UPDATES

കൊന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണെങ്കിലും കൊല്ലിച്ചത് നിങ്ങള്‍ ആനപ്രേമികളും ഫാന്‍സുമാണ്

തലപ്പൊക്കത്തില്‍ രാചന്ദ്രന്റെ ഗരിമ പറയുന്നവര്‍ക്ക് ഉള്‍പ്പെടെ അറിയാവുന്നതാണ് ആനയുടെ ശാരീരികാവശതകളും

തലയെടുപ്പിലും ആരാധകരുടെ എണ്ണത്തിലും കേരളത്തിലെ ആനകള്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി കൊണ്ടാടപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ രണ്ടു മനുഷ്യജീവനുകള്‍ കൂടിയെടുത്തിരിക്കുന്നു. ഇതോടെ ഈ ആന കൊന്നവരുടെ എണ്ണം പതിമൂന്നായി. സിനിമ താരങ്ങള്‍ക്കെന്ന പോലെ ആനകള്‍ക്കും ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ടാകുന്നൊരു നാട്ടില്‍, ആനപ്രേമികള്‍ രാമചന്ദ്രന്റെ പുതിയ കൊലപാതകങ്ങളെ പലരീതിയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മനുഷ്യന്‍ ആനകളോട് ചെയ്യുന്ന ക്രൂരതകളുടെ തിരിച്ചടി തന്നെയാണ് ഗുരുവായൂരില്‍ നടന്ന ആ രണ്ട് അരുംകൊലകളും.

ഗുരുവായൂര്‍ കൊട്ടപ്പടിയിലെ പൂരം ഉത്സവത്തിന്റെ ഭാഗമായാണ് എഴുന്നള്ളിപ്പിനായി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ കൊണ്ടുവരുന്നത്. ഷൈജു എന്ന വ്യക്തിയാണ് ആനയെ എത്തിക്കുന്നത്. പൂരത്തിന്റെ അന്നു തന്നെയായിരുന്നു ഷൈജു തന്റെ ഗൃഹപ്രവേശവും നിശ്ചയിച്ചിരുന്നത്. പുതിയ ഗൃഹത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് നടത്താനായിരുന്നു ഷൈജുവിന്റെ പദ്ധതി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയും എഴുന്നള്ളിപ്പുമൊക്കെയായി പൂരവും ഒപ്പം ഗൃഹപ്രവേശ ചടങ്ങളും ഗംഭീരമാക്കാമെന്നുള്ള ആഗ്രഹമാണ് രണ്ടു മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നതിലേക്ക് എത്തിയത്.

ഷൈജുവിന്റെ വീട്ടില്‍ നിന്നും പുറപ്പെടുന്ന പൂരം എഴുന്നള്ളിപ്പ് കാണാന്‍ ആളുകള്‍ നിരവധിയെത്തിയിരുന്നു. വിചാരിച്ചതുപോലെ തന്നെ ആഘോഷമായിട്ടാണ് എല്ലാം തുടങ്ങിയത്. പഞ്ചവാദ്യം ആരംഭിച്ചതിനു പിന്നാലെ തൊട്ടുമാറിയുള്ള പറമ്പില്‍ പടക്കം പൊട്ടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. പടക്കത്തിന്റെ ശബ്ദം ആനയെ പ്രകോപിപ്പിച്ചു. ചുറ്റും കൂടിയവരുടെ ആര്‍പ്പു വിളികളും കൂടിയയതോടെ അരിശം ഇരട്ടിച്ചു. ഇടഞ്ഞ ആന മുന്നോട്ടു നീങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടയിലാണ് നാരായണന്‍ എന്നയാള്‍ ആനയുടെ മുന്നിലേക്ക് വീണത്. നാരായണനെ ആന ചവിട്ടിയരയ്ക്കുകയായിരുന്നുവെന്നു പറയുന്നു. സംഭവസ്ഥലത്ത് തന്നെ നാരായണന്‍ മരിച്ചു. ഗംഗാധരന്‍ എന്നയാളാണ് മരിച്ച രണ്ടാമത്തെയാള്‍. പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച ഗംഗാധരന്‍ അവിടെവച്ചാണ് മരിക്കുന്നത്. ഭയന്നോടിയ കൂട്ടത്തില്‍ പലര്‍ക്കും താഴെവീണും മറ്റും പരിക്കുകളും ഏറ്റിട്ടുണ്ട്. കൂടുതല്‍ അപകടകാരിയായി റോഡിലേക്കിറങ്ങി ഓടാന്‍ തുടങ്ങിയ ആനയെ പാപ്പാന്‍ വാലില്‍ പിടിച്ച് ഒരുവിധം നിര്‍ത്തുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് ശാന്തസ്ഥിതിയിലേക്ക് വന്ന ആനയെ ലോറിയില്‍ കയറ്റി കൊണ്ടുപോയി.

കുറ്റം ആനയുടെതല്ല, പടക്കം പൊട്ടിച്ചതാണ് എന്ന തരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പ്രതിരോധിക്കുന്നവരുടെ എണ്ണം വളരെയധികം സോഷ്യല്‍ മീഡിയയിലും മറ്റും കാണാം. ആനകള്‍ മനുഷ്യരെ കൊല്ലുന്നതിന് ആനകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മനുഷ്യര്‍ തന്നെയാണ് ഉത്തരവാദികള്‍. ഒരര്‍ത്ഥത്തില്‍ മനുഷ്യനെ ആനകളെ കൊണ്ട് മനുഷ്യര്‍ തന്നെ കൊല്ലിപ്പിക്കുകയാണ്. ആന പരിപാലനത്തിലും മറ്റും സുപ്രീം കോടതിയുടേതുള്‍പ്പെടെ എത്രയെത്ര മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ഉണ്ട്. പക്ഷേ, അവയെല്ലാം തന്നെ കാറ്റില്‍ പറത്തിയാണ് മനുഷ്യന്‍ ആനകളോട് ദ്രോഹം തുടരുന്നത്.

ഇരിക്കസ്ഥാനത്തു നിന്നും 317 സെന്റീമീറ്റര്‍ ഉയരമുണ്ടെന്നു പറയുന്ന പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയായ രാമചന്ദ്രന് കേരളത്തില്‍ നിലവില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവുമധികം ഉയരമുള്ളവന്‍, ഏഷ്യയില്‍ ഉയരത്തില്‍ രണ്ടാമന്‍, ഗജരാജകേസരി, ഗജചക്രവര്‍ത്തി, ഗജസാമ്രാട്ട് തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ ഉള്ളതുപോലെ തന്നെ കുപ്രസിദ്ധികളുമുണ്ട്. മനുഷ്യനെ മാത്രമല്ല, ആനയേയും കൊന്നുവീഴ്ത്തയിട്ടുണ്ട്. തിരുവമ്പാടി ക്ഷേത്രത്തിന്റെ ചന്ദ്രശേഖരന്‍ ചരിഞ്ഞത് രാമചന്ദ്രന്റെ ആക്രമണമേറ്റു ദിവസങ്ങള്‍ക്ക് ഇപ്പുറമാണ്. മംഗലാംകുന്ന് കര്‍ണനും നേരിടേണ്ടി വന്നിട്ടുണ്ട് രാമചന്ദ്രന്റെ രോഷം.

കുട്ടികളെയും സ്ത്രീകളെയും അടക്കമാണ് രാമചന്ദ്രന് ഇതിനോടകം 12 പേരെ കൊന്നിരിക്കുന്നത്. ഗജരാജകേസരി എന്നു വിളിക്കുന്നതിനൊപ്പം തന്നെ കൊലയാളി ആനയെന്നും രാമചന്ദ്രനെ ഭയപ്പെടേണ്ടതുണ്ട്. പക്ഷേ, അങ്ങനെയൊരു സ്വഭാവത്തിലേക്ക് രാമചന്ദ്രനെ എത്തിച്ചത് മനുഷ്യര്‍ തന്നെയാണ്. പെരുമ്പാവൂര്‍ കുറപ്പംപടി രായമംഗലം കൂട്ടുമഠം ക്ഷേത്രോത്സവത്തിനിടയില്‍ ഇടഞ്ഞ രാമചന്ദ്രന്‍ അന്നു കൊമ്പില്‍ കോര്‍ത്തത് മൂന്നു സ്ത്രീകളെയാണ്. പക്ഷേ, അവന്‍ അത്രയേറെ ക്രൂരനാകാന്‍ കാരണമെന്താണെന്നു കൂടി അറിയണം. 2013 ജനുവരി 25 കുന്നകുളത്തിനടത്ത് ഏതോ ക്ഷേത്രത്തില്‍ രാമചന്ദ്രനെ ദയാരഹിതമായാണ് ജോലി ചെയ്യിപ്പിച്ചത്. 25-ന് ഉച്ച മുതല്‍ വൈകിട്ട് വരെയും രാത്രി 12 മുതല്‍ പുലര്‍ച്ചെ വരെയും എഴുന്നള്ളിക്കുന്നു. അവിടെ നിന്നും കോട്ടയത്ത് എത്തിച്ച് അവിടെയും രാവും പകലുമെന്നില്ലാതെ വിശ്രമമില്ലാത്തവിധം എഴുന്നള്ളിക്കല്‍. കോട്ടയത്തു നിന്നും പുലര്‍ച്ചെ ലോറിയില്‍ 160 കിലോമീറ്ററിലേറെ കയറ്റി നിര്‍ത്തിയാണ് 27 ന് പെരുമ്പാവൂരില്‍ കൊണ്ടു വന്നതും അവിടെയും എഴുന്നള്ളിച്ചതും. അവിടെവച്ച് അവന്‍ ഇടഞ്ഞു, ആളുകളെ കൊന്നു. ആരാണ് ആ കൊലപാതകങ്ങളില്‍ ശരിക്കും ഉത്തരവാദി?

Also Read: നിങ്ങള്‍ ആന പ്രേമിയാണോ? എങ്കില്‍ ഇത് വായിക്കുക

തലപ്പൊക്കത്തില്‍ രാചന്ദ്രന്റെ ഗരിമ പറയുന്നവര്‍ക്ക് ഉള്‍പ്പെടെ അറിയാവുന്നതാണ് ആനയുടെ ശാരീരികാവശതകളും. പാപ്പന്റെ ആക്രമണത്തില്‍ രാമചന്ദ്രന്റെ വലുതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതാണെന്നാണ് വിവരം. ഇടതു കണ്ണിനും അവന് പാതിയേ കാഴ്ച്ചയുള്ളത്രേ! ശരീരികമായി ഇത്രയേറെ ഗുരുതരമായ അവസ്ഥയിലുള്ള ആനയെയാണ് കിലോമീറ്ററുകളോളം കൊണ്ടുനടന്നു വിശ്രമില്ലാതെ പണിയെടുപ്പിക്കുന്നത്. തൃശൂര്‍ പൂരത്തിനുള്‍പ്പെടെ രാമചന്ദ്രനെ ഉപയോഗിക്കുന്നതും അവന്റെ ശാരീരികാവശതകളും അപകടസ്വഭാവവും മറച്ചുവച്ചാണ്. ലക്ഷക്കണക്കിന് ആളുകള്‍ കൂടുന്നിടത്താണെന്നോര്‍ക്കണം ക്രൂരമായ ഈ ‘ ആനപ്രേമം’. കാഴ്ച്ച തകരാറുള്ള രാമചന്ദ്രനെ വിദഗ്ദ മെഡിക്കല്‍ സംഘം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാതെ എഴുന്നള്ളിപ്പിന് അയയ്ക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ, നിര്‍ദേശങ്ങളും നിയമങ്ങളും ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അത് ലംഘിക്കുന്നവര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നതാണ് വിചിത്രം.

ആനപ്രേമികള്‍, ക്ഷേത്രാചാരസംരക്ഷകര്‍, മതപ്രതിനിധികള്‍ ഒക്കെയാണ് രാമചന്ദ്രനെ ഉള്‍പ്പെടെയുള്ള ആനകളെ ഇത്തരത്തില്‍ ദ്രോഹിക്കുന്നതെന്നു പറയേണ്ടി വരും. ആന അത്യാവശ്യാണെന്നാണിവര്‍ പറയുന്നത്. ചരിത്രപരമോ പൗരാണികപരമോ ആയ ഒരു ബന്ധവും ഉത്സവങ്ങളും എഴുന്നള്ളിപ്പുകളിലും ആനകള്‍ വേണമെന്നതുമായി ഇല്ല. പക്ഷേ, ആനയെ മേനികാണിക്കലിന്റെ അടയാളമായി മാറ്റിയെടുത്തിരിക്കുന്ന മലയാളി, ആ കാട്ടുമൃഗത്തെ കൊല്ലാക്കൊല ചെയ്യുകയാണ്. നാട്ടാനയുടെ പരിപാലനവുമായി ബന്ധപ്പെട്ട സകലനിയമങ്ങളും ഇവിടെ അട്ടിമറിക്കുകയാണ്. ചൂട് ഒട്ടും സഹിക്കാനാകാത്ത ആനകളെ പകല്‍ 11നും വൈകിട്ട് 3 മണിക്കും ഇടയില്‍ എഴുന്നള്ളിക്കരുത്. ആവശ്യമായ തണല്‍ ഒരുക്കി വേണം ഇവയെ സംരക്ഷിക്കാന്‍. ആവശ്യത്തിന് വെള്ളം ലഭ്യമാകണം. താമസസ്ഥലം സ്ഥിരമായി ശുചിയാക്കണം. അണുവിമുക്തമാക്കാനുള്ള എല്ലാ സൗകര്യങ്ങളും വേണം. പൂര്‍ണ്ണ ആരോഗ്യവാനായ ആനയ്ക്ക് 250 കിലോ ആഹാരവും, 250 ലിറ്റര്‍ വെള്ളവും ഒരു ദിവസം നല്‍കണം. ഇത്ര തന്നെ വെള്ളം മറ്റ് സമയത്തും ലഭ്യമാകണം. ദിവസേന നിശ്ചിതദൂരം നടത്തിക്കണം എന്നിങ്ങനെയൊക്കെ നിബന്ധനകളുണ്ട്. ആരാണിതൊക്കെ പാലിക്കുന്നത്. നടപ്പാക്കാന്‍ ആരെങ്കിലും വന്നാല്‍ തന്നെ തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹൈക്കോടതി കേറാന്‍ വരെ പല സംഘങ്ങളുണ്ടാവും. ആനകളെ ഉപയോഗിച്ച് മതാചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന കലാപാഹ്വാനങ്ങള്‍ വരെ നാട്ടില്‍ നടക്കും. പടക്കങ്ങള്‍ പോലുള്ള ഉഗ്രസ്‌ഫോടന ശേഷിയുള്ള വസ്തുക്കള്‍ക്ക് സമീപം ആനകളെ നിര്‍ത്തരുതെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പാലിക്കപ്പെട്ടിരുന്നെങ്കില്‍ രാമചന്ദ്രന് വീണ്ടും കൊലയാളിയാകേണ്ടി വരില്ലായിരുന്നു. അതുകൊണ്ട് രാമചന്ദ്രന്‍ ഫാന്‍സ് പറയുന്നതുപോലെ തന്നെ ആളെ കൊന്നെങ്കില്‍ അതിനുത്തരവാദിത്വം രാമചന്ദ്രനല്ല. അവനെ കൊണ്ട് കൊല്ലിച്ചതാണ്. ആ കൊല്ലിച്ചവര്‍ ഈ ഫാന്‍സ് ഉള്‍പ്പെടെയുള്ളവരാണെന്നു മാത്രം!

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍