UPDATES

ട്രെന്‍ഡിങ്ങ്

തായംകളിയുടെ സ്വന്തം കണ്ടാണശ്ശേരി- വീഡിയോ

തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരിയില്‍ തായംകളിയില്ലാതെ ഒരു ഓണക്കാലമില്ല

കണ്ടാണശ്ശേരി തെക്കുമുറിയും കമ്മട്ടിപ്പാടം പുല്ലാനിക്കുന്നും തമ്മിലായിരുന്നു കലാശപ്പോര്. അന്തിക്കള്ളിന്റെ വീറില്‍ ചുഴറ്റിയെറിയുന്ന തായത്തിനൊപ്പം ആര്‍പ്പുവിളിയോടെ കാണികള്‍. തായക്കളത്തിലെ ഓരോ കരുനീക്കവും കരുതലോടെ. മൂന്ന് മണിക്കൂര്‍ നീണ്ട വീറുറ്റ പോരിനൊടുവില്‍ കപ്പ് തെക്കുമുറി സ്വന്തമാക്കി. കളിക്കളത്തിലെ വൈരം കളത്തിനു പുറത്തില്ലെന്ന പതിവ് തെറ്റിക്കാതെ കമ്മട്ടിപ്പാടം പുല്ലാനിക്കുന്നും വിജയികള്‍ക്കൊപ്പം ആഘോഷത്തിമിര്‍പ്പില്‍. അത്തംമുതല്‍ തുടങ്ങിയ തായംകളിയുടെ ഫൈനല്‍ തന്നെയാണ് കാലങ്ങളായി കണ്ടാണശ്ശേരിക്കാരുടെ ഉത്രാടരാത്രി കെങ്കേമമാക്കുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരിയില്‍ തായംകളിയില്ലാതെ ഒരു ഓണക്കാലമില്ല. പത്തു കൊല്ലമായി കണ്ടാണശ്ശേരി കലാസമിതിയാണ് തായംകളി സംഘടിപ്പിക്കുന്നത്. പതിനാറ് ടീമുകളാണ് ഇക്കൊല്ലമുണ്ടായിരുന്നത്. രണ്ടു പേരടങ്ങുന്നതാണ് ടീം. അഞ്ച് കവടികള്‍ ഉപയോഗിച്ചാണ് കളി. അഞ്ച് കരുക്കളുമുണ്ടാകും. കവിടി വീഴുമ്പോള്‍ വീഴുന്ന അക്കങ്ങളനുസരിച്ചാണ് കരുനീക്കം. വീശിയെറിയുന്ന കവിടി അഞ്ചും മലര്‍ന്നു വീണാല്‍ അഞ്ചു പോയിന്റാണ്, ഒരെണ്ണമായാല്‍ ഒരു പോയിന്റ് കിട്ടും. അഞ്ചെണ്ണം മലര്‍ന്നു വീണാലും ഒരെണ്ണം മലര്‍ന്നു വീണാലും കവിടി വീണ്ടുമെറിയാം. കവിടി ഒന്നു മലര്‍ന്നു വീഴുന്നതാണ് തായം. കളത്തിനുള്ളിലെ കരു കയറ്റാനും തിരിച്ച് ലക്ഷ്യസ്ഥാനത്തെത്താനും തായം നിര്‍ബന്ധം. എതിരാളികളുടെ കരുക്കളില്‍ നിന്നുള്ള വെട്ട് ഏതു സമയവും പ്രതീക്ഷിക്കാം. കുറുകെ വെട്ടുള്ള കളങ്ങളില്‍ കരു ഇരിക്കുമ്പോള്‍ വെട്ടാന്‍ പാടില്ല. അഞ്ചു കരുക്കളേയും നടുക്കള്ളിയിലെത്തിക്കുകയും തിരിച്ചിറക്കുകയും വേണം. ഇതില്‍ ആദ്യമെത്തുന്ന ടീമാണ് വിജയിക്കുക. ഭാവപ്രകടനങ്ങളോടെ കവിടി തലക്കുമുകളില്‍ എറിയുന്ന നിമിഷങ്ങളില്‍ ശ്വാസം പിടിച്ച് കാണികള്‍ മൂകമായി നില്‍ക്കും. കവിടി തങ്ങളുദ്ദേശിക്കും പോലെ വീണാല്‍ പിന്നെ ആരവമാണ്.

കളിയെക്കുറിച്ച് കണ്ടാണശ്ശേരി കലാസമിതി എക്‌സിക്യൂട്ടീവ് അംഗം സുരേഷ് അഴിമുഖത്തോട്
തായംകളി നമ്മുടെ നാട്ടിന്‍പുറത്തൊക്കെ ഉണ്ടായിരുന്നതാണ്. ഓണത്തിന് ഇത്ര വിപുലമായിട്ട് നടത്തുന്നത് ഇവിടെയാണ്. ഒരു നാല്‍പ്പത് കൊല്ലം ആയിണ്ടാവും ഈ രീതിയില്‍ സംഘടിപ്പിച്ച് തുടങ്ങിയിട്ട്. വയസ്സമാര് തൊട്ട് ചെറുപ്പം പിള്ളേര് വരെ കളിക്കിറങ്ങും. പുല്ലാനിക്കുന്നത്തെ തേട്ടില്‍ കുഞ്ഞുമോന്‍ ചേട്ടനെപ്പോലുള്ള കാര്‍ന്നോമാരൊക്കെ ഇക്കൊല്ലോം കളിയില്‍ സജീവമായിട്ടുണ്ട്. മൂപ്പര്‍ക്ക് 83 വയസ്സായി. ഇപ്രാവശ്യത്തെ ഫൈനലിനെത്തിയത് മൂപ്പരുടെ ചെറുമോനാ. അവന്‍ പ്‌ളസ്ടുവിന് പഠിക്കാണ്. ഒരോ കൊല്ലവും വലിയ പിന്തുണയാണ് കളിക്ക് കിട്ടുന്നത്. എല്ലാ ഓണത്തിനും കളി നടത്താനുള്ള കാരണവും അത് തന്നെയാണ്. പതിനായിരം രൂപേം ട്രോഫീം കൊടുക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദേട്ടനാണ് ഇപ്രാവശ്യം ട്രോഫി കൊടുത്തത്. മൂപ്പര് പഴേ തായംകളിക്കാരനാ. ഇവിടത്തുകാരു മാത്രമല്ല, പല നാട്ടീന്നും ആള്‍ക്കാര് കളി കാണാന്‍ വരാറുണ്ട്’.

വിഷ്ണുദത്ത്

വിഷ്ണുദത്ത്

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍