UPDATES

എഎം ഷിനാസ്

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

എഎം ഷിനാസ്

ട്രെന്‍ഡിങ്ങ്

സ്വാതന്ത്ര്യസമരം ഒന്നേ ഉണ്ടായിട്ടുള്ളൂ; പൈക ഒന്നാം സ്വാതന്ത്ര്യസമരമെങ്കില്‍ പഴശ്ശികലാപവും അങ്ങനെ തന്നെ

1857 ലെ ലഹളയും അതിനുമുമ്പുണ്ടായിരുന്നു സമരങ്ങളും സമരങ്ങളായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അവ ദേശീയ ബോധത്താല്‍ പ്രചോദിതമായ സ്വാതന്ത്ര്യസമരമായിരുന്നില്ല.

എഎം ഷിനാസ്

1857-1859 കാലത്ത് നടന്ന ലഹള ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ചത് വിഡി സവര്‍ക്കറാണ്. ‘ദി ഫസ്റ്റ് വാര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന അദ്ദേഹത്തിന്റെ കൃതിയിലാണ് അങ്ങനെയൊരു വിശേഷണം ആദ്യമായി ഉണ്ടാവുന്നത്. പിന്നീട് ദേശീയ പ്രസ്ഥാനത്തിന് ഒരു പൂര്‍വ്വ മാതൃക എന്ന നിലക്ക് പല ചരിത്രകാരന്‍മാരും ആ വിശേഷണം പിന്തുടരുകയായിരുന്നു. ഇപ്പോള്‍ 1817 ന് നടന്ന പൈക സമരത്തേയും ഒന്നാം സ്വാതന്ത്ര്യ സമരം എന്നും വിശേഷിപ്പിക്കുന്നു. അങ്ങനെയാണെങ്കില്‍ അതിനു മുമ്പ് നടന്ന പഴശ്ശി സമരം അടക്കമുളള നിരവധി സമരങ്ങള്‍ ഇന്ത്യയിലെ പല മേഖലയിലും നടന്നിട്ടുണ്ട്. അതൊക്കെ സ്വാതന്ത്ര്യ സമരമായി കണക്കാക്കേണ്ടി വരും.

1857-59 കാലഘട്ടത്തില്‍ നടന്ന ‘ഒന്നാം സ്വാതന്ത്ര്യസമരത്തിന്’ നിരവധി വ്യാഖ്യാനങ്ങളുണ്ട്. അന്ന് നടന്ന ലഹള ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ വടക്കു ഭാഗത്തോ, തെക്കു ഭാഗത്തോ, വടക്കു കിഴക്കന്‍ മേഖലയിലേ ലഹള ഉണ്ടായിരുന്നില്ല. അന്നത്തെ ലഹള പ്രധാനമായും അരങ്ങേറിയത് മദ്ധ്യപ്രദേശ്, ഉത്തരപ്രദേശ്, ഡല്‍ഹി എന്നീ പ്രദേശങ്ങളിലായിരുന്നു.  എങ്കിലും അത് ഒന്നാം സ്വാതന്ത്ര്യസമരമാണെന്നു പറയുന്നവരുണ്ട്. അതെസമയം, അത് ബ്രിട്ടീഷുകാരുടെ വരവിനു ശേഷം അധികാരം നഷ്ടപ്പെട്ട ഫ്യുഡല്‍ നാടുവാഴികളുടെയും നാട്ടുരാജാക്കന്‍മാരുടെയും റിയാക്ഷന്‍ ആയിരുന്നുവെന്നും വ്യാഖ്യാനമുണ്ട്. ഉദാഹരണത്തിന്, ഝാന്‍സി റാണി തുടക്കത്തില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്ക വന്നിരുന്നില്ല. ദത്തുപുത്രന്‍മാരെ രാജാക്കന്‍മാരാക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ആ രാജ്യം ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി ബ്രിട്ടീഷ് ഇന്ത്യയോട് ചേര്‍ക്കണമെന്ന് നിയമം വന്നു. അതിനു ശേഷമാണ് ലഹള ഉണ്ടായത്. തന്റെ ദത്തുപുത്രനെ രാജാവാക്കൂ അങ്ങനയാണെങ്കില്‍ ഞാന്‍ ലഹളയെ അടിച്ചൊതുക്കാമെന്നു ഝാന്‍സി റാണി ബ്രീട്ടീഷ് അധികാരികളോട് കേണു പറഞ്ഞു. പക്ഷെ, അവര്‍ അത് അനുവദിച്ചില്ല. അങ്ങനെയാണ് റാണി ലക്ഷമി ഭായ് ഒന്നാം സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്ത് ചാടുന്നതും വീരോചിതമായി പടവെട്ടുന്നതും. ജവഹര്‍ലാല്‍ നെഹ്രൂവും മാര്‍ക്‌സിസറ്റ് ചരിത്രകാരന്‍മാരും ഒന്നാം സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കുന്ന 1857-59 കാലത്തെ ലഹളയെ വ്യാഖ്യാനിക്കുന്നതും അങ്ങനെയാണ്. അധികാരം നഷ്ടപ്പെട്ട നാട്ടുരാജക്കന്‍മാരുടെ റിയാക്ഷന്‍ ആയിരുന്നു അന്നത്തെ ലഹളയെന്നാണ് അവരുടെ വ്യഖ്യാനം.

1885 ല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിനു ശേഷം ഇന്ത്യയില്‍ ഉടനീളം ദേശീയ ബോധം ഉയര്‍ന്നുവരികയും അതിനെ തുടര്‍ന്നു അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഉയര്‍ന്ന വന്ന പോരാട്ടങ്ങളാണ് ഒന്നാം സ്വാതന്ത്ര്യ സമരമെന്നാണ് എന്റെ അഭിപ്രായം. 19ാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലും 20ാം നൂറ്റാണ്ടിന്‍െ പ്രഥമാര്‍ദ്ധത്തില്‍ അരങ്ങേറിയ സമരങ്ങളാണതെന്നു ഉറപ്പിച്ചു പറയാം. അത് ക്രമാനുഗതമായി സംഭവിച്ചതാണ്. ആദ്യം കോണ്‍ഗ്രസ് മിതവാദ പ്രസ്ഥാനമായിരുന്നു. 1914 വരെ അങ്ങനെ തുടര്‍ന്നു. 1857-1859 കാലഘട്ടത്തില്‍ നടന്ന ലഹളക്കു ശേഷം പല തരത്തിലുളള സംഘടനകള്‍ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവിര്‍ഭാവമാണ് ഏകോപിതമായ ഇന്ത്യ എന്ന നിലക്കുളള ദേശിയ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നു പറയാം. വാസ്തവത്തില്‍, ഒന്നാം സ്വാതന്ത്ര്യസമരം എന്നു പറയുന്ന 1857ലെ കലാപം വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ഉണ്ടാവുമായിരുന്നില്ല. കാരണം, നാട്ടുരാജാക്കന്‍മാര്‍ ജയിക്കുകയും അവര്‍ അവരുടെ വാഴ്ച തുടരുകയും ചെയ്യുമായിരുന്നു. മാത്രമല്ല, ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയാല്‍ എന്തു ചെയ്യുമെന്നെതിനെ കുറിച്ച് അവര്‍ക്ക് ഒരു ഭാവി പദ്ധതിയും ഉണ്ടായിരുന്നില്ല.

1857 നു മുമ്പ് രാജ്യത്ത് നിരവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. പഴശ്ശിയും, ടിപ്പുസുല്‍ത്താനും, വീരപാണ്ഡ്യ കട്ടബൊമ്മനും തുടങ്ങി നിരവധി പേര്‍. അതൊന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരമാണെന്ന് പറയാനാകില്ല. പഴശ്ശിരാജ വടക്കെ കോട്ടയത്തു നിന്നും നികുതി പിരിക്കാനുളള അവകാശം തന്റെ അമ്മാവനായ കുറമ്പനാട്ടിലെ വീരവര്‍മ്മക്കു നല്‍കിയതില്‍ പ്രകോപിതനായാണ് പട തുടങ്ങിയത്. ടിപ്പു ആവട്ടെ മൈസൂരും മലബാറിലെ ഭൂപ്രദേശങ്ങളും നിലനില്‍ക്കുന്നതിനു വേണ്ടിയാണ് യുദ്ധ ചെയ്തത്. ദേശീയ ബോധത്താല്‍ ഉത്തേജിതരായാണ് ഇവരൊക്കെ പോരാടിയതെന്ന് പറയാനൊക്കില്ല. കാരണം ഇന്ത്യ എന്ന ഭാവനപോലും അന്നുണ്ടായിരുന്നില്ല. നാട്ടുരാജ്യങ്ങളായിരുന്നു അവരുടെ രാജ്യങ്ങള്‍. 600 ല്‍ പരം രാജ്യങ്ങളുണ്ടായിരുന്നു അക്കാലത്ത്.

വസ്തുനിഷ്ടമായി പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ആവിര്‍ഭാവവും തുടര്‍ന്ന്, ക്രമാനുഗതമായി വളര്‍ന്നുവന്നതാണ് ഇന്ത്യ എന്ന ദേശീയ ബോധവും. അതെ തുടര്‍ന്നാണ് സ്വാതന്ത്ര്യസമരം ആരംഭിക്കുന്നത്. അതൊരു ബഹുമുഖസമരമായിരുന്നു. കോണ്‍ഗ്രസില്‍ തന്നെ ഗാന്ധിജിയും സുഭാഷ് ചന്ദ്ര ബോസ്, സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് തുടങ്ങി റാഡിക്കല്‍ പ്രസ്ഥാനങ്ങള്‍, അംബേദ്ക്കര്‍ അങ്ങനെ നിരവധി നേതാക്കള്‍ രൂപപെടുത്തിയതാണ് സ്വാതന്ത്ര്യസമരം. ഇടുതുപക്ഷ പ്രസ്ഥാനങ്ങളും അതിന്റെ ഭാഗമായിരുന്നു. 1857 ലെ ലഹളയും അതിനുമുമ്പുണ്ടായിരുന്ന സമരങ്ങളും സമരങ്ങളായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അവ ദേശീയ ബോധത്താല്‍ പ്രചോദിതമായ സ്വാതന്ത്ര്യസമരമായിരുന്നില്ല.

(എ എം ഷിനാസുമായി അഴിമുഖം ന്യൂസ് കോര്‍ഡിനേറ്റര്‍ യാസിര്‍ സംസാരിച്ചു തയ്യാറാക്കിയത്)

എഎം ഷിനാസ്

എഎം ഷിനാസ്

ചരിത്രാധ്യാപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍