UPDATES

ഓഫ് ബീറ്റ്

കണ്ണുണ്ടായാല്‍ പോരാ, കാണണം… ഈ ജീവിതം ഒരു സന്ദേശമാണ്

അവയവമാറ്റത്തിന്റെ പ്രാധാന്യം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്

മാര്‍ച്ച് മാസം അവസാനത്തോടടുക്കുന്നു. അപ്രതീക്ഷിതമായ ഒരു ഫോണ്‍കോള്‍. മറുതലയ്ക്കല്‍ പഴയ ഒരു സുഹൃത്ത് മുരളി കെ. മുകുന്ദന്‍. മകളുടെ വിവാഹവിവരം അറിയിക്കാനാണ് വിളിച്ചത്. ഒറ്റ മകളാണ്, വരണം. കാര്‍ട്ടൂണിസ്റ്റു കൂടിയായ മുരളിയുമായി കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു ബന്ധവുമില്ല. മികച്ച ഡോക്യുമന്ററി നിര്‍മ്മാതാവും സംവിധായകനുമാണ് മുരളി; അദ്ദേഹത്തിന്റെ ‘വള്ളിത്തായ’ എന്ന ഡോക്യുമന്ററി ഒട്ടേറെ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

പരാതിയായിത്തന്നെ മുരളിയാടു പറഞ്ഞു, ”വലിയ ആളായി മാറിയോ… ഫോണ്‍ ചെയ്താല്‍ എടുക്കുന്നില്ല… തിരിച്ച് വിളിക്കുന്നില്ല” പരിഭവം തിരിച്ചറിഞ്ഞ മുരളി ആ കഥ പറഞ്ഞു.
കെ എസ് ആര്‍ ടി സിയില്‍ ചെക്കിങ് ഇന്‍സ്പെര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു മുരളി; മൂന്നു വര്‍ഷം മുന്‍പ് കണ്ണിന്റെ കാഴ്ച മങ്ങിത്തുടങ്ങി… വല്ലാത്ത മൂടല്‍. മനസ്സില്‍ വിചാരിച്ചത് പ്രതിഫലിപ്പിക്കാന്‍ പേനകള്‍ക്ക് കഴിയുന്നില്ല. തന്റ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ രചനയും ഡോക്യുമെന്ററി നിര്‍മ്മാണവും തടസപ്പെട്ടു. ചികിത്സകള്‍ പലതും നടത്തി. ഫലം കണ്ടില്ല. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.  അതോടെ കലാലോകത്ത് നിന്നല്ല, ഒൗദ്യോഗിക ജോലി പോലും തുടരുവാന്‍ സാധിച്ചില്ല: വിആര്‍എസ് എടുത്ത് വീട്ടില്‍ ഇരുപ്പായി. ജീവിതത്തോട്ടു തന്നെ മടുപ്പ്  തോന്നി.

മെഡിസിന് പഠിക്കുന്ന ഏക മകള്‍ കെ.എം മീര ഇതിനിടെ അച്ഛനോട് പറഞ്ഞു, ”വിഷമിക്കരുത്. അച്ഛന് കാഴ്ച തിരിച്ചുകിട്ടും.” അവള്‍ തന്റെ സങ്കടം സുഹൃത്തുക്കളായ സഹപാഠികളുമായി പങ്കുവച്ചു. അവര്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. നേത്രമാറ്റ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചു കിട്ടാവുന്നതാെണന്ന് അവര്‍ തിരിച്ചറിഞ്ഞു. പിന്നീട് അതിനായി ശ്രമം.

ചാലക്കുടിയിെല ഡോക്ടര്‍ അനീത ജബ്ബാറുമായി അവര്‍ ആശയവിനിമയം നടത്തി. നൂറുകണക്കിന് നേത്രമാറ്റ ശസ്ത്രത്രകിയകള്‍ നടത്തിയ അവര്‍ ഇൗ രംഗത്തെ പ്രശസ്തയാണ്. നേത്രചികിത്സാരംഗത്തെ അതികായനായ ഡോക്ടര്‍ ടോണി ഫെര്‍ണാണ്ടസിന്റെ ശിഷ്യയാണ്. ശ്രമം വേഗതയിലായി; അങ്ങനെ 2016 ഒക്ടോബറില്‍നേത്രമാറ്റശസ്ത്രക്രിയ ഡോക്ടര്‍ അനിതാ ജബ്ബാറിന്റെ നേതൃത്വത്തില്‍ നടത്തി. മുരളിക്ക് തന്റെ മങ്ങിയ കാഴ്ചകളില്‍ മാറ്റമുണ്ടായി. പഴയതുപോലെ ലോകം കാണുവാന്‍ തുടങ്ങി. കാര്‍ട്ടൂണുകള്‍ കാണുവാന്‍ തുടങ്ങി.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ മുന്‍ ഭാരവാഹി കൂടിയായ മുരളിയോട് ഇപ്പോള്‍ കാര്‍ട്ടൂണ്‍ വര  ഇല്ലേ എന്നു ചോദിച്ചപ്പോള്‍, കാര്‍ട്ടൂണുകള്‍ കാണുക മാത്രമേയുള്ളൂ, വരയ്ക്കാറില്ല എന്ന് മറുപടി നല്‍കി. സ്നേഹത്തോടെ വീണ്ടും വരയ്ക്കാന്‍ നിര്‍ബന്ധിച്ചു. ആ അഭ്യര്‍ത്ഥന മുരളി സ്വീകരിച്ചു, വീണ്ടും കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങി.

‘ദേശീയ കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ മേള കാര്‍ട്ടൂണ്‍ – 2017’ന്റെ മുന്നോടിയായി കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങളുടെ വ്യക്തിഗത പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ തീരുമാനിക്കുന്നത് ഇൗ സമയത്താണ്. മുരളിയോടും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. വരയുടെ ലോകത്തേയ്ക്ക് രണ്ടാം വരവ് നടത്തിയ മുരളി തന്റെ പഴയ കാര്‍ട്ടൂണുകള്‍ തെരഞ്ഞെടുത്ത് തന്നു. പുതിയ കാര്‍ട്ടൂണുകളും പ്രദര്‍ശനത്തിനായി വരച്ചു.

2017 ഏ്രപില്‍ 7 ലോക ആരോഗ്യദിനത്തില്‍ മുരളിയുടെ പ്രദര്‍ശനം തുടങ്ങാമെന്ന തീരുമാനമായി. എണാകുളം പ്രസ് ക്ലബ്ബ് ആര്‍ട്ട് ഗ്യാലറിയിലാണ് മുരളിയുടെ പഴയതും പുതിയതുമായ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും എറണാകുളം പ്രസ്സ് ക്ലബും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയത്. ഇതിന് സാക്ഷിയാകാന്‍ മുരളിയുടെ ഭാര്യ പി ആര്‍ ജയ്രശീയും മകള്‍ ഡോ. മീരയും ഭാവി മരുമകന്‍ ഡോ. സതീഷ് കണ്ണനും എത്തി. മലയാളത്തിന്റെ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പ്രദര്‍ശനം ഉത്ഘാടനം ചെയ്തു. നേത്രരോഗ ചികിത്സാരംഗത്തെ അതികായനായ ഡോ. ടോണി ഫെര്‍ണാണ്ടസും ഡോ. അനീത ജബ്ബാറും അനുഗ്രഹവുമായി എത്തി. ഒപ്പം കാര്‍ട്ടൂണ്‍ അക്കാദമിയിലെ മുരളിയുടെ സുഹൃത്തുക്കളായ കാര്‍ട്ടൂണിസ്റ്റുകളും എത്തി.

അവയവമാറ്റത്തിന്റെ പ്രാധാന്യം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്. നേത്രമാറ്റ ശസ്ത്രക്രിയയിലൂടെ വീണ്ടും കലാരംഗത്ത് തിരിച്ചെത്തിയ മുരളിയുടെ ഓരോ വരകളും ലോകത്തിനുള്ള സന്ദേശമാണ്. അവയവ മാറ്റത്തിന്റെ സന്ദേശം. വിശേഷിച്ച് നേത്രമാറ്റത്തിന്റെ.

 

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്

കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍