UPDATES

ഈ രഥത്തില്‍ ശ്രീനാരായണ ഗുരുവിനെ കെട്ടാന്‍ നോക്കരുത് തുഷാര്‍ വെള്ളാപ്പള്ളി

ശ്രീനാരായണ ഗുരു നേടിത്തന്ന ആത്മാഭിമാനം ഇങ്ങനെ അടിയറവ് വയ്ക്കരുത്‌

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നയിക്കുന്ന ശബരിമല ആചാര സംരക്ഷണ രഥയാത്രയുടെ സഹനേതാവാണ് ബിഡിജെഎസ് പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. കാസറഗോഡ് രഥയാത്ര ആരംഭിക്കുമ്പോള്‍ മുതല്‍ ഓരോരോസ്ഥലത്ത് സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളിലും തുഷാര്‍ നടത്തിയ പ്രസംഗങ്ങളില്‍ ചിലതൊക്കെ കേട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്യം സമ്മതിക്കണം; തികഞ്ഞ ശുഭാപ്തി വിശ്വാസിയാണ് ഈ കണിച്ചുകുളങ്ങരക്കാരന്‍. ബിഡിജെസ് എന്നൊരു രാഷ്ട്രീയപ്രസ്ഥാനം ഉണ്ടാക്കിയ നാള്‍ മുതല്‍ കാണുന്ന ചില സ്വപ്‌നങ്ങളുണ്ട്. ഇന്ന് കിട്ടും നാളെ കിട്ടുമെന്ന് കരുതി കാലം ഒരുപാട് കടന്നു പോയെങ്കിലും, മകന്‍ ചൂടാക്കിവച്ചിരിക്കുന്ന വെള്ളം ഇരുന്ന് തണുത്തുപോകത്തെയുള്ളൂവെന്ന് അച്ഛന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇന്ദ്രപ്രസ്ഥം പൂകാന്‍ കഴിയില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് സുഗന്ധവ്യഞ്ജന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കസേരയിലെങ്കിലും കയറിയിരിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ട് തുഷാര്‍.

അച്ഛന്‍ ആനപ്പുറത്ത് കയറിയവനാണെന്ന ഒറ്റ ക്വാളിഫിക്കേഷനില്‍ ശ്രീനാരയണ ധര്‍മപരിപാലന യോഗത്തില്‍ മേല്‍സ്ഥാനം നേടിയെടുക്കാന്‍ തുഷാറിന് കഴിഞ്ഞിട്ടുണ്ട്. അച്ഛന്‍ സ്ഥാനമൊഴിയുന്ന മുറയ്ക്ക് യോഗത്തിന്റെ തലവനാകാനും തടസ്സങ്ങളില്ല. ബിജെപിക്കാര്‍ പറ്റിച്ചാലും കേരളത്തിലെ ഏറ്റവും ശക്തമായ സമുദായിക സംഘടനയുടെ നേതാവ് ആകാന്‍ കഴിയുമെന്നിരിക്കെ എന്തിനാണിങ്ങനെ എംപി, എംഎല്‍എ, ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്കു വേണ്ടി അലയുന്നതെന്നാണ് മനസിലാകാത്തത്.

ഒരുപക്ഷേ, ഗുരുവിനെ പോലെ സാമൂഹിക പരിഷ്‌കരണമായിരിക്കാം ലക്ഷ്യം. ഹിന്ദുക്കളെയെല്ലാം ഒന്നിപ്പിച്ച് നിര്‍ത്താനുള്ള പോരാട്ടത്തിനുവേണ്ടി രഥമോടിക്കുകയാണല്ലോ ഇപ്പോള്‍. ഹിന്ദുവിന്റെ അവസ്ഥ വളരെ ദയനീയമായിരിക്കുന്നുവെന്നു കാസറഗോഡ് യാത്ര ആരംഭിക്കുന്ന ചടങ്ങില്‍ വച്ച് വേവലാതിപ്പെടുന്നുണ്ട്. പത്തിരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഇതല്ലായിരുന്നു അവസ്ഥയെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സോദരത്വേന വാണിരുന്ന മാതൃക സ്ഥാനമായിരുന്നത്ര കേരളം. ആ കേരളം ഇന്ന് ഇല്ലാതായി എന്നതാണ് ഗുരുവിന്റെ പിന്മുറക്കാരനാകാന്‍ തയ്യാറെടുക്കുന്ന തുഷാര്‍ വ്യസനത്തോടെ പറഞ്ഞത്. ആ സമത്വസുന്ദരം കേരളം ആരാണ് തകര്‍ത്തതെന്നോ; കമ്യൂണിസ്റ്റുകാര്‍! കാലങ്ങളായി കമ്യൂണിസ്റ്റുകാര്‍ ഹിന്ദുവിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണത്രേ… ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണതിനു പിന്തുടരുന്നത്! ഇപ്പോള്‍ ഹിന്ദുവിന്റെ അവസ്ഥ എങ്ങനെയാണെന്ന് തുഷാര്‍ പറയുന്നത് കേള്‍ക്കൂ; ഒരു ഹിന്ദു കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അവന്റെ അതേ ബഞ്ചില്‍ ഇരിക്കുന്ന ന്യൂനപക്ഷ മതക്കാരായ കുട്ടികള്‍ക്ക് ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും സാമ്പത്തിക സഹായം കിട്ടുന്നു. ഒരു മുസ്ലിം സ്ത്രീ കല്യാണം കഴിച്ചാലും പണം കിട്ടും വിധവയായാലും പണം കിട്ടും. ഹിന്ദുവോ! ഇങ്ങനെ പലതരത്തിലാണ് ഇവിടെ ഹിന്ദുക്കളെ നശിപ്പിക്കുന്നതെന്നാണ് തുഷാര്‍ രോഷം കൊള്ളുന്നത്. ശബരിമല വിഷയത്തിലും ഭിന്നിപ്പിച്ച് കാര്യം നേടാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെങ്കിലും അതുപക്ഷേ വിലപ്പോകില്ലെന്നാണ് തുഷാര്‍ പിണറായിക്ക് മുന്നറിയിപ്പ് കൊടുക്കുന്നത്. ഈ രഥമൊന്ന് ഓടി പത്തനംതിട്ടയിലെത്തുന്നതോടെ സകലമാന ഹിന്ദുക്കളും ഒന്നാകുമെന്നും അതോടെ കേരളം കമ്യൂണിസ്റ്റ് മുക്തമാകുമെന്നും തുഷാറിന് ഉറപ്പുണ്ട്.

ശ്രീധരന്‍ പിള്ളയൊക്കെ ഇരിക്കുന്ന വേദിയില്‍ സംസാരിക്കുമ്പോള്‍ ആവേശത്തിന് ഒരു കുറവും കാണിക്കരുത്. എന്നാലും തുഷാര്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. അതില്‍ പ്രധാനം, താങ്കള്‍ സ്ഥാനം വഹിക്കുന്ന ശ്രീനാരയണ ധര്‍മപരിപാലന യോഗത്തെക്കുറിച്ചാണ്. ഗുരുവും ആശാനും ഡോ. പല്‍പ്പുവും ടി കെ മാധവനും സി കേശവനുമൊക്കെ ആരായിരുന്നുവെന്നും അവര്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും എന്തായിരുന്നുവെന്നുമൊക്കെ ഇനിയെങ്കിലും അറിയാന്‍ ശ്രമിക്കണം. ഗുരുവിന്റെയും അയ്യന്‍കാളിയുടെയും കെ പി കറുപ്പന്റെയും പൊയ്കയില്‍ അപ്പച്ചന്റെയുമൊക്കെ ചിത്രം പതിപ്പിച്ചു വച്ച രഥത്തില്‍ കയറിയിരുന്നതുകൊണ്ട് അതിനാകില്ല. ആ മഹാമനുഷ്യരെക്കുറിച്ച് അറിഞ്ഞാല്‍ മേലിലെങ്കിലും ഇത്തരം സാഹസങ്ങള്‍ ചെയ്യാതാരിക്കാന്‍ ബുദ്ധി തോന്നും. ജാതിശ്രേണിയുടെ ചിട്ടവട്ടങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരുടെ കൂടെ നിന്ന് ഹിന്ദു ഐക്യത്തെക്കുറിച്ച് സംസാരിക്കാന്‍ ജാള്യം തോന്നും. നമ്പൂതിരി മുതല്‍ നായാടിയെ വരെ ഒന്നിപ്പിക്കാന്‍ ഇറങ്ങിയ അച്ഛന്റെ അനുഭവം തനിക്കുണ്ടാകരുതേയെന്ന കരുതല്‍ എടുക്കും.

തുഷാര്‍ പറഞ്ഞൊരു കാര്യം വളരെ ശരിയാണ്; ഇന്നു കാണുന്ന കേരളമായിരുന്നില്ല കാല്‍ നൂറ്റാണ്ടിനു മുമ്പ്. പക്ഷേ, ആ കേരളമായിരുന്നില്ല അതിനു മുമ്പ് ഉണ്ടായിരുന്നത്. ആ കേരളത്തെക്കുറിച്ചാണ് തുഷാറിനെ പോലൊരാള്‍ ഇപ്പോള്‍ പറയേണ്ടിയിരുന്നത്. അറിയാനും അറിയിക്കാനും പറഞ്ഞ ഗുരുവിനെയായിരുന്നു തുഷാര്‍ അനുസരിക്കേണ്ടിയിരുന്നത്, അല്ലാതെ ശ്രീധരന്‍ പിള്ളയെ പോലുള്ളവര്‍ക്കായി വര്‍ഗീയതയ്ക്കു വേണ്ടി വാദിക്കാനും ജയിക്കാനുമല്ല. തുഷാര്‍ ഇന്നു കാണുന്നതിനെക്കാള്‍ മോശമായൊരു കാലം ഈ കേരളത്തിനുണ്ടായിരുന്നു. അതില്‍ നിന്നും ഈ നാടിനെ നവീകരിച്ച് എടുത്തവരെ ഒറ്റുകൊടുക്കാനാണ് എസ് എന്‍ ട്രസ്റ്റ് അസിസ്റ്റന്‍ സെക്രട്ടറി കൂടിയായ തുഷാര്‍ ഇപ്പോള്‍ കൂട്ടു നിന്നുകൊടുക്കുന്നത്.

ആചാരങ്ങള്‍, വിശ്വാസങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നീ വാക്കുകളൊക്കെയെടുത്ത് പ്രസംഗിക്കുമ്പോള്‍ ഓര്‍ക്കണം തുഷാര്‍, ഇതേ വാക്കുകളുപയോഗിച്ച് തുഷാര്‍ പ്രതിനിധാനം ചെയ്യുന്ന ജനതയെ ദ്രോഹിച്ചവരെക്കുറിച്ച്. ആ വര്‍ഗത്തിനുവേണ്ടി തന്നെയാണല്ലോ തുഷാര്‍ രഥത്തില്‍ കയറിയിരിക്കുന്നതെന്നു കാണുമ്പോള്‍ തല കുനിയുന്നത് സാക്ഷാല്‍ ഗുരുവിനായിരിക്കും. തുഷാര്‍ കയറി ആ രഥം തലശ്ശേരിയില്‍ എത്തിയ സമയത്ത് ഒരുപക്ഷേ, ആരെങ്കിലും പറഞ്ഞ് ജഗന്നാഥ ക്ഷേത്രവും ശ്രീനാരയണ ഗുരുവും തമ്മിലുള്ളൊരു ചരിത്ര സംഭവത്തെക്കുറിച്ച് തുഷാര്‍ മനസിലാക്കിയിരുന്നെങ്കില്‍ വീണ്ടുമാ രഥത്തിലേക്ക് കയറാന്‍ ഒരുവേള മടിച്ചേനെ. ആര്‍ത്തവമുള്ള പെണ്ണ് കയറിയാല്‍ വിഗ്രഹത്തിന് ആഘാതമേല്‍ക്കുമെന്ന് പറയുന്നവരും യുവതികള്‍ വന്നാല്‍ ശാസ്താവിന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു വാദിക്കുന്നവരുമൊക്കെയാണ് തുഷാര്‍ ഈ കേരളത്തെ പിന്നോട്ടടിക്കുന്നവര്‍. എസ്എന്‍ഡിപിയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതെന്തെന്ന് വായിച്ചു നോക്കിയിട്ടുണ്ടോ തുഷാര്‍. ശ്രീനാരയണ ഗുരു എവിടെയെങ്കിലും പെണ്ണ് തീണ്ടാരിയായാല്‍ അമ്പലത്തില്‍ കയറരുതെന്ന് പറയുന്നുണ്ടോ? മൂര്‍ക്കോത്ത് കുമാരന്‍ എഴുതിയ ഗുരുവിന്റെ ജീവചരിത്രമെങ്കിലും വായിച്ചിട്ടുണ്ടോ തുഷാര്‍? ഇല്ലെങ്കില്‍ ആ പുസ്തകത്തിലുള്ള ഒരു കാര്യം പറഞ്ഞു തരാം(മൂര്‍ക്കോത്ത് കുമാരന്‍ രചിച്ച ഗുരുവിന്റെ ജീവചരിത്രം, പേജ് 148). ക്ഷേത്രങ്ങളുടെ നടത്തിപ്പിനെപ്പറ്റി ഗുരു കുമാരനോട് നേരിട്ട് പറഞ്ഞ കാര്യങ്ങളാണ്; ക്ഷേത്രങ്ങള്‍ പഴയ സമ്പ്രദായത്തില്‍ വളരെ പണം ചെലവ് ചെയ്തുണ്ടാക്കേണ്ടുന്ന ആവശ്യമില്ല. ഉത്സവത്തിനും കരിമരുന്നിനും മറ്റും പണം ചെലവഴിക്കരുത്. ജനങ്ങള്‍ സുഖത്തില്‍ വന്നിരിക്കാനും പ്രസംഗിക്കാനും മറ്റും ഉള്ള വിശാലമായ മുറികളാണ് വേണ്ടത്. വിദ്യാശാലകളും തോട്ടങ്ങളും ഉണ്ടായിരിക്കണം. വ്യവസായങ്ങള്‍ ശീലിപ്പിക്കുവാനുമുള്ള ഏര്‍പ്പാടുകള്‍ വേണം. ജനങ്ങളില്‍ നിന്നു വഴിപാടായി വരുന്ന പണം സാധുക്കളായ ജനങ്ങള്‍ക്ക് പ്രയോജനകരമായി വിധത്തില്‍ ചെലവഴിക്കുകയാണ് വേണ്ടത്. കുളങ്ങള്‍ ഏതു സമയത്തും ശുചിയായി വയ്ക്കുവാന്‍ സാധിക്കുന്നതല്ല. കുഴലുകള്‍ മാര്‍ഗമായി തലയ്ക്കുമീതെ വെള്ളം വന്നു വീഴത്തക്കവിധം ഉണ്ടാക്കിയ ചെറുതരം കുളിമുറികള്‍ കുറെ അധികം ക്ഷേത്രത്തിനടുത്ത് ഉണ്ടാക്കുകയാണ് വേണ്ടത്; എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരു പറഞ്ഞ കാര്യങ്ങള്‍. ക്ഷേത്രങ്ങള്‍ എങ്ങനെയായിരിക്കണമെന്നു ഗുരു പറഞ്ഞതില്‍ പെണ്ണിനെ കയറ്റരുതെന്നോ ആചാരങ്ങള്‍ ലംഘിക്കരുതെന്നോ, വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കണമെന്നോ ബ്രാഹ്മണ്യാധിപത്യത്തെ അംഗീകരിക്കണമെന്നോ പറഞ്ഞിട്ടുണ്ടോ തുഷാര്‍? ഇപ്പോള്‍ നിങ്ങള്‍ കൂട്ടുകൂടിയിരിക്കുന്നവര്‍ പറയുന്നതും ഗുരു പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളില്‍ എന്തെങ്കിലും സാമ്യമുണ്ടോ? എവിടെയെങ്കിലും ഇവര്‍ ഗുരുവിന്റെ വചനങ്ങളെ പിന്തുടരുന്നുണ്ടോ? ഇല്ലെന്നറിഞ്ഞിട്ടും പിന്നെയും നിങ്ങള്‍ അവരുടെ കൂടെ പോകുന്നുവെങ്കില്‍, ഗുരുവിനെ തള്ളിക്കളയുകയല്ലേ ചെയ്യുന്നത്.

ഗുരു എന്റെ തലമുറയ്ക്കും അതിനു മുമ്പുള്ള തലമുറയ്ക്കും പ്രഥമമായും പ്രധാനമായും നല്‍കിയത് ആത്മാഭിമാനമായിരുന്നു എന്നാണ് ഡോക്ടര്‍ പല്‍പ്പു പറഞ്ഞത്. ചിരകാലമായി സാമുദായികമായ ബുദ്ധിമുട്ടുകള്‍ നിമിത്തം ആത്മാഭിമാനം നിശ്ശേഷം നശിച്ചുപോയിരിക്കുന്ന ഈഴവ സമുദായത്തിലെ സാധാരണ ജനങ്ങളില്‍ ആ ആത്മാഭിമാനം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിന് സ്വന്തമായി ക്ഷേത്രങ്ങള്‍ സ്ഥാപിക്കുക എന്ന മാര്‍ഗം സഹായകമായിട്ടുണ്ടെന്നാണ് ഗുരുവിന്റെ പ്രവര്‍ത്തികളെ കുറിച്ച് പല്‍പ്പു പറയുന്നത്. ഗുരു നേടിത്തന്ന ആ ആത്മാഭിമാനം ഇങ്ങനെ അടിയറവ് വയ്ക്കരുത് തുഷാര്‍ വെള്ളാപ്പള്ളി.

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

ജലീലിന് മേല്‍ ചാരിയ കോണിയിലൂടെ ഷാജി ഇറങ്ങുമോ?

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

കരക്കിരുന്ന് മീന്‍ പിടിക്കുന്ന കോണ്‍ഗ്രസിനും കുളം കലക്കുന്ന ബിജെപിക്കും വേണ്ടാത്ത ഒന്നുണ്ട്; നവോത്ഥാന കേരളം

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍