UPDATES

ട്രെന്‍ഡിങ്ങ്

ആട്ടിയോടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ക്കിനി ഇടമുണ്ട്; ട്രാന്‍സ്മെന്‍ ഷോര്‍ട് സ്റ്റേ ഹോമുമായി ക്വീയറിഥം / വീഡിയോ

ഷോര്‍ട് സ്റ്റേ ഹോമില്‍ ഏകദേശം ഇരുപത്തഞ്ച് ട്രാന്‍സ്‌മെന്‍ ആളുകള്‍ക്ക് താമസിക്കാന്‍ പറ്റുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ട്രാന്‍സ്മെന്‍ ഷോര്‍ട് സ്റ്റേ ഹോമൊരുക്കി ക്വീയറിഥം. സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ മഴവില്‍ പദ്ധതിയുടെ ഭാഗമായി ട്രാന്‍സ്മെനുകള്‍ക്കായി അനുവദിച്ച ഷോര്‍ട് സ്റ്റേ ഹോം ‘തണല്‍’ ജൂലൈ 25ന് മന്ത്രി കെ.കെ ഷൈലജ ഔപചാരിക ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ ക്വീയറിഥം നല്‍കിയ പ്രോജക്ട് പ്രൊപ്പോസലായിരുന്നു തണല്‍. കുന്നുകുഴി വാര്‍ഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഷോര്‍ട് സ്റ്റേ ഹോമില്‍ ഏകദേശം ഇരുപത്തഞ്ച് ട്രാന്‍സ്‌മെന്‍ ആളുകള്‍ക്ക് താമസിക്കാന്‍ പറ്റുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഷോര്‍ട് സ്റ്റേ ഹോമിലെ ജീവനക്കാരായി ട്രാന്‍സ് ജെന്‍ഡറുകളെ തന്നെയാണ് നിയമിച്ചിരിക്കുന്നത്.

ഷോര്‍ട് സ്‌റ്റേ ഹോമിനെക്കുറിച്ച് ക്വീയറിഥം പ്രസിഡന്റ് പ്രിജിത്ത് പറയുന്നത്, ‘ഏകദേശം മൂന്ന് മാസം വരെ ഒരു ട്രാന്‍സ്മാനിന് ഇവിടെ താമസിക്കാം. വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയോ, മാനസിക ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരികയോ ചെയ്യുന്നവര്‍ക്കായാണ് ഇപ്പോള്‍ താല്ക്കാലിക ഹോം സ്റ്റേ ഒരുക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിന്റെയോ ക്വീയറിഥം ഹെല്‍പ് ലൈനിന്റെയോ നമ്പര്‍ ഉപയോഗിച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. ഭക്ഷണം, കൗണ്‍സിലിങ്, നിയമസഹായം, സുരക്ഷ, മെഡിക്കല്‍ അസിസ്റ്റന്‍സ് തുടങ്ങിയവയ്ക്ക് പുറമെ സര്‍ജറി കഴിഞ്ഞു വരുന്നവര്‍ക്കായി പ്രത്യേകിച്ച് സംവിധാനങ്ങളുണ്ടാകും.’ എന്നാണ്.

അന്തേവാസികളുടെ സുരക്ഷയ്ക്കായി ഒരു സെക്യൂരിറ്റി സ്റ്റാഫ്, സിസിടിവി ക്യാമറ എന്നിവക്ക് പുറമെ പോലീസ് സംരക്ഷണവും ഉറപ്പാക്കുമെന്ന് ക്വീയറിഥം സെക്രട്ടറി ശ്യാമ വിശദീകരിച്ചു. ‘ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ ട്രാന്‍സ്‌മെന്‍ കമ്യൂണിറ്റി കുറച്ച് വള്‍നറബിള്‍ ആയ ഒന്നാണ്. അതുകൊണ്ട് തന്നെ അന്തേവാസികളുടെ സുരക്ഷയ്ക്കായി ഒരു സെക്യൂരിറ്റി സ്റ്റാഫ്, സിസിടിവി ക്യാമറ എന്നിവക്ക് പുറമെ പോലീസ് സംരക്ഷണവും ഉറപ്പാക്കും. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് പോകുന്ന ആളുകളാകും ഇവിടെ എത്തുക. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തില്‍ തന്നെ ഒരു മാറ്റം ഉണ്ടാക്കാന്‍ പറ്റുന്ന രീതിയില്‍ ഷോര്‍ട്ട് ഹോം സ്റ്റേ പ്രവര്‍ത്തിക്കണമെന്നതാണ് ആഗ്രഹം. അതിന് വേണ്ടി വൊക്കേഷണല്‍ ട്രെയിനിങ്ങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്‌കില്‍ ഡവലപ്‌മെന്റ് പരിപാടികള്‍, പെഴ്‌സാണലിറ്റി ഡവലപ്‌മെന്റ്, ഇ-ലേര്‍ണിങ് തുടങ്ങിയ പരിശീലനങ്ങള്‍ ക്വീയറിഥം നല്‍കും. കൂടാതെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കുടുംബശ്രീ യൂണിറ്റായ ജ്വാലയില്‍ തൊഴില്‍ പരിശീലനവും ഏര്‍പ്പെടുത്തും. ഹോം സ്റ്റേയില്‍ നിന്ന് മാറിയാലും ഒരു വരുമാന മാര്‍ഗം അവര്‍ക്ക് സ്വന്തമായിരിക്കണമെന്നതാണ് ക്വീയറിഥം ലക്ഷ്യമിടുന്നത്.’ എന്നാണ് ശ്യാമ വ്യക്തമാക്കിയത്.

‘തണല്‍’ ഷോര്‍ട്ട് ഹോം സ്റ്റേയ്‌ക്കൊപ്പം ലൈബ്രറി സംവിധാനം കൂടി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ എല്‍ജിബിടിഐക്യൂവുമായി സംബന്ധിച്ച് നടക്കുന്ന ഗവേഷണങ്ങള്‍ക്കൊപ്പം കമ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് വായിക്കാനും പഠിക്കാനും പറ്റുന്ന ഗവേഷണ കേന്ദ്രമായി ഭാവിയില്‍ ലൈബ്രറിയെ വികസിപ്പിക്കാനാണ് ക്വീയറിഥം ലക്ഷ്യം വെക്കുന്നത്. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മഴവില്‍ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സകോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ഫെസിലിറ്റി, സ്വയം തൊഴില്‍ പരിശീലനപദ്ധതികള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോ കാണാം

ആട്ടിയോടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ക്കിനി ഇടമുണ്ട്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍