UPDATES

ഓഫ് ബീറ്റ്

‘ഈ സംഗീതം അടിമ സ്ത്രീകളില്‍ നിന്ന് കടം കൊണ്ടതാണ്’; ഇന്തോ-ആഫ്രിക്കന്‍ സമരഗീതങ്ങളുമായി ‘ത്രെഡ്‌സ് ഓഫ് സോറോ’

മലയാളം, ഉര്‍ദ്ദു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ആഫ്രിക്കന്‍ ഭാഷകളായ സുളു, ഹോസ എന്നിവയിലായിരുന്നു ഗാനങ്ങള്‍. ചിലത് വരികളില്ലാതെ വാദ്യസംഗീതം മാത്രമായാണ് അവതരിപ്പിച്ചത്.

ആഫ്രിക്കയിലെയും ഇന്ത്യയിലെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ സമരഗീതങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംഗീത പരിപാടി കൊച്ചി-മുസിരിസ് ബിനാലെയില്‍ വേറിട്ട അനുഭവമായി. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കലാകാരന്മാര്‍ ഒരുമിച്ചാണ് വേദിയില്‍ സംഗീത പ്രകടനം നടത്തിയത്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയവും ചോദനയും ഉണര്‍ത്തുന്ന പാട്ടുകളാണ് ഇതില്‍ അവതരിപ്പിച്ചത്. ഖനി തൊഴിലാളികല്‍, കൃഷിക്കാര്‍, ചുമട്ടുകാര്‍, ആദിവാസികള്‍ എന്നിവര്‍ക്കെല്ലാമുള്ള ആദരവായിരുന്നു ഈ സംഗീതാര്‍ച്ചന. ഇന്‍സറക്ഷന്‍സ് എന്‍സംബിള്‍ എന്നാണ് ഈ ഇന്തോ-ആഫ്രോ സംഗീത സംഘത്തിന്റെ പേര്.

ത്രെഡ്‌സ് ഓഫ് സോറോ എന്ന് പേരിട്ട ഈ സംഗീത പരിപാടി കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവലിയനിലാണ് നടന്നത്. ദക്ഷിണാഫ്രിക്കയിലെ കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ അരി സിറ്റാസ് ഗവേഷകയും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമകളുമായ സുമംഗല ദാമോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സംഗീത ബാന്‍ഡിനെ നയിക്കുന്നത്.

90 മിനിട്ട് നീണ്ടു നിന്ന സംഗീത പരിപാടി ഈ സംഘത്തിന്റെ നാലാമത്തെ നിര്‍മ്മാണ സംരംഭമാണ്. കേവലം മൂന്ന് മാസമേ ആയിട്ടുള്ളൂ ഇത് ചിട്ടപ്പെടുത്തിയിട്ട്. ദക്ഷിണാഫ്രിക്കയിലെ ഫുട്‌ബോള്‍ ലോകകപ്പിലെ ആഫ്രിക്കന്‍ സംഗീതത്തിലെ ചില ഉപകരണങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു വാദ്യങ്ങള്‍.


അവയ്‌ക്കൊപ്പം ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ കൂടി ചേര്‍ന്നതോടെ മികച്ച ശ്രവ്യാനുഭൂതി പകരാനും അവര്‍ക്കായി. 2010 ല്‍ സ്ഥാപിതമായ ഈ സംഘത്തിന്റെ ആദ്യത്തെ സംഗീത സംരംഭം 2012 ലാണ് പുറത്തു വന്നത്. പിന്നീട് 2014, 16, 18 എന്നീ വര്‍ഷങ്ങളില്‍ അടുത്ത മൂന്നെണ്ണം പുറത്തു വന്നു. അത്തരത്തില്‍ ബിനാലെയുമായി ആകസ്മകമായി സാദൃശ്യവും ഇവര്‍ക്കുണ്ട്.

മലയാളം, ഉര്‍ദ്ദു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ആഫ്രിക്കന്‍ ഭാഷകളായ സുളു, ഹോസ എന്നിവയിലായിരുന്നു ഗാനങ്ങള്‍. ചിലത് വരികളില്ലാതെ വാദ്യസംഗീതം മാത്രമായാണ് അവതരിപ്പിച്ചത്. പ്രശസ്ത കവി സച്ചിദാനന്ദന്റെ മകളും കവിയുമായ സബിത ടിപി, വിവേക് നാരായണന്‍, ടീന ഷൂവ്, മല്ലിക എന്‍ഡ്‌ലോവ് എന്നിവരാണ് വരികള്‍ എഴുതിയത്.

കിഴക്കും പടിഞ്ഞാറും ഒരുപോലെ വളരുന്ന വര്‍ഗീയതയുടെ പശ്ചാത്തലത്തിലാണ് ത്രെഡ്‌സ് ഓഫ് സോറോ അവതരിപ്പിച്ചിരിക്കുന്നത്. ഇരു സമൂഹങ്ങളിലെയും വേട്ടയാടപ്പെടുന്നവരുടെ വിവരണത്തില്‍ സമാനതകള്‍ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. പ്രകടനത്തിന്റെ രണ്ടാം പകുതിയില്‍ അടിമവേല, കുടിയേറ്റം, അടിച്ചമര്‍ത്തല്‍, സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാലു ഭാഷകളിലാണ് പ്രൊഫ സുമംഗല പാടിയത്. ഹിന്ദുസ്ഥാനി, കര്‍ണാടിക്ക് ശൈലികളിലെ രാഗങ്ങളായിരുന്നു അവര്‍ അവലംബിച്ചത്. പാശ്ചാത്യ ക്ലാസിക്കിനോട് സാദൃശ്യമുള്ള കീരവാണി രാഗത്തിലും സുമംഗല ആലാപനം നടത്തി.


അടിമത്തത്തെക്കുറിച്ചാണ് ത്രെഡ്‌സ് ഓഫ് സോറോ പറയുന്നതെന്ന് അരി സിറ്റാസ് പറഞ്ഞു. ഈ സംഗീതം ബോളീവുഡില്‍ നിന്നോ ഹോളീവുഡില്‍ നിന്നോ ഉണ്ടായതല്ല. മറിച്ച് അടിമകളായിരുന്ന സ്ത്രീകളില്‍ നിന്നാണ്, അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്ന കടം കൊണ്ടതാണ് ഈ ഈണങ്ങള്‍, അദ്ദേഹം പറഞ്ഞു.

കെപിഎസിയുടെ ഗാനങ്ങളാണ് മലയാളത്തില്‍ കൂടുതല്‍ പാടിയത്. 19-ാം നൂറ്റാണ്ടിലെ ബീറ്റ് പോയട്രിയില്‍ നിന്നായിരുന്നു ആഫ്രിക്കന്‍ ഗാനങ്ങള്‍ കൈക്കൊണ്ടത്.

സാരംഗിയും സരോദും വായിച്ച അഹ്‌സാന്‍ അലി, പ്രിതം ഘോഷാല്‍ എന്നിവര്‍ മികച്ച അഭിനന്ദനം ഏറ്റുവാങ്ങി. നിയോ മുയാംഗ, സാസി ദ്‌ലാമിനി, ബ്രായഡണ്‍ ബോല്‍ട്ടന്‍, യുര്‍ഗാന്‍ ബ്രൗണിംഗര്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പാക്കി പെലോല്‍(ഡ്രം) റെസ ഘോട്ട(ഗിറ്റാര്‍) എന്നിവരും തിളങ്ങി.

ഈ ക്രിസ്മസിന് ഫിന്‍ലാന്റിലെ സാന്റാ ക്ളോസ് വില്ലേജിലേക്ക് പോകാം

നൂറ്റാണ്ടുകളായി ചെയ്ത് കൂട്ടിയ തെറ്റുകള്‍ പരിഹരിക്കുന്നതിന് ലോകത്തിലെ എല്ലാ ദൈവങ്ങളും ചേര്‍ന്നുള്ള ഒരു ഉച്ചകോടി!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍