UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

നമ്മളിത്ര അപരിഷ്കൃതര്‍ ആവേണ്ടതില്ല; പാചകം ചെയ്യേണ്ടത് പുസ്തകങ്ങളാണ്

പ്രിയങ്ക ചോപ്രയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോശം വസ്ത്രധാരണം നടത്തിയിരുന്നതായി തോന്നിയില്ല എന്നതിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്.

ഹരീഷ് ഖരെ

കോളത്തില്‍ വല്ലപ്പോഴും പുസ്തകങ്ങളെ കുറിച്ച് പറയുന്നതിന് പകരം, ഞാന്‍ മറ്റ് കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് പറഞ്ഞുകൊണ്ട് ചിലര്‍ കത്തെഴുതുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുണ്ട്. ഇതൊരു ന്യൂനപക്ഷ കാഴ്ചപ്പാടാണെങ്കിലും ഇത് തീര്‍ച്ചയായും പുസ്തകങ്ങളുടെയും ആശയങ്ങളുടെയും ലോകത്ത് നിന്നും വിട്ടുനില്‍ക്കാന്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന അഭിരുചിയുടെ പ്രതിഫലനമാണ്. ‘പുസ്തകങ്ങള്‍ ചിലവേറിയതാണ്,’ എന്നതാണ് മിക്കപ്പോഴുമുള്ള വാദം. ഒരു ദശാബ്ദത്തിന് മുമ്പ് ഇന്ത്യയില്‍ പുസ്തകങ്ങള്‍ വാങ്ങുക എന്നത് ചിലവേറിയ ഒരു കാര്യമായിരുന്നു. ഭാഗ്യവശാല്‍ സമീപ വര്‍ഷങ്ങളില്‍, നിരവധി വിദേശ പ്രസാധകര്‍ അവരുടെ സഹോദരസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ സ്ഥാപിക്കുകയോ അല്ലെങ്കില്‍ ഇന്ത്യയിലെ ചെറുകിട പ്രസാധക സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള അച്ചടി സൗകര്യങ്ങള്‍ ഇവിടെ തുടങ്ങുകയോ ചെയ്തതോടെ പുസ്തക പ്രസാധക വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വായനക്കാരാണ് ഇതിന്റെ ഗുണഭോക്താക്കള്‍.

ലണ്ടനിലോ ന്യൂയോര്‍ക്കിലോ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ നല്ല പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഡല്‍ഹിയിലോ ചണ്ഡിഗഡിലോ ലഭ്യമാകുന്നു. മള്‍ട്ടിപ്ലെക്‌സ് തിയേറ്ററില്‍ നിന്നും ഒരു സിനിമ ടിക്കറ്റ് വാങ്ങുന്നതിനോ അല്ലെങ്കില്‍ ഒരു വലിയ റസ്‌റ്റോറന്റില്‍ നിന്നും രണ്ട് കാപ്പി കുടിക്കുന്നതിനോ അതുമല്ലെങ്കില്‍ കുറച്ചധികം ചീസും ഗാര്‍ലികും സഹിതം ഒരു ഇടത്തരം പിസ മേടിക്കുന്നതിനോ തുല്യമായ പൈസയ്ക്ക് സാരവത്തും കുലീനവും ഗണനീയവുമായ ഒരു പുസ്തകം വാങ്ങാന്‍ സാധിക്കുന്നു. എന്നിട്ടും പുസ്തകങ്ങള്‍ക്ക് ‘വില കൂടുതലാണ്’ എന്ന തെറ്റായ പൊതുധാരണ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് സൗകര്യപ്രദവും ഒരു പക്ഷെ സ്വയം സഹായിക്കുന്നതുമായ ഒരു ഒഴിവുകഴിവാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇത് ഒരു ആധുനിക, ഉപഭോക്തൃ സമൂഹത്തിന്റെ വിനാശത്തിന് കാരണം കൂടിയായി മാറുന്നു.

പുസ്തകങ്ങള്‍ വായിക്കുന്നതില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള സംതൃപ്ത വികാരം ജനപ്രിയ സംസ്‌കാരം സൃഷ്ടിക്കുന്നില്ല. പുസ്തകങ്ങള്‍ ഒഴികെയുള്ള എല്ലാ വിലപിടിച്ച ഉത്പന്നങ്ങള്‍ക്കും ഒരു അന്തഃസിന്റെ മൂല്യം നിര്‍മ്മിക്കുന്നതില്‍ ഉപഭോക്തൃ സാമ്പത്തികശാസ്ത്രത്തിന്റെ ഉന്നത പരസ്യ പുരോഹിതന്മാര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ആഴമുള്ള പോക്കറ്റല്ലാതെ മറ്റൊന്നും ആവശ്യപ്പെടാത്ത വിലപിടിച്ച ജീന്‍സുകള്‍, കാറുകള്‍, മൊബൈലുകള്‍ അല്ലെങ്കില്‍ അത് പോലെയുള്ള ഉല്‍പന്നങ്ങള്‍ക്ക് ബുദ്ധിമാന്മാരായ പരസ്യ ഗുരുക്കന്മാര്‍ ഒരു തീവ്രാഭിലാഷ മുല്യം നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നു. മറുവശത്ത് പുസ്തകങ്ങളാകട്ടെ ഉപഭോക്താവില്‍ ഒരു മാനസിക ചോദനം സൃഷ്ടിക്കുകയും പക്ഷെ ഒടുവില്‍ വായനക്കാരന് മാനസികവും ബൗദ്ധികവുമായി നവോര്‍ജ്ജം സമ്മാനിക്കുകയും ചെയ്യുന്നു.

പുസ്തകങ്ങളോടുള്ള വെളിപ്പെടുത്താത്ത ഈ വൈമുഖ്യം സര്‍വവ്യാപിയായ ടെലിവിഷന്‍ സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പരിണിതഫലമാണെന്ന കാര്യത്തില്‍ സംശയമില്ല. സ്‌ക്രീനിലെ ചലിക്കുന്ന ദൃശ്യങ്ങള്‍ കാണികളില്‍ സംഭ്രമജനകമായ ഒരു വശീകരണം സൃഷ്ടിക്കും. ഇപ്പോള്‍, ‘കൃഷ്ണമണി’കള്‍ പിടിച്ചെടുക്കുന്നതില്‍ ടെലിവിഷന്‍ വ്യവസായം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഇതോടൊപ്പം, ‘സന്ദേശങ്ങള്‍ക്ക്’ സ്വന്തമായി അതിന്റെതായ ഭാഷ സൃഷ്ടിച്ച ഒരു മൊബൈല്‍ സംസ്‌കാരവും നമുക്കുണ്ട്. അത് വ്യാകരണത്തെയും വാക്യഘടനയെയും തകര്‍ക്കുക മാത്രമല്ല ഒരു പൂര്‍ണ വാചകവും ഒരു സമ്പൂര്‍ണ ഖണ്ഡികയേയും വായിക്കാനുള്ള ശേഷിയെയും അതുണ്ടാക്കുന്ന ആഹ്ലാദത്തേയും ഇല്ലാതാക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ അടുത്ത വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണെന്നത് പോലെ തന്നെ പുസ്തങ്ങള്‍ സ്വന്തമാക്കുകയും വായിക്കുകയും ചെയ്യുക എന്ന ആശയവും സാംസ്‌കാരിക വെല്ലുവിളിയാണെന്ന് ഞാന്‍ കരുതുന്നു.

നിരവധി വായനക്കാരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച അനുഭവങ്ങളായി പുസ്തകങ്ങള്‍ എങ്ങനെ മാറി എന്നതിനെ കുറിച്ചുള്ള മനോഹരമായ ഒരു ലേഖനം ഇന്ന് ഞങ്ങളുടെ മാസികയായ സ്‌പെക്ട്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിജ്ഞാസുവും അന്വേഷണകുതുകിയുമായ ഒരു മനസിന്റെ അടിസ്ഥാന സന്നാഹമാണ് പുസ്തകങ്ങള്‍. നമ്മള്‍ പൂര്‍ണമായും അപരിഷ്‌കൃതര്‍ ആവേണ്ട കാര്യമില്ല. വെള്ളിയാഴ്ച വൈകിട്ട് ഞാന്‍ ഛണ്ഡിഗഢ്-ഡല്‍ഹി ശതാബ്ദി എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോള്‍ എന്റെ സീറ്റിന് രണ്ട് നിര മുന്നിലിരുന്ന ഒരു സ്ത്രീ മുഴുവന്‍ സമയവും ഒരു പുസ്തകത്തില്‍ നിമഗ്നയായി ഇരിക്കുന്നത് എന്നില്‍ സന്തോഷം ജനിപ്പിച്ചു. അതേ സമയം എന്റെ പിന്‍നിരയില്‍ നിന്നും മുന്ന് കുട്ടികള്‍ അടങ്ങുന്ന സംഘം മിക്ക സമയവും അലോസരപ്പെടുത്തുന്ന രീതിയില്‍ ബഹളം വച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു; എന്നാല്‍ കര്‍ണാല്‍ കഴിഞ്ഞപ്പോള്‍ അതിലൊരാള്‍ ഒരു പുസ്തകത്തില്‍ നിന്നും ഒരു ‘രാജകുമാരന്റെ’ കഥ വായിക്കാന്‍ തുടങ്ങി. അത് കര്‍ണങ്ങള്‍ക്ക് സംഗീതമായി മാറി.

ചരിത്രകാരന്മാര്‍, നല്ല ചരിത്രകാരന്മാര്‍ പോലും, വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണതകളുടെ മോശം വ്യാഖ്യാതാക്കളാണ്. വഞ്ചകരായ മനുഷ്യരുടെയും അവരുടെ വഞ്ചനാപരമായ രീതികളുടെയും ഗൂഢാക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ ചരിത്രത്തിലുള്ള ജ്ഞാനം അവരെ സഹായിക്കണമെന്ന് നിര്‍ബന്ധമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏജിയന്‍ തൊഴുത്തുകള്‍ വൃത്തിയാക്കാന്‍ സുപ്രീംകോടതി നിയമിച്ച ഭരണസമിതിയില്‍ ഉള്‍പ്പെട്ട രാമചന്ദ്ര ഗുഹയുടെ കാര്യം തന്നെ എടുക്കുക. ഇച്ഛാഭംഗവും നിരാശയും പേറിക്കൊണ്ട് ഗുഹ ഇപ്പോള്‍ രംഗം വിട്ടിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലനില്‍ക്കുന്ന താരസംസ്‌കാരത്തിന്റെയും അവയുടെ അനാരോഗ്യകരമായ ആവശ്യങ്ങളുടെയും പ്രശ്‌നത്തെ കുറിച്ച് ചൂണ്ടിക്കാണിച്ചതില്‍ അദ്ദേഹം ശരിയുടെ ഭാഗത്താണ്. ഇതൊരു സാധാരണ ഇന്ത്യന്‍ പരാജയമാണ്. പണം നയിക്കുന്ന മേഖലകളില്‍ ‘വിജയം കൈവരിക്കുന്ന’ ആര്‍ക്കും തങ്ങള്‍ക്ക് ചില വിശേഷ അധികാരങ്ങളുണ്ടെന്ന തോന്നല്‍ ഉണ്ടാവുകയും നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും നിയന്ത്രണത്തില്‍ നിന്നും അയാള്‍/അവര്‍ സ്വയം മോചിതരാണ് എന്ന വികാരം ജനിക്കുകയും ചെയ്യുന്നു. പക്ഷെ, ഈ അതിശുദ്ധ നായകരുടെ പുതിയ ഭരണസംസ്‌കാരം തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ കഴിവുകേടിന്റെ പേരിലാണ് ഗുഹയോടുള്ള എന്റെ പ്രശ്‌നം. നമുക്കിത് ഘട്ടംഘട്ടമായി പരിശോധിക്കാം.

‘നിരവധി നിര്‍ണായക തീരുമാനങ്ങള്‍’ എല്ലാ അംഗങ്ങളെയും ‘ഉള്‍ക്കൊള്ളിക്കാതെയാണ്’ കൈക്കൊള്ളുന്നതെന്ന് ഭരണസമിതിയുടെ അദ്ധ്യക്ഷന് അയച്ച കത്തില്‍ ഗുഹ പരാതിപ്പെട്ടിരിക്കുന്നു. ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളപ്പെടുന്നതായി ഗുഹ കണ്ടെത്തുന്നു. ആര്? തീര്‍ച്ചയായും സമിതിയുടെ അധ്യക്ഷന്‍. ആരാണ് അധ്യക്ഷന്‍? മുന്‍ സിഎജിയായ വിനോദ് റായ്. അദ്ദേഹം എങ്ങനെ സമിതിയുടെ അദ്ധ്യക്ഷനായി? കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രേരിതമായ പ്രകടനത്തെ തുടര്‍ന്ന് അതിശുദ്ധ ഉദ്യോഗസ്ഥന്‍ എന്ന പ്രതിച്ഛായ അദ്ദേഹത്തിന് ലഭിച്ചതാണ് കാരണം.

ഭരണസമിതിയുടെ രൂപീകരണത്തില്‍ തന്നെ ഗുഹയുടെ യുക്തി പ്രയോഗിക്കപ്പെട്ടിരുന്നെങ്കില്‍ വിനോദ് റായ് അതിന്റെ അധ്യക്ഷനാവില്ലായിരുന്നു. മാധ്യമങ്ങളില്‍ അദ്ദേഹത്തിന് വേണ്ടി സൃഷ്ടിച്ചെടുക്കപ്പെട്ട യശസ്സില്‍ പെട്ടുപോകാന്‍ സുപ്രീംകോടതി സ്വയം അനുവദിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. സിഎജി കാലാവധിക്ക് ശേഷം ഭരണഘടന മൂല്യങ്ങള്‍ ലംഘിച്ചുകൊണ്ട് സര്‍ക്കാരില്‍ നിന്നുള്ള ‘ചുമതലകള്‍’ വിനോദ് റായ് ഏറ്റെടുത്തു എന്ന വസ്തുത ഈ പ്രക്രിയയ്ക്കിടയില്‍ സുപ്രീം കോടതി പരിഗണിച്ചില്ല. സുപ്രീംകോടതി ഉത്തരവ് ലംഘിക്കുന്നു എന്ന തോന്നല്‍ ഉളവാക്കാതെ നിയന്ത്രണം നിലനിറുത്താനുള്ള കൗശലപൂര്‍വമായ ഒരു നാടകമായിരുന്നു ഭരണസമിതി എന്ന് മനസിലാക്കാന്‍ കഴിയാത്ത വിധത്തില്‍ നിഷ്‌കളങ്കനോ ആദര്‍ശവാനോ ആണ് ഗുഹ. അതിശക്തമായ അവകാശങ്ങള്‍ ഇതില്‍ ഇടപെട്ടിരുന്നു എന്നതിനെ കുറിച്ച് ഗുഹ പൂര്‍ണമായും അജ്ഞനായിരുന്നു എന്ന് കരുതാനാവില്ല. ഒന്നുമല്ലെങ്കിലും, നമ്മുടെ കാലഘട്ടത്തിന്റെ സംരംഭകത്വ ഊര്‍ജ്ജം എന്ന് വിളിക്കപ്പെടുന്നതിന്റെ സങ്കീര്‍ത്തനമാണ് ഐപിഎല്‍. നിഗൂഢരായ സംരംഭകര്‍, നിഗൂഢമായ പണവും അതിനെക്കാള്‍ നിഗൂഢമായ ബന്ധങ്ങളും ഉപയോഗിച്ച് ‘ക്രിക്കറ്റിനെ’ ഒരു ലാഭകരമായ വ്യവസായം ആക്കി മാറ്റിയിരിക്കുന്നു. അതിന്റെ മാലിന്യങ്ങളും അസാ•ാര്‍ഗ്ഗികതയും പുറന്തള്ളാന്‍ ഒരു ‘സംവിധാനം’ സ്വയം അനുവദിക്കും എന്ന ആലോചന ഒരു ചരിത്രകാരന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് തീര്‍ച്ചയായും ചരിത്രവിരുദ്ധമായ ഒരാലോചന തന്നെയാണ്. ഈ സംവിധാനം അതിസങ്കീര്‍ണമാണ്; സംവിധാനത്തെ കൂടുതല്‍ ഉറപ്പിക്കുന്നതിന് വഴക്കമുള്ള പുരുഷന്മാരെയും സ്ത്രീകളെയും കണ്ടെത്തുന്നതിനായി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തെ അത് ഉപയോഗിക്കും. ഗുഹയെ പോലെയുള്ള ഏതാനും നല്ല മനുഷ്യര്‍ ഉണ്ടായാല്‍ പോലും.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ ശ്രീമതി പ്രിയങ്ക ചോപ്ര ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കത്തിനെ കുറിച്ച് ഒരുപാട് നിശ്വാസങ്ങള്‍ പാഴാക്കിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലെ സാധാരണ അലര്‍ച്ചക്കാര്‍ ചാടിവീഴുകയും അനുചിതമായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ അവര്‍ക്കെതിരെ രോഷം ചൊരിയുകയും ചെയ്തു. ട്വിറ്റര്‍ കുറുക്കന്മാരുടെ ഓരിയിടലുകള്‍ക്ക് മറുപടി കൊടുക്കാന്‍ കൃത്യമായി ശേഷിയുള്ള ആളാണ് പ്രിയങ്ക ചോപ്ര. ഇന്ത്യുടെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമ്പോള്‍ ബഹുമാനം കലര്‍ന്ന ചില പെരുമാറ്റങ്ങള്‍ ഉണ്ടാവണം എന്നത് മാത്രം പാലിച്ചാല്‍ മതി.

അതിനേക്കാള്‍ പ്രസക്തമായ ഒരു ചോദ്യം ചോദിക്കാനുണ്ട്: പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് എന്തിനാണ് അനുമതി നല്‍കിയത്? അവരുടെ പുതിയ ചിത്രമായ ബേവാച്ചിന്റെ പ്രദര്‍ശനത്തിനെത്തുന്നതിന്റെ തലേദിവസം പ്രിയങ്ക ചോപ്രയ്ക്ക് അത്യാവശ്യം സദസ്യരെ സൃഷ്ടിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ നിര്‍ബന്ധിക്കാന്‍ തക്ക സ്വാധീനം കൗശലക്കാരായ പ്രചാരണ മനേജര്‍മാര്‍ക്ക് ഉണ്ട് എന്ന് കേള്‍ക്കേണ്ടി വരുന്നത് അത്ര സുഖകരമല്ല. എന്നാല്‍ പ്രിയങ്ക ചോപ്രയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോശം വസ്ത്രധാരണം നടത്തിയിരുന്നതായി തോന്നിയില്ല എന്നതിനാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്.

പ്രധാനമന്ത്രിയുടെ വസ്ത്രധാരണ രീതിയിലെ പ്രകടമായ പുരോഗതി ശ്രദ്ധിക്കപ്പെടേണ്ടതാണ്. മനോഹരമായി തുന്നിയ കുപ്പായങ്ങളും അതിന്റെ നെഞ്ചിലെ പോക്കറ്റില്‍ അതിരുചികരമായി മടക്കിവെച്ച കൈത്തൂവാലകളും അണിഞ്ഞാണ് ഇപ്പോഴത്തെ യൂറോപ്യന്‍ പര്യടനത്തില്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടത്. പലപ്പോഴും പാപ്പാസുകളുമണിഞ്ഞ് വിദേശമണ്ണില്‍ സഞ്ചരിച്ചിരുന്ന ആദ്യകാലങ്ങളില്‍ നിന്നും ഇത് തീര്‍ച്ചയായും ഗുണപരമായ ഒരു മാറ്റമാണ്. നമ്മുടെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും കേന്ദ്ര മന്ത്രിമാരും പൊതുഇടങ്ങളിലെ വസ്ത്രധാരണത്തില്‍ മാതൃകകളായിരിക്കണം. അവരില്‍ നിന്നും സൂചനകള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാധിക്കണം. ഔപചാരിക ചടങ്ങുകള്‍ക്ക് അനുസൃതമായാണ് എല്ലാവരും വസ്ത്രം ധരിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ രാഷ്ട്രപതിമാരായ ശങ്കര്‍ ദയാല്‍ ശര്‍മ്മയും കെ ആര്‍ നാരായണനും നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു രാജ്യകാര്യമാണ്.

1950 ജനുവരി 26ന്റെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാബു രാജേന്ദ്ര പ്രസാദും ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ രസകരമായ ഒരു ആശയവിനിമയം നടന്നിരുന്നു. ജനുവരി 23ന് വൈകുന്നേരം നെഹ്രുവിന് അയച്ച ഒരു കത്തില്‍ രാഷ്ട്രപതിയെന്ന നിലയില്‍ ഔപചാരികത സ്പഷ്ടമാക്കുന്ന രീതിയിലുള്ള ഒരു വസ്ത്രധാരണം തനിക്ക് ആവശ്യമാണെന്ന് രാജേന്ദ്ര പ്രസാദ് സൂചിപ്പിച്ചു. പ്രസിഡന്റിന് രാജകീയ അലങ്കാരവസ്ത്രം ആകാം എന്ന മൗണ്ട്ബാറ്റണിന്റെ നിര്‍ദ്ദേശം അദ്ദേഹത്തെ സ്വാധീനിച്ചിരിക്കാം. അതേ രാത്രിയില്‍ എഴുതിയ മറുപടിയില്‍ ഏതെങ്കിലും തരത്തിലുള്ള അലങ്കാരപ്പണികളും അരപ്പട്ടകളും കലര്‍ന്ന കുപ്പായം ധരിക്കുന്നതിനെ നെഹ്രു നിരുത്സാഹപ്പെടുത്തി. ഔദ്യോഗിക ചടങ്ങുകള്‍ക്ക് മുട്ടോളം എത്തുന്ന കറുത്ത കുപ്പായവും വെള്ള കാലുറകളും ആകാം എന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചു.

തുടര്‍ന്ന് മുട്ടോളമെത്തുന്ന കുപ്പായവും കാലുറകളും ഔപാരിക അവസരങ്ങളിലുള്ള ഔപചാരിക വേഷമായി മാറി. പിന്നീടുള്ള വര്‍ഷങ്ങളില്‍ കാലുറകളുടെ മാന്യനായ പകരക്കാരനായി ദോത്തി മാറി. ഇപ്പോള്‍ ബന്ദഗാല സ്യൂട്ടുകളാണ് ഔപചാരിക വസ്ത്രമായി അംഗീകരിക്കപ്പെടുന്നത്. പ്രധാനമന്ത്രിമാരെന്ന നിലയില്‍ അടല്‍ ബിഹാരി വായ്‌പേയും മന്‍മോഹന്‍ സിംഗും ഇതാണ് ഔദ്യോഗിക അവസരങ്ങളില്‍ ധരിച്ചിരുന്നത്. ഇപ്പോഴത്തെ പ്രധാനമന്ത്രി തന്റെ വസ്ത്രധാരണ രീതികളില്‍ ഒരു പരിഷ്‌കൃതരുചി പകര്‍ന്നുകാണുന്നത് ആഹ്ലാദകരമാണ്.

മണല്‍ ഖനികളുടെ ലേലം പിടിക്കാന്‍ ഒരു മന്ത്രിയുടെ പാചകക്കാരന് എങ്ങനെ വിജയകരമായി സാധിച്ചുവെന്ന് ട്രിബ്യൂണ്‍ വായനക്കാരെ എന്റെ യുവ സഹപ്രവര്‍ത്തകന്‍ വിഷവ് ഭാരതി അറിയിച്ചതിന് ശേഷം, ഏതെങ്കിലും ഒരു പഞ്ചാബ് മന്ത്രിയുടെ പാചകക്കാരന്റെ ജോലി ലഭിക്കാന്‍ തങ്ങളെ സഹായിക്കാമോ എന്ന് അന്വേഷിച്ച് ഡല്‍ഹിയിലുള്ള നിരവധി സുഹൃത്തുക്കള്‍ എന്നെ വിളിക്കുന്നുണ്ട്. എന്നാല്‍ പുസ്തകങ്ങള്‍ പാകം ചെയ്യാന്‍ അറിയാമോ എന്ന എന്റെ ചോദ്യം കേള്‍ക്കുമ്പോള്‍ അവര്‍ പിന്‍മാറുകയാണ് ചെയ്യുന്നത്.

അങ്ങനെ ചെയ്യുന്നതിന് പകരം എന്നോടൊപ്പം ഒരു ചായ പങ്കിടാന്‍ അവരെ ക്ഷണിക്കുന്നു. നിങ്ങള്‍ക്കും അതില്‍ പങ്കുചേരാവുന്നതാണ്.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍