UPDATES

കോൺഗ്രസിന് സംഘി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാനാവുന്നതിൽ പരിധികളുണ്ട്

പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന് പെട്ടന്ന് പണക്കാരാവാൻ ശ്രമിച്ച കൂട്ടത്തിലുള്ളവരല്ല സംഘികളെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവും

ഹിന്ദുത്വ പൊതുബോധം എന്നത് മോഡി പോയിട്ട് ബി ജെ പി ഉണ്ടാക്കിയ ഒന്നുപോലുമല്ല. അത് ഇന്ത്യൻ ഫ്യൂഡൽ സാമൂഹ്യവ്യവസ്ഥയുടെ ഭാഗമാണ്. അതിനെതിരേ രാജ്യത്ത് പലയിടങ്ങളിൽ, , പല സമയങ്ങളിൽ ,പല അളവിൽ ചെറുത്ത് നില്പുകളും പ്രതിഷേധങ്ങളും ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ അവയൊന്നും പൂർണ്ണമായ അർത്ഥത്തിൽ ഒരു ദേശീയ മാനം കൈവരിച്ചില്ല എന്നതാണ് സത്യം. ഇവിടെ അത്തരമൊരു സമഗ്രമാനം കൈവരിച്ച ഒരേയൊരു സമരം സ്വാതന്ത്ര്യ സമരമായിരുന്നു. എന്നാൽ അപ്പോഴും എന്തിൽ നിന്ന് ആരുടെ സ്വാതന്ത്ര്യം എന്ന ചോദ്യം ബാക്കിയാവുന്നു. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ ദളിതരും, സ്ത്രീകളും അടങ്ങുന്ന പാർശ്വവൽകൃത സമൂഹത്തിന് പൗരാവകാശങ്ങളൊ, തുല്യ നീതിയോ പോയിട്ട് അതിനെ കുറിച്ച് ചിന്തിക്കാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല. ദളിതരും സ്ത്രീകളുമൊക്കെ സ്കൂളിൽ പോകുന്നത് തന്നെ വിരളം. അത്തരം ഒരു സമൂഹത്തിലെ പാർശ്വവൽകൃത സമൂഹങ്ങൾക്ക് മേൽ നിലവിലുള്ളതിലധികം ചൂഷണമൊന്നും നടപ്പാക്കാൻ ഒരു വിദേശി സർക്കാരിനും ആകുമായിരുന്നില്ല എന്നതായിരുന്നു വസ്തുത. അത് അംബേഡ്കറെ പോലെയുള്ളവർ അന്നേ പറഞ്ഞിട്ടുമുണ്ട്.

അതെന്തായാലും സ്വാതന്ത്ര്യ സമരം വിജയിച്ചു.തുടർന്ന് ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ നെഹറുവിനെയും, അംബേഡ്കറിനെയും പോലെ അടിമുടി ആധുനികരായിരുന്ന ചിലർക്കൊഴികെ അന്ന് ജനാധിപത്യം എന്ന സംസ്കാരത്തെ ഉൾക്കൊള്ളാൻ എത്രപേർക്ക് കഴിഞ്ഞിരുന്നു? സാക്ഷാൽ ഗാന്ധിയുടെ ജനാധിപത്യത്തിനോടുള്ള നിലപാട് എന്തെന്ന് ഗൂഗിളിൽ തിരഞ്ഞുനോക്കുക. അപ്പോൾ മനസിലാവും സ്വതന്ത്ര ഭാരതത്തിലെ സാംസ്കാരിക, രാഷ്ട്രീയ നായകന്മാരുടെ പൊതുവിലുള്ള അവസ്ഥ.

ഫ്യൂഡലിസത്തെ കടപുഴക്കി വീഴ്ത്തിയ ആധുനികതയുടെ കൊടുങ്കാറ്റൊന്നും ഉണ്ടായില്ല എന്നത് പോയിട്ട് അതൊന്ന് ഉലയുക പോലും ചെയ്യാത്ത ഒരു സാമൂഹ്യ യാഥാർത്ഥ്യത്തിലേയ്ക്കാണ് ജനാധിപത്യം എന്ന വാക് ഭരണഘടന എഴുതി ചേർത്തത്. പിന്നീടതിൽ മതേതരത്വം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളും എഴുതി ചേർക്കപ്പെട്ടു. എന്നാൽ സ്വതന്ത്ര ജനാധിപത്യ ഭാരതത്തെ അതിന്റെ ആദ്യ ദശാബ്ദങ്ങളിൽ ഒരു അനിഷേദ്ധ്യ ശക്തിയായി ഭരിച്ച കോൺഗ്രസ്സിന്റെ നയം, പ്രത്യയശാസ്ത്രം എന്നൊക്കെ പറയുന്നത് എന്തായിരുന്നു?

ആധുനികനായ നെഹറുവിന്റെയും കടുത്ത ആധുനികതാ വിരോധിയും യാഥാസ്ഥിതികനുമായിരുന്ന ഗാന്ധിയുടെയും ആശയപ്രപഞ്ചങ്ങൾക്കിടയിലെ ഒരു നീക്കുപോക്ക് സമവാക്യമായിരുന്നു അതെന്ന് പറയാം. ഗാന്ധിജി കൊലചെയ്യപ്പെട്ടിട്ടും സമവാക്യം മാറിയില്ല.ജനാധിപത്യമല്ല, രാമരാജ്യമാണ് വേണ്ടത് എന്ന് വാദിച്ച ഗാന്ധിയുടെ തിയോക്രാറ്റിക് പൊളിറ്റിക്സ് ( പൊളിറ്റിക്കൽ തിയോക്രസി എന്നും പറയാം,അത്രയ്ക്ക് കൃത്യമായിരുന്നു അനുപാതം ) അദ്ദേഹത്തിന്റെ മരണശേഷവും നിലനിന്നു. നെഹറുവിന്റെ മരണം കൂടി കഴിഞ്ഞതോടെ കോൺഗ്രസ്സിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രം എന്നത് ഹിന്ദുത്വവുമായുള്ള പലതരം പൊളിറ്റിക്കൽ കോമ്പ്രമൈസുകളായി ചുരുങ്ങി. അതുകൊണ്ടാണ് ബീഫ് നിരോധനം പോലെയുള്ള വിഷയങ്ങളിൽ പോലും അവർക്ക് കൃത്യമായ ഒരു നിലപാടില്ലാതെ പോയത്. ഇന്ത്യയിൽ ഭരണഘടനാ പ്രകാരം സംസ്ഥാനങ്ങളുടെ വിവേചനാധികാരങ്ങളിൽ പെടുന്ന ഗോവധ നിരോധന നിയമം ഇന്ന് നിലനിൽക്കുന്ന പല സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയത് കോൺഗ്രസ്സ് സർക്കാരുകളാണ്!

മദിനി വിഷയത്തിൽ കർണ്ണാടകത്തിലെ കോൺഗ്രസ്സ് സർക്കാർ കോടതിയിൽനിന്ന് നിശിത വിമർശനം ഏറ്റുവാങ്ങി എന്ന് കേൾക്കുമ്പോൾ ചില കോടതികൾ,ന്യായാധിപർ ഇങ്ങനെയും പറയുമല്ലേ എന്നല്ലാതെ മറ്റൊരു അത്ഭുതവും തോന്നിയില്ല. അതിന്റെ കാരണമാണ് ഇതുവരെ പറഞ്ഞുവന്നത്.കോൺഗ്രസ്സിന് സംഘി രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാനാവുന്നതിൽ പരിധികളുണ്ട്.

ഈ രാജ്യത്തെ നിയമവ്യവസ്ഥയിൽ നിലനിൽക്കുന്ന പഴുതുകളുടെ രാഷ്ട്രീയ ഉപയോഗപ്പെടുത്തലിന്റെ ഒരു ഇരയാണ് മദിനി. കർണ്ണാടകാ സർക്കാരിന്റെയോ, ഇന്ത്യൻ സർക്കാരിന്റെയോ ഇഷ്ടക്കാരനല്ല മദിനി എന്ന് മനസിലാക്കാൻ ഗവേഷണമൊന്നും വേണ്ട. ആ നിലയ്ക്ക് അയാളെ ഏതെങ്കിലും തീവ്രവാദ ആക്രമണവുമായി ബന്ധപ്പെടുത്തി ശിക്ഷിക്കാൻ പോന്ന വ്യാജ തെളിവുകളെങ്കിലും ഉണ്ടാക്കാനായാൽ അയാൾ ഇന്നും ഇങ്ങനെ ‘വെറുതേ‘ ജയിലിൽ കിടക്കില്ല എന്ന് ഉറപ്പ്. എന്നാൽ മതസ്പർദ്ധയുണ്ടാക്കുംവിധം പ്രസംഗിക്കുന്നതും കുറ്റകരമാണ്. അതിന് തെളിവുകളുണ്ട്; വേണമെങ്കിൽ അയാളെ ശിക്ഷിക്കാം. പക്ഷേ ഒരിക്കലും ഹിന്ദുത്വ സർക്കാരുകൾ അത് ചെയ്യില്ല. കാരണങ്ങളുണ്ട്.

ഹേറ്റ് സ്പീച്ചിന് മദിനിയെ ശിക്ഷിച്ചാൽ അയാളെവച്ച് ഹിന്ദുത്വ രാഷ്ട്രീയം വികസിപ്പിച്ചുകൊണ്ടുവന്ന മുസ്ളിം തീവ്രവാദി ഇമേജ് പുലിപോലെ വന്നത് എലിപോലെ പോയി എന്ന അവസ്ഥയാകും. അത് മാത്രമല്ല മതവികാരം വൃണപ്പെടുത്തുകയും കലാപങ്ങൾക്ക് ആഹ്വാനമാവുകയും ചെയ്യുന്ന രീതിയിൽ പരസ്യ പ്രസംഗം നടത്തിയ കുറ്റത്തിന് മദിനിയെ ശിക്ഷിച്ചാൽ ഒരു മദിനിക്ക് ഒമ്പതിനായിരം എന്ന കണക്കിന് അയാളുടേതിനെക്കാൾ പതിന്മടങ്ങ് പ്രകോപന സ്വഭാവമുള്ള പ്രസംഗ കാസറ്റുകൾ സംഘിമാർഗ്ഗത്തിൽനിന്ന് വേറേ ഉണ്ട്. അവരെയൊക്കെ ശിക്ഷിക്കാൻ തുടങ്ങിയാൽ ബി ജെ പി ആഴ്ചയിൽ ഒരു ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ വലയും.വലയും എന്നുവച്ചാൽ ഉപ തിരഞ്ഞെടുപ്പിൽ അവർ തോൽക്കുമെന്നൊന്നുമല്ല. അവർ തന്നെ പിന്നെയും ജയിക്കുമായിരിക്കും, പക്ഷേ ഈ ജാതി പ്രസഗങ്ങൾ മാദ്ധ്യമങ്ങൾ ഇടത്തും വലത്തും ഇട്ട് കേൾപ്പിച്ച് സംഘികൾ കഷ്ടപ്പെട്ടുണ്ടാക്കിയ തീവ്രവാദി ഇമേജിനെ മൊത്തത്തിൽ ക്ളീഷേ വൽക്കരിച്ചുകളയും എന്നതാണ് ഒരു പ്രശ്നം.

മറ്റൊന്ന് കുറ്റാരോപിതനായി ജയിലിൽ വിചാരണ തേടി കഴിയുന്ന മദിനി സംഘികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭാവനയ്ക്കനുസരിച്ച് പാടിനീട്ടാവുന്ന ഒരു ഭയമാണ്. ശിക്ഷിക്കപ്പെട്ടാൽ മദിനിയും അയാളുടെ കുറ്റകൃത്യവും യാഥാർത്ഥ്യത്തിന്റെ തലത്തിലേയ്ക്ക് ഇറങ്ങിവരും. അതാണ് പ്രശ്നം. മദിനി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കെടോ എന്ന് എത്ര ഉച്ചത്തിൽ പറഞ്ഞാലും അത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചെവിയിൽ എത്തില്ല.അവർ മുതൽമുടക്കിയത് മദിനിയെ കായികമായോ, അല്ലാതെയോ ശിക്ഷിക്കുക എന്ന ലക്ഷ്യത്തിലല്ല.മദിനി ഈ നരക ജീവിതം ജീവിക്കണം. അച്ഛനമ്മമാരുടെ മരണം, മക്കളുടെ വിവാഹം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കൃത്യമായ ഇടവേളകളിൽ ഈ വിഷയം ഉയർന്നുവരണം.മതേതര സമൂഹം തൊട്ട് മനുഷ്യാവകാശ പ്രവർത്തകർ വരെ മദിനിക്ക് വേണ്ടി വാദിക്കണം. കോടതികൾ ഇടയ്ക്കെങ്കിലും ജാമ്യം അനുവദിക്കണം. എങ്കിലേ ദാ തീവ്രവാദിയെ മതേതര ലിബറലുകളും മനുഷ്യാവകാശ പ്രവർത്തകരും കൂടെ പുല്ലുപോലെ ജാമ്യത്തിൽ എടുത്തു, ഇനി എപ്പൊഴും പൊട്ടാം ബോംബ് എന്ന് അവർക്ക് പ്രചരിപ്പിക്കാൻ പറ്റു.

സഘിത്തത്തിന് മദിനി ഒരു പൊന്മുട്ടയിടുന്ന തീവ്രവാദിയാണ്. അയാളെ അവർ കൊല്ലുകപോയിട്ട് അങ്ങനെ ചിന്തിക്കുക പോലും ചെയ്യില്ല. പക്ഷേ അയാളുടെ പൗരാവകാശങ്ങൾ…? അങ്ങനെ ചോദിക്കരുത്.

പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന് പെട്ടന്ന് പണക്കാരാവാൻ ശ്രമിച്ച കൂട്ടത്തിലുള്ളവരല്ല സംഘികളെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസിലാവും. സ്വാന്ത്ര്യ സമരക്കാലം തൊട്ടേ സായിപ്പിനോട് മുട്ടി വേസ്റ്റാക്കാതെ സൂക്ഷിച്ച ഊർജ്ജം ഉപയോഗിച്ച് ഒരോ മുട്ടയായി പെറുക്കി വിറ്റ് ഒടുക്കം മുട്ടക്കമ്പനി തുടങ്ങിയ ബുദ്ധിയുള്ള സംരംഭകരാണ്.
മൃദു സംഘിയായാലും തീവ്ര സംഘിയായാലും ഒരു കോൺഗ്രസ്സുകാരനാണെങ്കിൽ ഒരുകാരണവശാലും ആ മണ്ടത്തരം ചെയ്യില്ല. അതുകൊണ്ട് മദിനിക്ക് ജാമ്യം കിട്ടും. ഈ പറയുന്ന പതിനഞ്ച് ലക്ഷമൊന്നും വേണ്ടിവരില്ല. പക്ഷേ അത് അത്ര എളുപ്പമാവില്ല. കൊടുക്കാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചു എന്ന ഇമേജ് കർണ്ണാടകയിലെ കോൺഗ്രസ്സ് സർക്കാർ അവിടത്തെ തീവ്ര ഹിന്ദുക്കൾകിടയിൽ വിറ്റുതീർത്ത ശേഷം മാത്രമേ നടക്കു എന്ന് മാത്രം.

പിന്നെ ഇങ്ങ് കേരളത്തിൽ അമ്പലപറമ്പുകളിൽ ശശികല ടീച്ചറുടെ പ്രസംഗമാവും; ഈ സംഭവത്തിൽ ഹിന്ദുക്കൾക്ക് ടാക്സിനത്തിലും അല്ലതെയുമായി നഷ്ടമാകുന്ന സ്വന്തം അദ്ധ്വാനത്തിന്റെ ‘കോടി‘ കണക്കുകൾ ഉദ്ധരിച്ച്, സ്വീകരണമുറികളിൽ ശോഭാ സുരേന്ദ്രന്റെ വകയും.

മൊത്തത്തിൽ മുഷിയില്ല്യാന്ന് ഉറപ്പ് 🙂

(വിശാഖ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍