UPDATES

ചക്കയെ സംസ്ഥാന ഫലമാക്കിയതിനു പിന്നില്‍ സര്‍ക്കാര്‍ സ്കൂളിലെ ഈ ഹെഡ്മാഷ്

നമ്മുടെ പൂർവ്വികർ നമുക്കായി കരുതിവച്ച തണൽ നമ്മളിലൂടെ വരും തലമുറയിലേക്കും എത്തിക്കണം എന്നതാണ് വനമിത്ര അവാർഡ് ജേതാവു കൂടിയായ ബാലകൃഷ്ണൻ മാഷിന്റെ സ്വപ്നം

മാർച്ച് 21 ന് ചക്കയെ സംസ്ഥാന ഫലമായി കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ സംസ്ഥാന നിയമസഭയിൽ പ്രഖ്യാപിച്ച ശേഷം ഒരു രാത്രിയിൽ എട്ടരയോടെ ആലത്തൂർ കാവശേരി എൽ. പി. സ്‌കൂളിലെ പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ തൃക്കങ്ങോടിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. വിളിച്ചയാൾ പറഞ്ഞു. ഞാൻ തോമസ് ഐസക് ആണ്. തന്റെ സുഹൃദ് വലയങ്ങളിലൊന്നും അത്തരത്തിലൊരു പേരില്ലാത്തതുകൊണ്ട് ബാലകൃഷ്ണൻ മാഷ് അല്പം പരുങ്ങി. മാഷിന്റെ പരുങ്ങൽ മനസിലായതിനാലാവണം വിളിച്ചയാൾ പറഞ്ഞു. ഞാൻ ധനമന്ത്രിയാണ്. ടി. എം. തോമസ് ഐസക്. ഒരു നിമിഷം അമ്പരന്നുനിന്ന മാഷിനോട് മന്ത്രി ചോദിച്ചു. ചക്കയെ സംസ്ഥാന ഫലമായി അംഗീകരിച്ചത് മാഷ് തന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയാമോ?

ചക്കയെ സംസ്ഥാന ഫലമായി അംഗീകരിച്ച വിവരം അറിഞ്ഞിരുന്നുവെങ്കിലും അത് താൻ കൊടുത്ത നിവേദനത്തെത്തുടർന്നാണെന്ന്‌ മാഷ് കരുതിയിരുന്നില്ല. ആരോടും അവകാശവാദത്തിനും നിന്നില്ല. തന്നെപ്പോലെ എത്രയോ പേർ കൊടുത്തിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ മന്ത്രിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മാഷിന്റെ ഉത്തരം.

പിറ്റേദിവസം ധനമന്ത്രി തന്റെ ഫേസ്ബുക് പേജിൽ ചക്ക സംസ്ഥാന ഫലമായി അംഗീകരിച്ചതിനു പിന്നിലുള്ള ബാലകൃഷ്ണൻ മാഷിനെക്കുറിച്ചും മാഷിന്റെ നിവേദനത്തെക്കുറിച്ചും വ്യക്തമാക്കി പോസ്റ്റിട്ടു.

മലയാളികൾക്കിടയിൽ ഒട്ടും പ്രാധാന്യം കിട്ടാതെ ഈച്ചയാർത്തു കിടന്നു പോകുന്ന ഒരു ഫലത്തെ ഒറ്റ ദിവസം കൊണ്ട് മുൻനിരയിലേക്ക് കൊണ്ടുവന്ന മാഷിനുള്ള വലിയൊരംഗീകാരം. ഒരു കാലത്ത് മലയാളികളുടെ ഭക്ഷണശീലത്തോട് ചേർന്ന് നിന്നതും പിന്നീട് പഴഞ്ചൻ, നാടൻ എന്നൊക്കെയുള്ള മട്ടിൽ പുതുതലമുറ തള്ളിക്കളയുകയും ചെയ്ത ചക്കക്ക് രാജ്യത്തിനകത്തും പുറത്തും മൂല്യവർദ്ധിത വിപണിയൊരുക്കുന്നതിലേക്കുള്ള വഴിതുറക്കൽ കൂടിയായി മാറി, ഒറ്റപ്പാലം മനിശേരി പണയം കണ്ടത്ത് മഠത്തിൽ ബാലകൃഷ്ണൻ തൃക്കങ്ങോടിന്റെ നിവേദനം.

സംസ്ഥാന ഫലമെന്ന ആശയത്തിലേക്ക്

ബാലകൃഷ്ണൻ മാഷിന്റെ ഒറ്റപ്പാലത്തെ തറവാട്ട് വളപ്പിൽ പണ്ടത്തെപ്പോലെ ഇപ്പോഴും ചക്ക സുലഭമാണ്. 50 സെന്റിലായി നിൽക്കുന്ന വീട്ടിൽ പൂർവികർ പാകിയ വിത്തിന്റെ അടയാളമായി സമൃദ്ധമായി വിളയുന്ന പ്ലാവുകളും മാവുകളും ഇപ്പോഴുമുണ്ട്. ചക്കപ്പുഴുക്ക്, ചക്കപ്പായസം, ചക്ക പപ്പടം തുടങ്ങി ചക്ക കൊണ്ടുള്ള വിവിധ വിഭവങ്ങളും തറവാട്ടിലെ അടുക്കളയിൽ ഇപ്പോഴും തെയ്യാർ. അതേസമയം ഒട്ടേറെ ഔഷധ ഗുണമുള്ളതും രോഗ പ്രതിരോധശക്തി നൽകുന്നതുമായ ചക്കയ്‌ക്ക് പുതിയ തലമുറ ഒട്ടും പ്രാധാന്യം നൽകുന്നില്ലെന്നു മാഷ് പറഞ്ഞു.

“ഒരു കാലത്ത് മലയാളിയുടെ ഭക്ഷണത്തിൽ യഥേഷ്ടം ഉൾപ്പെടുത്തിയ ഒന്നായിരുന്നു ചക്ക. ദാരിദ്ര്യം കൊടികുത്തി വാഴുന്ന കാലത്ത് ചക്ക, ചേമ്പ്, ചേന തുടങ്ങിയ നാടൻ വിഭവങ്ങളാണ് മലയാളിയുടെ വിശപ്പടക്കിയിരുന്നത്. അന്നതേയുണ്ടായിരുന്നുള്ളു താനും. പ്രകൃതിയിൽ നിന്ന് ഒരു പരിചരണവും കൂടാതെ തന്നെ ഏറ്റവും കൂടുതൽ സുലഭമായി ലഭിക്കുന്ന ഫലമാണ് ചക്ക. കാൻസർ, പ്രമേഹം അടക്കമുള്ള നിരവധി രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണിത്. എന്നാൽ ഇന്നത് ആർക്കും വേണ്ടാതെ പറമ്പിൽ വീണ് നശിച്ചു പോവുകയാണ്. അതുകൊണ്ട് ചക്കയെ മുൻനിരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീടാണ് ചക്കയെ മൂല്യവർദ്ധിത ഉല്പന്നമാക്കി മാറ്റുന്നതിനെക്കുറിച്ചും അതിലൂടെ രാജ്യാന്തര വിപണിയിൽ സ്ഥാനമുറപ്പിക്കുന്നതിനെയും കുറിച്ച് ചിന്തിക്കുന്നത്. ചക്ക കൊണ്ടുള്ള നിരവധി ഉല്പന്നങ്ങളുണ്ട്. അന്വേഷിച്ചപ്പോൾ സംസ്ഥാനഫലമായി ഇതേവരെ ഒരു ഫലത്തിനെയും പ്രഖ്യാപിച്ചിട്ടില്ലെന്നു അറിയാൻ കഴിഞ്ഞു. ഇതോടെ 2016 ൽ ഒരു നിവേദനം തയ്യാറാക്കി ധനമന്ത്രിക്ക് നൽകി. മൂല്യവർദ്ധിത ഉല്പന്നങ്ങളിലൂടെ രാജ്യത്തിനകത്തും പുറത്തും വിപണി നേടാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം, യുവജനങ്ങൾക്ക് ലഭിക്കുന്ന തൊഴിലവസരങ്ങൾ, കർഷകർക്ക് മെച്ചപ്പെട്ട വരുമാനം തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ചാണ് ധനമന്ത്രിക്ക് നിവേദനം നൽകിയത്.

മികച്ച പരിസ്ഥിതി പ്രവർത്തകനിലൂടെ വനമിത്ര അവാർഡ് ജേതാവിലേക്ക്

1990 ൽ ബാലകൃഷ്ണൻ തൃക്കങ്ങോട് ഒറ്റപ്പാലം ചുനങ്ങാട് സർക്കാർ എൽ. പി. സ്കൂളിൽ അധ്യാപകനായി എത്തുമ്പോൾ മൊട്ടപ്പറമ്പായിരുന്നു സ്കൂൾ. ഓരോ മഴ തുടങ്ങുമ്പോഴും വനം വകുപ്പിൽ നിന്നോ മറ്റു ഏജൻസികളിൽ നിന്നോ ശേഖരിച്ച വൃക്ഷത്തൈകൾ സ്‌കൂളിൽ നട്ടുപിടിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. സഹ അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണം കൂടി ലഭിച്ചതോടെ അഞ്ചു വർഷം കൊണ്ട് സ്‌കൂൾ പച്ചപ്പണിഞ്ഞു തുടങ്ങി. വീണ്ടും പലയിനം വൃക്ഷത്തൈകൾ, മുളകൾ എന്നിവ ഓരോന്നോരോന്നായി സ്‌കൂൾ മുറ്റത്തേക്കെത്തിക്കൊണ്ടിരുന്നു. സ്‌കൂൾ ഹരിതാഭമായി മാറിയതോടെ വിവാഹ ആൽബം ചിത്രീകരിക്കുന്നതിനുവരെ ഫോട്ടോഗ്രാഫർമാർ നവദമ്പതിമാരുമായി സ്‌കൂളിലെത്തിത്തുടങ്ങി.

നമ്മുടെ പൂർവ്വികർ നമുക്കായി കരുതിവച്ച തണൽ നമ്മളിലൂടെ വരും തലമുറയിലേക്കും എത്തിക്കണം എന്നതാണ് ബാലകൃഷ്ണൻ മാഷിന്റെ സ്വപ്നം. ഇതിനായി ഓരോ വർഷവും മഴ തുടങ്ങുമ്പോൾ ഇദ്ദേഹം സ്വന്തം സ്ഥലത്തും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. മുൻപ് റോഡരികിൽ തൈകൾ വയ്ക്കാറുണ്ടായിരുന്നുവെങ്കിലും വച്ച തൈകൾ സംരക്ഷിക്കപ്പെടാതെ വന്നതോടെ ഇത് നിർത്തി. വീടിനു സമീപത്ത് കിടക്കുന്ന തന്റെ ഒന്നരയേക്കർ സ്ഥലത്ത് മുളങ്കാടുകൾ വച്ചുപിടിപ്പിച്ചും പ്രകൃതിയെ മാഷ് ഹരിതാഭമാക്കി. ഇതോടെ 2017 – 18 ലെ വനമിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ഇപ്പോൾ ആലത്തൂർ കാവശ്ശേരി പഞ്ചായത്തിലെ പദ്ധതിനിർവ്വഹണ ഉദ്യോഗസ്ഥൻ കൂടിയാണ് ബാലകൃഷ്ണൻ തൃക്കങ്ങോട്. പഞ്ചായത്തിലെ ഓരോ വീടുകളിലും “ഓരോ പ്ലാവ്” എന്ന പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. ഒറ്റപ്പാലം സഹകരണ വകുപ്പിൽ കോ- ഓപ്പറേറ്റേവ് ഇൻസ്‌പെക്ടർ ആയ സിന്ധുവാണ്‌ ഭാര്യ. എൻജിനീയറിങ് വിദ്യാർഥിനിയായ ശ്രീലക്ഷ്മി മകളും, എട്ടാം ക്‌ളാസ് വിദ്യാർഥിയായ അമർനാഥ്‌ മകനുമാണ്.

മന്ത്രിയുടെ ചക്കെക്കണോമിക്സ് കൊള്ളാം; 30000ല്‍ അധികം പ്ലാവ് നട്ട പ്ലാവ് ജയനോടാകട്ടെ ആദ്യ നന്ദി പ്രകടനം

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍