UPDATES

ട്രെന്‍ഡിങ്ങ്

വേണം ദുരന്ത ട്രോളര്‍മാര്‍ക്കും ട്രാജഡി ടൂറിസ്റ്റുകള്‍ക്കും റെഡ് അലെര്‍ട്ട്

ദുരന്ത മുഖത്ത് ഉടുതുണി പോലും ഇല്ലാതെ കിടപ്പാടം വിട്ടു ഓടേണ്ടി വരുന്നവരുടെ ദൈന്യത ഒരു തരിമ്പെങ്കിലും തിരിച്ചറിയുന്നവർ ഇത്തരം ആപൽഘട്ടങ്ങളെ ആഘോഷവേളകൾ ആക്കി മാറ്റില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ, വിറളി പൂണ്ട പ്രകൃതിയുടെ ചിത്രങ്ങൾ വെച്ചുള്ള ട്രോളുകളും സെൽഫികളും പോസ്റ്റുകളും കൊണ്ടുള്ള ആറാട്ടാണ്. നാടിന്റെ ഒരു വശത്ത് വലിയൊരു വിഭാഗം ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി പ്രകൃതി സംഹാര താണ്ഡവമാടുമ്പോൾ, മറുവശത്ത് ഈ മലവെള്ളപാച്ചിലിന്റെ സൗന്ദര്യം സെൽഫിയെടുത്തും ട്രോളിയും ആഘോഷിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്നവരുടെ മാനസിക നില എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

കേരളം, അതിന്റെ ചരിത്രത്തിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കാലാവർഷക്കെടുതിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കയ്യും, മെയ്യും ജീവിതവും കൊടുത്ത് കാത്തുപരിപാലിച്ച കൃഷിയിടങ്ങളും വളർത്തുമൃഗങ്ങളും കഴിഞ്ഞ ദിവസം വരെ ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങൾ കണ്ട് അന്തിയുറങ്ങിയ സ്വന്തം വീടുകളും, മഴവെള്ളപ്പാച്ചിലിൽ ആർത്തലച്ചു പോകുന്നത് തളർത്തിയ ആയിരകണക്കിനു ആളുകൾ മനസ്സ് മരവിച്ച് ദുരന്തമുഖത്തിരിപ്പുണ്ട്. ഈ ആർത്തനാദത്തിൽ ഇല്ലാതെയായിപ്പോയ മുപ്പതോളം വരുന്ന ജീവനുകളും അവരെ ആശ്രയിച്ചിരുന്ന നൂറുകണക്കിനു ജീവിതങ്ങളും അവരുടെ നിര്യാണത്തിൽ ശോകമൂകമായ പ്രദേശങ്ങളുമുണ്ട്.

ബന്ധുക്കളുടേയും പ്രിയപ്പെട്ടരുടെയും പ്രത്യേകിച്ച് നൊന്തു പെറ്റ മക്കളുടേയും,ജീവനുതുല്യം സ്നേഹിച്ച പ്രിയതമരുടേയും ചേതനയറ്റ ശരീരം മണ്ണുമാന്തിയന്ത്രം കൊണ്ടു കോരിയെടുത്ത കാഴ്ച കണ്ട് മരവിച്ചിരിക്കുന്ന ബന്ധുക്കളും നാട്ടുകാരുമുൾപ്പടെയുള്ള ജീവഛവങ്ങളും അതേ ദുരന്തമുഖത്തു പോയാൽ നേരിട്ടു കാണാം. അവരെയൊന്നും കാണാതെയും അവരുടെ വേദനകളും യാതനകളുമറിയാതെയും അതു മനസ്സിലാക്കാതെയും മഴവെള്ള പാച്ചിലിന്റെ വന്യതയും വശ്യതയും ക്യാമറക്കണ്ണുകളിലൂടെ ആസ്വദിക്കുന്ന, അവയെ പശ്ചാത്തലമാക്കി സെൽഫികളും ഗ്രൂപ്പ്ഫികളും പോസ്റ്റുന്ന അവയുടെ പശ്ചാത്തലത്തിൽ ഉണ്ടാക്കുന്ന തീർത്തും നിഷ്ക്രിയമായ ട്രോളുകൾ ആസ്വദിക്കുന്ന നമ്മിലെ ഒരു ചെറുന്യൂനപക്ഷത്തിന്റെയെങ്കിലും നിലവാര തകർച്ച പഠനവിധേയമാക്കേണ്ടതു തന്നെയാണ്.

നാം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്തതും നമ്മെ ഇതേ വരെ തൊട്ടറിയാത്തതുമായ ജീവിതങ്ങളും ജീവിതസാഹചര്യങ്ങളുമൊക്കെ നമുക്ക് വെറും കെട്ടു കഥകളാണെന്നൊരു നോവലിസ്റ്റ് പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ദുരന്ത മുഖത്ത് ഉടുതുണി പോലും ഇല്ലാതെ കിടപ്പാടം വിട്ടു ഓടേണ്ടി വരുന്നവരുടെ ദൈന്യത ഒരു തരിമ്പെങ്കിലും തിരിച്ചറിയുന്നവർ ഇത്തരം ആപൽഘട്ടങ്ങളെ ആഘോഷവേളകൾ ആക്കി മാറ്റില്ല.

സംസ്ഥാനത്തെ മിക്കവാറും അണക്കെട്ടുകൾ ഇതിനകം തന്നെ തുറന്നു വിട്ടു കഴിഞ്ഞു. പുഴയായ പുഴകളും നദികളും തോടുകളും നിറഞ്ഞൊഴുകുകയാണ്.നിലവിലെ സംഭരണ ശേഷിയുടെ പരമാവധിയിലെത്തിയ ഇടുക്കി – ചെറുതോണി അണക്കെട്ടു 26 വർഷങ്ങൾക്ക് ശേഷം തുറന്നു വിട്ടതിന്റെ ഭീകര കാഴ്ച കഴിഞ്ഞ ദിവസം നാം കണ്ടതാണ്. ചെറുതോണി ടൗണിനെയൊക്കെ അപ്പാടെയില്ലാതാക്കിയും താമരശ്ശേരി ചുരത്തെയൊക്കെ കീഴ്മേൽ മറിച്ചുമുണ്ടായ വെള്ളപാച്ചിലും ഉരുൾപൊട്ടലുമൊക്കെ ദൃശ്യവാർത്താ മാധ്യമങ്ങളിലൂടെ കണ്ടപ്പോഴുണ്ടായ നമ്മുടെ മനസ്സിന്റെ വേദന മാറാത്ത നിരവധിയാളുകൾ ഇപ്പോഴും നമ്മുടെയിടയിലുണ്ട്. ജനവാസപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ സംഹാര പാച്ചിലിന്റെ ശമനം തന്നെയാണ് സാമാന്യബുദ്ധിയും, സാമാന്യ വകതിരിവുമുള്ള ഓരോ മലയാളിയുടെ ആഗ്രഹവും. പ്രാർത്ഥനയും.

കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും വഴിയിൽപെട്ടു പോയ നമ്മിൽ പലർക്കും അതിന്റെ ബുദ്ധിമുട്ടുകൾ വിവരിക്കാൻ ഒരു മണിക്കൂറെങ്കിലും വേണമെന്നിരിക്കെ, അരയ്ക്കൊപ്പവും തലയ്ക്കൊപ്പവും വെളളത്തിൽ പിഞ്ചുകുഞ്ഞുങ്ങളെയും പ്രായമായവരേയും ചുമലിലിരുത്തിയും കസേരകളിലിരുത്തിയും വെള്ളക്കെട്ടിൽ നിന്നു പുറത്തു കൊണ്ടുവരുന്ന കാഴ്ച കാണുകയും അനുഭവിക്കുകയും ചെയ്ത, ദുരന്ത സ്ഥലത്തുള്ളവർക്ക് അതേപ്പറ്റി എത്രയേറെ പറയാനുണ്ടാകും? ഒരു ജീവിതകാലത്ത് സമ്പാദിച്ചതും നേടിയതും ഒരു സ്വപ്നം പോലെ കണ്ണിമ വെട്ടുന്ന നൊടിയിടയിൽ കണ്ണിലൂടെ തന്നെ മാഞ്ഞു പോകുന്ന കാഴ്ച എത്രയോ ഹൃദയഭേദകമാണ്.

അവരെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നതിനോ അതുമല്ലെങ്കിൽ പ്രാർത്ഥനയിലോർക്കുന്നതിനോ പകരം ശീതീകരിച്ച മുറിയുടെ സുരക്ഷയോടെ ഏറ്റവും സേഫ് സോണിലിരുന്ന് ട്രോളുകളും പോസ്റ്റുകളുമിടുന്ന നമ്മിൽ മലയാളികളിൽ ഒരു വിഭാഗത്തിന്റെ അധ:പതനം എത്രയോ വലുതാണ്. അവരിൽ ചിലരെങ്കിലും റെഡ് അലർട്ട് പ്രഖ്യാപിക്കാത്ത ജില്ലകളെന്ന വീമ്പു പറയുമ്പോഴും, അടുത്തു കിടക്കുന്ന അറബികടലൊന്നാഞ്ഞു പിടിച്ചാൽ അല്ലെങ്കിൽ ഈ മഴ രണ്ടു ദിവസം കൂടി ഇതേ ആരവത്തോടെ തുടർന്നാൽ തീരാവുന്ന സുരക്ഷാ സങ്കേതങ്ങളേ നമുക്കുള്ളൂയെന്ന യാഥാർത്ഥ്യം നാം കാണാതെ പോകരുത്.ചുരുക്കി പറഞ്ഞാൽ നാം ഇപ്പോൾ കാണിക്കുന്ന ട്രോളുകളിലൂടെയുള്ള തമാശകൾക്ക് അത്രയേ ആയുസ്സുള്ളൂവെന്ന് ചുരുക്കം.

ആരെയും കുറ്റപ്പെടുത്താതെ നമുക്കാകുന്ന സഹായം നിയോഗിക്കപ്പെട്ടിരിക്കുന്ന സർക്കാർ ഏജൻസികൾ വഴിയോ സന്നദ്ധ സംഘടനകളോ, പ്രസ്ഥാനങ്ങളോ വഴിയോ ചെയ്യാൻ ശ്രമിക്കാം. അതിനും നമുക്കായില്ലെങ്കിൽ മാനസികമായ പിന്തുണ നൽകി, അവരെ പ്രാർത്ഥനയിലോർക്കാം. ഈ നാടിന്റെ ദുരന്തം, എന്റേതു കൂടിയാണെന്ന മനോഭാവത്തിൽ ആവതു ചെയ്ത് ദുരന്ത നിവാരണത്തിനായി നമുക്ക് കൈകൾ കോർക്കാം. ദയവായി ഈ ദുരന്തത്തെ രസിക്കാനുള്ള ട്രോളുകളാക്കരുതെന്നപേക്ഷ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍