UPDATES

ട്രെന്‍ഡിങ്ങ്

ചുംബന സമരത്തിന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഞങ്ങള്‍ എവിടെയാണ്?

കേരളത്തെ സംബന്ധിച്ച് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ചുംബന സമരം.

ദിയ സന

ദിയ സന

കേരളത്തെ സംബന്ധിച്ച് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ചുംബന സമരം. സദാചാര വാദികള്‍ക്കെതിരെ ചെറുപ്പക്കാരുടെ ഒരു സമൂഹം ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു അന്ന്. എന്നെയും എന്റെ അമ്മയെയും അധിക്ഷേപിക്കുകയാണ് അന്ന് മതാന്ധന്മാര്‍ ചെയ്തത്.

വലിയ രീതിയിലുള്ള സമരമാണ് അന്നിവിടെ നടന്നത്. അതിന് ശേഷവും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ഈ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. മാനവീയം വീഥിയിലുള്‍പ്പെടെ പല സ്ത്രീകള്‍ക്കും പൊതു ഇടത്തെ സ്വാതന്ത്ര്യത്തോടെ ഇടപെടാന്‍ പറ്റുന്നുണ്ട്. ചുംബന സമരം സദാചാര കുരുക്കളെ തിരിച്ചറിഞ്ഞുള്ള ഒരു സമരം തന്നെയാണ്. ആ സമരത്തെ ഒരിക്കലും ഞാന്‍ വിലകുറച്ച് കാണില്ല. അതിന് ശേഷം എല്ലാവരും ഒരുമിച്ച് സമയത്തെ കുറിച്ച് ആലോചിക്കാതെ നഗരങ്ങളിലെ ഏത് ഭാഗത്തും സ്ത്രീകള്‍ക്കിരിക്കാമെന്ന സാഹചര്യം നിലവിലുണ്ട്. ഈ സമരത്തിനൊപ്പം നിന്നപ്പോള്‍ മതവും കുടുംബവുമെല്ലാം എന്നെ തള്ളിക്കളഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ട്. ഒരുവശത്ത് മതത്തിനെ ഉപേക്ഷിച്ച ഒരാളല്ല ഞാനെങ്കിലും മതത്തിന് ഉള്ളില്‍ തന്നെ ജീവിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ വ്യക്തിപരമായ തീരുമാനങ്ങളുടെ പേരില്‍ പള്ളിക്കമ്മിറ്റിയില്‍ നിന്നും എനിക്ക് നല്ല രീതിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പുരുഷകേസരികളുമായി ചേര്‍ന്ന് നിന്നാണ് എന്നെ പോലുള്ള മുസ്ലിം സമുദായത്തില്‍ ജനിച്ച് വളര്‍ന്ന സ്ത്രീകളോട് അവര്‍ സംസാരിച്ചത്.

ഈ സമരത്തിന്റെ പേരില്‍ സൈബര്‍ അറ്റാക്കുകളും എനിക്കെതിരെ ഉണ്ടായിട്ടുണ്ട്. ചുംബന സമരത്തില്‍ പങ്കെടുക്കുന്നവരും അതിനെ അനുകൂലിക്കുന്നവരും അരാജകവാദികളാണെന്നും ആരും ചോദിക്കാനും പറായാനുമില്ലെന്നുമുള്ള ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്. ആരാണ് ഈ കണ്ടുപിടിത്തം നടത്തിയതെന്നറിയില്ല. കുടുംബത്തില്‍ ജീവിക്കുന്നവര്‍ ഇത്തരം ‘ആഭാസ’ങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കില്ലെന്നാണ് ഇവിടുത്തെ സദാചാരസംരക്ഷകരുടെ അനുമാനം. കുടുംബം എന്ന എസ്റ്റാബ്ലിഷ്മെന്റിനെ പവിത്രതയോടെ കാണുന്ന ഇവര്‍ക്ക് തങ്ങളുടെ എതിരാളികളെ തകര്‍ക്കാന്‍ ഇതേ കുടുംബത്തെ അധിക്ഷേപിക്കാനും മടിയില്ല എന്നതാണ് സത്യം. കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലൗവില്‍ പങ്കെടുക്കുന്നതോടെയാണ് ഞാന്‍ പലരുടെയും ശത്രുവും നോട്ടപ്പുള്ളിയുമാകുന്നത്. അവരില്‍ എനിക്ക് പരിചയമുള്ളവരും അല്ലാത്തവരുമുണ്ടായിരുന്നു. ആദ്യം ഉപദേശവും, പിന്നെ മുന്നറിയിപ്പും ഒടുവില്‍ ഭീഷണിയുമായിരുന്നു എനിക്കുനേരെ വന്നത്. തെറ്റു ചെയ്തിട്ടില്ലെന്ന് മനഃസാക്ഷിക്ക് ബോധ്യമുള്ളിടത്തോളംകാലം ആരെയും ഭയക്കേണ്ടതില്ല. ഞാന്‍ മതത്തെ അപമാനിച്ചു എന്നതാണ് പ്രധാന ആരോപണം! ഒരു മുസ്ലിം പെണ്‍കുട്ടി ഇങ്ങനെയൊക്കെ ചെയ്തതാണ് അവര്‍ക്ക് സഹിക്കാന്‍ പറ്റാഞ്ഞത്? കിയാമത്ത് നാളിന്റെ അടയാളമാണത്രെ ഞാന്‍! എന്താണ് എന്റെ അപരാധം? ഇസ്ലാമിന് നിരക്കാത്ത എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് മനസ്സിലാകുന്നില്ല. അടിച്ചമര്‍ത്തലിനെതിരെയുള്ള പ്രതികരണ കൂട്ടായ്മയില്‍ പങ്കെടുത്തതാണോ എന്റെ തെറ്റ്. ഏതു മതമാണ് ഫാസിസം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നത്? ഏതുമതമാണ് സ്ത്രീയെ എക്കാലവും പുരുഷന്റെ അടിമയായി നിലനിര്‍ത്തിക്കോളണമെന്ന് നിര്‍ബന്ധം പറയുന്നത്? ഇതൊന്നും മതഗ്രന്ഥങ്ങളില്‍ ഉദ്‌ഘോഷിക്കുന്നതല്ല, അവയെവച്ച് ഉപജീവനം കഴിക്കുന്ന കുറെ ആള്‍ക്കാര്‍ ഇറക്കുന്ന തിട്ടൂരങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ് നമ്മള്‍ മതവിരോധികളും സദാചാരലംഘകരുമാകുന്നത്.

എന്റെ അമ്മയും വ്യഭിചാരിണിയാണെന്ന തലത്തിലാണ് ഇവിടെ അക്കാലത്ത് വാര്‍ത്തകള്‍ വന്നത്. ചുംബന സമരത്തിന്റെ നേതാക്കളായിരുന്ന രശ്മിയെയും രാഹുലിനെയും ഒരു കേസില്‍ അറസ്റ്റ് ചെയ്തതോടെ ഞാനുള്‍പ്പെടെ ആ സമരത്തെ പിന്തുണച്ചവര്‍ക്ക് അതൊരു തിരിച്ചടിയായിരുന്നു. അവരുടെ കേസ് തെളിയിക്കപ്പെടാതെ പോകുകയും അതേസമയം ഞങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ സംശയത്തിന്റെ നിഴലിലാകുകയും ചെയ്ത കേസാണ് അത്. പക്ഷെ, ഒരു വിപ്ലവകരമായ മുന്നേറ്റത്തിന് ഒപ്പമുണ്ടായിരുന്ന ഞങ്ങളെപ്പോലുള്ളവരുടെ സ്ഥാനം എവിടെയാണെന്നത് ചുംബന സമരത്തിന്റെ ഈ മൂന്നാം വാര്‍ഷികത്തില്‍ ഒരു ചോദ്യമായി അവശേഷിക്കുന്നു.

ദിയ സന

ദിയ സന

സോഷ്യല്‍ ആക്റ്റിവിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍