UPDATES

പ്രളയം 2019

അപ്രത്യക്ഷമായത് നെഹ്റു നേരിട്ടെത്തി ദാനം ചെയ്ത ഭൂമി; കയ്യേറ്റങ്ങളും റബ്ബര്‍ പ്ലാന്‍റേഷനും കവളപ്പാറയിലെ ഭൂദാനത്തെ ഇല്ലാതാക്കിയത് ഇങ്ങനെ

140 കുടുംബങ്ങള്‍ക്കാണ് നിലമ്പൂര്‍ മേഖലയില്‍ അന്ന് ഭൂമി ലഭിച്ചത്. കുടുംബത്തില്‍ ഒരാള്‍ക്ക് അര ഏക്കര്‍ വീതമായിരുന്നു നല്‍കിയിരുന്നത്

നിലമ്പൂരില്‍ കവളപ്പാറ മുത്തപ്പന്‍ കുന്നിലെ ഉരുള്‍പൊട്ടലില്‍ 59 പേരാണ് മരണപ്പെട്ടത്. എന്നാല്‍ ഈ ദുരന്തത്തിന് ഏറെക്കാലം മുന്‍പുതന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പ്രദേശങ്ങളാണ് കവളപ്പാറയും മുത്തപ്പന്‍ കുന്നുമൊക്കെ. നിലമ്പൂരില്‍ നിന്ന് മുപ്പത്ത് കിലോമീറ്റര്‍ അകലെ പോത്തുകല്ല് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭൂദാനം എന്ന മേഖലയില്‍പ്പെടുന്ന പ്രദേശങ്ങളാണ് മുത്തപ്പന്‍ കുന്നും കവളപ്പാറയും ഒക്കെ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും മഹാത്മ ഗാന്ധിജിയുടെ പ്രിയ സത്യാഗ്രഹി വിനോബാഭാവെയുടെയും കയ്യൊപ്പ് പതിഞ്ഞ ഭൂമിയാണ് ഭൂദാനം. ഭൂദാനമെന്നും ഭൂദാനം കോളനിയെന്നും പേരുള്ള സ്ഥലങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ട്. ഇവിടെയെല്ലാം പേരിന്റെ പിന്നിലെ ചരിത്രം ഒന്നു തന്നെയാണ്. 1950കളില്‍ സ്വതന്ത്ര ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്ക് ഭൂമി ദാനംചെയ്യുന്നതിനായി വിനോബഭാവെയുടെ നേതൃത്വത്തിലുള്ള ഭൂദാനപ്രസ്ഥാനത്തിന്റെ ഭാഗമായി ഏക്കറുകണക്കിന് സ്ഥലം പ്രസ്ഥാനത്തിന് ദാനം കിട്ടുകയും അവര്‍ അത് അര്‍ഹതപ്പെട്ട പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയും ചെയ്തു. ഇങ്ങനെ ദാനം കൊടുത്ത പ്രദേശം ഭൂദാനമെന്നോ ഭൂദാന കോളനിയെന്നോ അറിയപ്പെടുകയായിരുന്നു.

കേരളത്തില്‍ 25 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഭൂദാന പ്രസ്ഥാനത്തിനായി കേരള സര്‍വ്വോദയമണ്ഡലം ശേഖരിച്ച് ദാനം ചെയ്തത്. ഏറനാടന്‍ മേഖലയായ നിലമ്പൂര്‍ കോവിലകത്ത് നിന്ന് സര്‍വ്വോദയമണ്ഡലത്തിന് ലഭിച്ചത് 1000 ഏക്കര്‍ ഭൂമിയാണ്. കോവിലകത്തെ 111 അവകാശികളാണ് അത് നല്‍കിയത്. ഇതോടെ നിലമ്പൂരിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും കിടപ്പാടവും കൃഷി ചെയ്യാനുള്ള മാര്‍ഗ്ഗവും തുറന്നുകിട്ടി. 140 കുടുംബങ്ങള്‍ക്കാണ് നിലമ്പൂര്‍ മേഖലയില്‍ അന്ന് ഭൂമി ലഭിച്ചത്. കുടുംബത്തില്‍ ഒരാള്‍ക്ക് അര ഏക്കര്‍ വീതമായിരുന്നു നല്‍കിയിരുന്നത്. പിന്നീട് അത് ഒരു കുടുംബത്തിന് രണ്ട് ഏക്കര്‍ ആയി നിജപ്പെടുത്തി. 1955 ഡിസംബറില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നിലമ്പൂരില്‍ നേരിട്ടെത്തിയാണ് ആദ്യ ഭൂമി ദാനം ചെയ്തത്. ആദിവാസിയായ ചൈരന്‍ മുത്തന് 4 ഏക്കര്‍ ഭൂമി നല്‍കികൊണ്ടാണ് നെഹ്റു ഇവിടുത്തെ ഭൂദാനത്തിന് തുടക്കം കുറിച്ചത്.


ഭൂദാനത്തിനായി നിലമ്പൂര്‍ കോവിലകത്ത് എത്തിയ ജവഹര്‍ലാല്‍ നെഹ്റു

കേരള സര്‍വ്വോദയമണ്ഡലം കോഴിക്കോട് മേഖലയിലെ അന്നത്തെ കണ്‍വീനര്‍ കെ രാധാകൃഷ്ണ മേനോനുവേണ്ടി നിലമ്പൂര്‍ കോവിലകത്തെ എ പൊന്നുണ്ണിരാജ ഒപ്പിട്ടു നല്‍കിയ ഭൂമിദാന പ്രമാണ പത്രത്തില്‍ ഭൂമി സ്വീകരിക്കുന്നവര്‍ പാലിക്കേണ്ട നിബന്ധകളും ചേര്‍ത്തിരുന്നു. ഭൂമി കടപ്പെടുത്താനോ കീഴ് കുടിയാനെ ഏല്‍പ്പിക്കാനോ മറ്റുള്ളവരോട് ചേര്‍ന്ന് പങ്ക് കൃഷി ചെയ്യാനോ പാടില്ല. ഭൂമി ദാനം സ്വീകരിക്കുന്നവര്‍ തന്നെ കൃഷി ചെയ്യണം. ഭൂമി കിട്ടി ആറ് മാസത്തിനകം കൃഷി ചെയ്യുകയും ഒരു കൊല്ലത്തിനകം ഭവനം ഉണ്ടാക്കി പാര്‍ക്കുകയും ചെയ്യാത്ത പക്ഷം ഭൂമി തിരിച്ചെടുത്ത് വെറെ ആളുകള്‍ക്ക് നല്‍കും. ദാനം സ്വീകരിച്ചവര്‍ക്കും അവരുടെ അവകാശികള്‍ക്കും പിന്തുടര്‍ച്ചക്കാര്‍ക്കും ഭൂമി അനുഭവിക്കാം. വസ്തു സംബന്ധിച്ച എല്ലാ നികുതികളും അടക്കേണ്ടതാണ് ഇങ്ങനെ പോകുന്ന നിബന്ധനകള്‍. പിന്നീട് ഈ നിബന്ധനകള്‍ എല്ലാം മറക്കുകയും ഭൂമി വില്‍ക്കുകയോ മറ്റുള്ളവര്‍ കൈവശപ്പെടുത്തി ഭൂമി ഇടപാടുകളും കൃഷികളുമൊക്കെ നടത്തുകയും ചെയ്തു.

മുത്തപ്പന്‍ കുന്നും കവളപ്പാറയുമുള്‍പ്പടെയുള്ള പ്രദേശങ്ങള്‍ പലര്‍ക്കും ഭൂദാനമായി കിട്ടിയതാണ്. പുതിയ പട്ടയം വന്നതോടെ പഴയ നിബന്ധകള്‍ മാറുകയും അവകാശികള്‍ക്ക് ഏതു രീതിയിലും ആ വസ്തുക്കള്‍ ഉപയോഗിക്കാമെന്ന നില വരുകയും ചെയ്തു. എണ്‍പതുകളുടെ തുടക്കത്തില്‍ കണ്ണൂര്‍ ഇരട്ടി ഭാഗങ്ങളിലേക്ക് കുറിയേറിപ്പാര്‍ത്തവരും മധ്യതിരുവതാംകൂറുകാരും പിന്നീട് മലബാര്‍ പ്രദേശങ്ങളിലെ ആളുകളും കൃഷിയും മറ്റു കാര്യത്തിനായും ഈ പ്രദേശത്തേക്ക് കുടിയേറിപ്പാര്‍ത്തു. പ്രദേശത്തുണ്ടായിരുന്ന വനങ്ങള്‍ തെളിച്ച് കൃഷിയിടമാക്കുകയും പിന്നീട് ഏക്കറു കണക്കിന് ഭൂമി സ്വന്തമാക്കി പുറം പ്രദേശത്തുള്ളവര്‍ മലയിടിച്ച് റബര്‍ പ്ലാന്റ് ചെയ്യാന്‍ തുടങ്ങിയെന്നും അതിനായി മലയുടെ വശങ്ങള്‍ ചുരം പോലെ വെട്ടി പാതയുണ്ടാക്കിയെന്നും ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി കൃഷിപ്പണിയെടുത്ത് ജീവിക്കുന്ന പ്രദേശവാസിയായ സത്യന്‍ പറയുന്നു.


കെ രാധാകൃഷ്ണ മേനോനുവേണ്ടി നിലമ്പൂര്‍ കോവിലകത്തെ എ പൊന്നുണ്ണിരാജ ഒപ്പിട്ടു നല്‍കിയ ഭൂമിദാന പ്രമാണ പത്രം

മുത്തപ്പന്‍ കുന്നിന്റെ കവളപ്പാറ ഭാഗത്താണ് ഇപ്പോള്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. എട്ടാം തിയതി രാത്രി ഏകദേശം എട്ട് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഈ ദുരന്തം പുറംലോകത്തെ അറിയിക്കാന്‍ പോലും നാട്ടുകാര്‍ക്ക് സാഹചര്യമുണ്ടായിരുന്നില്ല. ദുരന്തത്തിന് രണ്ട് ദിവസം മുമ്പ് തന്നെ നാട്ടില്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായി സത്യന്‍ വ്യക്തമാക്കി. മൊബൈല്‍ സിഗ്നലുകളില്ലാത്തതും റോഡുകള്‍ തകര്‍ന്നതിനാല്‍ ഗതാഗത സംവിധാനം തടസ്സപ്പെട്ടതും ദുരന്തത്തിന്റെ ആക്കം കൂട്ടി. ഇബ്‌നു സാജിദ് എന്നയാളാണ് ദുരന്ത വിവരം പുറം ലോകത്തെ അറിയിച്ചതെന്നും സത്യന്‍ വ്യക്തമാക്കി. ഇബ്‌നു ഗള്‍ഫിലുള്ള തന്റെ സഹോദരിയെ വിവരം ഫോണ്‍ വിളിച്ച് അറിയിക്കുകയും അവര്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഇബ്‌നുവിന്റെ നമ്പരും കൂടിച്ചേര്‍ത്ത് പുറം ലോകത്തെ അറിയിക്കുകയുമായിരുന്നു. ഫയര്‍ റെസ്‌ക്യൂ അധികൃതര്‍ ഇബ്‌നുവിനെ വിളിച്ച് ഈ വാര്‍ത്ത വ്യാജമല്ലേയെന്നാണ് ആദ്യം ചോദിച്ചത്. ഏഷ്യാനെറ്റ് ഇബ്‌നുവിനെ വിളിച്ചപ്പോള്‍ ഇയാള്‍ കരഞ്ഞുകൊണ്ടാണ് ഈ വാര്‍ത്ത സത്യമാണെന്നും തങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടത്.

മുത്തപ്പന്‍ കുന്നിന്റെ ചോളപ്പാറ സൈഡ് പൂര്‍ണമായും മണ്ണിടിച്ചിലില്‍ തകര്‍ന്നു. എത്രയെത്ര വീടുകളാണ് തകര്‍ന്നതെന്നോ ആരൊക്കെയാണ് പോയതെന്നോ തങ്ങള്‍ക്ക് പോലും നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നില്ലെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടും കല്‍പ്പിച്ച് കവളപ്പാറ, ഭൂദാനം പ്രദേശത്തെ ഏതാനും ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങിയതോടെയാണ് ഇപ്പോഴുള്ളവരെയെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചത്. പതിനെട്ട് വീടുകളാണ് ഈ മേഖലയില്‍ നശിക്കാതെ ലഭിച്ചത്. ഇടിഞ്ഞുവന്ന മണ്ണ് മൂന്ന് ഭാഗമായി തിരിഞ്ഞു പോയതിനാലാണ് ഈ വീടുകളെങ്കിലും രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ ഭൂദാനം പ്രദേശം തന്നെ ഇല്ലാത്ത അവസ്ഥയുണ്ടാകുമായിരുന്നെന്നും സത്യന്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി എട്ട് മണിക്ക് അപകടമുണ്ടായ ശേഷം പിറ്റേന്ന് ഒമ്പത് മണിവരെ നാട്ടുകാര്‍ എത്തുന്നതും കാത്തിരിക്കേണ്ടി വന്നവരും ഇവിടെയുണ്ട്. നാല് വയസ്സായ കുട്ടിയുടെ മൃതദേഹവുമായി ഇവര്‍ വരുന്നതും കാത്തിരിക്കുന്ന ഒരു അമ്മയെക്കുറിച്ചും സത്യന്‍ വിശദീകരിക്കുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് യാതൊരു വിധത്തിലുള്ള മുന്നറിയിപ്പുകളും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും സത്യന്‍ വ്യക്തമാക്കി.

ഭൂദാന പ്രസ്ഥാനത്തിന്റെ ചരിത്രം

1948ല്‍ ഗാന്ധിജിയുടെ മരണശേഷം അഹിംസാ സിദ്ധാന്തം പ്രചരിപ്പിക്കുന്നതിന്റെ ചുമതല വിനോബാ ഭാവെ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി അദ്ദഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൗണാര്‍ ആശ്രമത്തില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. സമൂഹത്തില്‍ ഏവരുടെയും ഉയര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള സര്‍വ്വോദയ എന്ന ഗാന്ധിയന്‍ ദര്‍ശനത്തിന്റെ വക്താവായിരുന്നു വിനോബാ ഭാവേ. ഇതുമായി ബന്ധപ്പെട്ട് 1951-ല്‍ നടന്ന മൂന്നാമത് സര്‍വോദയ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം ഹൈദരാബാദിനടുത്തുള്ള ശിവറാംപള്ളിയില്‍ എത്തിച്ചേര്‍ന്നു. 1951 ഏപ്രില്‍ 18-ന് നല്‍ഗൊണ്ട ജില്ലയിലെ പോച്ചംപള്ളി ഗ്രാമത്തില്‍ എത്തിച്ചേര്‍ന്ന വിനോബാ ഭാവേ, 700 കുടുംബങ്ങള്‍ വസിച്ചിരുന്ന ആ ഗ്രാമത്തില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവര്‍ക്ക് യാതൊരു സഹായവും ലഭിച്ചിരുന്നില്ല. പോച്ചംപള്ളിയിലെ പട്ടിണിപ്പാവങ്ങളായ ആ ദലിതര്‍ക്കു കൃഷി ചെയ്ത് ജീവിക്കുവാന്‍ ഭൂമി ആവശ്യമുണ്ടെന്ന് മനസിലാക്കിയ വിനോബാഭാവേ, ഗ്രാമവാസികളോട് 80 ഏക്കര്‍ ഭൂമി ദാനം ചെയ്യുമോയെന്ന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പ്രദേശത്തെ ജന്മിയായിരുന്ന രാമചന്ദ്ര റെഡ്ഡി 100 ഏക്കര്‍ ഭൂമി ദാനമായി നല്‍കി. ഈ സംഭവം വിനോബാ ഭാവയെ ഏറെ സ്വാധീനിച്ചത്തോടെയാണ് ഭൂദാന പ്രസ്ഥാനത്തിന് തുടക്കമാവുന്നത്. ഇതോടെ പോച്ചംപള്ളി ഗ്രാമത്തിന്റെ പേര് ഭൂദാന്‍ പോച്ചംപള്ളി എന്ന് പുനര്‍നാമകരണം ചെയ്തു. പിന്നീട് പല സ്ഥലങ്ങളും ഭൂദാന പ്രസ്ഥാനത്തിലേക്ക് ദാനം ചെയ്ത് കഴിഞ്ഞതിന് ശേഷം അറിയപ്പെടുന്നത് ‘ഭൂദാനം’ എന്ന പേരും കൂടിചേര്‍ത്തായിരുന്നു.

ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചരണാര്‍ത്ഥം വിനോബാ ഭാവേയും അനുയായികളും ഇന്ത്യയിലുടനീളം പദയാത്രകള്‍ നടത്തി. ‘വായുവും വെള്ളവും വെളിച്ചവും പോലെ ഭൂമിയും പൊതുമുതലാണ്. സ്വകാര്യ ഉടമസ്ഥത പാടില്ല’ എന്ന വിനോബാ ഭാവേയുടെ വാക്കുകളുള്‍ മുദ്രാലാക്യമാക്കിയ ഭൂദാന പ്രചരണ ജാഥകള്‍ വളരെ വേഗമാണ് രാജ്യത്ത് അലയടിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല ബഹുജനമുന്നേറ്റമായി മാറിയ ഭൂദാന പ്രസ്ഥാനത്തിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഭൂമി ദാനം ചെയ്‌തോടെ ഇതിന് വ്യാപക പ്രചരണവും ലഭിച്ചു. ഭൂദാന പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയിലും വിദേശത്തും സമാന പ്രസ്ഥാനങ്ങളും ഉയര്‍ന്നുവന്നു. കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിലും ഭൂദാന പ്രസ്ഥാനത്തിന്റെ ആശയങ്ങളുണ്ട്. സമ്പത്തീദാന്‍, ഗ്രാമദാന്‍, ജീവന്‍ദാന്‍, സാധന്‍ ദാന്‍ എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങള്‍ ഭൂദാന്‍ പ്രസ്ഥാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും 5000 ഗ്രാമങ്ങള്‍ ഉള്‍പ്പെടെ 40 ലക്ഷം ഏക്കര്‍ ഭൂമി ദാനമായി ലഭിക്കുകയും അവയെല്ലാം ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഭൂദാന്‍ പ്രസ്ഥാനം 1957 വരെ ശക്തമായി മുന്നേറിയ ഈ ആശയം പിന്നീട് ദുര്‍ബലമാകാന്‍ തുടങ്ങി. ഇന്ത്യയിലെ ഭൂരഹിതരില്‍ നല്ലൊരു ശതമാനത്തിനും ഭൂമി നേടിക്കൊടുത്ത ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 1974-ല്‍ പൂര്‍ണ്ണമായും നിലച്ചു.

സര്‍വോദയ മണ്ഡലം

സര്‍വ സേവാ സംഘത്തിന്റെ സംസ്ഥാനഘടകങ്ങളെയാണ് സര്‍വോദയ മണ്ഡലം എന്ന് പറയുന്നത്. മഹാത്മാഗാന്ധിയുടെ മരണശേഷം 1948 ഫെബ്രുവരിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം സാധാരണ രാഷ്ട്രീയ കക്ഷിയായി മാറിയതോടെ കക്ഷി രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത ഗാന്ധിയന്‍മാരായ നിര്‍മാണപ്രവര്‍ത്തകര്‍ രൂപവല്‍ക്കരിച്ചതാണ് സര്‍വ സേവാ സംഘം. 1948 മാര്‍ച്ചില്‍ വാര്‍ദ്ധയിലെ സേവാഗ്രാമില്‍ ചേര്‍ന്ന ഗാന്ധിയന്‍ നിര്‍മാണപ്രവര്‍ത്തകരുടെ യോഗത്തില്‍ സ്ഥാപിതമാവുകയും വിനോബാ ഭാവേ അതിന്റെ പ്രധാനനേതാവ് ആവുകയും ചെയ്തു. വിനോബാ ഭാവേയുടെ നേതൃത്വത്തിലുള്ള ഭൂദാന പ്രസ്ഥാനം സര്‍വ സേവാ സംഘത്തിന്റെ അനുയായികളില്‍ വലിയ സ്വാധീനമായിരുന്നു ചെലുത്തിയിരുന്നത്. രാജ്യത്തെ പല സ്ഥലങ്ങളിലും ഭൂദാന പ്രസ്ഥാനത്തിന് മുന്നിട്ടിറങ്ങിയത് സര്‍വ സേവാ സംഘങ്ങളും അവരുടെ സംസ്ഥാന ഘടകങ്ങളായ സര്‍വോദയ മണ്ഡലങ്ങളുമായിരുന്നു.

ചിത്രങ്ങള്‍: ഗിരി

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍