UPDATES

ഓഫ് ബീറ്റ്

വെള്ളമിറങ്ങുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം; ഒരു അനുഭവ പാഠം

ക്ലീനിംഗിന്റെ ആദ്യപടിയായി മെയിൻ സ്വിച്ച് ഓഫാക്കി . ഗ്യാസ് കുറ്റി സ്റ്റൗവിൽ നിന്ന് വേർപെടുത്തി, വിടിന് പുറത്തിറക്കി.

വെള്ളമിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്. 2007ല്‍ കിളിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ തന്റെ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ അതെങ്ങനെ പൂര്‍വ്വസ്ഥിതിയിലാക്കി എന്നു വിശദീകരിക്കുകയാണ് സുനില്‍ തോമസ് തോണിക്കുഴിയില്‍ തന്റെഫേസ്ബുക്ക് കുറിപ്പിലൂടെ.

2007 ൽ തിരുവനന്തപുരത്ത് ചെറിയ ഒരു വീട് വാങ്ങിയത് അധികം ആലോചനയില്ലാതെയായിരുന്നു. കുറച്ചുകലെ കിള്ളിയാർ ഉണ്ട് എന്ന കാര്യം ശ്രദ്ധിച്ചേയില്ല. ജീവിതം തട്ടിമുട്ടി നിങ്ങി. ഇതിനിടെ വീടിനടുത്ത് വമ്പൻ ഫ്ലാറ്റ് സമുച്ചയം ഒന്ന് പൊങ്ങി. അവർ കിള്ളിയാറ്റിലേക്ക് പാർക്കിംഗ് ലോട്ട് ഇറക്കി വെച്ചതൊന്നും നമ്മുടെ കോളനിക്കാർ ശ്രദ്ധിച്ചില്ല. 2011 ൽ ഒരു ദിവസം രാത്രി വലിയ മഴ പെയ്തു. തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ വെള്ളം കയറി ഞങ്ങളുടെ കോളനിക്കാർ അതൊന്നും കാര്യമാക്കിയില്ല. പിറ്റേന്ന് പതിവുപോലെ ഞാൻ കോളേജിൽ പോയി. മഴയൊക്കെ മാറി. ഏകദേശം മുന്നു മണി ആയിക്കാണും ഭാര്യയുടെ ഫോൺ വന്നു. ഫ്ലാറ്റിന് സമീപം ആറ്റിന്റെ സംരക്ഷണ ഭിത്തി പൊളിഞ്ഞു. റോഡിലൊക്കെ വെള്ളം വേഗം വരണം. ആറ്റിങ്ങലിൽ നിന്ന് ഓടിപ്പിടിച്ച് വിട്ടിനടുത്തെത്തിയപ്പോൾ റോഡിൽ കഴുത്തൊപ്പം വെള്ളമുണ്ട്. ഭാര്യയും മക്കളും ടെറസിൽ ഉണ്ട്. ഒന്നും ചെയ്യാൻ പറ്റുന്നില്ല. 200 ന് അടുത്ത് വീടുകൾ മുങ്ങിയിട്ടുണ്ട്. ആറു മണിയായപ്പോഴേക്കും ഫയർ ഫോർസ് വന്നു. ഡിൻജിയിറക്കി. ആളുകളെ പുറത്തിറക്കി.

വെള്ളമിറങ്ങാൻ രണ്ട് ദിവസമെടുത്തു. മുന്നാം നാൾ ക്ലീനിംഗ് തുടങ്ങി. വീടിന്നുള്ളിൽ ഒരിഞ്ച് കനത്തിൽ ചെളി അടിഞ്ഞുകിടക്കുന്നു. എവിടെ ചവിട്ടിയാലും തെന്നി വീഴും. തറയും മുറ്റവുമാണ് ആദ്യം വൃത്തിയാക്കിയത്. സുഹൃത്തുക്കളും ചില വിദ്യാർത്ഥികളും സഹായത്തിനെത്തി. ആറേഴു പേർ ഉച്ചവരെ അധ്വാനിച്ചു. താഴത്തെ നിലയിലുണ്ടായിരുന്ന സകല സാധനങ്ങളും നനഞ്ഞ് കുതിർന്നിരുന്നു.

ക്ലീനിംഗിന്റെ ആദ്യപടിയായി മെയിൻ സ്വിച്ച് ഓഫാക്കി . ഗ്യാസ് കുറ്റി സ്റ്റൗവിൽ നിന്ന് വേർപെടുത്തി, വിടിന് പുറത്തിറക്കി.

എന്റെ പ്രധാന സമ്പാദ്യങ്ങളിലൊന്നായിരുന്ന പുസ്തകങ്ങൾ മുഴവൻ നനഞ്ഞു പോയി. ഇവ മുഴുവൻ ടെറസിൽ നിരത്തി.

ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരോന്നായി ഊരി എടുത്തു. ചിലതൊക്കെ തുറന്ന് ഉണക്കാൻ വെച്ചു. ഫ്രിഡ്ജ് പുറത്തിറക്കി ഉള്ളിലുള്ള സകല സാധനങ്ങളും ഒഴിവാക്കി.( ഇതിനൊക്കെ കുട്ടികൾ സഹായിച്ചു. ). അടുക്കളയിൽ ഉണ്ടായിരുന്ന സകല ഭക്ഷ്യവസ്തുക്കളും നശിച്ചിരുന്നു. (എന്തെങ്കിലും ഉപയോഗിക്കാം എന്ന് തോന്നിയാലും ഉപയോഗിക്കരുത്) പാത്രങ്ങൾ ഓരോന്നും രണ്ടോ മൂന്നോ വട്ടം കഴുകണം.

ഫർണിച്ചർ വൃത്തിയാക്കുക എളുപ്പമുള്ള ജോലിയല്ല. കൊത്തുപണികൾ ചിത്രപ്പണികൾ ഉള്ളവ പ്രത്യേകിച്ചും. (കാർ വാഷ് ചെയ്യുന്ന ഉപകരണമുണ്ടെങ്കിൽ പണി എളുപ്പമാണ്) ഇത്രയും കഴിഞ്ഞപ്പോഴേക്കും ഒരു ദിവസം കഴിഞ്ഞു.

അടുത്ത ദിവസം കോളേജിലെ ചില സഹപ്രവർത്തകർ വന്നു. വിടിനുള്ളിലെ ഓരോ സ്വിച്ച് ബോർഡും തുറന്നു. തുണികൊണ്ട് ഉൾഭാഗം തുടച്ചു. നിറയെ ചെളി അടിഞ്ഞിട്ടുണ്ടാകും. പ്രത്യേകിച്ചും പഴയ മോഡൽ സ്വിച്ചുകളിൽ. സ്വിച്ച് ബോർഡുകൾ കഴിയുമെങ്കിൽ ഒരു ദിവസം തുറന്ന് വെക്കണം. കൺസിൽഡ് വയറിംഗിനു പയോഗിച്ചിട്ടുള്ള പൈപ്പുകളിൽ ഇർപ്പം/വെള്ളം കാണും.

ഈ പൈപ്പുകളിലും സ്വിച്ച് ബോർഡിനുള്ളിലും പല്ലി പാറ്റയൊക്കെ ചത്തിരിക്കും. അത് പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിൽ വീണ തേപ്പു പെട്ടി ടി വി ഫ്രിഡ്ജ് മിക്സി തുടങ്ങിയവയാതൊരു കാരണവശാലും ഓണാക്കരുത്. തീർച്ചയായും ഇലക്ട്രീഷനെ വിളിക്കണം. ഇലക്ട്രിസിറ്റി അനുബന്ധ ജോലികൾ സ്വയം ചെയ്യാൻ നോക്കരുത്‌.

ടോയ്ലറ്റുകൾ മിക്കതും ഉപയോഗശൂന്യമായിരിന്നു. വെള്ളം സെപ്റ്റിക് ടാങ്കിൽ നിന്ന് വിസർജ്യത്തെ തിരിച്ച് തള്ളി ടോയ് ലെറ്റിനുള്ളിലാക്കിയിട്ടുണ്ടാകും. ഇത് ശുചികരിക്കാൻ അത്യാവശ്യം മാലിന്യം കണ്ടാൽശർദ്ധിക്കില്ല എന്ന് ഉറപ്പുള്ളവർക്കേ കഴിയു. ശുചികരണത്തിലെ ഏറ്റവും വിഷമം പിടിച്ച ജോലിയാണിത്.

ഇത്രയുമൊക്കെ ചെയ്തപ്പോഴേക്ക് നാലു ദിവസമായി.

സ്വിച്ചുകൾ ഒക്കെ തിരികെ പിടിപ്പിച്ച് ഓരോ MCB വീതം ഓണാക്കി. എവിടെയും ഷോക്കില്ല എന്ന് ഉറപ്പാക്കണം ELCBയൊക്കെ മിക്കവാറും കേടായിട്ടുണ്ടാകും. വീടിനു ള്ളിൽ വൃത്തികെട്ട മണം ഉണ്ടാകും. ഒന്നോ രണ്ടോ തവണ ഡെറ്റോൾ ഇട്ട് തുടക്കണം വിടിന് ഉൾഭാഗം ഒരു വിധം ശരിയായി ക്കഴിഞ്ഞപ്പോഴാണ് മുറ്റത്തേക്ക് ഇറങ്ങിയത്. വീടിന് പിറകിൽ കുറെ പലക കഷ്ണങ്ങൾ അടുക്കിയിരുന്നു . അവ ഓരോന്നായി ഞാനും ശ്രീമതിയും കൂടെ എടുത്ത് മാറ്റാൻ തുടങ്ങി. സ് സ് ഒരു ചെറിയ ശബ്ദം കേട്ട പോലെ. വല്ല എലിയുമായിരിക്കും ഞാൻ പറഞ്ഞു. പലകപ്പുറത്ത് ആഞ്ഞ് ഒരു ചവിട്ടും കൊടുത്തു. അപ്പോഴാണ് ആശാൻ പുറത്ത് വന്നത്. ആറടി നീളമുള്ള മുർഖൻ.

പലക, ചകിരി, വിറക് എന്നിവ മാറ്റുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. എലി ,പാമ്പ്, മറ്റ് വിഷ ജന്തുക്കൾ തുടങ്ങിയവ കാണും. കണ്ടാൽ സഹായത്തിന് ആളെ വിളിക്കാൻ മടിക്കരുത്. ഒഴുകി വന്ന സാധനങ്ങൾ ശേഖരിക്കാനും മറ്റും ആളുകൾ വന്നെന്നിരിക്കും. എല്ലാവരും കുഴപ്പക്കാരാവില്ല. എങ്കിലും നിയമവാഴ്ചയൊക്കെ ചിലപ്പോൾ പേരിനു മാത്രമാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍