ഞാനൊരു കമ്യൂണിസ്റ്റാണ്…കമ്യൂണിസ്റ്റായി തന്നെ ജീവിക്കും…കമ്യൂണിസ്റ്റ് ആയി തന്നെ മരിക്കും….
ടി കെ കുമാരന്‍, അതായിരുന്നു പേര്. കയര്‍ തൊഴിലാളി. അമ്മയും സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ തുണ. ചീരപ്പന്‍ചിറ രാമപണിക്കര്‍ മാനേജറായ കഥകളി സംഘത്തിലും അംഗമായിരുന്നു കുമാരന്‍. കളിയില്‍ പെണ്‍വേഷം. കാണാന്‍ സുന്ദരന്‍. തൊഴിലിനും കളിക്കും ഒപ്പം സമരവീര്യവുമുണ്ടായിരുന്നു കുമാരനില്‍. തൊഴിലാളി പ്രവര്‍ത്തനത്തില്‍ സജീവം. നാല്‍പ്പത്തിയാറ് കാലം. തിരുവിതാംകൂര്‍ ദിവാനെതിരേ പ്രതിഷേധം ശക്തം. പുന്നപ്രയില്‍ വെടിവയ്പ്പ് കഴിഞ്ഞു. പട്ടാളത്തിന്റെ അടുത്ത നീക്കം വയലാറിലേക്കാണ്. വയലാറിലേക്ക് എത്താന്‍ പട്ടാളത്തെ തടയാന്‍ മരാരിക്കുളത്ത് പാലം പൊളിച്ചു സഖാക്കള്‍. 21 കാരനായ കുമാരനും ഉറ്റ സുഹൃത്ത് ഭാനുവുമെല്ലാം വോളന്റിയര്‍മാരായിരുന്നു. കന്യാട്ടുവെളിയിലാണ് പരിശീലനം. സഖാക്കളെ സംഘങ്ങളായി തിരിച്ചിരുന്നു. ഒരു സംഘത്തിന്റെ നേതാവ് കുമാരനായിരുന്നു. പൊളിച്ച പാലം പണിയാന്‍ പട്ടാളം വരുന്നുണ്ടെന്ന് വിവരം കിട്ടി. പുലര്‍ച്ചെ അഞ്ചുമണിയോടെ അമ്മ അനത്തി കൊടുത്ത കട്ടന്‍വെള്ളവും കുടിച്ചാണ് കുമാരന്‍ വീട്ടില്‍ നിന്നിറങ്ങിയത്. മകന്‍ പോകുന്നതും നോക്കി അമ്മ നിന്നു, അമ്മയുടെ മുണ്ടും തുമ്പ് പിടിച്ചു ചേട്ടനെ നോക്കി ഇളയ സഹോദരന്‍ പളനിയും. ഭാനുവുമായയി കുമാരന്‍ നടന്നു നീങ്ങി.
പൊളിച്ച പാലം ശരിയാക്കുന്നത് തടയാന്‍ ആളുകളെത്തുമെന്ന വിവരം പട്ടാളത്തിന് കിട്ടിയിരുന്നു. പണിക്കാരെ മാത്രം പാലത്തിനടത്തു നിര്‍ത്തി. പട്ടാളക്കാര്‍ തോക്കുകളുമായി അടുത്തുള്ള പുന്നമരങ്ങള്‍ക്കു മുകളിലും സമീപത്തെ ചില വീടുകള്‍ക്കുള്ളിലുമായി മറഞ്ഞിരുന്നു. ഏതാണ്ട് ഏഴു മണിയായി കാണും. ആദ്യത്തെ വെടി പൊട്ടി. പിന്നെയത് നീണ്ടു നിന്നു. വെടിശബ്ദം കേട്ട് കുമാരന്റെ അമ്മ നിലവിളിച്ചു കൊണ്ട് ഓടി, അയല്‍പക്കത്തെ ബന്ധുവീട്ടിലെത്തി. കൂടെ പളനിയും. മകന്‍ പോയിരിക്കുന്നതെങ്ങോട്ടാണെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു. പത്തുമണിയോടെയാകണം വെടിശബ്ദം നിലച്ചത്. അമ്മയും പളനിയും കുമാരനെ കാത്തിരുന്നു. അതു വഴി പോയ ചിലരോട് മകനെ കണ്ടോയെന്നായമ്മ തിരക്കി കൊണ്ടേയിരുന്നു. പട്ടാളം വെടിവച്ചതോടെ എല്ലാവരും ചിതറിയോടിയെന്നും അവരൊക്കെ വൈകിട്ടോടെ തിരിച്ചു വരുമെന്നും ചിലര്‍ ആ അമ്മയെ ആശ്വസിപ്പിച്ചു. പക്ഷേ കുമാരനും ഭാനുവുമൊന്നും പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. വെടിശബ്ദം കേട്ട് തിരിച്ചോടാന്‍ മാത്രം ഭീരുക്കളല്ലായിരുന്ന ആ സഖാക്കളെ നിശ്ചലരാക്കാന്‍ നെഞ്ചില്‍ തറച്ച വെടിയുണ്ടകള്‍ക്കേ കഴിഞ്ഞൂള്ളൂ. വെടിയേറ്റു ചത്തവരെയെല്ലാം പാലത്തിനടിയിലിട്ട് മൂടി പട്ടാളം. കുമാരനും ഭാനുവുമടക്കമുള്ള സഖാക്കളെ..തങ്ങളെ കാത്തിരിക്കുന്നവരുടെയടുത്തേക്ക് തിരികെ ചെല്ലാതെ അവരെല്ലാം പോയി… ആ അമ്മയ്ക്ക് സ്വന്തം മകന്റെ മൃതദേഹം പോലും കാണാന്‍ കഴിഞ്ഞില്ല. ചേട്ടന്‍ തിരിച്ചുവരുന്നതും കാത്തിരുന്ന അനിയനും അതിനു ഭാഗ്യമുണ്ടായില്ല.
കുമാരന്‍ കൊല്ലപ്പെടുമ്പോള്‍ പളനിക്ക് പ്രായം പതിമൂന്ന്. ചേട്ടന്‍ എന്തിന് കൊല്ലപ്പെട്ടു എന്ന് തിരിച്ചറിയാനുള്ള പ്രായം. ചേട്ടന്‍ പോയതോടെ ആ പതിമൂന്നുകാരന്‍ പണിക്കിറങ്ങി. പുല്ലന്‍പാറ കൃഷ്ണന്‍ മുതലാളിയുടെ കയര്‍ ഫാക്ടറിയില്‍ തടുക്ക് നെയ്യാനുള്ള പുഞ്ച വലിച്ചിട്ടുകൊടുക്കലായിരുന്നു ആദ്യ തൊഴില്‍. തൊഴിലെടുക്കുന്നതിനൊപ്പം തൊഴിലാളികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ പളനി ആവേശം കാണിച്ചു. ചേട്ടന്‍ ഊതിക്കൊടുത്ത കനല്‍. അതങ്ങനെ കിടന്ന് ആളിക്കത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരിക്കുന്ന കാലം. മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയനില്‍ അംഗമായി. നിരോധന കാലത്തും തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തനം. പളനി അങ്ങനെ സഖാവ് ടി കെ പളനിയായി. നിരോധനമെല്ലാം നീങ്ങിയശേഷം 1953 ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം. അമ്പത്തിമൂന്നിലെ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടന്ന ലോക്കല്‍ കോണ്‍ഫറന്‍സില്‍ അംഗമായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മുകാരനായി. 1975 ല്‍ കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതില്‍ മെംബറായി. 1985 ല്‍ താലൂക്ക് കമ്മിറ്റി വിഭജിച്ച് മാരാരിക്കുളം ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി. 92 വരെ ആ സ്ഥാനത്ത്. പിന്നീട് ജില്ല കമ്മിറ്റിയിലേക്കും ജില്ല സെക്രട്ടേറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ല പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആ സ്ഥാനമാനങ്ങളെല്ലാം തന്നെ പാര്‍ട്ടിയുടെ ബഹുജനാടിത്തറ വിപുലപ്പെടുത്താനും സഖാവ് ടി കെ ഉപയോഗപ്പെടുത്തി. ആലപ്പുഴ ജില്ല പഞ്ചായത്തംഗമായി(ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍) പ്രവര്‍ത്തിക്കുന്നതിനിടയില്‍ സ്വന്തം ഡിവിഷനില്‍പ്പെട്ട കോലത്താംതുരുത്ത് പാലം നിര്‍മിച്ചത് ആ വര്‍ഷത്തെ മികച്ച ജില്ല പഞ്ചായത്തിനുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ പുരസ്‌കാരം ആലപ്പുഴ ജില്ല പഞ്ചായത്തിന് നേടിക്കൊടുക്കുന്നതിനു കാരണമായി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഒരു യുപി സ്‌കൂള്‍ വേണമെന്ന ആവശ്യത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി കൂറ്റുവേലി ഗവണ്‍മെന്റ് ഡി വി എച്ച് എസിനെ ഏഴും എട്ടും ഡിവിഷനുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഹൈസ്‌കൂള്‍ നിലവാരത്തിലേക്ക് ഉയരാന്‍ കാരണമായി.
പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് പിന്നെയും ഉയര്‍ന്നു പോകേണ്ടിയിരുന്ന ടി കെ യ്ക്ക് പക്ഷേ അതേ പാര്‍ട്ടിയില്‍ നിന്നു തിരിച്ചടികള്‍ നേരിടേണ്ടി വന്നു. എന്തുകൊണ്ട്? ആലപ്പുഴയിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള സഖാവ് ടി കെ എന്ന ടി കെ പളനിക്കും പാര്‍ട്ടിക്കും ഇടയില്‍ എന്തു സംഭവിച്ചു. എഴുപതു വര്‍ഷത്തിനുമേല്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തന പാരമ്പര്യമുള്ള, ഒരു കാലത്ത് മാരാരിക്കുളം, കഞ്ഞിക്കുഴി, എസ്എല്‍ പുരം, മുഹമ്മ മേഖലകളില്‍ ഏറെ സ്വാധീനം ഉണ്ടായിരുന്നു സഖാവ് ടികെ ഇന്നിപ്പോള്‍ സിപിഎമ്മുകാരന്‍ അല്ലാതായിരിക്കുകയാണ്. രണ്ടു വര്‍ഷത്തോളമായി പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ലാത്ത ടി കെ സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനവും എടുത്തിരിക്കുന്നു. സഖാവ് ടി കെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുപോകുമ്പോള്‍, എന്തിന് പോകുന്നു എന്ന ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. പാര്‍ട്ടിയെ ടി കെ മടുത്തതോ, പാര്‍ട്ടിക്ക് ടി കെ യെ മടുത്തതോ? ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷയാണോ ടി കെ അനുഭവിക്കേണ്ടി വരുന്നത്, അതോ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് ആരുടെയെങ്കിലും നിതാന്ത പകയ്ക്ക് ഇരയായതാണോ ടി കെ? ചോദ്യങ്ങളോട് സഖാവ് ടി കെ പളനി പ്രതികരിക്കുകയാണ്;
രാകേഷ്: ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിറവേറ്റിയ നേതാവ്, മികച്ച സംഘാടകന്‍, പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടു പോയ നേതാവ്. മാരാരിക്കുളം ഏരിയ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലത്തെ കുറിച്ചാണ് പറയുന്നത്.
ടി കെ പളനി: പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ഓരോ ചുമതലകളും കഴിവിന്റെ പരമാവധി ഉപയോഗിച്ച് വിജയകരമാക്കി തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ആ കാലത്ത് മാത്രമല്ല, പിന്നീടും. 1987 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ടി ജെ ആഞ്ചലോസ് ആയിരുന്നു മാരാരിക്കുളത്ത് സ്ഥാനാര്‍ത്ഥി. നല്ല വിജയം നേടാന്‍ കഴിഞ്ഞു. 89 ല്‍ ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. 89 ല്‍ തന്നെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും മാരാരിക്കുളം അസംബ്ലി മണ്ഡലത്തില്‍ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഇതൊന്നും എന്റെ വ്യക്തിപരമായ നേട്ടങ്ങളായല്ല പറയുന്നത്. പാര്‍ട്ടിയുടെ വിജയമാണ്. പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞിടത്താണ് എന്നെ അളക്കേണ്ടത്. പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയും. അങ്ങനെ സംഭവിച്ചു എന്നിടത്താണ് ആ വിജയങ്ങള്‍ ഉണ്ടാകുന്നത്.
രാ: 91 ല്‍ മാരാരിക്കുളത്ത് മത്സരിക്കാന്‍ സഖാവ് വി എസ് എത്തുന്നു..
ടികെ; അതേ. വി എസ് അന്ന് വലിയ നേതാവാണ്. പോളിറ്റ് ബ്യൂറോ അംഗവുമാണ്. പക്ഷേ ഇന്നത്തെ വി എസ് അല്ലായിരുന്നു. മാരിക്കുളത്ത് അത്രകണ്ട് പരിചയമൊന്നും സഖാവിന് ഇല്ലായിരുന്നു. മാരാരിക്കുളം ഉറച്ച ഇടതുകോട്ടയാണ്. 9,980 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി എസ് വിജയിച്ചത്. ഏകോപനപരമായ പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെയായിരുന്നു വി എസിന് വലിയ വിജയം സ്വന്തമായത്. പാര്‍ട്ടി അംഗങ്ങളുടെയും പാര്‍ട്ടിക്കൊപ്പം നിന്ന ജനങ്ങളുടെയും വിജയം. അതിനായി ഞങ്ങളൊക്കെ അക്ഷീണം പ്രയത്‌നിച്ചു.
രാ: പക്ഷേ 96 ല്‍ വി എസ് തോറ്റു. ആ തോല്‍വി കേരള രാഷ്ട്രീയത്തില്‍ ഇന്നും ചര്‍ച്ചയാണ്?
ടികെ: പാര്‍ട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത തോല്‍വി. എന്തൊക്കെ പ്രശ്‌നമുണ്ടായാലും മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി തോല്‍ക്കില്ലെന്ന രാഷ്ട്രീയവിശ്വാസമുണ്ടായിരുന്നു. അതു തെറ്റി?
രാ: വി എസ് തോറ്റതോ, അതോ തോല്‍പ്പിച്ചതോ?
ടികെ: വി എസ് തോല്‍ക്കാന്‍ കാരണങ്ങളുണ്ടായിരുന്നു.
രാ; സഖാവ് ടി കെ പളനിയായിരുന്നോ ആ കാരണങ്ങളില്‍ ഒന്ന്?
ടികെ: അല്‍പബുദ്ധികളുടെ പ്രചാരണമാണ് വി എസ്സിന്റെ തോല്‍വിക്ക് കാരണക്കാരന്‍ പളനിയാണെന്നുള്ളത്.
രാ: 91 ല്‍ വി എസ്സിന് വലിയ വിജയം നേടുന്നു. പിന്നീട് എന്താണ് മാരാരിക്കുളത്ത് സംഭവിച്ചത്?
ടികെ; പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഉണ്ടാകുന്നു. അങ്ങനെയൊന്ന് ഉണ്ടാകുന്നുവെന്ന് അറിഞ്ഞപ്പോള്‍ അതിനെതിരേ അതിശക്തമായ നിലപാട് എടുത്തവനാണ് ഞാന്‍. പാര്‍ട്ടിയില്‍ വിഭാഗീയതയും ഗ്രൂപ്പിസവും ഉണ്ടാകില്ല എന്നു ഞാന്‍ വിശദീകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പൊതു വിപ്ലവ പ്രസ്ഥാനമാണ്. ഗ്രൂപ്പിസം എന്നാല്‍ ഒരു വ്യക്തി തനിക്കു ചുറ്റും ഏതാനും ആള്‍ക്കാരെ ഉണ്ടാക്കുക, അവരെ ഉപയോഗിച്ച് തന്റെ അഭിപ്രായം പാര്‍ട്ടിയെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള പിന്‍ബലം ഉണ്ടാക്കുക, അതില്‍ വിജയിച്ചാല്‍ കിട്ടുന്നത് അധികാരമാണ്. അധികാരം പണ സമ്പാദനത്തിനുപയോഗപ്പെടുത്താം. അധികാരത്തിലേക്ക് ഇന്നയാള്‍ എത്തിച്ചേരേണ്ടതിനായി ഗ്രൂപ്പുകാര്‍ സംഘടിതമായി പരിശ്രമിക്കും. ഞാനെതിര്‍ത്തത് ഈ പ്രവണതയ്‌ക്കെതിരേയാണ്. അതിനു മുതിര്‍ന്നവരേയാണ്.
രാ; അതായത് 96 മുന്‍പേ പളനി ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായി മാറിയെന്നാണോ?
ടികെ: 92 ല്‍ ഞാന്‍ ജില്ല കമ്മിറ്റിയിലേക്ക് മാറി. അതോടെ മാരാരിക്കുള്ള മേഖലയില്‍ നിന്നുള്ള എന്റെ പ്രവര്‍ത്തനവും മാറിയിരുന്നു. അതിനു മുമ്പുള്ള സമയത്ത് വേദനാജനകമായ അനുഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന് സ്ഥാനമില്ല. കമ്യൂണിസ്റ്റുകാരന് സ്വീകാര്യമായ ഒന്നല്ലത്. പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടെന്നു വാദിച്ചവരോട് ഞാന്‍ നടത്തിയ വിശദീകരണം അതായിരുന്നു. പാര്‍ട്ടിയിലെ ഒരു വലിയ വിഭാഗത്തിന് ഞാന്‍ പറഞ്ഞത് ഏറെക്കുറെ അത് ശരിയാണെന്നു തോന്നി. എന്നാല്‍ ഒരു വിഭാഗത്തിനും അതിനു നേതൃത്വം കൊടുത്തവര്‍ക്കും എന്റെ വിശദീകരണം സ്വീകാര്യമായിരുന്നില്ല. അവരതിനെ ഗ്രൂപ്പിസത്തിന് ആഘാതം ഉണ്ടാക്കുന്നു എന്ന നിലയ്ക്കാണ് കണ്ടത്. സ്വാഭാവികമായി എനിക്കെതിരേ വെറുപ്പ് ഉയര്‍ന്നു. പക്ഷേ പരസ്യമായ പ്രതികാരങ്ങളൊന്നും ഉണ്ടായില്ല. അതുണ്ടാകുന്നത് 96 ല്‍ ആണ്.
രാ: വി എസ്സിന്റെ തോല്‍വി പളനിക്കു മേലുള്ള കുറ്റമാക്കുന്നത് അങ്ങനെയാണോ?
ടികെ; തെരഞ്ഞെടുപ്പിന് ഒരുമാസത്തില്‍ താഴെയുള്ളപ്പോഴാണ് ഞാന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി മാരാരിക്കുളത്ത് എത്തുന്നത്. ആദ്യം ഇങ്ങനെയൊരു ചുമതല നിര്‍ദേശിക്കുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. ഒന്നാമത് എന്റെ പ്രവര്‍ത്തന മേഖല മണ്ഡലത്തില്‍ നിന്നും മാറി. പിന്നെയവിടെ ഗ്രൂപ്പ് പ്രവര്‍ത്തനവും ശക്തപ്പെട്ടു. പണ്ട് നടന്നതുപോലെ ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ എല്ലാവരും വരണമെന്നില്ല. ഒഴിഞ്ഞു മാറാനുള്ള കാരണങ്ങളിങ്ങനെയൊക്കെയായിരുന്നു. പക്ഷേ ജില്ല കമ്മിറ്റി തീരുമാനം എനിക്ക് അനുസരിക്കേണ്ടി വന്നു. അങ്ങനെ മാരാരിക്കുളത്തക്ക് വന്നു.
ആദ്യപടിയായി മൂന്നു സോണുകളിലായി, തണ്ണീര്‍മുക്കം, എസ് എല്‍ പുരം, മണ്ണഞ്ചേരി-ജനറല്‍ബോഡികള്‍ വിളിച്ചു. എന്നെ ഞെട്ടിച്ചു കളഞ്ഞു. പതിനഞ്ചോ ഇരുപതോ ശതമാനം ആളുകള്‍ മാത്രമാണ് മൂന്നിടത്തും പങ്കെടുത്തത്. അതും വി എസ് പങ്കെടുക്കുന്നു എന്നറിയിച്ചിട്ടും. കേവലം സ്ഥാനാര്‍ത്ഥി മാത്രമല്ല, പൊളിറ്റ് ബ്യൂറോ അംഗം കൂടിയാണ് വി എസ്. എന്നിട്ടും ശുഷ്‌കമായ പങ്കാളിത്തം. വി എസ്സിന്റെ സാന്നിധ്യത്തില്‍ തന്നെ ഈ കാര്യം ഞാന്‍ പറഞ്ഞതാണ്. വി എസ് അതിനോട് ഒന്നും പ്രതികരിച്ചില്ല. പക്ഷേ എന്റെയുള്ളില്‍ ആശങ്കങ്ങള്‍ ഉയര്‍ന്നു. എങ്കിലും പ്രതീക്ഷ മാരാരിക്കുളമല്ലേ, മോശമായതൊന്നും സംഭവിക്കില്ലെന്നായിരുന്നു. മുന്‍പ് നടന്ന ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നു തലങ്ങളിലും നേടിയ വിജയവും പ്രതീക്ഷയേറ്റി.
രാ: പക്ഷേ വി എസ് തോറ്റൂ, എന്തുകൊണ്ട്?
ടികെ: കാരണങ്ങളുണ്ട്. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേകിച്ച് പ്രവര്‍ത്തനങ്ങളൊന്നും നടത്തില്ല. തിന്നും കുടിച്ചുമൊക്കെ നടക്കും. അങ്ങനെയൊരു വഴക്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലില്ല. പാര്‍ട്ടിയംഗങ്ങളെ ഏകോപിപ്പിച്ച് മികച്ച സംഘടനപ്രവര്‍ത്തനം നടത്തും. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കും. പാര്‍ട്ടിയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെ അച്ചുതണ്ട്. ആ അച്ചുതണ്ടിന് തേയ്മാനം സംഭവിക്കാതെ മുന്നോട്ടു കൊണ്ടുപോയാലേ അതിനെ ബന്ധിച്ചു നില്‍ക്കുന്ന ബഹുജന പങ്കാളിത്തം സാധ്യമാകൂ. ആ പ്രവര്‍ത്തനം ഇവിടെ ഉണ്ടായില്ല.
മറ്റ് രണ്ട് പ്രധാന കാരണങ്ങള്‍ കൂടിയുണ്ട്. ഒന്ന്. ചേര്‍ത്തല എസ് എന്‍ കോളേജിലെ സമരം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധ്യാപകരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പ്രതിഷേധം ഉയരുകയും അത് ആളിക്കത്തുകയും ചെയ്തു. എസ് എല്‍ പുരത്തേക്ക് അധ്യാപക-വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഏതാണ്ട് നാലായിരത്തോളം പേര്‍ പ്രതിഷേധ ജഥ നടത്തി. ഇവരില്‍ മണ്ഡലത്തിലെ വോട്ടര്‍മാരായവരും ഉണ്ട്. ഈ പ്രശ്‌നം ഇത്രയേറെ വഷളായിട്ടും സ്ഥലം എംഎല്‍എ എന്ന നിലയില്‍ വി എസ് വിഷയത്തില്‍ ഇടപെടാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല. എന്നാല്‍ ഈ ജാഥ കൂടി കണ്ടതോടെ കാര്യങ്ങളുടെ പോക്കില്‍ എനിക്ക് പന്തികേട് തോന്നി. അത് ശരിയാവുകയും ചെയ്തു.
മറ്റൊന്ന് ഗൗരിയമ്മയാണ്. 91 ല്‍ ഗൗരിയമ്മ കൂടെയുണ്ട്. 96 ഇല്ല. മാരാരിക്കുളത്ത് ഗൗരിയമ്മയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. ആറായിരം ഏഴായിരം വോട്ട് അവര്‍ക്ക് കിട്ടും. എന്നിട്ടും ഗൗരിയമ്മ പാര്‍ട്ടി വിട്ടതിനു പിന്നാലെ ഒരൊറ്റ പാര്‍ട്ടിയംഗത്തേപ്പോലും വിട്ടുകൊടുക്കാതെ കാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. താഴെ തട്ട് മുതല്‍ എന്തുകൊണ്ട് ഗൗരിയമ്മ പാര്‍ട്ടി വിട്ടെന്നും നിങ്ങള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കേണ്ടതിന്റെ കാരണവും സഖാക്കളെ ബോധ്യപ്പെടുത്താനും അതില്‍ വിജയിക്കാനും കഴിഞ്ഞു. മുന്‍പ് എം വി രാഘവന്‍ പോയപ്പോഴും ഒരാളെ പോലും വിട്ടുകൊടുക്കാതെ ഇതുപോലെ സഖാക്കളെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. വിശദീകരണങ്ങള്‍ നല്‍കി പാര്‍ട്ടിക്കാരെ ഒപ്പം നിര്‍ത്തിയെങ്കിലും ഗൗരിയമ്മയ്‌ക്കെതിരേ പരസ്യമായി പ്രസംഗിക്കാനോ അവരെ ചീത്ത വിളിക്കാനോ ഒന്നും ഞാന്‍ മുതിര്‍ന്നില്ല. അവരെപോലൊരു നേതാവിനോട് എന്നെപ്പോലൊരുത്തന്‍ അങ്ങനെ ചെയ്യുന്നത് തന്നെ സാഹസമാണ്. പക്ഷേ ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് അല്ലാതെ തന്നെ വി എസ്സിന് ഗൗരയമ്മയെ പ്രതിരോധിക്കാമായിരുന്നു. അതുണ്ടായില്ല. ഗൗരയമ്മയ്‌ക്കെതിരേ നടപടി എടുക്കുന്നനെതിരേ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു എന്നു മാത്രമാണ് ഡി സി യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ വി എസ് ആകെ പ്രതികരിച്ചത്. നിസാരവത്കരിച്ചു.
പക്ഷേ ഗൗരിയമ്മ എന്താ ചെയ്തത്, അവര്‍ ആന്റണിക്കും സുധീരനുമൊപ്പം ഒരു വാഹനത്തില്‍ മണ്ഡലം മുഴുവന്‍ സഞ്ചരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു. മണ്ഡലത്തില്‍ ആറായിരം ഏഴായിരം വോട്ട് സ്വാധാനിക്കാന്‍ കഴിവുള്ള നേതാവാണ് ഗൗരിയമ്മയെന്ന് അറിവുള്ള കാര്യമാണ്. പക്ഷേ അത് നിസാരവത്കരിച്ചവര്‍ക്ക് തിരിച്ചടി കിട്ടിയത് ഫലം വന്നപ്പോഴാണ്. പാര്‍ട്ടി അംഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നതുപോലെയല്ലല്ലോ വോട്ട് കൈപിടിയില്‍ വയ്ക്കാന്‍. ഇവ മാത്രമല്ല, മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയില്‍ വി എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇല്ലായെന്നാണ് പറയുന്നതെങ്കില്‍ 91 ല്‍ കിട്ടിയ വോട്ടിനെക്കാള്‍ പത്തോട്ടെങ്കിലും കൂടുതല്‍ കിട്ടുകയല്ലേ വേണ്ടത്! ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് തോല്‍വിക്ക് കാരണം ഞാനാണെന്ന് പറയുകയും മാധ്യമങ്ങളെ ഉപയോഗിച്ച് അത് പ്രചരിപ്പിക്കുകയും ചെയ്തത്.
രാ: ആരായിരുന്നു അങ്ങനെ പ്രചരിപ്പിച്ചതും കുറ്റപ്പെടുത്തിയതും?
ടികെ: വി എസ്സും അദ്ദേഹത്തിന്റെ കൂടെ നിന്നവരും. മാധ്യമങ്ങളുടെ സഹായവും അവര്‍ക്ക് കിട്ടി. 91 ലെ വിജയത്തിനു ശേഷം തന്നെ വി എസ്സില്‍ നിന്നും വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടായി തുടങ്ങിയിരുന്നു. അദ്ദേഹമെന്നെ ഒരുപാട് വേദനിപ്പിച്ചു. എന്തിനാണ് എന്നെ വേദനിപ്പിക്കുന്നതെന്നോ ഇകഴ്ത്തി കെട്ടുന്നതെന്നോ ഇന്നോളം എനിക്ക് വ്യക്തമായിട്ടുമില്ല. ജനങ്ങള്‍ വോട്ട് ചെയ്യാത്തതിന് എന്നോടെന്തിനാ പക?
രാ: വി എസ് പളനിയെ ഒതുക്കിയതാണോ?
ടികെ; ഒരു പളനിയെ ഒതുക്കിയിട്ട് എന്തു നേടാന്‍. പളനി വളര്‍ന്നാല്‍ എന്ത് കുഴപ്പം? എന്റെ വളര്‍ച്ച മൂലം പാര്‍ട്ടിയുടെ വളര്‍ച്ച മാത്രമായിരിക്കും സംഭവിക്കുക. അല്ലാതെ എന്റെ കുടുംബത്തിനോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ അതിന്റെ ഗുണം കിട്ടില്ല. അവരെയൊക്കെ ഇതെല്ലാം കൊണ്ട് സംരക്ഷിക്കാമെന്ന് കരുതുകയുമില്ല. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ ഉപയോഗിച്ച് ഞാനെന്റെ മക്കളെ കൂടുതല്‍ ഉയര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. എന്റെ മൂന്നു മക്കളും അവരുടെ പ്രയത്‌നം കൊണ്ടാണ് ഓരോരോ നിലയില്‍ എത്തിയത്. പാര്‍ട്ടിയെ ഡിപ്പെന്‍ഡ് ചെയ്ത് ഞാനെന്റെ മക്കള്‍ക്ക് ജോലി വാങ്ങിക്കൊടുത്തിട്ടില്ല. അങ്ങനെയുള്ള എന്നെ ഒതുക്കിയതുകൊണ്ട് ആര്‍ക്ക് എന്ത് നേടാന്‍?
തോറ്റ വി.എസും വിജയിക്കാന്‍ കഴിയാത്ത പിണറായിയും- സിവിക് ചന്ദ്രന്‍ എഴുതുന്നു
രാ: 96 ലെ തോല്‍വി പാര്‍ട്ടിയിലെ വിഭാഗീയത മൂലമാണെന്നും പളനിയതിനു ചുക്കാന്‍ പിടിച്ചെന്നുമാണ് ആക്ഷേപം?
ടികെ: അല്‍പമനസിന്റെ ഉടമകളാണ് അത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. പളനിയെ പോലെ ദുര്‍ബലനായ, നിസ്സാരനായ ഒരാള്‍ക്ക് വി എസ്സിനെ തോല്‍പ്പിക്കാന്‍ കഴിയുമോ? പക്ഷേ വി എസ്സിന്റെ പ്രചാരകര്‍, എഴുത്തുകാര്‍, മാധ്യമങ്ങള്‍, അദ്ദേഹത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രയത്‌നിച്ചവര്‍ എല്ലാവരും ചേര്‍ന്നാണ് എന്നെ ഇരയാക്കിയത്. എനിക്കവരോട് പൊരുതി നില്‍ക്കാന്‍ പറ്റിയില്ല. അല്ലെങ്കില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.
രാ: വി എസ്സിന്റെ ഭാഗത്തു നിന്നുണ്ടായ എന്തെങ്കിലും എതിര്‍നീക്കത്തില്‍ പ്രകോപിതനായി, അതുവഴിയുണ്ടായ പ്രതികാരം മുന്‍നിര്‍ത്തിയാണ് 96 ല്‍ വി എസ്സിന് അപ്രതീക്ഷിത തോല്‍വി ഉണ്ടാക്കി കൊടുത്തതെന്നു പറഞ്ഞാല്‍?
ടികെ: എന്ത് അടിസ്ഥാനത്തില്‍? എന്ത് തെളിവിന്റെ പുറത്തങ്ങനെ പറയും? 91 ല്‍ പാര്‍ട്ടി ഇവിടെ എന്റെ കൈയില്‍ ഉണ്ടായിരുന്നു. പ്രതികാരമുണ്ടായിരുന്നെങ്കില്‍ അന്ന് തീര്‍ക്കാമായിരുന്നില്ലേ. എനിക്ക് സ്വാധീനം പോയശേഷമാണോ ഞാനതിന് ശ്രമിക്കുന്നത്? ഞാന്‍ യോഗ്യന്‍, തനിക്ക് പരിമിതികളില്ല, തന്റെ തെരഞ്ഞെടുപ്പ് സെക്രട്ടറിക്കാണ് പരിമിതികള്‍ എന്നു വിചാരിക്കുന്നവര്‍ ദുര്‍ബലന്മാരാണ്. ഒരു ശരിയായ നേതാവ് എവിടെയാണ് പാളിച്ച പറ്റിയതെന്ന് പരിശോധിക്കാനല്ലേ തയ്യാറാകേണ്ടത്. പഴനിയുടെ ഭാഗത്താണോ
സംഘടനരംഗത്താണ പ്രശ്‌നം എന്നു മനസിലാക്കിയിട്ടല്ലേ ശിക്ഷ വിധിക്കേണ്ടത്. അഞ്ചുകൊല്ലം 9,980 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനപ്രതിനിധിയായത് പഴനിയുടെ കൂടെ പ്രയത്‌നഫലമായിട്ടാണ്. കിട്ടിയ സ്ഥാനം നന്നായി വിനിയോഗിച്ചിരുന്നെങ്കില്‍ മുന്‍പ് കിട്ടിയ ഭൂരിപക്ഷം ഉയര്‍ത്തുകയാണല്ലോ വേണ്ടത്. ഞാനും ജ്യോതിബസുവും മാത്രമാണ് മത്സരിക്കുന്ന രണ്ട് പിബി മെംബര്‍മാര്‍ എന്നൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ? ജ്യോതി ബസുവിനെയും തന്നെയും ഒരേ നിലയില്‍ വി എസ് കണ്ടതില്‍ തെറ്റ് പറയുന്നില്ല. ഇന്ദിര ഗാന്ധി വരെ തെരഞ്ഞെടുപ്പില്‍ തോറ്റു. ഒരു തോല്‍വിയില്‍ ഇത്രകണ്ട് പരിഭ്രാന്തി കാട്ടേണ്ടതുണ്ടോ?
രാ: വി എസ്സിന് സമരചരിത്രമില്ലെന്നാണോ? വയലാര്‍ വിപ്ലവമൊക്കെ മറന്നാണോ സംസാരിക്കുന്നത്?
ടികെ: ഞാന്‍ പ്രതികരിക്കുന്നില്ല.
രാ: ആ തോല്‍വി, വി എസ്സിന് നഷ്ടപ്പെടുത്തിയത് മുഖ്യമന്ത്രി സ്ഥാനമായിരുന്നു.
ടികെ: വി എസ് മുഖ്യമന്ത്രിയാകണമെന്ന് ഏറെയാഗ്രഹിച്ച ഒരാളായിരുന്നു ഞാനും. അത് വ്യക്തിതാത്പര്യം കൊണ്ടല്ല. മാരാരിക്കുളത്ത് നിന്നൊരാള്‍ ജയിച്ച് മുഖ്യമന്ത്രിയായാല്‍ ഈ മണ്ഡലത്തിനും ആലപ്പുഴ ജില്ലയ്ക്ക് പൊതുവെയും ഉണ്ടാകുന്ന നേട്ടങ്ങള്‍, വികസനങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു. ഞാനും സി കെ ഭാസ്‌കരനും ഒരുമിച്ചിരുന്ന് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. എങ്ങനെയും വി എസ്സിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ ജില്ലയില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയായാല്‍ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളോടു പോലും ഞാന്‍ സംസാരിച്ചിരുന്നു. എന്തുവന്നാലും വി എസ് മുഖ്യമന്ത്രിയാകണം എന്നതു മാത്രമായിരുന്നു അതിനു പിന്നില്‍. വി എസ് മുഖ്യമന്ത്രിയാകുമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ വിശ്വാസവും.
രാ: വി എസ് ഇല്ലെങ്കിലും ആലപ്പുഴയില്‍ നിന്നും സുശീല ഗോപാലന്‍ ഉണ്ടല്ലോ. അങ്ങനെയൊരു ഉദ്ദേശം നിങ്ങള്‍ക്കുണ്ടായിരുന്നോ?
ടികെ: സുശീല ഗോപാലന് എത്ര വോട്ട് കിട്ടിയെന്നു പോലും തിരക്കിയിരുന്നില്ല. പിന്നെയല്ലേ അവരെ മുഖ്യമന്ത്രിയാക്കാന്‍ കളി നടത്തുന്നത്. സില്‍ക് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റായിരുന്നു അവര്‍, ഞാന്‍ സെക്രട്ടറിയും. തെരഞ്ഞെടുപ്പ് ചെലവിലേക്കായി തൊഴിലാളികള്‍ പിരിച്ചെടുത്ത അയ്യായിരം രൂപയില്‍ മൂവായിരം സുശീലയ്ക്കും രണ്ടായിരം വി എസിനും നല്‍കി. സുശീലയ്ക്ക് പണം നല്‍കാന്‍ പോലും ഞാന്‍ പോയിരുന്നില്ല. അവര്‍ വ്യവസായ മന്ത്രിയായ ശേഷം തൊഴിലാളികളുടെ കാര്യത്തിനായി ചെന്നിരുന്നു. അന്നെനോട് ചോദിച്ചത് എന്നെയിവിടെ ഇരുത്തില്ലേ എന്നായിരുന്നു. തൊഴുതുകൊണ്ടു ഞാന്‍ പറഞ്ഞു, ഇനി വരില്ല. പിന്നെ പോയിട്ടുമില്ല.
രാ: സ്വന്തം തോല്‍വിയുടെ കാര്യത്തില്‍ ഒരാത്മപരിശോധന വി എസ്സില്‍ ഉണ്ടായിട്ടില്ലെന്നാണോ?
ടികെ: ഉണ്ടായിട്ടുണ്ടോ? കുറ്റപ്പെടുത്താനല്ലേ ശ്രമിച്ചത്.
രാ: വി എസ്സിന്റെ പരാതികള്‍ കഴമ്പില്ലാത്തതാണെന്നാണോ പറയുന്നത്?
ടികെ: എന്ത് തെളിവാണ് വി എസ്സിന് ഉള്ളത്. എന്താ അദ്ദേഹം ചെയ്തത്. ശിവജി എന്നൊരു പയ്യന്‍. പള്ളിക്കൂടത്തിലൊന്നും പോകാതെ പാര്‍ട്ടി ഓഫിസില്‍ ചുറ്റിക്കറങ്ങി നടക്കും. ആ ചെറുക്കനെ കൊണ്ട് ഒരു പരാതി എഴുതിപ്പിച്ച് വാങ്ങി. അതാണ് നേതൃത്വത്തിന് നല്‍കിയത്. ഞാനും ഭാസ്‌കരനും വി എസ്സിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ സാക്ഷിയാക്കിയവനെ. ഞാനും സി കെയും സംസാരിക്കുമ്പോള്‍ അവനെ കണ്ടാല്‍ ഉടന്‍ സംസാരം നിര്‍ത്തി വയ്ക്കും പോലും. ഞങ്ങള്‍ നടത്തിയത് ഗൂഢാലോചന ആണെന്ന് തെളിയിക്കാനായി പറഞ്ഞത്. എന്ത് യുക്തിയാണതില്‍? സി കെ ഡി സി മെംബറും ഞാനും ഡി സി സെക്രട്ടേറിയേറ്റ് മെംബറുമാണ്. കേവലമൊരു പയ്യന്റെ മുന്നില്‍ ഇരുന്ന് ഞങ്ങള്‍ സംസാരിച്ചോളുമെന്നായിരുന്നോ? ഇനി ഗൂഢാലോചനയാണ് നടത്തിയതെങ്കില്‍ അതിനിടയില്‍ അവന്റെ സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ക്ക് വേറെ വഴികളൊന്നും ഇല്ലെന്നായിരുന്നോ? എത്രയോ ദുര്‍ബലമായ ആരോപണമാണിത്. തെരഞ്ഞെടുപ്പ് യോഗങ്ങളും ജാഥകളുമൊക്കെ എങ്ങനെ നടക്കുന്നുവെന്നറിയാന്‍ ഓരോ സ്ഥലത്തും സാബു എന്ന ചെറുപ്പക്കാരനെ മുന്‍കൂര്‍ അയക്കുമായിരുന്നു വി എസ്. ഈ സാബുവിനെക്കൊണ്ടാണ് ഒരു പരാതി എഴുതിപ്പിച്ചു വാങ്ങിയിരുന്നതെങ്കില്‍ പോലും അതിത്ര ദുര്‍ബലമായ ആരോപണം ആകില്ലായിരുന്നു.
യെച്ചൂരി-കാരാട്ട്: തിയറി മാത്രം പോര; അനുഭവം മാത്രമായിട്ടും കാര്യമില്ല- അഭിമുഖം/എംഎം ലോറന്‍സ്
രാ: തോല്‍വിക്കു പിന്നാലെ പാര്‍ട്ടിയില്‍ നിന്നും ടികെ യെ പുറത്താക്കാന്‍ നീക്കം ഉണ്ടായിരുന്നോ?
ടികെ: അവനെയൊന്നും ഇനി വച്ചോണ്ടിരിക്കരുതെന്നായിരുന്നു ചടയനോട് പറഞ്ഞത്. എന്നെയും സി കെയെയും പുറത്താക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ ചടയന്‍ അതംഗീകരിച്ചില്ല. എനിക്കറിയാം പളനിയേയും ഭാസ്‌കരനെയും എന്നാണ് ചടയന്‍ പറഞ്ഞത്. അവര്‍ അങ്ങനെയൊന്നും ചെയ്യില്ല. ഇനി എന്തെങ്കിലും വീഴ്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തന്നെ അതിനി ആവര്‍ത്തിക്കരുതെന്ന് പറയാം, ചടയന്‍ വിശദീകരിച്ചു. അന്നത്തെ നീക്കം അങ്ങനെ പൊളിഞ്ഞു. ഞങ്ങളെ പുറത്താക്കിയില്ലെങ്കിലും ബ്രാഞ്ചിലേക്ക് ഡീപ്രമോട്ട് ചെയ്തു.
രാ: 1998 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്. സി എസ് സുജാത തോല്‍ക്കുന്നു. ആഞ്ചലോസിനും പളനിക്കുമെതിരേ വീണ്ടും ആക്ഷേപം?
ടി കെ; അതൊരു പകയുടെ തുടര്‍ച്ചയാണ്. 96 ല്‍ എന്തു നടന്നില്ലയോ അതവര്‍ 98 ല്‍ സാധിച്ചു. എന്നെയും ആഞ്ചലോസിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടരുന്ന പകയുടെ വിജയം. പക്ഷേ എന്തിന്? പളനിയോട് പകവച്ചിട്ട് എന്ത് നേടാന്‍. പളനി അതിനാരാണ്. ഒരു നിസ്സാരന്‍. ഈ പ്രസ്ഥാനത്തെ ജീവനായി കണ്ടതാണോ കുറ്റം. വ്യക്തിയല്ല പാര്‍ട്ടിയാണെന്നു പറഞ്ഞതാണോ കുറ്റം? വ്യക്തിയാരാധനകളെയും ഗ്രൂപ്പിസത്തേയും എതിര്‍ത്തതാണോ കുറ്റം? വി എസ് എന്നെ എതിര്‍വശത്ത് നിര്‍ത്തിയതുകൊണ്ട് മാത്രമല്ലേ മാധ്യമങ്ങള്‍ പോലും പളനിയെ തേടി വന്നത്. അല്ലെങ്കില്‍ പളനി പാര്‍ട്ടിയും പ്രവര്‍ത്തനങ്ങളുമായി മാത്രം പോകുമായിരുന്നില്ലേ…
രാ: ടി കെ , താങ്കള്‍ എതിര്‍ത്തെന്നു പറയുന്ന അതേ ഗ്രൂപ്പിസം ആലപ്പുഴയില്‍ ശക്തമായില്ലേ? ഒരു പക്ഷേ സിപിഎമ്മിന്റെ ഗ്രൂപ്പിസവും വിഭാഗീയതുമെല്ലാം തുടങ്ങുന്നതു തന്നെ ആലപ്പുഴയില്‍ നിന്നാകില്ലേ?
ടികെ: ഗ്രൂപ്പിസം എങ്ങനെ തുടങ്ങി, ആരു തുടങ്ങിയെന്നൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. പിന്നീടത് പടര്‍ന്നു പിടിക്കുകയായിരുന്നില്ലേ.
രാ: പക്ഷേ സ്വന്തം തട്ടകത്തില്‍ തന്നെ വി എസ് വീണു?
ടി കെ; സ്വാര്‍ത്ഥതകളില്ലാത്ത, പ്രതീക്ഷകളില്ലാത്തവരാണ് എല്ലാവരുമെന്ന് ധരിക്കരുത്. പളനിയെപോലെ ചെറുത്തുനില്‍പ്പിന് തയ്യാറാകാത്തവരാണോ എല്ലാവരും? ആരുടെ കീഴിലും ആശ്രിതരാകുന്നവര്‍, നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാകുമല്ലോ. അവര്‍ സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് പലതും തേടും. അങ്ങനെയുള്ളവര്‍ ഒരോരോ അവസരങ്ങളില്‍ വി എസ്സിനെ തള്ളിപ്പറഞ്ഞു. അതുവഴി പലരും നേതാക്കന്മാരായി. അങ്ങനെ നേതാക്കന്മാരായവരുടെ മനഃസ്ഥിതി എന്തായിരിക്കും. അവര്‍ക്ക് കമ്യൂണിസ്റ്റ് ആയിരിക്കാന്‍ കഴിയുമോ? കമ്യൂണിസം സ്ഥിതിസമത്വത്തിന്റെതാണ്.
രാ: ആലപ്പുഴയിലെ പാര്‍ട്ടിയ്‌ക്കേറ്റ ഏറ്റവും വലിയ കളങ്കമല്ലേ സഖാവ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം. പാര്‍ട്ടി നിലപാടിനെതിരേയുള്ള വിമര്‍ശനം പോലെ, ടി കെയ്‌ക്കെതിരേയും ഒരാരോപണം ഉണ്ട്, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ലതീഷ് ചന്ദ്രനെതിരേ പൊലീസില്‍ മൊഴി നല്‍കി. എന്തിനായിരുന്നു അങ്ങനെ ചെയ്തത്?
ടികെ: എന്തടിസ്ഥാനത്തിലാണ് നിങ്ങളിത് പറയുന്നത്? ഞാന്‍ ലതീഷിനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് മൊഴി നല്‍കിയെന്ന് എവിടെയെങ്കിലും തെളിയിക്കാന്‍ പറ്റുമോ? എനിക്ക് ലതീഷിനോട് എന്ത് വൈരാഗ്യമാണ്, എന്തിനാണ് വൈരാഗ്യപ്പെടേണ്ടത്. എനിക്കയാളോട് അന്നുമില്ല ഇന്നുമില്ല വൈരാഗ്യവും വാശിയും. പക്ഷേ ചില അതൃപ്തിയുണ്ട്. നേതാക്കന്മാരുടെ കൈമണിയായി അങ്ങോട്ടുമിങ്ങോട്ടും മാറി മറഞ്ഞു നില്‍ക്കുന്നതിനെതിരേ. ലതീഷ് പ്രതിയാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ തെളിയിക്കട്ടേ.. അന്വേഷണം കഴിഞ്ഞ് മഹസര്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയശേഷമാണ് പൊലീസ് എന്നോട് സംസാരിക്കുന്നത്. പിന്നെങ്ങനെയാണ് ഞാന്‍ പറഞ്ഞിട്ടാണ് ലതീഷിനെ കുറ്റക്കാരനാക്കിയതെന്നു പറയുന്നത്.
രാ: എന്താണ് ലതീഷിനെ കുറിച്ച് പൊലീസിനോട് പറഞ്ഞത്?
ടികെ: രാത്രി രണ്ടര മണിയോടെയായിരിക്കണം ലതീഷ് എന്നെ ഫോണ്‍ ചെയ്യുന്നത്. കാര്യം പറഞ്ഞപ്പോള്‍ എന്റെ ഹൃദയം നിലച്ചു. ഞാന്‍ ലതീഷിനോട് വണ്ടിയെടുത്ത് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ലതീഷ് വന്നു. കണ്ണാര്‍ക്കാടേക്ക് പോകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു, നീ ഇതെങ്ങനെയറിഞ്ഞു? അടുത്തുള്ളൊരാള്‍ വിളിച്ചു പറഞ്ഞതാണെന്നു മറുപടി. ആ പ്രദേശത്തെ മുതിര്‍ന്ന നേതാക്കന്മാരായി ഞാനും സി കെയുമുണ്ട്. ഞങ്ങളെ വിളിച്ചു പറയാതെ നിന്നെ വിളിച്ചു പറഞ്ഞതെന്തുകൊണ്ട്? അതാ വിളിച്ചു പറഞ്ഞയാള്‍ ഡിവൈഎഫ്‌ഐക്കാരനായിരുന്നു. എന്താ കാര്യം? അറിയില്ല. വേറെയെവിടെയെങ്കിലും എന്തെങ്കിലും നടന്നോ? കായിപ്പുറത്ത് ഇന്ദിര സ്തൂപത്തിന്റെ മൂല തകര്‍ത്തിട്ടുണ്ട്. നമ്മളാണോ? അല്ല. അതു കഴിഞ്ഞാണോ ഇതു സംഭവിച്ചത്? അതുമായി ബന്ധമുണ്ടോയിതിന്? അറിയില്ല. ഇതായിരുന്നു ഞങ്ങള്‍ക്കിടയില്‍ നടന്ന സംഭാഷണത്തിന്റെ ഏകദേശരൂപം, ഇതാണ് ഞാന്‍ പൊലീസിനോട് പറഞ്ഞതും.
രാ: എന്തെങ്കിലും സംശയം ആ സംഭാഷണത്തിനിടയില്‍ തോന്നിയോ?
ടികെ: കേള്‍ക്കുന്നവര്‍ക്ക് തോന്നുന്നുണ്ടോ? എന്നെയോ സി കെ യോ വിളിച്ചു പറയാതെ അയാളെ വിളിച്ചു പറയുന്നു. പൊലീസിന്റെ എഫ് ഐ ആര്‍ പിന്നീട് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയങ്ങളൊക്കെ അതില്‍ ഉണ്ടായിരുന്നു. അല്ലാതെ ഞാനാരെയും കുറ്റക്കാരനാക്കി ഒന്നും പൊലീസിനോട് പറഞ്ഞില്ല. ലതീഷ് കുറ്റക്കാരനല്ലായിരിക്കാം, പക്ഷേ വേറെയാര് എന്ന് അറിയണം.
രാ: പാര്‍ട്ടിക്ക് ആ താത്പര്യം ഉണ്ടോ?
ടികെ: പാര്‍ട്ടി വേണ്ടത്ര താത്പര്യം ഉണ്ടോ? അങ്ങനെ തോന്നുന്നുണ്ടോ? ഏരിയ കമ്മിറ്റി ആവശ്യം ഉയര്‍ത്തണം, ഡി സി അന്വേഷണം നടത്തണം. ഞാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ട കാര്യമാണത്. എന്തിനാണീ മൗനം. കൃഷ്ണപിള്ള സ്മാരകം അത്ര നിസ്സാരമാണോ? ഒരു പാര്‍ട്ടി കൊടി കീറുന്നതോ തോരണം നശിപ്പിക്കുന്നതോ പോലെയല്ല, കൃഷ്ണപിള്ള സ്മാരകമാണ് തകര്‍ത്തത്. കമ്യൂണിസ്റ്റ്കാരന് അതെത്രോളം വൈകാരികമാണെന്ന് അറിയണം. വര്‍ഷാവര്‍ഷം ഇവിടെ ഒത്തുകൂടി രണഗീതങ്ങള്‍ പാടി ഇങ്ക്വിലാബ് വിളിച്ചു പിരിഞ്ഞാണ് പുതിയ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്.
രാ: ഒരു കമ്യൂണിസ്റ്റുകാരനത് സാധിക്കുമോ?
ടികെ: സാധിക്കില്ല. ലതീഷ് ചെയ്തിട്ടില്ല, സാബു ചെയതിട്ടില്ല. പക്ഷേ ഇവരെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് എടുത്തപ്പോള്‍ ഇരുവര്‍ക്കുമെതിരേ ഉടനെ നടപടിയെടുത്ത് ആ അധ്യായം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചത് എന്തുകൊണ്ട്? അവര്‍ നേതാക്കന്മാരുടെ സില്‍ബന്തികളായിരുന്നല്ലോ. ഇന്ദിരാസ്തൂപം തകര്‍ത്തിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്താതിരുന്നതെന്തുകൊണ്ട്? കേരള പൊലീസ് വിചാരിച്ചാല്‍ തെളിയിക്കാത്ത ഏത് കേസ് ആണുള്ളത്. ജില്ല സെക്രട്ടറിയായ സജി ചെറിയാന്‍ എന്തുകൊണ്ട് ഇതൊന്നും ആവശ്യപ്പെടുന്നില്ല. സജി ചെറിയാനും ലതീഷും തമ്മില്‍ അടുത്തബന്ധമാണുള്ളത്. ലതീഷ് അല്ല ചെയ്തതെങ്കില്‍ പിന്നെയാര്? അതറിയണമല്ലോ… ഇതൊക്കെ പറയുമ്പോഴാണ് ഞാന്‍ മോശക്കാരനാകുന്നത്.
കൃഷ്ണപിള്ള സ്മാരകം: എന്തുകൊണ്ടാണ് സഖാക്കളെ, ഇക്കാര്യത്തിലിത്ര മൗനം?
രാ: കമ്യൂണിസ്റ്റുകാര്‍ ഇതു ചെയ്യില്ലെന്ന് വി എസും പറഞ്ഞു.
ടികെ: വി എസ് പറയുന്നു അവരൊക്കെ ഉത്തമന്മാര്‍, ഞാന്‍ അധമന്‍. ഇങ്ങനെയൊക്കെ പറയുന്നത് ഒരു രാഷ്ട്രീയനേതാവിന് യോജിച്ചതാണോ? ഞാന്‍ നിസ്സാരന്‍, പക്ഷേ പറയുന്നവര്‍ക്ക് ഒരു നിലവാരം ഉണ്ടല്ലോ? എനിക്കെതിരേ എന്തും പറയാനും അതു പ്രചരിപ്പിക്കാനും അവര്‍ക്ക് കഴിയും. കാരണം അതിനുള്ള സൗകര്യങ്ങളുണ്ട്. മാധ്യമങ്ങളുണ്ടല്ലോ കൂടെയെപ്പോഴും.
രാ: വി എസ് ഒരു മാധ്യമസൃഷ്ടിയാണെന്നു തോന്നുന്നുണ്ടോ?
ടികെ: 96 ന് മുമ്പുള്ള വി എസിനെ പളനിക്ക് അറിയാം.
രാ: ഏറെ അനുഭവങ്ങളുള്ള, പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ നീണ്ട ചരിത്രമുള്ള പളനി പാര്‍ട്ടി വിടുമ്പോള്‍, അതിനെ സ്വാഗതം ചെയ്യുകയാണ് ജില്ല നേതൃത്വം. പളനി പോകുന്നതോടെ പാര്‍ട്ടി ശുദ്ധമാകുന്നുവെന്നാണ് സജി ചെറിയാന്‍ പറഞ്ഞതായി പ്രചരിക്കുന്നത്.
ടികെ: ഞങ്ങളൊക്കെ ഈ പാര്‍ട്ടി കെട്ടിപ്പടുക്കാനും വളര്‍ത്താനുമൊക്കെ നടന്നത് കൊടിയ പീഡനങ്ങളും ത്യാഗങ്ങളുമൊക്കെ അനുഭവിച്ചാണ്. വയറ് വിശന്നും മുദ്രാവാക്യം വിളിച്ചൂ. ഇതൊന്നും ഇന്നത്തെ സുഖസൗകര്യങ്ങളിലിരിക്കുന്നവര്‍ക്ക് മനസിലാകില്ല. സജി ചെറിയാനെപോലുള്ളവര്‍ക്ക് മനസിലാകില്ല, മനസിലാക്കാന്‍ പറ്റില്ല പളനിയെ. പളനിയെ പളനിക്കറിയാം. പാര്‍ട്ടി് എന്താണെന്നും പളനിക്ക് അറിയാം. ഇപ്പോള്‍ അവര്‍ക്ക് എന്നെ വേണ്ട. വേണ്ടെങ്കില്‍ വേണ്ട, ഞാന്‍ പൊയ്‌ക്കോളാം. എന്നെ വേണ്ടെങ്കില്‍ ഞാന്‍ പൊയ്‌ക്കോളാമെന്നേ…
രാ: പളനിക്ക് സ്വയം സംരക്ഷിക്കാമായിരുന്നില്ലേ, ഏതെങ്കിലും ഭാഗത്ത് നിന്നിരുന്നെങ്കില്‍?
ടികെ; ഗ്രൂപ്പ് കളിയോ? പളനിക്കതില്‍ താത്പര്യമില്ല. ആ രാഷ്ട്രീയം അറിയില്ല. ഇതുവരെ ഒരു ഗ്രൂപ്പിലും പെട്ടിട്ടില്ല. ഗ്രൂപ്പില്‍ പെട്ടാല്‍ പിന്നെ ഏകപക്ഷീയമായല്ലേ പ്രവര്‍്ത്തിക്കാനാകൂ? ഞാനരെയും ധ്യാനിച്ചിട്ടുമില്ല, ഇകഴ്ത്തിയിട്ടുമില്ല. ഗ്രൂപ്പ് മഹാന് അനുയോജ്യമായി മാത്രം ചിന്തിക്കേണ്ടി വരും. ഗ്രൂപ്പ് പാര്‍ട്ടിക്ക് ദോഷമേ എന്നും ചെയ്യൂ.
രാ: ഇപ്പോള്‍ സിപിഐയിലേക്ക് പോകുന്നു, എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനം 98 ല്‍ ഉണ്ടായില്ല?
ടികെ: അന്ന് ആഞ്ചലോസിനെയും എന്നെയുമാണ് പുറത്താക്കിയത്. ശരിക്കും അവരുടെ ടാര്‍ഗറ്റ് പളനി തന്നെയായിരുന്നു. അന്ന് ആഞ്ചലോസിന് ജീവന് ഭീഷണി ഉയര്‍ന്നു. അയാള്‍ക്ക് സംരക്ഷണം വേണം. അതുകൊണ്ട് ഞാനും സി കെയുമൊക്കെ അയാളെ സിപിഐയിലേക്ക് പോകാന്‍ ഉപദേശിച്ചു. അതനുസരിച്ചാണ് ആഞ്ചലോസ് പികെവിയെ കാണുന്നത്. അന്നുപക്ഷേ താനും പളനിയും പാര്‍ട്ടിയിലേക്ക് വരുന്നുവെന്ന് ആഞ്ചലോസ് പികെവിയോടു പറഞ്ഞു. അതതെന്നോട് ചോദിക്കാതെയായിരുന്നു. ഞാനത് നിഷേധിച്ച് പ്രസ്താവനയിറക്കിയിരുന്നു. ഈ പാര്‍ട്ടി വിട്ട് പോവുക എന്നത് അത്ര എളുപ്പമാണോ? പളനിക്കു പാര്‍ട്ടി അത്രമേല്‍ വലുതാണ്.
രാ: പിന്നെ ഇപ്പോള്‍ എന്തു സംഭവിച്ചു?
ടികെ: ഞാനീ സമൂഹത്തില്‍ ആരുമല്ലെന്നാണവര്‍ പറഞ്ഞത്. അതെനിക്കു തിരുത്തണം. ഞാനീ സമൂഹത്തില്‍ സജീവമായി നിന്നൊരാളല്ലേ, ഇനിയുമിവിടെ ഞാനുണ്ടാകണമല്ലോ. അതെനിക്കു തെളിയിക്കണ്ടേ. സിപിഎമ്മിനു എന്നെ വേണ്ടെങ്കില്‍ വേണ്ട, ഞാന്‍ പൊയ്‌ക്കോളാം. പക്ഷേ എനിക്കൊരു വ്യക്തി സ്വാതന്ത്ര്യമുണ്ടല്ലോ. ഞാന്‍ ആദ്യമായി അംഗത്വമെടുത്ത പാര്‍ട്ടിയിലേക്കു തന്നെയല്ലേ പോകുന്നത്. മരണം വരെ എനിക്കൊരു കമ്യൂണിസ്റ്റുകാരനായിരിക്കണം. ഏതെങ്കിലുമൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമില്ലാതെ എനിക്ക് എങ്ങനെ ജീവിക്കാന്‍ പറ്റും?
പളനി പാര്‍ട്ടി വിടരുതെന്ന് പലരും ഇപ്പോള്‍ പറയുന്നുണ്ട്. പക്ഷേ നേതാക്കന്മാര്‍ക്ക് വേണ്ടല്ലോ. രണ്ടു വര്‍ഷം മുമ്പ് ഞാന്‍ എന്റെ പാര്‍ട്ടി അംഗത്വം പുതുക്കിയതാണ്. പിന്നീട് പുതുക്കിയില്ല. ഒരാള്‍ പോലും പളനിയെന്താ പാര്‍ട്ടി അംഗത്വം പുതുക്കാത്തതെന്നു ചോദിച്ചില്ല. ജില്ലയിലെ നേതാക്കന്മാര്‍ക്ക് മാത്രമല്ലല്ലോ, സംസ്ഥാന നേതാക്കന്മാര്‍ക്കും പളനി അറിയാവുന്നതാണല്ലോ. അപ്പോള്‍ അവര്‍ക്കൊന്നും എന്നെ വേണ്ട. ഞാനീ പാര്‍ട്ടി വിടുമ്പോള്‍ അതവര്‍ നല്ലതാണെന്ന് ചിന്തിക്കുകയാണ്. പക്ഷേ പളനിക്ക് പാര്‍ട്ടിയെന്താണെന്ന് അവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും എന്റെ വീട്ടില്‍ വരുന്ന പത്രം ദേശാഭിമാനിയാണ്.
രാ: സിപിഐയില്‍ ചെല്ലുമ്പോള്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ കിട്ടുമോ?
ടികെ: സ്ഥാനമാനങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഏല്‍പ്പിച്ച ജോലി ചെയ്യുകയായിരുന്നല്ലോ എന്നുവരെ. അതെവിടെയായാലും ചെയ്യും. പ്രായം ആയിട്ടുണ്ടെന്നതുമാത്രമാണ് ഒരു തടസം.
രാ: പളനി പളനിയെക്കുറിച്ച് പറഞ്ഞാല്‍?
ടികെ: ഞാനൊരു കമ്യൂണിസ്റ്റാണ്…കമ്യൂണിസ്റ്റായി തന്നെ ജീവിക്കും…കമ്യൂണിസ്റ്റ് ആയി തന്നെ മരിക്കും….