UPDATES

കുറവിലങ്ങാട് പള്ളിയിലേക്ക് കാറില്‍ പായുന്ന ആലഞ്ചേരി പിതാവ് കാണാത്ത കന്യാസ്ത്രീകളെ തേടി ന്യൂയോര്‍ക്ക് ടൈംസ് ജേര്‍ണലിസ്റ്റ് മരിയ ഹബീബ്

ന്യൂയോര്‍ക്ക് ടൈംസ് മാത്രമല്ല, ബിബിസിയുടെയും സിഎന്‍എന്നിന്റെയും പ്രതിനിധികള്‍ കന്യാസ്ത്രീകളോട് പറഞ്ഞതും ഈ പോരാട്ടത്തില്‍ നിങ്ങള്‍ തോല്‍ക്കരുത്, നീതി നേടിയെടുക്കണം എന്നു തന്നെയായിരുന്നു

ദി ന്യുയോര്‍ക് ടൈംസ് തെക്കനേഷ്യന്‍ കറസ്‌പോണ്ടന്റ് മരിയ അബി-ഹബീബ് ബുധനാഴ്ച മണിക്കൂറുകളോളം ചെലവിട്ടത് കുറവിലങ്ങാട് സെന്റ് ഫ്രാന്‍സീസ് മിഷന്‍ ഹോമിലായിരുന്നു. അന്താരാഷ്ട്ര മാധ്യമരംഗത്തെ മുമ്പനായ ന്യൂയോര്‍ക്ക് ടൈംസ് അവരുടെ റിപ്പോര്‍ട്ടറെ കുറവിലങ്ങാട് മഠത്തിലേക്ക് അയച്ചതിന് കാരണം ഒന്നേയുള്ളൂ. ആഗോള കത്തോലിക്ക സഭയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന കന്യാസ്ത്രീ പീഡനം ലോകശ്രദ്ധയില്‍ കൊണ്ടുവരിക. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കുന്ന മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്റെ കേരളത്തിലെ മൂന്നു മിഷന്‍ ഹോമുകളില്‍ ഒന്നായ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സീസ് ഹോമിലെ അഞ്ചു കന്യാസ്ത്രീകളോടൊപ്പം ഇരുന്ന് സംസാരിക്കുമ്പോള്‍ മരിയ അവരോട് പറഞ്ഞത് ഈ വിഷയം മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും, നിങ്ങള്‍ക്ക് നീതി കിട്ടുക തന്നെ ചെയ്യണം എന്നായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ മരിയ മാത്രമല്ല, അവര്‍ക്കു മുമ്പ് ഇതേയിടത്തില്‍ എത്തിയ ബിബിസിയുടെയും സിഎന്‍എന്നിന്റെയും പ്രതിനിധികള്‍ പറഞ്ഞതും ഈ പോരാട്ടത്തില്‍ നിങ്ങള്‍ തോല്‍ക്കരുത്, നീതി നേടിയെടുക്കണം എന്നു തന്നെയായിരുന്നു. മാധ്യമങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ കടമ നിര്‍വഹിച്ചിരിക്കുമെന്ന ഉറപ്പാണ് ഈ അന്താരാഷ്ട്ര മാധ്യമങ്ങള്‍ എല്ലാം തന്നെ നല്‍കിയത്.

മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടുന്ന പിന്തുണയും പ്രോത്സാഹനവും മുന്നോട്ടു പോകാന്‍ ശക്തി തരുന്നുണ്ടെന്നു പറയുന്നതിനൊപ്പം ആ കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യമുണ്ട്. “സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമില്‍ നിന്നും മൂന്നു കിലോമീറ്റര്‍ താഴെ ദൂരത്തിലാണ് കുറവിലങ്ങാട് മാര്‍ത്ത മറിയം ഫെറോന പള്ളി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളില്‍ ഈ പള്ളിയില്‍ ഉണ്ടായിരുന്നു. ഇതുവഴി എത്രയോ മെത്രന്മാരും പുരോഹിതരും കടന്നു പോകുന്നു. ഒരാള്‍ പോലും ഞങ്ങളെ ഒന്നു കാണാന്‍ എത്തുകയോ വിളിച്ച് വിവരം തിരക്കുകയോ ചെയ്തിട്ടില്ല. എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തുകയും കുറ്റക്കാരാക്കി മുദ്രകുത്തുകയുമാണ്. ഞങ്ങളുടെ കോണ്‍ഗ്രിഗേഷനിലെ ആരുടെയും പിന്തുണയില്ല. ഈ മഠത്തില്‍ പോലും (കുറവിലങ്ങാട്) ഞങ്ങളെ ഒറ്റപ്പെടുത്തുകയാണ്. തെറ്റ് ചെയ്തവര്‍ എല്ലാവര്‍ക്കും സ്വീകാര്യരായി മാറുകയും തെറ്റ് ചൂണ്ടിക്കാണിച്ച ഞങ്ങള്‍ ഒറ്റപ്പെടുകയും ചെയ്യുകയാണ്. ഈയൊരു സാഹചര്യത്തില്‍, തളരാതെ മുന്നോട്ടു പോകാന്‍ പ്രേരണ നല്‍കുന്നതാണ് മാധ്യമങ്ങളില്‍ നിന്നുണ്ടാകുന്ന പിന്തുണ”.

സഭ നേതൃത്വത്തില്‍ നിന്നും കന്യാസ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അവഗണന തന്നെയാണ് ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രധാന ചോദ്യമാക്കിയിരിക്കുന്നതും. കേസിനു പിന്നാലെ ഏതു സാഹചര്യമാണ് കന്യാസ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അവര്‍ ചോദിച്ചറിയുന്നു. കേസിലെ സാക്ഷികളായി നില്‍ക്കുന്ന കന്യാസ്ത്രീകളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള നടപടിയെ അതീവഗൗരത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നോക്കി കാണുന്നത്. കേസ് അട്ടിമറിക്കുന്നതിനായി കന്യാസ്ത്രീകളെ ഭയപ്പെടുത്തുകയാണോ ട്രാന്‍സ്ഫര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ ചോദിക്കുന്നത്.

ആഗോള തലത്തില്‍ കന്യാസ്ത്രീകളുടെ വിഷയം ചര്‍ച്ചയാകണം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. ഒരു ബിഷപ്പ് തന്റെ സഭയിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുക, അതിനെതിരേ പ്രതികരിച്ചപ്പോള്‍ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കുക, ഇതിനെതിരേ കന്യാസ്ത്രീ സഭ നേതൃത്വങ്ങളെ മാറിമാറി സമീപിച്ചിട്ടും നീതി കിട്ടാതെ വരിക, ഒടുവില്‍ നീതിന്യായ സംവിധാനങ്ങളുടെ സഹായം തേടുക, അവിടെ നിന്നും നീതി ഉറപ്പാക്കാന്‍ തെരുവില്‍ സമരം ചെയ്യുക, അതിന്റെ ഫലമായി ബിഷപ്പിന്റെ അറസ്റ്റ് നടക്കുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് കന്യാസ്ത്രീകള്‍ സഭയില്‍ കൂടുതല്‍ ഒറ്റപ്പെടലിന് വിധേയരാവുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടരാവുകയും ചെയ്യുന്നു. ഈ സമ്മര്‍ദ്ദങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവായി ഒരുമിച്ചു നില്‍ക്കുന്നവരെ വിഘടിപ്പിക്കാന്‍ ട്രാന്‍സ്ഫര്‍ നല്‍കുന്നു, കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നു; ഇത്രയും ഗൗരവമായൊരു സംഭവം കത്തോലിക്ക സഭയില്‍ നടക്കുന്നത് ലോകം ചര്‍ച്ച ചെയ്യണം എന്നു തന്നെയാണ് മരിയയെ പോലുള്ള അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനായി എല്ലാ വിവരങ്ങളും തങ്ങള്‍ക്ക് അറിയണം, അത് തങ്ങളുടെ മാധ്യമത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് ന്യുയോര്‍ക്ക് ടൈംസിന്റെ മരിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളോട് പറഞ്ഞത്.

വത്തിക്കാനില്‍ സിനഡ് ആരംഭിക്കാനിരിക്കെ ഈ വിഷയം മാര്‍പാപ്പയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തങ്ങളാല്‍ ആവുന്നത് ചെയ്യുമെന്ന് ന്യുയോര്‍ക്ക് ടൈംസ് പ്രതിനിധി കന്യാസ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നു. മാര്‍പാപ്പ ന്യൂയോര്‍ക്ക് ടൈംസ് ശ്രദ്ധിക്കുന്നൊരാള്‍ ആയതുകൊണ്ട് തന്നെ തങ്ങളുടെ ശ്രമം വിജയിക്കുമെന്നും മരിയ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണത്തെ സിനഡില്‍ സഭയിലെ ലൈംഗിക കുറ്റകൃത്യങ്ങളാണ് പ്രധാന ചര്‍ച്ച വിഷയമായി വരുന്നതെന്നും വിവരമുണ്ട്. അങ്ങനെയെങ്കില്‍ കന്യാസ്ത്രീ പീഢനവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താനായാല്‍ അത് കന്യാസ്ത്രീകളുടെ ആവശ്യങ്ങളില്‍ അനുകൂലപ്രതികരണം ഉണ്ടാക്കും.

കേസ് കൊടുക്കുന്നതിനു മുമ്പ് തങ്ങളുടെ ആവശ്യത്തില്‍ ഇടപെടണമെന്നു കാണിച്ച് മുന്നു തവണ കന്യാസ്ത്രീകള്‍ വത്തിക്കാനിലേക്ക് പരാതി അയച്ചതാണ്. എന്നാല്‍ ഒരു മറുപടിയും കിട്ടിയില്ല. പോപ്പിന്റെ മുന്നില്‍ തങ്ങളുടെ പരാതി എത്തിയിട്ടില്ലായിരിക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു. വത്തിക്കാന്‍ കേരളത്തില്‍ വന്ന സമയത്തും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുത്തുകയാണുണ്ടായത്. തുടര്‍ന്ന് കന്യാസ്ത്രീകളെ അനുകൂലിക്കുന്ന ഒരു ബിഷപ്പ് മുഖേന പീഡനവിവരം ഉള്‍പ്പെടെ എല്ലാം വിശദീകരിച്ച് പറയുന്ന ഒരു കത്ത് വത്തിക്കാന്‍ പ്രതിനിധി (നൂണ്‍ഷിയോ)ക്ക് നല്‍കുകയുണ്ടായി. ബിഷപ്പ് കൈമാറി കത്ത് നൂണ്‍ഷിയോ പൊട്ടിച്ച് വായിച്ചതുമാണ്. പക്ഷേ, നൂണ്‍ഷിയോയുടെ ഭാഗത്ത് നിന്നും യാതൊരു മറുപടിയോ ഇടപെടലോ ഉണ്ടായില്ല. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും കത്തു നല്‍കുകയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. കര്‍ദ്ദിനാളും കന്യാസ്ത്രീകളെ കൈയൊഴിയുകയായിരുന്നു. അതേസമയം തന്നെ ബിഷപ്പ് ഫ്രാങ്കോയെ കൊല്ലാന്‍ കന്യാസ്ത്രീകളും അവരുടെ വീട്ടുകാരും ഗൂഢാലോചന നടത്തി എന്നാരോപണം ഉയരുകയും പീഡിപ്പിക്കപ്പെട്ട സിസ്റ്ററിന്റെ സഹോദരനെതിരേ പഞ്ചാബില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അവിടെ നിന്നും പൊലീസ് വാറണ്ട് അയക്കുകയും ചെയ്തതോടെ കന്യാസ്ത്രീകള്‍ വത്തിക്കാന്‍ പ്രതിനിധിക്കും( ഇമെയില്‍ വഴിയും) വത്തിക്കാനിലെ സ്‌റ്റേറ്റ് സെക്രട്ടറിക്കും(ബ്ലുഡാര്‍റ്റ് വഴി) അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നു അഭ്യര്‍ത്ഥിച്ച് എഴുതിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയാല്‍ പീഡിപ്പിക്കപ്പെട്ട സിസ്റ്റര്‍ക്കെതിരേ പഞ്ചാബില്‍ വാട്‌സ് ആപ്പ് വഴിയും പത്രമാധ്യമങ്ങള്‍ വഴിയുമൊക്കെ വ്യാപകമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇക്കാര്യങ്ങളൊക്കെ വത്തിക്കാനിലേക്ക് എഴുതിയറിയിച്ചിരുന്നു. പക്ഷേ മറുപടിയൊന്നും വന്നില്ല. പരാതി കത്തുകള്‍ വത്തിക്കാനില്‍ കിട്ടിയെന്ന് ഇവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും ഇടപെടലുകളൊന്നും ഉണ്ടായില്ല. ഇതിനു പിന്നാലെ കന്യാസ്ത്രീകളുടെ വീട്ടുകാര്‍ക്കെതിരേ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ കേസ് കൊടുക്കുന്നതോടെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ ബലാത്സംഗ പരാതി നല്‍കാന്‍ കന്യാസ്ത്രീകള്‍ തയ്യാറാകുന്നത്.

കന്യാസ്ത്രീകള്‍ സമരം നടത്തുകയും തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാവുകയും ചെയ്തതിനു പിന്നാലെ ജലന്ധര്‍ രൂപത ബിഷപ്പ് സ്ഥാനത്തു നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ മാറ്റുകയുണ്ടായി. ഇത് ഫ്രാങ്കോയുടെ തന്നെ ആവശ്യപ്രകാരമാണെന്നാണ് പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ ഇത്തരമൊരു മാറ്റത്തിനു പിന്നില്‍ വത്തിക്കാന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും കന്യാസ്ത്രീകള്‍ക്ക് ഉണ്ട്. പക്ഷേ സ്ഥിരീകരിക്കാന്‍ കഴിയില്ല. ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും മാര്‍പാപ്പയുടെ അടുക്കല്‍ ഇത് എത്തിക്കാമെന്നും ഉറപ്പ് കൊടുക്കുമ്പോള്‍, ഇവിടുത്തെ സഭ നേതൃത്വങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞാലും, നേരിട്ടൊരു ഇടപെടല്‍ വത്തിക്കാനില്‍ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷ കന്യാസ്ത്രീകള്‍ക്ക് ഉണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍