വരാപ്പുഴയിലെ രാമകൃഷ്ണനും- ശ്യാമളയും അവരുടെ മകന്റെ പ്രാണനെടുത്തവര്‍ക്കെതിരേ നിയമ പോരാട്ടത്തിന് തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദുര്‍ഗതി ഏറ്റുവാങ്ങേണ്ടി വന്ന തങ്കപ്പന്‍ എന്ന അച്ഛനെ കുറിച്ച് അറിയണം
ഉള്ളതെല്ലാം വിറ്റു തീര്‍ന്നു, പക്ഷേ, ഞാന്‍ പിന്മാറില്ല, എനിക്ക് ബാക്കിയുള്ള മക്കളെ വിറ്റിട്ടായാലും ഞാനെന്റെ കുഞ്ഞിന്റെ നീതിക്കായി പോരാടും…
34 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരച്ഛന്‍ വിറയക്കാത്ത ശബ്ദത്തോടെ പറഞ്ഞ വാക്കുകളാണിത്.
വീണ്ടുമിതിവിടെ ഓര്‍മിപ്പിക്കുന്നത്, ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച വാര്‍ത്ത കേരളം ചര്‍ച്ച ചെയ്യുന്നതുകൊണ്ടാണ്. വരാപ്പുഴയിലെ രാമകൃഷ്ണനും- ശ്യാമളയും അവരുടെ മകന്റെ പ്രാണനെടുത്തവര്‍ക്കെതിരേ നിയമ പോരാട്ടത്തിന് തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദുര്‍ഗതി ഏറ്റുവാങ്ങേണ്ടി വന്ന തങ്കപ്പന്‍ എന്ന അച്ഛനെ കുറിച്ച് അറിയണം. പ്രതിസന്ധികള്‍ എത്രയുണ്ടായാലും തളരാതെ പോരാടാന്‍, നീതി നേടിയെടുക്കാന്‍.
ആലപ്പുഴ ചേര്‍ത്തലയിലെ കാളികുളത്ത് തങ്കപ്പന്‍-ജാനകി ദമ്പതിയുടെ ഒമ്പതു മക്കളില്‍ അഞ്ചാമനായിരുന്നു ഗോപി. കള്ളുഷാപ്പില്‍ കറിവില്‍പ്പനയായിരുന്നു തങ്കപ്പന്. അത്യാവശ്യം ഭൂസ്വത്തൊക്കെയുള്ള കുടുംബം. സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞു പോരുകയായിരുന്നു അവര്‍. പ്ലംബിംഗ് ഉള്‍പ്പെടെയുള്ള ജോലികളായിരുന്നു ഗോപിക്ക്. നാട്ടിലെ ഫിനിക്‌സ് ക്ലബ്ബിന്റെ കബഡി ടീം ക്യാപ്റ്റന്‍ കൂടിയായിരുന്നു അയാള്‍. നല്ലൊരു പൂന്തോട്ട പരിപാലകനുമായിരുന്നു ഗോപിയെന്ന് പഴയ സുഹൃത്തുക്കളും പറയുന്നു. ഇപ്പോള്‍ ഇവിടെയൊരു വാട്ടര്‍ ടാങ്ക് ഉണ്ട്, പണ്ട് അതിന്റെ സ്ഥാനത്ത് നല്ലൊരു പൂന്തോട്ടമുണ്ടായിരുന്നു. ഗോപിയായിരുന്നു അതിന്റെ പരിപാലകന്‍. കൃത്യമായി നനച്ചും വെള്ളമൊഴിച്ചുമൊക്കെ ഗോപി അവിടെ കാണും.
പക്ഷേ, ജീവിതത്തിന്റെ ചെറുപ്രായത്തില്‍ തന്നെ ഗോപിക്ക് ദുര്‍മരണം സംഭവിച്ചു. അതിന്റെ പിന്നാലെയാണ് ഒരച്ഛന്‍ വര്‍ഷങ്ങളോളം അലഞ്ഞത്.
ഗോപിയുടെ സഹോദരന്‍ ബാലകൃഷ്ണന്‍ എന്ന കുഞ്ഞുമോന്‍ ആ സംഭവം ഓര്‍ത്തു പറയുന്നുണ്ട്. ഒരു ചെറിയ പെട്ടിക്കട നടത്തി കുടുംബം പുലര്‍ത്തുകയാണ് ഇപ്പോള്‍ കുഞ്ഞുമോന്‍. നഗരത്തില്‍ തന്റെ പെട്ടിക്കടയുടെ സമീപത്തായി വലിയ കെട്ടിടങ്ങളൊക്കെ ഉയര്‍ത്തു നില്‍ക്കുന്ന സ്ഥലങ്ങള്‍ ചൂണ്ടി കുഞ്ഞുമോന്‍ ഒരു നിശ്വാസത്തോടെ പറഞ്ഞു; ഒരിക്കല്‍ ഇതെല്ലാം ഞങ്ങളുടെതായിരുന്നു. എല്ലാം അച്ഛന്‍ വിറ്റു…ചേട്ടന്റെ കേസ് നടത്താന്‍!
എനിക്കന്ന് 16 വയസ് ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് ഒരു എഞ്ചിനീയറുടെ കൂടെയാണ് ജോലി. ഒരു ദിവസം, അതായത് 1984 ഒക്ടോബര്‍ 15, എനിക്ക് ടെലഗ്രാം കിട്ടി. വേഗം വീട്ടിലേക്ക് വരണമെന്ന് കാണിച്ച്. എന്റെ സാറാണ് ബസ് സ്‌റ്റോപ്പില്‍ കൊണ്ടുവന്നാക്കുന്നത്. നീ വേഗം വീട്ടിലേക്ക് ചെല്ലെന്നു മാത്രമാണ് സാറും പറഞ്ഞത്. ഞാന്‍ വീട്ടിലെത്തുമ്പോഴാണ് വിവരം അറിയുന്നത്. ചേട്ടന്‍ മരിച്ചു!
പൊലീസ് സ്റ്റേഷനില്‍വച്ച് ട്യൂബ് വയറ്റില്‍ കുത്തിയതാണെന്നും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് ആദ്യം കേട്ടത്. പക്ഷേ, അതായിരുന്നില്ല സത്യമെന്ന് പിന്നീട് ഞങ്ങള്‍ക്ക് മനസിലായി. അത് ആദ്യം മനസിലായത് അച്ഛനായിരുന്നു. എന്റെ മകന്‍ സ്വയം കുത്തി മരിച്ചതല്ല, അവനെ കൊന്നതാണ് പൊലീസുകാരെന്ന് അച്ഛന്‍ അപ്പോള്‍ തന്നെ ഉറപ്പിച്ചു പറഞ്ഞിരുന്നു.
ചേട്ടന്‍ നല്ല കബഡി കളിക്കാരനായിരുന്നു. ഫിനിക്‌സ് ക്ലബ്ബിന്റെ ക്യാപ്റ്റനും ആയിരുന്നു. പൊലീസുകാരുടെ ഒരു കബഡി ടീമുണ്ട്. ഞങ്ങളുടെ അയല്‍വാസിയായ സുരേന്ദ്രന്‍ എന്ന പൊലീസുകാരനൊക്കെ അതില്‍ ഉണ്ട്. പൊലീസിന്റെ ടീമിനെ ചേട്ടന്റെ ടീം തോല്‍പ്പിച്ചിരുന്നു. അന്ന് കളി കഴിഞ്ഞ് ചെറിയ കശപിശകളൊക്കെ ഉണ്ടായിരുന്നു. നിന്നെ ഞങ്ങളെടുത്തോളാമെന്ന് ചേട്ടനെ പൊലീസുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അതെല്ലാം കഴിഞ്ഞാണ്. ഒരു ദിവസം സുരേന്ദ്രനും മറ്റ് രണ്ടു പൊലീസുകാരും വന്നു. ഗോപി ചേട്ടന്‍ അപ്പോള്‍ വീട്ടില്ല. പൈപ്പ് പണിയുടെ(പബ്ലിംഗ്) കോണ്‍ട്രാക്റ്റ് എന്തോ എടുത്തിട്ടുണ്ടായിരുന്നു. അതിന്റെ ആളെ കാണാന്‍ പോയിരിക്കുവാണ്. വിളക്ക് വയക്കണ സമയായപ്പോഴാണ് (സന്ധ്യാസമയം) പൊലീസുകാര് വരുന്നത്. സുരേന്ദ്രന്‍ അയല്‍ക്കാരനായതുകൊണ്ട് അമ്മയ്ക്ക് അറിയാം. എന്താ സുരേന്ദ്രാ ഈ സമയത്ത് എന്ന് അമ്മ ചോദിച്ചപ്പോള്‍, ഗോപിക്കെതിരേ ഒരു പരാതി കിട്ടിയിട്ടുണ്ട്, ഞങ്ങള്‍ക്ക് ഈ വീടൊന്നു പരിശോധിക്കണമെന്ന് പറഞ്ഞു. ആരുടെയോ ഒരു ടൈപ്പ് റൈറ്റര്‍ മോഷണം പോയെന്നും അവര്‍ നല്‍കിയ പരാതിയില്‍ ഗോപിയുടെ പേരും ഉണ്ടെന്നാണ് പൊലീസുകാര്‍ പറഞ്ഞത് (പിന്നീട് ഞങ്ങള്‍ അറിഞ്ഞ വിവരം, പരാതിക്കര്‍ നല്‍കിയ പരാതിയില്‍ ഗോപി എന്നൊരു പേരു തന്നെയില്ലായിരുന്നു. പൊലീസുകാര്‍ എഴുതി ചേര്‍ക്കുകയായിരുന്നു. ഇങ്ങനെയൊരാളെ കുറിച്ച് ഞങ്ങള്‍ പരാതി പറഞ്ഞില്ലല്ലോ എന്നു പരാതിക്കാര്‍ ചോദിച്ചപ്പോള്‍ അവനേയും ഞങ്ങള്‍ക്ക് സംശയമുണ്ടെന്ന് പൊലീസുകാര്‍ അങ്ങോട്ട് പറയുകയായിരുന്നുവെന്നാണ് പറഞ്ഞ് അറിഞ്ഞത്). അങ്ങനെ പൊലീസുകാര്‍ വീടിനകത്ത് പരിശോധന നടത്തി. അമ്മ പറഞ്ഞത്, കിടക്കപ്പായുടെ അടിയിലും ഗോപി കൊണ്ടുവന്ന പൈപ്പിനകത്തും വരെ ടൈപ്പ് റൈറ്റര്‍ ഇരിപ്പുണ്ടോയെന്നവര്‍ നോക്കിയെന്നാണ്. ഉടുത്തിരുന്ന തുണിയൊഴിച്ച് ബാക്കിയെല്ലായിടത്തും പരിശോധിച്ചാണ് പൊലീസുകാര്‍ പോയത്. നാളെ രാവിലെ ഗോപിയോട് സ്‌റ്റേഷനില്‍ വരെ വരണമെന്ന് പറഞ്ഞേക്കാനും അമ്മയോട് പറഞ്ഞേല്‍പ്പിച്ചു.
പിറ്റേ ദിവസം പെങ്ങളുടെ വിവാഹനിശ്ചയമാണ്. അന്നു തന്നെയാണ് ചേട്ടന്‍ ചേര്‍ത്തല സ്റ്റേഷനിലേക്കും പോയത്. പോയിട്ട് വേഗം വരാം എന്നു പറഞ്ഞാണ് ഇറങ്ങിയത്. സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ് ഐ വന്നിട്ടില്ല, നീയങ്ങോട്ട് മാറിയിരിക്കാന്‍ ചേട്ടനോട് പൊലീസുകാര്‍ പറഞ്ഞെന്നും ചേട്ടന്‍ ഒരിടത്തേക്ക് മാറിയിരുന്നെന്നും പറയുന്നു. എന്തായാലും പിന്നെ ഞങ്ങള്‍ക്ക് കിട്ടണത് ചേട്ടന്റെ ശവമാണ്.
വിവാഹനിശ്ചയം കഴിഞ്ഞ പെങ്ങള്‍, ഗോപിയുടെ മരണ വിവരം അറിഞ്ഞതോടെ ഇനി തനിക്ക് വിവാഹം വേണ്ടെന്നു തീരുമാനം എടുത്തു. ഇന്നും അവര്‍ അവിവാഹിതയായി കഴിയുകയാണ്.
ചേട്ടന്‍ സ്റ്റേഷനില്‍ എത്തുന്ന അന്നേ ദിവസം സിപിഐയുടെ ഒരു പിക്കറ്റിംഗ് നടക്കുന്നുണ്ടായിരുന്നു. പൊലീസുകാര്‍ കൂടുതല്‍ പേരും പിക്കറ്റിംഗ് സ്ഥലത്ത് ആയിരുന്നതിനാല്‍ സ്റ്റേഷനില്‍ ആളുകുറവായിരുന്നു. ചേട്ടന്‍ പെട്ടെന്ന് റൈറ്ററുടെ മുറിയില്‍ കയറി, അവിടെ വരയിടാന്‍ വച്ചിരുന്ന ട്യൂബ് ലൈറ്റ് എടുത്ത് വയറ്റില്‍ കുത്തുകയായിരുന്നുവെന്നുമാണ് പൊലീസുകാര്‍ പറഞ്ഞത്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചു പോയെന്നും അവര്‍ പറഞ്ഞു.
പക്ഷേ, ആ കഥ അച്ഛന് വിശ്വസിച്ചില്ല. കാരണം, ചേട്ടന്‍ സ്റ്റേഷനിലേക്ക് പോയതിനു പിന്നാലെ അച്ഛന്‍ മറ്റു രണ്ടുപേരെയും കൂട്ടി സ്റ്റേഷനില്‍ ചെന്നിരുന്നു. നീ മോഷണം എന്തെങ്കിലും നടത്തിയോടാ എന്ന് അച്ഛന്‍ ചേട്ടനോട് ചോദിച്ചു, അപ്പോള്‍ അച്ഛന്റെ തലയില്‍ കൈവച്ച് ചേട്ടന്‍ പറഞ്ഞത്, സത്യായിട്ടും ഞാനൊന്നും മോഷ്ടിച്ചിട്ടില്ല, ഞാന്‍ നിരപരാധിയാണ്, ഇത് കള്ളക്കേസാണെന്നാണ്. ഇതു കേട്ടപ്പോള്‍ അച്ഛന്‍ അവിടെ തലചുറ്റി വീഴുകയായിരുന്നു. ചേട്ടന്‍ നിരപരാധിയാണെന്ന് മനസിലാക്കി പൊലീസുകാര്‍ വിടുമെന്ന വശ്വാസത്തിലാണ് അച്ഛന്‍ പിന്നെ അവിടെ നിന്നും പോരുന്നത്. ഇതിനിടയില്‍ നഗരസഭയിലെ കൗണ്‍സിലര്‍ അടക്കം വിളിച്ച് ഗോപി തെറ്റുകാരനല്ലെങ്കില്‍ വിടണമെന്ന് പൊലീസുകാരോട് പറയുകയും ചെയ്തതാണ്. പക്ഷേ…കുഞ്ഞുമോന്റെ സംസാരം മുറിഞ്ഞു…
ഗോപിയുടെ സഹോദരന്‍ കുഞ്ഞുമോന്‍
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും ഗോപിയുടെ മൃതദേഹം സ്വീരിക്കാന്‍ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. തങ്കപ്പന്റെ അകന്ന ബന്ധുവാണ് കെ ആര്‍ ഗൗരിയമ്മ. ഗൗരിയമ്മ ഈ വിഷയത്തില്‍ ഇടപെടുകയും വേണ്ടപോലെ കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പ് പറയുകയും ചെയ്തതോടെയാണ് ഗോപിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
പക്ഷേ, മകന്റെ ശരീരം വീട്ടില്‍ കൊണ്ടവന്നശേഷമാണ് എല്ലാവരേയും അമ്പരിപ്പിച്ചു കൊണ്ട് തങ്കപ്പന്‍ ആ തീരുമാനം പ്രഖ്യാപിച്ചത്. എന്റെ മോന്റെ ശരീരം ഞാന്‍ കത്തിച്ചു കളയില്ല. അത് ഞാന്‍ സൂക്ഷിച്ചുവയ്ക്കും. സത്യം പുറത്തു വരണം, ഇനി ഇതുപോലെ ഒരു മകനും സംഭവിക്കരുത്, ഒരച്ഛനും എന്റെ ഗതി വരരുതെന്നൊക്കെയായിരുന്നു ആ തീരുമാനത്തിന് തങ്കപ്പന്‍ പറഞ്ഞ കാരണങ്ങള്‍. തങ്കപ്പന്റെ സംശയങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഗോപിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില സൂചനകളും.
ചേട്ടന്റെ ഒരു വൃഷ്ണം ഇല്ലാത്ത അവസ്ഥയിലായിരുന്നു. മര്‍മത്ത് ചവിട്ട് കിട്ടിയിട്ടുണ്ട്. അപ്പോള്‍ പൊലീസുകാര്‍ ചേട്ടനെ നല്ലോണം ഉപദ്രവിച്ചിട്ടുണ്ട്. അവരുടെ ചവിട്ടും തൊഴിയും കൊണ്ടായിരിക്കാം ചേട്ടന്‍ മരിച്ചത്. പൊലീസുകാര്‍ രക്ഷപെടാന്‍ വേണ്ടി ഉണ്ടാക്കിയ അടവാണ് ട്യൂബ് സ്വയം കുത്തി ചേട്ടന്‍ മരിച്ചതാണെന്ന്. ആ മുറിവ് കണ്ടവരൊക്കെ പറഞ്ഞത് മൂര്‍ച്ചയേറിയ കത്തിപോലത്തെ എന്തെങ്കിലും കൊണ്ടുണ്ടാകുന്ന മുറിവാണതെന്നാണ്. പൊലീസകാരുടെ തോക്കിന്റെ അറ്റത്തിരിക്കുന്ന ബയണറ്റ് കൊണ്ട് കുത്തിയതുമാകാം; കുഞ്ഞുമോന്‍ പറയുന്നു.
നാലാം ക്ലാസ് വിദ്യാഭ്യാസമേ തങ്കപ്പന് ഉണ്ടായിരുന്നുള്ളു. ഷാപ്പിലെ കറിവില്‍പ്പനക്കാരായിരുന്നു. പക്ഷേ, തങ്കപ്പന് അദ്ദേഹത്തിന്റെതായ അനുഭവ പരിചയം ഉണ്ടായിരുന്നു. മൃതദേഹം ഫോര്‍മാലിന്‍ ലായിനിയില്‍ കേടുകൂടതെ സൂക്ഷിക്കാമെന്ന് ആരോ പറഞ്ഞതിന്‍പ്രകാരമാണ് പ്രത്യേകം കല്ലറ കെട്ടി അതില്‍ ടാര്‍പ്പോളിന്‍ വിരിച്ച് ഫോര്‍മാലില്‍ ലായിനി ഒഴിച്ച് ഗോപിയുടെ മൃതദേഹം അതില്‍ സൂക്ഷിക്കാന്‍ തങ്കപ്പന്‍ തുടങ്ങിയത്. മൃതദേഹം സംസ്‌കാരിച്ചാല്‍ പിന്നെ ഒരു തെളിവും ബാക്കിയുണ്ടാകില്ലെന്ന് ആ അച്ഛന് അറിയാമായിരുന്നു. അന്ന് ലായിനി വാങ്ങാന്‍ തന്നെ ആയിരത്തി അറുന്നൂറു രൂപയോളം വരും, പിന്നെ ഒരാളുടെ പണിക്കാശ് എല്ലാം ചേര്‍ത്ത് രണ്ടായിരമാകും. ഒരോ മാസം കൂടുമ്പോള്‍ ലായിനി മാറ്റിക്കൊണ്ടിരിക്കണം. ആദ്യത്തെ രണ്ടു മൂന്നു വര്‍ഷമൊക്കെ പലരും സഹായിച്ചിരുന്നു. പിന്നെ തങ്കപ്പന്റെ മാത്രം ചുമതലയായി. പക്ഷേ, എന്തൊക്കെ വിറ്റിട്ടാണെങ്കിലും മകന്റെ ശരീരം സൂക്ഷിക്കുമെന്നു തന്നെയായിരുന്നു തങ്കപ്പന്റെ നിശ്ചയം. സര്‍ക്കാരില്‍ നിന്നും ധനസഹായമായി കിട്ടിയ രണ്ടുലക്ഷത്തോളം രൂപയും ഇതിനുവേണ്ടി തന്നെ ചെലവാക്കി. രണ്ടു പട്ടികളെ വാങ്ങി കല്ലറയ്ക്ക് കാവലും നിര്‍ത്തി. അതിനുശേഷമായിരുന്നു തങ്കപ്പന് മകന് നീതി കിട്ടാനായി നടന്നു തുടങ്ങിയത്; മാധ്യമപ്രവര്‍ത്തകനായ അനില്‍കുമാര്‍ പറയുന്നു.
അന്ന് ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും ലായിനി മാറ്റാന്‍ സഹായിക്കാന്‍ പോകുമായിരുന്നു. കബഡി ടീമില്‍ ഞങ്ങളുടെ ക്യാപ്റ്റനായിരുന്നു ഗോപി. അതുകൊണ്ട് ആ അച്ഛനൊപ്പം നില്‍ക്കാന്‍ ഞങ്ങളും തയ്യാറായിരുന്നു. മരവിച്ചിരിക്കുന്ന ഗോപിയുടെ കൈകകളില്‍ തൊടുന്നത് ഇപ്പോഴും ഉള്ളിലുണ്ട്; ഗോപിയുടെ സുഹൃത്തായ ചാക്കോച്ചന്‍ പറയുന്നു.
തന്റെ മകന്‍ ആത്മഹത്യ ചെയ്തതല്ലെന്നും പൊലീസുകാര്‍ മൂലമാണ് കൊല്ലപ്പെട്ടതെന്നും വാദമുയര്‍ത്തി തങ്കപ്പന്‍ രംഗത്തിറങ്ങിയതോടെ കേസ് വലിയ ചര്‍ച്ചയായി. മകന്റെ മൃതദേഹം സംസാരിക്കാതെ സൂക്ഷിച്ച് ഒരച്ഛന്‍ നടത്തുന്ന നിയമപോരാട്ടം എന്ന നിലയില്‍ മാധ്യമങ്ങളൊക്കെ വലിയ വാര്‍ത്ത നല്‍കി. ഇന്ത്യക്ക് അകത്തും പുറത്തും വരെ ഈ വിഷയം എത്തി. ഗള്‍ഫില്‍ നിന്നൊക്കെ പലരും അച്ഛന്റെ നിയമപോരാട്ടത്തിന് സഹായമെന്ന നിലയില്‍ പണം അയച്ചു കൊടുത്തിരുന്നുവെന്ന് കുഞ്ഞുമോന്‍ പറയുന്നു.
തങ്കപ്പന്റെ പോരാട്ടം പതുക്കെ ഫലം കാണാന്‍ തുടങ്ങി. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ആദ്യത്തെ അന്വേഷണം നടത്തി.
അന്ന് തങ്ങള്‍ കൂട്ടുകാരെയൊക്കെ വിളിപ്പിച്ച് ആര്‍ഡിഒ മൊഴിയെടുത്തിരുന്നുവെന്ന് ചാക്കോച്ചന്‍ പറയുന്നു. ഗോപിയെ അറിയുമോ? ഗോപി മോഷ്ടിക്കാറുണ്ടെന്ന് അറിയാമോ എന്നൊക്കെയായിരുന്നു ചോദ്യം. തിരിച്ചും മറിച്ചും പലതും ചോദിച്ചു. ഗോപി ഒരു മോഷ്ടാവാണെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല. ഞങ്ങള്‍ക്ക് അറിയാവുന്ന ഗോപിയെകുറിച്ച് പറഞ്ഞു കൊടുത്തു; ചാക്കോച്ചന്‍ പറയുന്നു.
ആര്‍ഡിഒ അന്വേഷണത്തില്‍ ഗോപിയുടെ മരണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. എങ്കിലും തങ്കപ്പന്‍ തേടിയ നീതി നടപ്പായില്ല.
പിന്നെയും തങ്കപ്പന്‍ നടന്നു, പ്രായം അറുപതിനു മേലുള്ള ഒരു മനുഷ്യനാണ്. ഒരു വലിയ കുടുംബമുണ്ട്. പക്ഷേ, അതെല്ലാം മറന്നു. മകന്റെ നീതി മാത്രമല്ല, ഇനിയൊരു മകനും ഇതുപോലൊരു ഗതി ഉണ്ടാകാരുതെന്ന് ഉറപ്പിച്ചായിരുന്നു തങ്കപ്പന്‍ ഓരോരോ വാതിലുകള്‍ക്കു മുന്നിലായി ചെന്ന് നീതിക്കു വേണ്ടി കലഹിച്ചത്. ഇതിനിടയില്‍ ജോലിക്കു പോകാതെയായി. കേസ് നടത്തിപ്പിനും മൃതദേഹം സംരക്ഷണത്തിനും മറ്റുമൊക്കെയായി വലിയ പണം ചെലവായിക്കൊണ്ടിരുന്നു. സമ്പാദ്യങ്ങളെല്ലാം ഒഴിഞ്ഞു തുടങ്ങി. പിന്നെ ഉണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ വില്‍ക്കാന്‍ തുടങ്ങി. ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ കഴിഞ്ഞുപോന്നിരുന്ന കുടുംബത്തില്‍ പട്ടിണിയും ദാരിദ്ര്യവും നിഴലാടാന്‍ തുടങ്ങി. പക്ഷേ, തങ്കപ്പനെ അതൊന്നും പിന്നാക്കം വിളിച്ചില്ല. അങ്ങനെയൊരിക്കലാണ് തങ്കപ്പന്‍ പറഞ്ഞത്, ഇനി വില്‍ക്കാന്‍ ഒന്നുമില്ലാതെ വന്നാല്‍ ഞനെന്റെ മക്കളെ വിറ്റിട്ടാണെങ്കിലും കേസ് നടത്തും. എന്റെ കുഞ്ഞ് എന്റെ തലയില്‍ തൊട്ട് പറഞ്ഞതാണ് അവന്‍ നിരപരാധിയാണെന്ന്. അവന്‍ നിരപരാധിയായിട്ടും എന്തിനാണവര്‍ കൊന്നു കളഞ്ഞത്? എന്റെ കുഞ്ഞിന് നീതി കിട്ടണം. അതുമാത്രമായിരുന്നു ആ അച്ഛന്റെ ലക്ഷ്യം.
പലതരത്തിലുള്ള ഭീഷണിയും ഞങ്ങള്‍ക്കുണ്ടായി. കള്ളക്കേസുകളില്‍ വരെ കുടുക്കാന്‍ നോക്കി. ചേട്ടന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന കല്ലറുടെ കാവല്‍ക്കാരായി അച്ഛന്‍ രണ്ടു പട്ടികളെ വളര്‍ത്തിയിരുന്നു. അപരിചിതരായ ആരുവന്നാലും ആ പട്ടികള്‍ കല്ലറയുടെ സമീപം വന്നു നിന്നു വന്ന ആളെ നോക്കി കുരയ്ക്കുമായിരുന്നു. ആ പട്ടികളെ ആരോ വിഷം കൊടുത്തു കൊന്നുകളഞ്ഞു. ചേട്ടന്റെ മൃതദേഹം സംസ്‌കാരിക്കാന്‍ പലവിധത്തിലുള്ള സമ്മര്‍ദ്ദവും അച്ഛനുമേലുണ്ടായി. പക്ഷേ ഒന്നിനും അച്ഛനെ പിറകോട്ടടിക്കാന്‍ ആയില്ല. അച്ഛനെ ആകെ വിഷമിപ്പിച്ചത് കേസ് നടത്താനും മറ്റുമൊക്കെയുള്ള പണമായിരുന്നു. അപ്പോഴേക്കും ഉണ്ടായിരുന്ന ഭൂമിയൊക്കെ വിറ്റു. ഇന്ന് സെന്റിന് കോടികള്‍ വിലവരുന്ന ഭൂമിയാണ് കിട്ടിയ വിലയ്‌ക്കൊക്കെ വിറ്റത്.
ഇതിനിടയില്‍ രണ്ടു തവണ ചേട്ടന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്നാണ് എന്റെയോര്‍മ്മ. ഒരിക്കല്‍ വന്ന് രണ്ടു കൈപത്തിയും മുറിച്ചു കൊണ്ടു പോയിരുന്നു. ഞങ്ങളുടെ സംശയംപോലെ തന്നെയാണ് ചേട്ടന്റെ മരണത്തിനു പിന്നിലെന്ന് ഏറെക്കുറെ വ്യക്തമായി. പക്ഷേ, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമല്ലോ.. അങ്ങനെയിരിക്കെയാണ് ഈ വാര്‍ത്ത കേട്ടറിഞ്ഞ് തൃശൂരിലുള്ള ജനനീതി പത്രത്തിന്റെ ഒരു അച്ചന്‍ ഞങ്ങളെ തേടി വന്നത്. മനുഷ്യസ്‌നേഹിയായ ആ അച്ചനാണ് ഈ കേസ് ഹൈക്കോടതിയില്‍ എത്തിക്കുന്നത്. ഒരു നല്ല വക്കീലിനെയൊക്കെ വാദിക്കാന്‍ ഏല്‍പ്പിച്ചു. ഞാന്‍ പറഞ്ഞുകേട്ടതാണ്, അച്ഛന്റെ ഈ പോരാട്ടം അറിഞ്ഞ് സുപ്രിം കോടതിയിലെ ഒരു വക്കീല്‍ പറഞ്ഞിരുന്നുവത്രേ, ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി ഉണ്ടായില്ലെങ്കില്‍ ഈ കേസ് സുപ്രീം കോടതിയില്‍ ഞാന്‍ നടത്താമെന്ന്. പക്ഷേ, അതുവേണ്ടി വന്നില്ല. ഹൈക്കോടതി ഞങ്ങള്‍ക്ക് അനുകൂലമായി വിധി നല്‍കി. രണ്ട് ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറു രൂപ നഷ്ടപരിഹാരവും ചേട്ടന്‍ മരിക്കുമ്പോള്‍ എസ് ഐയും സി ഐയും ആയിരുന്ന രണ്ടു പോലീസുകാരെ ശിക്ഷിക്കുകയും ചെയ്തു.
ചേട്ടന്‍ മരിച്ച് പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ വിധി വന്നത്. ആ പൊലീസുകാരപ്പോള്‍ ഡിവൈഎസ്പി റാങ്കിലൊക്കെ ആയിരുന്നു. എന്തായാലും അത്രയും വര്‍ഷം നീണ്ട പോരാട്ടത്തില്‍ അച്ഛന് അച്ഛന്റെ മകന് നീതി വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞു. വിധി വന്നശേഷം ഹൈക്കോടതിയില്‍ നിന്നും ജഡ്ജിയൊക്കെ വന്നാണ് ചേട്ടന്റെ മൃതദേഹം സംസ്‌കരിക്കുന്നത്. ഇനിയെന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് നാട്ടുകാരില്‍ ചിലരൊക്കെ ചോദിച്ചിരുന്നു. ഒന്നും ഉണ്ടാകില്ലെന്ന് അവര്‍ ഉറപ്പ് പറഞ്ഞു. പത്രസമ്മേളനമൊക്കെ നടത്തിയിരുന്നു.
ചേട്ടന് നീതി കിട്ടി, ചേട്ടന്റെ ശരീരവും സംസ്‌കരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പോയി.
അവസാനം വരെ അച്ഛന്‍ തളര്‍ന്നുപോയി എന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. മനസുകൊണ്ട് അച്ഛന്‍ കരുത്തനായിരുന്നു. എന്റെ മകന് വേണ്ടി മാത്രമല്ല, എല്ലാ മക്കള്‍ക്കും വേണ്ടി, എല്ലാ അച്ഛനമ്മാമാര്‍ക്കും വേണ്ടിയാണ് ഞാനീ നടപ്പൊക്കെ നടന്നതെന്ന് അച്ഛന്‍ പറയുമായിരുന്നു. ചേട്ടന്‍ പോയതോടെ ഞങ്ങളുടെ കുടുംബം തന്നെ തകര്‍ന്നെന്നു പറയാം. ഞങ്ങള്‍ക്ക് ഉള്ളതെല്ലാം നഷ്ടപ്പെട്ടു. ആര്‍ക്കോ തന്നിയ വൈരാഗ്യം ഇല്ലാതാക്കിയത് ഒരു മനുഷ്യ ജീവന്‍ മാത്രമല്ല, ഒരു കുടുംബം തന്നെയായിരുന്നു. കുറ്റം ചെയ്തവര്‍ക്കൊക്കെ അര്‍ഹമായ ശിക്ഷ കിട്ടിയോ എന്നറിയില്ല, പക്ഷേ, അച്ഛന്‍ ആശ്വാസത്തോടെയായിരുന്നു പോയത്…
അവസാനം വരെ പോരാടി തന്റെ മകന്റെ മരണത്തിന്റെ സത്യാവസ്ഥ തെളിയിച്ചിട്ടായിരുന്നു തങ്കപ്പന്‍ മരിച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ നിന്നൊഴിവാകാന്‍ പിന്നെയും വഴികളുണ്ടായിരുന്നതുകൊണ്ട് അവരത് ഉപയോഗിച്ചു. സ്വന്തം മകനെ തേടി ജീവിതാന്ത്യം വരെ അലഞ്ഞ ഒരച്ഛന്റെ പരാജയം തങ്കപ്പന് ഉണ്ടായില്ലെന്നു പറയാം. എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാണെന്നു പറഞ്ഞ ഈ അച്ഛന്റെ വാക്കുകള്‍ നീതിപീഠം ശരിവയ്ക്കുകയും കുറ്റവാളികള്‍ക്കു നേരെ വിരല്‍ ചൂണ്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ തങ്കപ്പന്‍ എന്ന അച്ഛനെ കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. പോരാട്ടത്തിന്റെ പര്യായമാണ് ആ മനുഷ്യന്‍.
കേസില്‍ പൊലീസുകാര്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും അവര്‍ പിന്നീട് അപ്പീലൊക്കെ പോയി ശിക്ഷയില്‍ നിന്നും ഒഴിവായി. ഗോപിയുടെ മേല്‍ ചുമത്തിയ മോഷണക്കേസ് പിന്നീട് എന്തുകൊണ്ട് തുടരന്വേഷണം നടത്തിയില്ലെന്ന് കോടതി ചോദിച്ചപ്പോള്‍ പൊലീസുകാര്‍ക്ക് ഉത്തരമില്ലായിരുന്നു. ആ വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ച പ്രസക്തമായൊരു കാര്യമുണ്ടായിരുന്നു; കസ്റ്റഡിയില്‍ എടുത്ത പ്രതി അപരാധിയോ നിരപരാധിയോ ആകട്ടെ, പക്ഷേ, അയാളുടെ പൂര്‍ണ ഉത്തരവാദിത്വം കോടതിയില്‍ ഹാജരാക്കുന്നതുവരെ പൊലീസിന്റെ ചുമതലയാണ്…ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്; അനില്‍കുമാര്‍ പറയുന്നു.
അതേ, അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഉത്തരവാദിത്വമായിരുന്നു ശ്രീജിത്തിന്റെ കാര്യത്തിലും പൊലീസുകാരും കാണിക്കേണ്ടിയിരുന്നത്. ആ ഉത്തരവാദിത്വം നടപ്പാക്കപ്പെട്ടില്ല എന്നിടത്ത് പൊലീസുകാര്‍ ഇവിടെയും കുറ്റക്കാര്‍ തന്നെ… തങ്കപ്പന്‍ എന്ന അച്ഛനെ പോലെ രാമകൃഷ്ണന്‍ എന്ന അച്ഛനും നീതി കിട്ടാന്‍ വര്‍ഷങ്ങളോളം അലയേണ്ടി വരുമോ എന്നുമാത്രമാണ് ചോദ്യം.
പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടജീവിതത്തിന് 11 വര്‍ഷം