UPDATES

ക്യാമ്പുകള്‍ കാണുമ്പോള്‍ അമ്പരപ്പോ, വേവലാതിയോ അല്ല; മറിച്ച് കൂട്ടായ്മകള്‍ നല്‍കുന്ന ആവേശവും പ്രതീക്ഷയുമാണ് എനിക്ക്-ടി എം തോമസ് ഐസക്

സര്‍ക്കാര്‍ ഇത് പോലെ ഉദാരമായി ധനസഹായം നല്‍കിയ കഥയില്ല

ആലുവ പറവൂര്‍ ഭാഗത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിനു ശേഷം ധനമന്ത്രി ടി എം തോമസ് ഐസക് എഴുതി; “എത്രയോ ക്യാമ്പുകളില്‍ പോയിരിക്കുന്നു. കുട്ടനാട്ടിലാകട്ടെ പറവൂരാകട്ടെ അന്തരീക്ഷം മുന്‍കാലത്തെ അപേക്ഷിച്ച് എത്ര വ്യത്യസ്തമാണെന്നോ? പരാതികളുടെ ഭാണ്ഡക്കെട്ടില്ല. മൂടിക്കെട്ടിയ മനം മടുപ്പിക്കുന്ന അന്തരീക്ഷവും ഇല്ല. പകരം സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ്. ഓരോരുത്തരുടെയും കുഞ്ഞു വീടുകളില്‍ അവരവര്‍ ആസ്വദിക്കുന്ന ഒരു സമാധാനമുണ്ട്. അവിടെ നിന്നും മാറി നില്‍ക്കുന്നതിന്‍റെ വിഷമം ഒഴിച്ചാല്‍ ക്യാമ്പുകളില്‍ ചിരിയും സന്തോഷവുമാണ്.”

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരിതത്തെ ഒറ്റക്കെട്ടായി അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ നേര്‍ക്കാഴ്ചയാണ് ടി എം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതിന്റെ പൂര്‍ണ്ണ രൂപം താഴെ വായിക്കാം.

ഇന്നലെ ആലുവ പറവൂര്‍ ഭാഗത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. എത്രയോ ക്യാമ്പുകളില്‍ പോയിരിക്കുന്നു. കുട്ടനാട്ടിലാകട്ടെ പറവൂരാകട്ടെ അന്തരീക്ഷം മുന്‍കാലത്തെ അപേക്ഷിച്ച് എത്ര വ്യത്യസ്തമാണെന്നോ? പരാതികളുടെ ഭാണ്ഡക്കെട്ടില്ല. മൂടിക്കെട്ടിയ മനം മടുപ്പിക്കുന്ന അന്തരീക്ഷവും ഇല്ല. പകരം സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ്. ഓരോരുത്തരുടെയും കുഞ്ഞു വീടുകളില്‍ അവരവര്‍ ആസ്വദിക്കുന്ന ഒരു സമാധാനമുണ്ട്. അവിടെ നിന്നും മാറി നില്‍ക്കുന്നതിന്‍റെ വിഷമം ഒഴിച്ചാല്‍ ക്യാമ്പുകളില്‍ ചിരിയും സന്തോഷവുമാണ്.

എന്‍റെ വീട് കോട്ടപ്പുറത്താണ്. പണ്ടുകാലത്തെ വെള്ളപ്പൊക്കം ഓര്‍മ്മയുണ്ട്. അതുപോലൊന്ന് പ്രതീക്ഷിച്ചാണ് എല്ലാവരും കഴിഞ്ഞത്. ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ വന്നതിനു ശേഷം വെള്ളപ്പൊക്കങ്ങള്‍ പഴംകഥയായി. ഇത്തവണ മഴയുടെ രൂപം മാറി. ഡാമുകള്‍ തുറക്കുമ്പോള്‍ പഴയ പ്രളയം ആവര്‍ത്തിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ കാലാവസ്ഥയിലെ മാറ്റവും, വേലിയേറ്റ വേലിയിറക്ക സ്വാധീനവും എല്ലാം മുന്നില്‍ കണ്ടു ഇടമലയാറും ഇടുക്കിയും എല്ലാം കൃത്യമായ ആസൂത്രണത്തോടെ ക്രമീകരിക്കുകയും നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കി പുനരധിവാസം ഉറപ്പാക്കുകയും ഒക്കെ ചെയ്തത് ദുരന്തത്തിന്‍റെ ആഘാതം ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ സഹായകമായി. ആ സന്തോഷവും ആശ്വാസവും എവിടെയും പ്രകടമാണ്.

മുന്‍പ് ദുരിതാശ്വാസം/ ദുരന്ത ലഘുകരണം, നിവാരണം എന്നതെല്ലാം റവന്യു വകുപ്പിന്‍റെ ജോലിയായിരുന്നു. ഇന്ന് സ്ഥിതി മാറി. ദുരന്ത നിവാരണ അതോറിറ്റി ഒരു സ്പെഷ്യലൈസ്ഡ് എജന്‍സി ആണ്. അവര്‍ തികച്ചും ശാസ്ത്രീയമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റവന്യു, തദ്ദേശഭരണം,കൃഷി, പോലീസ്, ഫയര്‍&റസ്ക്യൂ, ആരോഗ്യം, കാലാവസ്ഥാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഏകോപിപ്പിക്കപ്പെടുന്നു. ഇങ്ങനെ നടത്തുന്ന ദുരന്ത നിവാരണ/ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ പുതിയൊരു വിതാനത്തിലേക്ക്‌ ഉയരുകയാണ്. ഈ ഈ ഏകോപിപ്പിച്ച പ്രവര്‍ത്തനത്തെകുറിച്ച് പോയ സ്ഥലങ്ങളില്‍ എല്ലാം വലിയ മതിപ്പാണ്. ആര്‍ക്കും ഒരു വകുപ്പിനെ കുറിച്ചും പരാതികള്‍ ഇല്ല. വില്ലേജ് ഓഫീസര്‍മാരെ കുറിച്ച് വലിയ മതിപ്പാണ് എല്ലാവരും പ്രകടിപ്പിച്ചത്. പോലീസുകാര്‍ക്ക് ഇത്തരം പ്രശംസ സാധാരണയല്ല.

ഒന്നിനും ഒരു കുറവും ഇല്ല. ഭക്ഷണവും, കുടിവെള്ളവും എല്ലാം. സര്‍ക്കാര്‍ വില്ലേജ് അധികാരികള്‍ മുഖാന്തിരം ആവശ്യത്തിനു ഭക്ഷണവും പച്ചക്കറികളും എന്തിന് വേണ്ട ഇടങ്ങളിലെല്ലാം പാചക വാതകം വരെ എത്തിക്കുന്നുണ്ട്. ഇതിനു പുറമേ ജന പ്രതിനിധികളും സന്നദ്ധ സംഘടനകളും ഇതില്‍ ശ്രദ്ധിക്കുന്നുണ്ട്. ഇന്ന് പോയ ക്യാമ്പുകളില്‍ ഉച്ച -രാത്രി ഭക്ഷണം കെ വി തോമസ്‌ എം പി യുടെ വകയായിരുന്നു. ലയൺസ് ക്ലബ് നല്‍കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഞാന്‍ തന്നെ ക്യാമ്പില്‍ വിതരണം ചെയ്തു.വി ഡി സതീശന്‍ എം എൽ എ പുതപ്പുകള്‍ സംഘടിപ്പിച്ചു നല്‍കി. സഖാവ് എസ്.ശര്‍മ്മ എല്ലാ ക്യാമ്പുകളിലും ഓടി നടന്ന് ഏകോപനം നടത്തുകയാണ്.
.
ക്യാമ്പുകളുടെ സംഘാടനം പറയുമ്പോള്‍ എടുത്തു കാണിക്കേണ്ട ഒന്നുണ്ട്. അത് കുട്ടനാട്ടില്‍ ആയാലും, പറവൂര്‍ ആയാലും സി പി എം ന്‍റെയും ഡി വൈ എഫ് ഐ യുടെയും മുന്നിട്ടിറങ്ങിയുള്ള പ്രവര്‍ത്തനം ആണ്.എല്ലാവരെയും കൂട്ടി, എല്ലാവര്‍ക്കും ഒപ്പം നിന്ന് സി പി എം ബഹുജന സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനം തികച്ചും ശ്ലാഘനീയമാണ്. ഇലന്തിക്കരയില്‍ സി പി എം പ്രവര്‍ത്തകരും ജനപ്രതിനിധികളും ആയ ജോസിയും ബിജുവും ആയി സാമാന്യം വിശദമായി സംസാരിക്കാന്‍ കഴിഞ്ഞു. രാത്രിയില്‍ എല്ലാവരെയും ക്യാമ്പുകളിലേക്ക് മാറ്റിയതിന്‍റെ അനുഭവം പറഞ്ഞു. ക്യാമ്പിലെ മുഴുവന്‍ പേരും ഈ ജന പ്രതിനിധികളെ കുറിച്ച് , അവരുടെ സേവനങ്ങളെ കുറിച്ച് വാചാലമായി പ്രശംസിക്കുകയാണ്. ക്യാമ്പിനു തൊട്ടടുത്തുള്ള സാമാന്യം വലിയ ഒരു ജാതി കര്‍ഷകനാണ് ഡേവിസ്.കക്ഷിക്ക് സ്വല്‍പ്പം സന്നദ്ധ പ്രവര്‍ത്തനവും ഉണ്ട്, ലയണ്‍സ്. അവര്‍ തുരുത്തിക്കരയിലെ മുഴുവന്‍ ക്യാമ്പുകളിലും ഭക്ഷണവും അവശ്യ വസ്തുക്കളും നല്‍കാന്‍ തയ്യാറെടുക്കുകയാണ്. വീട്ടിലേക്കു തിരിച്ചു പോയാല്‍ എല്ലാം ഒന്ന് ക്രമപ്പെട്ടു വരാന്‍ എടുക്കുന്ന സമയത്തേക്ക് ഒരു കൈത്താങ്ങ്‌.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മനസ്സു നിറയ്ക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. അതിനു കക്ഷി ഭേദമില്ല. അഭിമാനാര്‍ഹമാണിത്. ഇതിനു പുറമേ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ,ആശ,അങ്കണവാടി പ്രവര്‍ത്തകര്‍, തുടങ്ങി എല്ലാവരും എത്ര മേല്‍ ആത്മാര്‍ഥമായും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 20 കൊല്ലം കൊണ്ട് ജനകീയാസൂത്രണം നാട്ടില്‍ കൊണ്ട് വന്ന മാറ്റത്തിന്‍റെ പതാകവാഹകരാണിവര്‍. സന്തോഷവും അഭിമാനവും തോന്നി. ചേന്ദമംഗലത്ത് മുസിരിസ് സന്നദ്ധ പ്രവര്‍ത്തകരായ സുധീറിനെയും കൂട്ടരെയും വീണ്ടും കണ്ടു.

എത്ര നിശ്ചയ ദൃഡതയോടെയും സമചിത്തതയോടെയും കേരളത്തിന്‍റെ മുഖ്യമന്ത്രി സ.പിണറായി വിജയന്‍ ഈ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായ ശ്രീ കെ ജെ ജേക്കബ് കുറിച്ചത് ഇങ്ങനെയാണ്.

“മറ്റൊരു കാര്യം കൂടി പറയാനുണ്ട്. അത് സർക്കാർ മെഷീനറിയെക്കുറിച്ചാണ്. എനിക്ക് മനസിലാകുന്നിടത്തോളം നമ്മൾ എണീറ്റ് നിന്ന് കൈയടിക്കേണ്ട പ്രവർത്തനമാണ് ഈ രംഗത്തു അവർ ചെയ്യുന്നത്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, കെ എസ് ഈ ബി, മെഡിക്കൽ, മൃഗസംരക്ഷണം, ജലവിഭവം, പാരാമിലിറ്ററി–മനുഷ്യർ എന്ന നിലയിൽ നമുക്ക് പരസ്പരം വിശ്വസിക്കാവുന്നവരാണ് എന്ന് പ്രവൃത്തികൊണ്ടു കാണിച്ചുതന്ന ആയിരക്കണക്കിന് മനുഷ്യർ ഇപ്പോൾ ഇരുപത്തിനാലു മണിക്കൂറും എന്ന വണ്ണം പ്രവർത്തിക്കുന്നുണ്ട്…..”

മാധ്യമ പ്രവർത്തക കെ കെ ഷാഹിന എഴുതിയത് പോലെ അസാധാരണമായ ഈ കൂട്ടായ്മയുടെയും അത് കൊയ്യുന്ന ആശ്വാസത്തിന്‍റെയും ഇടയില്‍ വിഷം വമിപ്പിക്കുന്നവരുണ്ട്‌. അവരുടെ ദുഷ്ട ബുദ്ധിക്കും മേലെയാണ് മലയാളിയുടെ സാമൂഹ്യ ബോധം എന്ന് അവര്‍ മനസ്സിലാക്കണം.

സര്‍ക്കാര്‍ ഇത് പോലെ ഉദാരമായി ധനസഹായം നല്‍കിയ കഥയില്ല. പ്രളയ ബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും 3800 രൂപ വീതം നല്‍കുന്നു. കുട്ടനാട്ടില്‍ കൊടുത്തു കൊണ്ടിരിക്കുന്നു, എല്ലായിടത്തും താമസമില്ലാതെ തന്നെ നല്‍കും. വീടുകളിലേക്ക് തിരിച്ചെത്തിയാലും സാധാരണ നിലയില്‍ എത്താന്‍ എടുക്കുന്ന സമയത്തേയ്ക്കുള്ള സഹായമാണിത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപയും , ഭാഗികമായി നഷ്ട്ടപ്പെട്ടവര്‍ക്ക് ആനുപാതികമായും സഹായം നല്‍കും. ഭൂമി നഷ്ട്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപ നല്‍കും . കൃഷി നാശത്തിന് കേന്ദ്ര മാനദണ്ഡങ്ങളെക്കാള്‍ മൂന്നിരട്ടി നഷ്ട പരിഹാരം നല്‍കും. റോഡുകള്‍ക്കും കുടി വെള്ള പദ്ധതികള്‍ക്കും എല്ലാം വലിയ കേടുപാടാണ് വന്നിട്ടുള്ളത്. റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് 1000 കോടി രൂപയുടെ അനുമതി നല്‍കി കഴിഞ്ഞു. കുടിവെള്ള പദ്ധതികള്‍,പാലങ്ങള്‍ എന്നിവയ്ക്കുംഅനുമതി നല്‍കും. എല്ലാം ചേര്‍ത്ത് കുറഞ്ഞത്‌ 2500 കോടി രൂപയുടെ അധിക ബാധ്യത സംസ്ഥാന സര്‍ക്കാരിനു വരും എന്നതാണ് എന്‍റെ മതിപ്പ്.

ധനമന്ത്രി എന്ന നിലയില്‍ ഈ അധിക ചെലവ് എന്നെ അമ്പരപ്പിക്കേണ്ടതാണ്. ക്യാമ്പുകള്‍ കാണുമ്പൊള്‍ അമ്പരപ്പോ, വേവലാതിയോ അല്ല. മറിച്ച് കൂട്ടായ്മകള്‍ നല്‍കുന്ന അനന്ത സാധ്യതകളെ കുറിച്ചുള്ള ആവേശവും പ്രതീക്ഷയുമാണ് എനിക്ക്. ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ ശക്തിയെ, സാധ്യതകളെ കുറിച്ച് കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. അത് കേരളത്തെ ഇനിയും മുന്നോട്ടു നയിക്കും എന്ന ആത്മ വിശ്വാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍