UPDATES

ഓഫ് ബീറ്റ്

പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍

വിദ്യാര്‍ത്ഥികളുടെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ എല്ലാവരുടെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ജൂണ്‍ ഒന്ന്; ഒരു പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിക്കുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി കേരളം ഒരു നവ ഊര്‍ജ്ജവുമായിട്ടാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഒരു മാറ്റത്തിന്റെ തുടക്കമായി ഈ അധ്യയന വര്‍ഷത്തെ നോക്കി കാണാം എന്നുള്ളതാണ് അതിലെ ഒരു കാര്യം. കഴിഞ്ഞ കുറെ മാസങ്ങളായി വിദ്യാഭ്യാസ വകുപ്പ് പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥി കേന്ദ്രീകൃത സമഗ്ര വികസനത്തിന് ദീര്‍ഘ വീക്ഷണമുള്ള കാഴ്ചപ്പാടോടെ കുറെ പദ്ധതികളും അത് പൂര്‍ണതയില്‍ എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നു എന്നതിലൂടെ വിദ്യാഭ്യാസത്തില്‍ ജനകീയ ഇടപെടല്‍ സാധ്യമാകുന്നു.

പാഠപുസ്തകം വിതരണത്തിലും യൂണിഫോം വിതരണത്തിലും മുമ്പൊന്നും ഇല്ലാത്ത സമയക്രമം നമുക്ക് കാണാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികളുടെ മാനസികവും, സര്‍ഗാത്മകവുമായ കഴിവുകള്‍ അധ്യാപകര്‍ക്ക് തിരിച്ചറിയാനും അത് പ്രോത്സഹിപ്പിക്കനുമായി എല്ലാ നിയോജക മണ്ഡലങ്ങളിലും അവധി കാലങ്ങളില്‍ സംഘടിപ്പിച്ച സര്‍ഗോത്സവം, അക്കാദമിക് മികവിനോടൊപ്പം തന്നെ കലാപരമായും കായികപരവുമായ കുട്ടികളുടെ മികവിന് പ്രാധാന്യം നല്‍കുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ്. വിവര സാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യത കുട്ടികള്‍ക്ക് ലഭ്യമാക്കിയാല്‍ അവരുടെ പഠന നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് മാറും എന്ന് മനസിലാക്കി കൊണ്ട് ഹൈ ടെക്ക് ലാബുകളും, ക്ലാസ്സ് മുറികളും പൊതു വിദ്യാലയങ്ങളില്‍ ഒരുക്കുന്നു, അവര്‍ക്ക് കളിപ്പെട്ടി പോലുള്ള പഠന സഹായികള്‍ തയ്യാറാക്കി വിതരണം ചെയ്തിരിക്കുന്നു. എല്ലാവരും വിദ്യാര്‍ത്ഥികളാണ്, ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ വിവിധ പരിശീലനം നേടിയതിനു ശേഷമാണ് ഈ അധ്യയന വര്‍ഷം കുട്ടികളുടെ മുന്‍പില്‍ എത്തുന്നത്.

വിദ്യാര്‍ത്ഥികളുടെ സംശയത്തിനു മറുപടി നല്‍കാന്‍ അധ്യാപകര്‍ സജ്ജമാകേണ്ടത് ശിശു കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാനമാണ്. സ്‌കൂളുകളില്‍ ബാലോല്‍സവം, വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ ഗൃഹ സന്ദര്‍ശനവും ഒരു പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. മാതൃഭാഷയുടെ പ്രാധാന്യം മനസിലാക്കി കൊണ്ട് ഒന്നാം ക്ലാസ്സുമുതല്‍ മലയാളം ഭാഷ പഠനം നിര്‍ബന്ധമാക്കിയിരിക്കുന്നു. പൊതുവിദ്യാഭ്യാസവും പൊതുസമൂഹവും കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളം ലോകത്തിനു നല്‍കിയ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സാധ്യമാകുമോ എന്നതായിരിക്കും അടുത്ത വര്‍ഷങ്ങളില്‍ നമുക്ക് അറിയാനുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വ്യക്തമായ മാസ്റ്റര്‍ പ്ലാനിലൂടെ ഓരോ കലാലയങ്ങളും പ്രവര്‍ത്തനം തുടക്കം കുറിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു.

മദ്യത്തിനും മയക്കു മരുന്നിനും എതിരായി കലാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാതാപിതാക്കളും, കോളജ് ഭരണ സമിതിയില്‍ ഒരുമിച്ചു നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികളുടെ പഠന മികവിന് മുന്‍തൂക്കം കൊടുത്തു കൊണ്ടുള്ളള്ള സൗഹാര്‍ദ്ദ അന്തരീക്ഷം നിലനിര്‍ത്തല്‍ അത്യാവശ്യമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ കേരളത്തിലെ മുഴുവന്‍ കോളേജ് പ്രിന്‍സിപ്പല്‍മാരും ഒരു ദിവസം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചക്ക് വേണ്ടി ചര്‍ച്ച നടത്തി എന്നുള്ളത് ഒരു നല്ല തുടക്കമായി കാണാം. പഠനവും സാമൂഹിക സേവനവും പരസ്പര പൂരകമാവുന്ന പ്രവര്‍ത്തങ്ങള്‍ ഉണ്ടാകണം.

കേരളത്തിലെ സര്‍വകലാശാലകള്‍ സമയക്രമം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സര്‍വകലാശാലകളിലെ പരീക്ഷകള്‍ നടത്താനും അവയുടെ ഫലം പുറത്തു വിടാനും സമയക്രമം പാലിക്കപ്പെടണം. എല്ലാ സര്‍വകലാശാലകളും അക്കാദമിക് കലണ്ടര്‍ പിന്തുടര്‍ന്നാല്‍ വളരെ നല്ലതായിരിക്കും. സര്‍വകലാശാലകള്‍ അറിവിന്റെ ജനകീയ പാഠശാലകള്‍ ആകണം. അവിടങ്ങളിലെ ഗവേഷണങ്ങള്‍ പൊതുജനത്തിന് പ്രാപ്യമാകുന്നവയാകണം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തുന്ന ശാസ്ത്രയാന്‍ , കാലടി സംസ്‌കൃത സര്‍വകലാശാല നടപ്പിലാക്കിയ സോളാര്‍ പാനല്‍ എന്നിവ മാതൃകകളാണ്. പലപ്പോഴും പരീക്ഷ നടത്തിപ്പ് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍ എന്നിവരുടെ ഇടയില്‍ പ്രതിഷേധം വരുത്തി വയ്ക്കുന്നുണ്ട്, ഇതു ഒഴിവാക്കാന്‍ നിലവിലുള്ള പ്രക്രിയക്ക് പകരമായി വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കാന്‍ സര്‍വകലാശാലകള്‍ ശ്രമിക്കണം.

വിദ്യാര്‍ത്ഥികളുടെ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ എല്ലാവരുടെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്. കേരളത്തിലെ വിദ്യാഭ്യാസത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനും നമ്മുടെ കുട്ടികളെ അക്കാദമിക മികവിന്റെ അന്തരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനും കേരളത്തിലെ പൊതു സമൂഹം മുഴുവന്‍ പ്രവര്‍ത്തിച്ചാല്‍ ഈ അധ്യയന വര്‍ഷം കേരള വിദ്യാഭ്യാസ ചരിത്രത്തിനു തന്നെ മാതൃകയാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഡോ.ടി വി വിമല്‍കുമാര്‍

ഡോ.ടി വി വിമല്‍കുമാര്‍

തൃശൂര്‍ സെന്റ്.തോമസ് കോളേജില്‍ ഫിസിക്‌സ് വിഭാഗം അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍