UPDATES

കുഞ്ഞേ, അനാഥനായി പോകാന്‍ നിന്നെ അനുവദിക്കില്ല, കൂടെയുണ്ട് നാട്ടുകാര്‍

ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വന്നില്ല; ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട മൂന്നു വയസുകാരന്റെ കബറടക്കം ഇന്ന്

ഏലൂര്‍ പാലയ്ക്കാമുകള്‍ ജുമാമസ്ജിദിലെ കബിറടം ആ മുന്നു വയസുകാരനു വേണ്ടി ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴവന്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ഫ്രീസറില്‍ ഉണ്ട്. ഇന്നവന്റെ അമ്മ അവനെ കണ്ടു കഴിഞ്ഞ് അവന്‍ പള്ളിപ്പറമ്പിലെ കബറിടത്തില്‍ ശാന്തമായി ഉറങ്ങും. അച്ഛനും അമ്മയും ഉണ്ടായിട്ടും ആരുമില്ലാത്തവനെപോലെയാണ് ആ കുഞ്ഞിന്റെ മടക്കം. മറ്റ് ബന്ധുക്കളെ വിവരം അറിയിച്ചപ്പോള്‍ മൃതദേഹം സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. സ്വന്തമെന്നും ബന്ധമെന്നും പറയാനും അടുത്തുണ്ടാകാനും അങ്ങനെ ആരുമില്ലായി അവന്. എന്നാല്‍ മരണത്തെക്കാള്‍ വേദന നിറഞ്ഞൊരു അന്ത്യയാത്ര അവന് ഉണ്ടാകില്ല. കളമശ്ശേരിയിലെയും ഏലൂരിലെയും ജനങ്ങള്‍ അവനെ യാത്രയാക്കാന്‍ എത്തും. നേരില്‍ ഇതുവരെ പരസ്പരം കാണാത്തവര്‍ പോലും അവന്റെ പ്രിയപ്പെട്ടവരായി വന്നു നില്‍ക്കും. വെറും മൂന്നു വയസില്‍ കൊടിയ പീഡനമേറ്റ് അവസാനിക്കേണ്ടി വന്നൊരു ജീവന്‍ എന്നന്നേക്കുമായി ഈ ഭൂമിയില്‍ നിന്നും മറയുന്നതിന് അവരുണ്ടാകും സാക്ഷികളായി.

വെള്ളിയാഴ്ച്ച രാവിലെയോടെ മരണത്തിനു കീഴടങ്ങിയ കുട്ടിയുടെ ഇന്‍ക്വസ്റ്റ് ഉച്ചയ്ക്ക് ഒരു മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു. അഞ്ചു മണിയോടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ പൊലീസിന് കൈമാറും. ജില്ല കളക്ടര്‍ മുഹമ്മദ് സഫിറുല്ല, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ കെ ബി സൈന, സിറ്റി. അസി. കമ്മിഷണര്‍ പി എസ് സുരേഷ് എന്നിവര്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു.

ബംഗാള്‍-ജാര്‍ഖണ്ഡ് സ്വദേശികളുടെ മകനായ മൂന്നു വയസുകാരനാണ് അമ്മയുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെള്ളിയാഴ്ച്ച ആശുപത്രിയില്‍വച്ച് മരിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അമ്മയേയും അച്ഛനെയും പൊലീസ് പിടികൂടിയിരുന്നു. വധശ്രമത്തിനു കേസ് ഉള്ള അമ്മ ജയിലിലാണ്. പ്രതിയെ തടയാതിരുന്നതിനും സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതോടെയാണ് ആ കുഞ്ഞ് മരണത്തിലും ഒറ്റപ്പെട്ടുപോയത്. ഇന്നലെ തന്നെ അച്ഛനെ കൊണ്ടുവന്ന് കുഞ്ഞിനെ കാണിച്ചിരുന്നു. മകന്റെ മൃതദേഹം കണ്ട് പിതാവ് പൊട്ടിക്കരയുകയും തളര്‍ന്നു വീഴുകയും ചെയ്തിരുന്നു. കുട്ടിയെ ഇത്ര ക്രൂരമായി മര്‍ദ്ദിക്കുമെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് കൊച്ചി മെട്രോ നിര്‍മാണ യാഡിലെ ക്രെയിന്‍ ഡ്രൈവര്‍ ആയി ജോലി നോക്കി വരുന്ന പിതാവ് പറയുന്നത്. 17 ആം തീയതി കുട്ടി തന്റെയടുത്ത് വന്ന് അമ്മ തല്ലിയെന്നു പറഞ്ഞു കവിളത്തെ മുറിവ് കാണിച്ചിരുന്നതായി ഇയാള്‍ പറയുന്നു. പിന്നീട് കുട്ടി പോയി കിടന്നു. കിടന്ന കുട്ടിയുടെ തലയില്‍ നിന്നും രക്തം വരുന്നത് ഭാര്യയാണ് വിളിച്ചു കാണിച്ചു തന്നത്. കുട്ടി അപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ഒരു കൂട്ടുകാരനെ വിളിച്ച് കുട്ടിയേയും കൊണ്ട് ആുപത്രിയില്‍ എത്തിച്ചു. ടെറസില്‍ നിന്നു വീണതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്, മര്‍ദ്ദിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും പിതാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഏലൂരിലാണ് മൂന്നുവയസുകാരന്റെ കുടുംബം താമസിക്കുന്നത്. പശ്ചിമ ബംഗാളിലെ മിര്‍സാഗാലിബ് സ്വദേശിയാണ് പിതാവ്. അമ്മ ജാര്‍ഖണ്ഡിലെ ഈസറ്റ് ജയ് നഗര്‍ സ്വദേശിയാണ് മാതാവ്. എന്നാല്‍ ഇവര്‍ കുട്ടിയുടെ യഥാര്‍ത്ഥമാതാപിതാക്കളാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. കാരണം, ഇവര്‍ വിവാഹം കഴിച്ചതായി തെളിവുകളില്ല. ബന്ധുക്കളെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് അറിയില്ലെന്നാണ് പറഞ്ഞത്. കുട്ടിയുടെ പിതാവ് ഏഴു വര്‍ഷം മുമ്പ് നാടു വിട്ടു പോയതാണെന്നു മാത്രമാണ് അയാളുടെ സഹോദരി പറയുന്നത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറോ മറ്റു രേഖകളോ ഇവരുടെ കൈവശം ഇല്ല. ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കുട്ടിയുടെയും അമ്മയുടെയും രക്തസാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഒരു പൊലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയിട്ടുണ്ട്.

കുട്ടിയുടെ തലയ്‌ക്കേറ്റ് ശക്തമായ ആഘാതമാണ് മരണം കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ഒന്നുകില്‍ കുട്ടിയുടെ തല ചുവരിലോ മറ്റോ ശക്തമായി ഇടിപ്പിച്ചു കാണും, അതല്ലെങ്കില്‍ തലയിടിച്ച് കുട്ടി വീണിട്ടുണ്ട്. കുട്ടി സ്ഥിരമായി മര്‍ദ്ദനമേല്‍ക്കാറുണ്ടെന്നതിന്റെ തെളിവായി ശരീരത്തില്‍ പാടുകളുണ്ട്. ഇത്തരത്തില്‍ അമ്പതോളം പാടുകള്‍ ആ മൂന്നു വയസുകാരന്റെ ശരീരത്ത് ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്നടി ഉയരത്തിലുള്ള ഒരു സ്ലാബില്‍ നിന്നും വീണാണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റതെന്ന അമ്മയയുടെ വാദം പൊലീസ് മുഖവിലയ്‌ക്കെടുക്കാത്തതും ഇതൊക്കെ കൊണ്ടാണ്.

ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് കുട്ടിയെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തലയ്‌ക്കേറ്റ ആഘാതത്തില്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. തുടര്‍ പരിശോധനയില്‍ മസ്തിഷ്‌കത്തിന്റെ വലതുഭാഗത്ത് ഗുരുതരമായ രക്തസ്രാവവും നീര്‍ക്കെട്ടും കണ്ടെത്തി. മര്‍ദ്ദനത്തിലേറ്റ ചതവുകളും ആ കുഞ്ഞു ശരീരത്തില്‍ ആകമാനം ഉണ്ടായിരുന്നു. കുട്ടിയെ ചൂടുള്ള വസ്തു ശരീരത്തില്‍ വച്ചു പൊള്ളിക്കുമായിരുന്നുവെന്നതിന്റെ അടയാളമായി പിന്‍ഭാഗത്ത് പൊള്ളലേറ്റ പാട് ഉണ്ടായിരുന്നു. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയനാക്കിയിരുന്നു. ഇതേ തുടര്‍ന്ന് രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും അപകട നില തരണം ചെയ്തിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടര്‍ന്ന ഡോക്ടര്‍മാര്‍ ആ കുരുന്ന് ജീവന്‍ രക്ഷിച്ചെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ദുഃഖവെള്ളി ദിവസം അവനും മരിച്ചു പോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍