UPDATES

ട്രെന്‍ഡിങ്ങ്

ലിംഗം മുറിച്ചതിനെ മഹത്വവത്ക്കരിക്കേണ്ടതുണ്ടോ? പക്ഷം തിരിഞ്ഞ് സോഷ്യല്‍ മീഡിയ

തന്നെ പീഡിപ്പിച്ച സന്യാസിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിയുടെ നടപടിയെ മഹത്വവല്‍ക്കരിക്കേണ്ടതുണ്ടോ? സമൂഹമാധ്യമത്തിലെ ചില ചര്‍ച്ചകള്‍

ലൈംഗിക പീഡനം സഹിക്കാനാകാതെ യുവതി 54-കാരനായ സന്യാസിയുടെ ലിംഗം മുറിച്ചെന്ന വാര്‍ത്ത രാവിലെ കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടത്. പന്മന ആശ്രമത്തിലെ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ലിംഗം തിരുവനന്തപുരം പേട്ടയില്‍ വച്ച് യുവതി മുറിക്കുകയായിരുന്നു. പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ തുടര്‍ന്നു വന്ന പീഡനം സഹിക്കാനാകാതെ ഇന്നലെ രാത്രിയാണ് യുവതി കൃത്യം നിര്‍വഹിച്ചത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ മെഡിക്കല്‍ കോളേജിലെത്തിക്കുകയും ചെയ്തു. വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെയും തുടര്‍ന്ന് മുഖ്യധാര മധ്യമങ്ങളിലൂടെയും കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നത്. അതില്‍ പ്രധാനപ്പെട്ട ചിലത് പരിശോധിക്കാം.

ചവറ പന്മന ആശ്രമത്തില്‍ നിന്നുള്ള പത്രക്കുറിപ്പാണ് അതിലൊന്ന്. ആശ്രമത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തയാണ് ഇതെന്നാണ് മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. അതേസമയം ഹരിസ്വാമി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തില്‍ താമസിച്ച് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ചതാണെന്ന് മഠം സമ്മതിക്കുന്നു. ഈ പേരില്‍ ആശ്രമത്തിന്റെ വിലാസത്തില്‍ തെരഞ്ഞെടുപ്പ് വോട്ടര്‍ കാര്‍ഡും ഇദ്ദേഹത്തിനുണ്ടെന്നും മഠം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പിന്നീട് ആശ്രമത്തില്‍ നിന്നും ഇയാളെ പുറത്താക്കിയെന്നാണ് പറയുന്നത്. കോഴഞ്ചേരി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടല്‍ ബിസിനസുകള്‍ നടത്തിവരുന്ന ഇയാളുമായി ആശ്രമത്തിന് ബന്ധമില്ലെന്നും മഠം പറയുന്നു. അതേസമയം പോലീസ് പറയുന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ഇയാള്‍ ആശ്രമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുത്തതായി വ്യക്തമായിട്ടുണ്ടെന്നാണ്.

ഇനി ഹരിസ്വാമിയുടെ തന്നെ പ്രതികരണം നോക്കാം. പെണ്‍കുട്ടിയല്ല, താന്‍ തന്നെയാണ് ലിംഗം മുറിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാരോടാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് മാത്രം ഇയാള്‍ വ്യക്തമാക്കുന്നില്ല. പ്ലസ് ടു ക്ലാസ് മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും സഹികെട്ട് താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്നും പെണ്‍കുട്ടി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്‌കോ നിയമപ്രകാരം പോലീസ് സ്വാമിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ നിന്നും രക്ഷപ്പെടാനാകാം ആശ്രമവും സ്വാമിയും ഇത്തരത്തിലുള്ള വിശദീകരണങ്ങള്‍ നല്‍കുന്നതെന്ന് വ്യക്തം.

അതേസമയം ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ വിശകലനം ചെയ്തുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളായിരുന്നു. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നമ്മുടെ നാട്ടില്‍ സ്വാഭാവികമായും ഈ വിഷയത്തിലും വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം റിലീസ് ചെയ്തപ്പോഴും സമാനമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ലൈംഗിക പീഡനത്തിന് ലിംഗഛേദം എന്ന ശിക്ഷയാണ് അന്നും ചര്‍ച്ച ചെയ്യപ്പെട്ടത്.

വിഷയത്തില്‍ പ്രതികരിച്ചതില്‍ ഏറ്റവും പ്രമുഖന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പെണ്‍കുട്ടിയുടേത് ധീരവും ഉദാത്തവുമായ നടപടിയാണെന്നും ആവേശം കൊള്ളുന്നു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് ഉറപ്പു നല്‍കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. പ്രതികരണങ്ങളിലേറെയും ഇത്തരത്തിലുള്ളവ തന്നെയായിരുന്നു. സ്ത്രീപീഡനക്കേസിലെ പ്രതികളെ ലിംഗഛേദം ചെയ്യണമെന്ന ആവശ്യം ഏറെക്കാലമായി നമ്മുടെ സമൂഹത്തില്‍ ഉയരുന്നുണ്ട്. സ്ത്രീപീഡനം നടത്തുന്നവരെ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ വിട്ടുകൊടുക്കാതെ മാതൃകാപരമായി ശിക്ഷിക്കണമെന്നതാണ് പലരുടെയും ആവശ്യം. മുഖ്യമന്ത്രിയെക്കൂടാതെ ഒട്ടനവധി പേര്‍ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ചും മഹത്വവല്‍ക്കരിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങള്‍ മുന്നോട്ടുവച്ചു. സ്ത്രീ, ബാല പീഡനങ്ങളുടെ ഒട്ടനവധി വാര്‍ത്തകള്‍ ദിനംപ്രതി വായിച്ച് മനസ് മടുത്ത ഒരു സമൂഹത്തിന്റെ രോഷ പ്രകടനമായാണ് അതിനെ കാണേണ്ടത്. എന്നാല്‍ പിണറായി വിജയന്‍ എന്ന മനുഷ്യനപ്പുറം, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ വികാരം മാത്രം ഭരിക്കുന്ന, വിവേകത്തിന്റേതല്ലാത്ത ഭാഷയാണോ ഉണ്ടാകേണ്ടിയിരുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്.

പെണ്‍കുട്ടിയെ ന്യായീകരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് തങ്ങളുടെ നിസഹായവസ്ഥയില്‍ നിന്നുണ്ടായ പകയുടെ വെളിപ്പെടുത്തലാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ മഹത്തായ നമ്മുടെ നീതിന്യായ വ്യവസ്ഥ മാനുഷിക പരിഗണനകള്‍ ഏറെ കല്‍പ്പിക്കുന്നുവെന്നതിനാല്‍ തന്നെ ഒട്ടനവധി പോരായ്മകളുമുള്ളതാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് അതിന്റെ അന്ത:സത്ത ആവശ്യപ്പെടുന്നതും. സ്ത്രീപീഡനം ആരോപിക്കപ്പെടുകയും ഏറെനാള്‍ നിയമക്കുരുക്കില്‍ ദുരിതമനുഭവിക്കുകയും ചെയ്ത ശേഷം നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്ന എത്രയോ സംഭവങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ടായിട്ടുണ്ട്. ഇതില്‍ ചിലരെല്ലാം നിയമത്തിന്റെ ആനുകൂല്യത്തിലും മറ്റൊരു വിഭാഗം നിരപാരാധികളായതിനാല്‍ തന്നെയും രക്ഷപ്പെടുന്നവരാണ്. നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ ശിക്ഷിക്കപ്പെടുന്നവരുമുണ്ട്.

അതേസമയം പെണ്‍കുട്ടിയെ മഹത്വവല്‍ക്കരിക്കുന്നതിന് പകരം ഇതിനെ അവളുടെ നിസഹായതയായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഏതൊരു കാര്യത്തെയും ദുരുപയോഗം ചെയ്യാനുള്ള അവസരമായി ഈ മഹത്വവല്‍ക്കരണം മാറരുതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ ഇരയായ പെണ്‍കുട്ടിയെ ന്യായീകരിക്കുന്നുമില്ല, വേട്ടക്കാരനായ സന്യാസിയോട് സഹതാപവുമില്ല. സ്വന്തം ജീവന്‍ രക്ഷിക്കാനായി ഒരു കൊലപാതകം ചെയ്യേണ്ടി വരുന്ന വ്യക്തിയോടുള്ള സമീപനം മാത്രം. അല്ലാതെ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയെ മഹത്വവല്‍ക്കരിച്ചാല്‍ ഭാവിയില്‍ അതുണ്ടാക്കുക വലിയ ദുരന്തമായിരിക്കുമെന്നും ഇവര്‍ വാദിക്കുന്നു. ഇതിനെ സ്ത്രീശാക്തീകരണം എന്നൊക്കെ വിശേഷിപ്പിച്ച് ആഘോഷിച്ചത് കടന്നകയ്യായി പോയെന്നും ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. “ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ടിടത്ത്, എല്ലാത്തിനും മീതെ പുരുഷാധിപത്യ സമൂഹത്തിനോട് പ്രതികരിക്കാൻ തുടങ്ങിയ പെൺസമൂഹം മുതലായ വലിയ വാക്കുകളിലേക്കൊന്നും പോകേണ്ടതില്ല. അങ്ങേയറ്റത്തെ നിസ്സഹായതയുടെ മറ്റൊരു മുഖമായിരിക്കാം, കൊന്നു തിന്നുകൊണ്ടിരിക്കുമ്പോൾ അവസാനശ്വാസത്തിലെ മാനസികപ്രശ്നമായിരിക്കാം. എങ്കിലും പുതുതലമുറക്ക് ഇത് ഊർജ്ജം പകരുമോ?. ഒരു നായികകഥാപാത്രമായ ടെസയെ പെണ്ണുങ്ങൾ നെഞ്ചിലേറ്റിയത് ഓർമ്മയില്ലേ… എന്തായാലും സ്ത്രീശാക്തീകരണം എന്നൊക്കെ പറഞ്ഞുള്ള ആഘോഷം കടന്ന കൈയായിപ്പോയി” എന്നാണ് ഷബ്‌ന മരിയ ഇതേക്കുറിച്ച് നടത്തിയിരിക്കുന്ന നിരീക്ഷണം.

സമൂഹം ആദ്യമായി നേരിട്ട അനുഭവമായതിനാല്‍ തന്നെ പലര്‍ക്കും ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് തന്നെ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. സിപിഎം നേതാവ് ചെറിയാന്‍ ഫിലിപ്പിന്റെ അഭിപ്രായ പ്രകടനം അത്തരത്തിലൊന്നാണ്. ‘സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളി വേണ്ട! ഭിന്നലിംഗ പട്ടികയിലാവും!’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഭിന്നലിംഗക്കാരെ മനസിലാക്കാതെയുള്ള ചെറിയാന്‍ ഫിലിപ്പിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തു. അതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച അദ്ദേഹം മാപ്പ് അപേക്ഷിക്കുകയായിരുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍