം പ്രസിദ്ധപ്പെടുത്തണം. ഇടപാടുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് മൂന്നുമാസം കൂടുമ്പോള്‍ പാസ്റ്റല്‍ കൗണ്‍സിലും വൈദിക സമിതിയും വിളിച്ചകൂട്ടി ഇടപാട് നടത്തുന്നതിന്റെ വിശദാംശങ്ങള്‍ വായിച്ച് ബോധ്യപ്പെടുത്തി രണ്ട് സമതികളുടെയും ഒപ്പ് വാങ്ങിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിശ്വാസി പ്രതിനിധികള്‍ സഭാ ആസ്ഥാനത്തെ അധികാരികളെ അറിയിച്ചിട്ടുള്ളത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധികാരസ്ഥാനത്തേക്ക് തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെ പുറത്താക്കിയ സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിലും യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും ഇല്ലെന്നും അതിരൂപത വിശ്വാസികള്‍ നിലപാട് അറിയിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ജൂലൈ 20 ന് വൈദികകര്‍ ഉപവാസ പ്രാര്‍ത്ഥന യജ്ഞം നടത്തിയിരുന്നു. അതിരൂപതയിലെ ഇരുന്നൂറോളം വൈദികരുടെ പിന്തുണയോടെയായിരുന്നു ഉപവാസ സമരം. കര്‍ദിനാള്‍ ആലഞ്ചേരി തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. രണ്ടു ദിവസത്തോളം നീണ്ടു നിന്ന ഉപവാസ സമരം അവസാനിപ്പിക്കുന്നത് സഭ സ്ഥിരം സിനഡ് പ്രതിനിധികളായ ബിഷപ്പുമാര്‍ വൈദികരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അതിരൂപത അധ്യക്ഷന്‍ എന്ന നിലയില്‍ അതിരൂപതയിലെ സ്ഥാപനങ്ങളെയും വൈദികരെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ കഴിയാത്തതിനാലും 14 കേസുകളില്‍ പ്രതി ആയതിനാലും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണം ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തുക, കാരണം വ്യക്തമാക്കാതെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സഹായമെത്രാന്‍മാരെ ചുമതലകള്‍ നല്‍കി ഉടന്‍ തിരിച്ചെടുക്കുക, കുറ്റാരോപിതനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി വത്തിക്കാനില്‍ നിന്നുള്ള അപ്പസ്‌തോലിക നിരീക്ഷകന്റെ സാന്നിധ്യത്തില്‍ അതിരൂപത വിഷയങ്ങളില്‍ സിനഡ് യോഗം ചേരുക, സ്വതന്ത്ര ചുമതലയുള്ള, അതിരൂപതയിലെ വൈദികരെ അറിയാവുന്നതും, വൈദികര്‍ക്ക് പൊതുസമ്മതനും, അതിരൂപത അംഗവുമായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയക്ക് വേണ്ടി നിയമിക്കുക എന്നീ അഞ്ച് ആവശ്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ സിനഡ് തയ്യാറാകണമെന്നായിരുന്നു ചര്‍ച്ചയില്‍ വൈദികര്‍ മെത്രാന്മാരുടെ സംഘത്തിനു മുന്നില്‍ വച്ച നിബന്ധന. സീറോ മലബാര്‍ സഭ ആസ്ഥാനത്ത് നടന്ന അന്നത്തെ ചര്‍ച്ചയില്‍ സ്ഥിരം സിനഡ് അംഗവും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് പെരുംതോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പോള്‍ ആലപ്പാട്ട്, കുരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയാപുരക്കല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. വൈദികര്‍ സമരം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലായിരുന്നു മെത്രാന്മാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. സമരം അവസാനിപ്പിക്കണമെങ്കില്‍ തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂല നിലപാട് ഉണ്ടാകണമെന്നു വൈദികര്‍ ഉറച്ചു നിന്നതോടെയാണ് പരിഹാരമാര്‍ഗമെന്ന നിലയില്‍ ചില ഉറപ്പുകള്‍ മെത്രാന്മാര്‍ നല്‍കിയത്. ആ ഉറപ്പുകള്‍ ഇവയായിരുന്നു; വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണമെന്നും പ്രകോപനപരമായ നടപടികള്‍ ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കും. സഹായമെത്രന്മാരെ സസ്പെന്‍ഡ് ചെയ്ത കാര്യത്തില്‍ തങ്ങള്‍ക്കുള്ള വികാരവും വേദനയും വൈദിക പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം ഓഗസ്റ്റില്‍ നടക്കുന്ന സിനഡില്‍ ഉറപ്പായും ചര്‍ച്ചയാക്കും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കൂടി കുറ്റാരോപിതനായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് മുന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തണമെന്ന വൈദികരുടെ അഭ്യര്‍ത്ഥന വത്തിക്കാനെ അറിയിക്കണമെന്ന കാര്യത്തില്‍ സിനഡില്‍ ചര്‍ച്ച ചെയ്യും. അതിരൂപതയുടെ സാധാരണ ഭരണ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേക അധികാരമുള്ള മെത്രാനെ ഉടന്‍ നിയമിക്കുവാന്‍ സിനഡിനോട് ശുപാര്‍ശ ചെയ്യും.

ഓഗസ്റ്റില്‍ നടക്കുന്ന സിനഡില്‍ മാത്രമെ ഇക്കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ എന്നും അതുവരെ പ്രകോപനപരമായ നടപടികളിലേക്ക് പോകരുതെന്നും മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചത് വൈദികരും വിശ്വാസികളും അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ ലംഘിക്കുന്ന പ്രവര്‍ത്തികളാണ് ഇപ്പോള്‍ സിനഡ് പ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിശ്വാസികളും അതിരൂപത വൈദികരും കുറ്റപ്പെടുത്തുന്നത്. സിനഡ് ആരംഭിക്കുന്നതിനു മുമ്പ് ഈ വക കാര്യങ്ങളില്‍ ചര്‍ച്ച നടത്താമെന്നു പറഞ്ഞിരുന്നവര്‍, ആ വാക്ക് പാലിച്ചില്ലെന്നാണ് വൈദികര്‍ പറയുന്നത്. സിനഡ് നടന്നു വരികയാണെങ്കിലും ഇതുവരെ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അറിയുന്നു. അതിനാല്‍ തന്നെ തങ്ങളെ വാക്ക് പറഞ്ഞ് വഞ്ചിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ പോവുകയാണെന്ന നിരാശയാണ് പരാതിക്കാര്‍ പങ്കുവയ്ക്കുന്നത്. അതിനാല്‍ തന്നെയാണ്,ശക്തമായ പ്രതിഷേധം സിനഡിനു മുന്നില്‍ തന്നെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതെന്നും വിശ്വാസികളും പറയുന്നു.

അതേസമയം വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങളും സമരങ്ങളും കാര്യമാക്കുന്നില്ലെന്ന സൂചനയാണ് കര്‍ദിനാള്‍ ആലഞ്ചേരി നല്‍കുന്നത്. സമരഭീഷണികളോ ബാഹ്യസമ്മര്‍ദ്ദങ്ങളോ സിനഡിന്റെ തീരുമാനങ്ങളെ യാതൊരുവിധത്തിലും സ്വാധീനിക്കാന്‍ പാടില്ല എന്നാണ് സിനഡ് തീരുമാനമായി ആലഞ്ചേരി ആഹ്വാനം ചെയ്യുന്നത്. എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിനഡ് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പ്രശ്‌നപരിഹാരത്തിനുള്ള വിവിധ സാധ്യതകള്‍ സിനഡില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ടെന്നും സിനഡ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്ന വാര്‍ത്താക്കുറിപ്പില്‍ മീഡിയ കമ്മിഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂരും അറിയിക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നും സഭ മീഡിയാ കമ്മിഷന്‍ ആവശ്യപ്പെടുന്നൂ.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍