UPDATES

പ്രവാസം

ടൊയോട്ട സണ്ണി: കുവൈറ്റ് യുദ്ധകാലത്ത് 1.75 ലക്ഷത്തോളം ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് നേതൃത്വം കൊടുത്തയാള്‍

ലോകത്തിലെ ഏറ്റവും വലിയ എയര്‍ലിഫ്റ്റ് ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ചു.

1990-ലെ കുവൈറ്റ് യുദ്ധകാലത്ത് ഒന്നേമുക്കാല്‍ ലക്ഷത്തോളം ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലെത്തിച്ച ടൊയോട്ട സണ്ണിയെന്ന എം മാത്യൂസ് (82) ഓര്‍മ്മയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സണ്ണി. ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയപ്പോള്‍ ആദ്യം അവിടെനിന്നു രക്ഷപ്പെടാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്ന വ്യക്തിയായിരുന്നു സണ്ണി. എന്നാല്‍ സ്വന്തം ജീവനും താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തും സംരക്ഷിക്കാന്‍ ശ്രമിക്കാതെ മൂന്നു മാസത്തോളം മരണം വരെ മുന്നില്‍ കണ്ട്, തിരിച്ചെത്താനാഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിച്ച സണ്ണിയുടെ കഥയാണ് അക്ഷയ് കുമാര്‍ നായകനായ ‘എയര്‍ലിഫ്റ്റ്’ എന്ന ബോളിവുഡിന് ചിത്രത്തിന് പ്രേരണയായത്.

കുവൈറ്റ് യുദ്ധകാലത്ത് ഇന്ത്യന്‍ എംബസിയടക്കം സര്‍ക്കാരിന്റെ വക്താക്കളെല്ലാം അവിടെനിന്ന് രക്ഷപ്പെട്ടുപോയപ്പോള്‍ ഇന്ത്യന്‍ പ്രവാസികളെ സഹായിക്കാന്‍ ഈ വ്യവസായി മാത്രമായിരുന്നുണ്ടായിരുന്നത്. എന്നാല്‍ താന്‍മാത്രമല്ല അവരെ രക്ഷപ്പെടുത്താന്‍ കാരണക്കാരനെന്നും ഒരു ടീം വര്‍ക്കായിരുന്നു അതെന്നുമാണ് അദ്ദേഹം പറയുന്നത്. പത്തനംതിട്ട കുമ്പനാട് പരേതരായ എ.സി.മാത്യൂസിന്റെയും ആച്ചിയമ്മയുടെയും മകനായ മാത്യൂസ് 1956-ല്‍ 21-ാം വയസ്സിലാണ് കുവൈറ്റില്‍ എത്തുന്നത്. 1957-ല്‍ നാസര്‍ മുഹമ്മദ് അല്‍ സായര്‍ ആന്‍ഡ് കമ്പനിയില്‍ ചേര്‍ന്നു. അവിടെ നിന്ന് 1989-ല്‍ ജനറല്‍ മാനേജരായി വിരമിച്ചു. കമ്പനിയില്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ ടൊയോട്ട കാറുകളുടെ വിപണനം വര്‍ധിച്ചത്തോടെ അദ്ദേഹത്തിന്റെ വിളിപ്പേര് ടൊയോട്ട സണ്ണിയെന്നായി. വിരമിച്ച സണ്ണി 1990-ല്‍ സഫീന കാര്‍ റെന്റല്‍ കമ്പനി, സഫീന ജനറല്‍ ട്രേഡിങ് കമ്പനി എന്നിവ സ്ഥാപിച്ചു. കുവൈറ്റ് ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്റെ സ്ഥാപകരില്‍ പ്രമുഖനായ സണ്ണി ജാബ്രിയ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനായും ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു.

(ടൊയോട്ട സണ്ണിയും ടീമും കുവൈറ്റ് യുദ്ധസമയത്ത് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍)

തൊണ്ണൂറിലെ യുദ്ധത്തില്‍ ഇറാഖ് കുവൈറ്റ് പിടിച്ചെടുത്ത് കുവൈറ്റ് ഇറാഖിന്റെ ഒരു പ്രവിശ്യ മാത്രമാണെന്നു സദ്ദാം ഹുസൈന്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ എംബസി ഫലത്തില്‍ ഇല്ലാതായി. എംബസി സ്ഥാനപതി ബുദ്ധ് രാജിനെ ഇറാഖിലെ ബസ്രയിലുള്ള കോണ്‍സുലേറ്റിലേക്കു മാറ്റി. ബാക്കിയുള്ള പ്രധാന ഉദ്യോഗസ്ഥര്‍ സ്വന്തം രക്ഷ നോക്കാനും കൂടി തുടങ്ങിയപ്പോള്‍ കുവൈറ്റിലുള്ള 1.71 ലക്ഷം ഇന്ത്യക്കാര്‍ ശരിക്കും മരണമോ ജീവിതമാണോയെന്ന് തങ്ങള്‍ക്ക് മുമ്പിലുള്ളതെന്ന് അറിയാതെ പകച്ചുപോയി. ഈ സമയത്ത് സണ്ണിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അവരെ നാട്ടിലെത്തിച്ചത്. സണ്ണി ഉള്‍പ്പെടെയുള്ള കുറച്ചുപേര്‍ ഇതിനായി സ്വയം വരുകയായിരുന്നു. സണ്ണിയും മകന്‍ ജയിംസ് മാത്യുവും, ഇപ്പോഴത്തെ മന്ത്രി തോമസ് ചാണ്ടിയും, കെ.കെ.നായരും, ആനന്ദും (ജോര്‍ദാന്‍ ടൈംസിന്റെ പത്രാധിപരും ഹുസൈന്‍ രാജാവിന്റെ സുഹൃത്തുമായിരുന്നു ഈ ഒറ്റപ്പാലത്തുകാരന്‍) ഈ കൂട്ടത്തിലുള്‍പ്പെട്ടവരായിരുന്നു. 1990 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ കുവൈറ്റില്‍ തങ്ങി സണ്ണി നാട്ടിലെത്താന്‍ ആഗ്രഹിച്ച എല്ലാവരെയും എത്തിച്ചതിന് ശേഷമാണ് ഇന്ത്യയിലെത്തിയത്.

യുദ്ധം തുടങ്ങിയപ്പോള്‍ തന്നെ ഭക്ഷണമാകും പ്രശ്‌നമെന്ന് മനസ്സിലാക്കിയ സണ്ണി ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളില്‍നിന്നും കുബ്ബൂസ് ഫാക്ടറികളില്‍നിന്നും ബേക്കറികളില്‍നിന്നും ഒന്നര മാസത്തേക്കുള്ള ഭക്ഷണവും കുടിവെള്ളവും അത്യാവശ്യ മരുന്നുകളും ശേഖരിച്ചു. അഭയം ആവശ്യമുള്ളവര്‍ക്കായി ഇന്ത്യന്‍ സ്‌കൂളില്‍ അഭയാര്‍ഥി ക്യാംപ് തുറന്നു. 9500 പേരോളമായിരുന്നു അന്ന് അവിടെ കഴിഞ്ഞത്. എംബസിയിലെ അവസാനത്തെ ഉദ്യോഗസ്ഥനും പോകുന്നതിനു മുന്‍പ് പാസ്‌പോര്‍ട്ടുകളുടെ കാലാവധി നീട്ടി വാങ്ങി. പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പകരം സംഘടിപ്പിച്ചു നല്‍കി. ഇന്ത്യക്കാരെ സുരക്ഷിതമായ നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഹാം റേഡിയോയിലൂടെ രഹസ്യമായി ഡല്‍ഹിയുമായും യുഎന്നുമായും സഹായിക്കാന്‍ കഴിയുന്ന മറ്റ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടുമിരുന്നിരുന്നു സണ്ണി. പ്രവാസികളെ നാട്ടിലെത്തിക്കാനായി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്ക് പോകുവാന്‍ ബസുകള്‍ സംഘടിപ്പിച്ചു. അവിടെ നിന്നായിരുന്നു ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഒരുക്കിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ വിമാനങ്ങള്‍ എയര്‍ ഇന്ത്യയെക്കൊണ്ടു ചാര്‍ട്ടര്‍ ചെയ്യിപ്പിക്കാനും സണ്ണിയുടെ ടീമിന് കഴിഞ്ഞു. എയര്‍ ഇന്ത്യയുടെ 14 വിമാനങ്ങളാണ് ഒരു ദിവസം അമ്മാനില്‍നിന്നു ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തിയത്. ഒന്നേകാല്‍ ലക്ഷത്തോളം പേരെയാണ് അമ്മാനില്‍ നിന്നു വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എയര്‍ലിഫ്റ്റ് ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ചു.

(രക്ഷപ്പെട്ട് നാട്ടിലെത്തിയ ഇന്ത്യക്കാര്‍)

സെപ്റ്റംബര്‍ ആദ്യവാരത്തോടെയായിരുന്നു ശരിക്കുള്ള രക്ഷപ്പെടുത്തല്‍ തുടങ്ങിയത്. ബഗ്ദാദില്‍നിന്നു ജോര്‍ദാനില്‍ പോയി വേണം വിമാനം കയറണം. ജോര്‍ദാന്‍ അതിര്‍ത്തിവരെ ആളുകളെ എത്തിക്കാന്‍ ഇറാഖ് സര്‍ക്കാരിന്റെ അനുവാദത്തോടെ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഓരോ ദിവസവും ആറായിരത്തോളം പേരെയാണ് ജോര്‍ദാനിലെത്തിച്ചത്. രജിസ്റ്റര്‍ ചെയ്ത വൊളന്റിയര്‍മാര്‍ ഒഴികെ എല്ലാവരും നാട്ടിലെത്തിക്കഴിഞ്ഞ് രാജ്യാന്തര കുടിയേറ്റ സംഘടനയുടെ വിമാനത്തില്‍ സണ്ണി ഇന്ത്യയിലെത്തിയത്. നാട്ടിലേക്കു മടങ്ങുന്നില്ലെന്ന് സ്വയം തീരുമാനിച്ച 10,000 പേര്‍ മാത്രമായിരുന്നു കുവൈറ്റില്‍ അന്ന് അവശേഷിച്ച ഇന്ത്യക്കാര്‍.

ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ഒരു അധ്വാനവും പാടില്ലെന്ന ഡോക്ടര്‍മാരുടെ വിലക്കു ലംഘിച്ചായിരുന്നു അന്ന് അമ്പത്തിയഞ്ചുക്കാരനായ സണ്ണി ഇന്ത്യക്കാരെ രക്ഷിക്കാന്‍ മുമ്പിട്ടിറങ്ങിയത്. ഇവരെ രക്ഷിച്ച് നാട്ടിലെത്തിച്ചത്തോടെ സണ്ണി തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയില്ല യുദ്ധാനന്തരം സമാധാനത്തിലേക്ക് മടങ്ങിയെത്തിയ കുവൈറ്റിലേക്ക് വീണ്ടും ജോലിക്കായി പോകാനാഗ്രഹിച്ചവരുടെയെല്ലാം തിരിച്ചുപോക്കിനും അദ്ദേഹം നേതൃത്വം നല്‍കി. ഭാര്യ മേരി മാത്യു. മക്കള്‍: ജെയിംസ് എം മാത്യൂസ്, ആനി എം മാത്യു (ഡല്‍ഹി), സൂസന്‍ എം മാത്യൂസ് (യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ അഭിഭാഷക, ജനീവ). മരുമക്കള്‍: റീബ, സുകിത് ഭട്ടാചാര്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍