UPDATES

ദിലീപിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരോട് ; ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്കറിയാമോ?

മനുഷ്യാവകാശം സിനിമ നടന് മാത്രം മതിയോ? ഡ്രൈവര്‍ക്കും ഇരയ്ക്കുമെല്ലാം വേണ്ടതല്ലേ?

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ കേരള ജനത ഒന്നടങ്കം ദിലീപിനെതിരെ മുറവിളിയുയര്‍ത്തുകയായിരുന്നു. ദിലീപ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്നവരെ സംബന്ധിച്ച് ദിലീപിന്റെ അറസ്റ്റ് ആശ്വാസമായിരുന്നു. ഒരു സെലിബ്രിറ്റി ഉള്‍പ്പെടുന്ന കേസ് ആയതിനാലും സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണമായതിനാലും മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ തന്നെ പിന്നീടുള്ള ദിവസങ്ങളില്‍ ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ദിലീപിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ ചില ഗ്രൂപ്പുകളും സജീവമായി തുടങ്ങി. ദിലീപുമായി ബന്ധപ്പെട്ടവര്‍ പണം മുടക്കി പിആര്‍ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചതിന്റെ ഫലമാണിതെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുക എന്നതാണ് ഇത്തരം പിന്തുണകളുടെ ലക്ഷ്യം. നടന്‍ നടത്തിയിട്ടുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമാണ് ഇവര്‍ മുഖ്യമായും ചൂണ്ടിക്കാട്ടുന്നത്. കൂടാതെ സമൂഹമാധ്യമത്തില്‍ ദിലീപിനെതിരെയുണ്ടാകുന്ന പോസ്റ്റുകള്‍ക്ക് നേരെ വ്യാജ ഐഡികളില്‍ നിന്നും തെറിവിളിയും ഉയരുന്നുണ്ട്. ദിലീപിനൊപ്പം എന്ന ഹാഷ് ടാഗോടെയാണ് പിന്തുണയര്‍പ്പിച്ചുള്ള പോസ്റ്റുകള്‍ എത്തുന്നത്.

സമൂഹത്തിലെ പ്രമുഖരും ദിലീപിന് പിന്തുണയേകി രംഗത്തെത്തിയതോടെ അവര്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ നടന്‍ സിദ്ധിഖ്, സംവിധായകന്‍ ലാല്‍ ജോസ്, നടി മമത മോഹന്‍ദാസ് എന്നിവര്‍ നടന് പിന്തുണ പ്രഖ്യാപിക്കുകയും മാധ്യമ വിചാരണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സഖറിയയും മാധ്യമ വിചാരണയ്ക്കെതിരെ ശക്തമായി രംഗത്ത് വന്നു. അതേ സമയം പ്രശസ്ത അഭിഭാഷക സംഗീത ലക്ഷ്മണ ദിലീപിനെ പ്രത്യക്ഷത്തില്‍ തന്നെ പിന്തുണയ്ക്കുകയായിരുന്നു. മമത പറയുന്നത് നാല് ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞുതീര്‍ക്കേണ്ട കേസായിരുന്നു ഇതെന്നാണ്. ഇരയായ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് പറയുന്ന സഖറിയ എന്നാല്‍ കുറ്റം ആരോപിക്കപ്പെട്ടവനില്‍ നിന്ന് നിഷ്‌കളങ്കതയുടെ സാധ്യത തന്നെ എടുത്തു കളയുന്ന അവസ്ഥ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നാണ് പറഞ്ഞു വയ്ക്കുന്നത്. തങ്ങള്‍ക്കറിയുന്ന ദിലീപ് ഈ കുറ്റകൃത്യം ചെയ്യില്ലെന്നാണ് അടൂരും ലാല്‍ ജോസും സിദ്ധിഖും പറയുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് അയാളെയെ അറിയൂ ആ പെണ്‍കുട്ടിയെ അറിയാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം. ഇതില്‍ അടൂരിനും സംഗീത ലക്ഷ്മണയ്ക്കും സഖറിയയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

അടൂരിനും ലാല്‍ ജോസിനും സിദ്ധിഖിനും മമതയ്ക്കും എന്താണ് പ്രശ്‌നമെന്നാണ് മാധ്യമപ്രവര്‍ത്തകയായ ചാര്‍മി ജയശ്രീ ഹരിഹരന്‍ ചോദിക്കുന്നത്. ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടുകയോ ചെയ്യുമ്പോള്‍ കുറ്റവാളിയെന്ന് ചൂണ്ടപ്പെടുന്നയാള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റുമായി നിങ്ങള്‍ വരരുതെന്നാണ് അവര്‍ സമൂഹമാധ്യമത്തില്‍ ദിലീപിനെ പിന്തുണയ്ക്കുന്ന എല്ലാവരോടുമായി പറയുന്നത്. കുട്ടിക്കാലത്ത് തന്നെ ദുരുപയോഗം ചെയ്ത ഒരാള്‍ വളരെ തമാശക്കാരനും പലര്‍ക്കും നല്ല വ്യക്തിയും നല്ല ഭര്‍ത്താവും അച്ഛനും ഒക്കെയായിരുന്നു. എന്നാല്‍ അതൊന്നും അയാള്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാവുന്നവയല്ല. ഒരു പീഡോഫീല്‍ എന്ന നിലയില്‍ നിന്നോ കുറ്റവാളിയെന്ന നിലയില്‍ നിന്നോ അയാളെ അതൊന്നും സംരക്ഷിക്കാന്‍ പാടില്ല. അയാള്‍ ഒരു നല്ല മനുഷ്യനാണെന്ന് പറഞ്ഞ് നിങ്ങള്‍ ദിലീപിന് വേണ്ടി പ്രതിരോധം തീര്‍ക്കുമ്പോള്‍ നിങ്ങളുടെ മകളും സഹോദരിയും അമ്മയും ഭാര്യയുമുള്‍പ്പെടെ ഓരോ സ്ത്രീയെയും ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നതില്‍ നിന്നും തടയുകയാണ് ചെയ്യുന്നതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഏതൊരു പെണ്‍കുട്ടിയും അധികാരമുള്ളയാള്‍ ചെയ്ത ലൈംഗിക അതിക്രമങ്ങള്‍ക്ക് നേരെ പരാതി ഉന്നയിക്കുമ്പോള്‍ നേരിടുന്ന ആദ്യ ചോദ്യം തന്നെ ആര് വിശ്വസിക്കുമെന്നതാണ്. ലൈംഗിക അതിക്രമം നടത്തിയ പുരുഷനോടൊപ്പം നിലകൊള്ളുമ്പോള്‍ നിങ്ങള്‍ എല്ലാ സ്ത്രീകള്‍ക്കും എതിരെയാണ് നിലകൊള്ളുന്നതെന്നും ചാര്‍മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എ സഹദേവന്‍ നേരിട്ട് അടൂര്‍ ഗോപാലകൃഷ്ണനെ തന്നെയാണ് വിമര്‍ശിക്കുന്നത്. അടൂര്‍ ചിത്രങ്ങളിലെ മുഖ്യകഥാപാത്രങ്ങളുടെ സ്വഭാവം വിശകലനം ചെയ്താണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കൊടിയേറ്റത്തില്‍ ഭരത് ഗോപി അഭിനയിച്ച മുഖ്യകഥാപാത്രം അലസനും ഒന്നിനും കൊള്ളാത്തവനുമാണ്. എലിപ്പത്തായത്തില്‍ കരമന ചെയ്ത വേഷം ഭീരുവും ഭള്ളിന്റെയും ദുരഭിമാനത്തിന്റെയും അവതാരമാണ്. ഗംഗാധരന്‍ നായര്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ശരിയായ ബിംബവും സമൂഹനിര്‍മ്മിതിയായ പ്രതിബിംബവും തമ്മിലുള്ള താരതമ്യവും പാരസ്പര്യവുമാണ് മുഖാമുഖത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വിധേയനിലെ മമ്മൂട്ടിയുടെ കഥാപാത്രം ഭൂപ്രഭുവുവും വിടനുമാണ്. കഥാപുരുഷനിലെ മുഖ്യകഥാപാത്രം ജീവിതവിജയം നേടാനാകാതെ പോകുന്ന സൗമ്യശീലനായ മനുഷ്യസ്‌നേഹിയായ യുവാവാണ്. മതിലുകളിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് ബഷീര്‍ എന്ന് പറഞ്ഞാല്‍ എല്ലാമായി. എഴുത്തുകാരന്‍, സ്വാതന്ത്ര്യസമര സേനാനി, മനുഷ്യ സ്‌നേഹി എന്ന് നിര്‍വചിക്കാം. ജീവിതവും സിനിമയും ഇങ്ങനെ ഒളിച്ചുകളികള്‍ നടത്തിക്കൊണ്ടിരിക്കെ അടൂരിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ പിന്നെയുമില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തെ ഓര്‍ക്കുവാന്‍ പോലും ഇഷ്ടപ്പെടാത്ത ഒരു പ്രതിസന്ധിയില്‍ എത്തിനില്‍ക്കുകയാണ് താനെന്ന് സഹദേവന്‍ പറയുന്നു.

ദിലീപിനെ പിന്തുണച്ച സംഗീത ലക്ഷ്മണിനോട് ഷാഹുല്‍ ഈസ എന്ന പ്രവാസി രൂക്ഷമായ ഭാഷയിലാണ് സംസാരിക്കുന്നത്. ദിലീപ് എന്ന നടനോ അയാളുടെ മനുഷ്യാവകാശങ്ങളോ ഒന്നുമല്ല കേരളം ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് ഷാഹുല്‍ ഓര്‍മ്മിപ്പിക്കുന്നു. ദിലീപിന്റെ കൂടെ നില്‍ക്കാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ മാനിക്കുന്നെന്ന് പറയുന്ന ഷാഹുല്‍ അതിനെ സാധൂകരിക്കാന്‍ പിതാവ് ലക്ഷ്മണയുടെ കേസുമായി ഉപമിച്ചതിനെയും വിമര്‍ശിക്കുന്നു. താങ്കളുടെ പിതാവ് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടല്ല ജയലില്‍ പോയത് നിരായുധനായ ഒരു യുവാവിനെ, കമ്മ്യൂണിസ്റ്റിനെ നിഷ്‌കരുണം വെടിവച്ച് കൊല്ലാന്‍ ഒരു സാദാ പോലീസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചതിനാണ്. ഒരു കൊലപാതകിയെന്ന് ഈ നാട്ടിലെ നിയമവ്യവസ്ഥയും പൊതുസമൂഹവും വിധിച്ച ഒരു ക്രിമിനലിനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് പഴയകാല ചെയ്തികളുടെ ഫലമായി ആരെങ്കിലും ആക്രമിച്ചാലോയെന്ന ഭരണകൂട ജാഗ്രത മൂലമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ അയാള്‍ക്ക് കാവല്‍ നില്‍ക്കുന്നത് പൊതുജനത്തിന്റെ ഔദാര്യം മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു.

ദിലീപിന് ലഭിക്കേണ്ടുന്ന മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്ന സക്കറിയ എന്തുകൊണ്ട് ഇതേ കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനി എന്ന ഡ്രൈവര്‍ക്ക് ലഭിക്കേണ്ട മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് ചോദിക്കുന്നത് എഴുത്തുകാരി മനില സി മോഹന്‍ ആണ്. മനുഷ്യാവകാശങ്ങള്‍ക്ക് സിനിമ നടന്‍, ഡ്രൈവര്‍ എന്നിങ്ങനെ വേര്‍തിരിവ് പാടില്ലല്ലോയെന്നും അവര്‍ ചോദിക്കുന്നു. അറസ്റ്റിലായ സൂപ്പര്‍ സ്റ്റാര്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലാതിരിക്കണം. അറസ്റ്റിലാവുമ്പോള്‍ മാത്രമല്ല, കല്യാണം കഴിക്കുമ്പോഴും കുട്ടിയുണ്ടാവുമ്പോഴും തുലാഭാരം നടത്തുമ്പോഴും വിഷുവും ഓണവും ക്രിസ്മസും റംസാനും ആഘോഷിക്കുമ്പോഴും ഉത്ഘാടനം ചെയ്യുമ്പോഴും പുതിയ സിനിമയിറങ്ങുമ്പോഴും സംഘടനയുടെ ഭാരവാഹികളാവുമ്പോഴും സംഘടന പൊളിയുമ്പോഴും രാഷ്ട്രീയ അഭിപ്രായം പറയുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമ്പോഴും ചാരിറ്റി ചെയ്യുമ്പോഴുമൊക്കെ അത് വാര്‍ത്ത തന്നെയാണ്. എഴുത്തുകാര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ കിട്ടുന്നതിനേക്കാള്‍ പ്രാധാന്യം സിനിമാക്കാര്‍ക്ക് കിട്ടുന്നുണ്ട് ഇന്ത്യയില്‍. അത് സിനിമാക്കാരും നാട്ടുകാരും ഒരുപോലെ ആസ്വദിക്കുന്നുമുണ്ട്. അപ്പോള്‍ തോന്നാത്ത അസ്വാഭാവികത അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കിട്ടുന്ന വാര്‍ത്താപ്രാധാന്യത്തിനു മാത്രം തോന്നുന്നത് ഇരട്ടത്താപ്പല്ലേയെന്നും മനില ചോദിക്കുന്നു. കൂടാതെ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം സിനിമ നടന്‍ എന്നത് മാത്രമല്ല ലൈംഗികാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന അയാള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റത്തിന് കൂടിയാണ്. ഗോവിന്ദച്ചാമി കുറ്റാരോപിതനായപ്പോള്‍ അയാളുടെ മനുഷ്യാവകാശത്തേക്കാള്‍ വലുത് സൗമ്യയുടെ മനുഷ്യാവകാശമാണെന്ന് തീരുമാനിക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. കുറ്റാരോപിതന്‍ സിനിമ നടന്‍ ആകുമ്പോള്‍് എങ്ങനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നതെന്നും അവര്‍ ചോദിക്കുന്നു. അമിറുള്‍ ഇസ്ലാമിനെ കൂവിയ ആള്‍ക്കൂട്ടത്തിന്റെ ഫാസിസ്റ്റ് മനശാസ്ത്രത്തോട് നമ്മള്‍ ഒരിക്കല്‍ പോലും മനുഷ്യാവകാശത്തെക്കുറിച്ച് പറഞ്ഞില്ലല്ലോയെന്നും അവര്‍ ചോദിക്കുന്നു. തെളിവെടുപ്പിന് കൊണ്ടുപോയിരുന്ന സരിതാ നായരുടെ മനുഷ്യാവകാശത്തെപ്പറ്റിയും ആകുലതകളില്ലാതിരുന്നത് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദിലീപിനെ വിവിധ രീതിയില്‍ ന്യായീകരിച്ചവരെല്ലാം വ്യത്യസ്ത വാക്കുകളാണ് ഉപയോഗിച്ചതെങ്കിലും ആ വാക്കുകളിലെല്ലാം ഒളിപ്പിച്ചുവച്ചിരിക്കുന്നത് നടനുള്ള പിന്തുണയാണെന്ന് വ്യക്തമാകും. ഇന്ന് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ രാംകുമാര്‍ ചൂണ്ടിക്കാട്ടിയത് മാധ്യമവിചാരണയെക്കുറിച്ചാണ്. സക്കറിയയും അടൂരും പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഇത്. സോഷ്യല്‍ മീഡിയ കാമ്പെയ്‌നിംഗുകളിലൂടെ രൂപപ്പെടുന്ന പൊതുബോധം കോടതി നടപടികളെ സ്വാധീനിച്ചേക്കാമെന്നിരിക്കെ ഒരു സ്ത്രീക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കുറ്റവാളിയെന്ന് പോലീസ് കണ്ടെത്തിയ ആള്‍ക്ക് വേണ്ടിയുള്ള ഇത്തരം പിആര്‍ വര്‍ക്കുകള്‍ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദിലീപ് അനുകൂല കാമ്പെയ്‌നിംഗുകളുടെ സ്വഭാവം പരിശോധിച്ചാല്‍ പലതും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണെന്നും വ്യക്തമാകും. അതോടൊപ്പം പ്രമുഖരും ഇത്തരത്തിലുള്ള അനുകൂലമായ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തുന്നതും പൊതുബോധത്തെ സ്വാധീനിക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം നേരിടുന്ന ദിലീപിനെ പോലൊരാളെ പിന്തുണച്ച് സംസാരിക്കുമ്പോള്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്ന വ്യക്തികള്‍ പാലിക്കേണ്ട സംയമനത്തെക്കുറിച്ചാണ് ഇവിടെ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരത്തിലൊരു കുറ്റകൃത്യം നടക്കുമ്പോള്‍ ഇരയായ സ്ത്രീയ്‌ക്കൊപ്പമായിരിക്കും നിയമവും സമൂഹവും നിലകൊള്ളുക. സമൂഹത്തിലെ ഓരോ സ്ത്രീയ്ക്കും ഇത്തരം കേസുകളുമായി മുന്നോട്ട് പോകാനുള്ള ധൈര്യമാണ് ദിലീപിനെതിരെയുള്ള കേസ്. ഇരകള്‍ക്കൊപ്പം നിന്നാല്‍ സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് മനസിലാക്കിയാല്‍ അയാള്‍ക്കൊപ്പമെന്ന നിലപാട് സ്വീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

 

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍