കോളേജ് പഠനകാലത്ത് ഒരു വിദ്യാര്‍ത്ഥിക്ക് കടന്നു പോകാവുന്ന എല്ലാ അവസരങ്ങളും പരിശോധിച്ച്, അവയിലെല്ലാം ട്രാന്‍സ് സാന്നിധ്യം ഉറപ്പാക്കുകയാണ് റിയ.
കാലിക്കറ്റ് സര്‍വകലാശാല സി-സോണ്‍ കലോത്സവങ്ങള്‍ സമാപിച്ചുകഴിഞ്ഞിരിക്കുന്നു. അധികമാരുമറിയാതെ ഈ വര്‍ഷത്തെ സി-സോണ്‍ കലാമേള നടന്നുകയറിയിരിക്കുന്നത് പുതിയൊരു ചരിത്രത്തിലേക്കാണ്. കലാമേളകളുടെ എക്കാലത്തെയും ഗ്ലാമര്‍ ഇനങ്ങളിലൊന്നായ നാടോടിനൃത്തത്തില്‍ ഇത്തവണ ചിലങ്ക കെട്ടിയത് പതിവു പോലെ സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍ പരമ്പരാഗതമായി മത്സരിച്ചുപോരുന്നവര്‍ മാത്രമല്ല. നാടോടി നൃത്തം ആണ്‍, നാടോടിനൃത്തം പെണ്‍ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളുടെ പരിമിതികള്‍ക്കുള്ളിലായിരുന്ന മത്സരയിനത്തില്‍ ഇത്തവണ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയും വേദിയിലെത്തിയിരുന്നു. ട്രാന്‍സ് വിഭാഗത്തില്‍നിന്നും കലോത്സവേദിയിലെത്തുന്ന ആദ്യത്തെയാളായി രേഖപ്പെടുത്താന്‍പോകുന്ന മലപ്പുറം പെരിന്തല്‍മണ്ണയിലെ റിയ ഇഷ പക്ഷേ, ചില്ലറക്കാരിയല്ല.
സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ലോക് അദാലത്ത് ജഡ്ജി, മലപ്പുറത്തെ ആദ്യത്തെ ട്രാന്‍സ്‌ഡെന്‍ഡര്‍ പാരാലീഗല്‍ വളണ്ടിയര്‍, മലപ്പുറം ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്റെ സംസ്ഥാന അംഗം – റിയ ഇഷ എന്ന പേരിനൊപ്പം വിശേഷണങ്ങള്‍ ഏറെയാണ്. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ കോളേജില്‍ പഠിക്കാനെത്തിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി കൂടിയായ റിയയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു കോളേജില്‍ ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറികളെത്തിക്കാന്‍ കാരണക്കാരിയാകുന്നതും. മലപ്പുറം ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ദൃശ്യതയുണ്ടാക്കിക്കൊടുക്കുന്നതില്‍ റിയ വഹിച്ച പങ്ക് ചെറുതല്ല. പലതരം ജോലികള്‍ ചെയ്തും സാമൂഹ്യപ്രവര്‍ത്തകയായും ജീവിതം മുന്നോട്ടു നയിച്ചിരുന്ന റിയ, ഒരു സുപ്രഭാതത്തില്‍ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായി മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ എത്തിച്ചേര്‍ന്നതിനു പിന്നിലുമുണ്ട് ചില ലക്ഷ്യങ്ങള്‍.
‘കലോത്സവത്തില്‍ മത്സരിക്കാനെത്തിയപ്പോള്‍ സ്ത്രീ വിഭാഗത്തില്‍ മത്സരിച്ചാല്‍പ്പോരേ എന്ന് എന്നോട് സംഘാടകര്‍ ചോദിച്ചിരുന്നു. പക്ഷേ, നമുക്ക് അവകാശപ്പെട്ടത് നേടിയെടുക്കുക എന്നൊരു വിഷയം കൂടിയുണ്ടല്ലോ. ട്രാന്‍സ് എന്നു രേഖപ്പെടുത്തിത്തന്നെയാണ് ഞാന്‍ കലോത്സവത്തിന് പേരു രജിസറ്റര്‍ ചെയ്തത്. ആ ക്യാറ്റഗറിയില്‍ത്തന്നെ മത്സരിക്കണം എന്നുമുണ്ടായിരുന്നു. അത് ഞാന്‍ വലിയൊരു ഡാന്‍സറായതുകൊണ്ട് ചെയ്തതൊന്നുമല്ല. പത്താംക്ലാസ് വരെ നൃത്തം പഠിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അതിലെ ടച്ചൊക്കെ വിട്ടിട്ടുണ്ട്. എന്നിട്ടും കലോത്സവത്തില്‍ മത്സരിച്ചത് ട്രാന്‍സ് വിഭാഗത്തിന്റെ സാന്നിധ്യമുറപ്പിക്കാന്‍വേണ്ടി മാത്രമാണ്. ഞാന്‍ ഇവിടെ നിന്നും പഠിച്ചിറങ്ങിയ ശേഷം ഇനിയൊരു അഞ്ചു വര്‍ഷം കഴിഞ്ഞ് ട്രാന്‍സ് ആയ മറ്റൊരു കുട്ടി പഠിക്കാനെത്തിയാലും അവര്‍ക്ക് എല്ലാത്തിലും ഒരു ഇടമുണ്ടായിരിക്കണം. ഒരു തരത്തിലുള്ള വേര്‍തിരിവും അവര്‍ക്ക് നേരിടേണ്ടിവരരുത്. അടിസ്ഥാനപരമായി എല്ലായിടത്തും ഞങ്ങള്‍ക്ക് സ്ഥാനമുണ്ട് എന്നതിന് ഒരു തെളിവുണ്ടാക്കുക എന്നതു തന്നെയാണ് ലക്ഷ്യം. കോളേജില്‍ പഠിക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും ഇടപെട്ട് വഴിവെട്ടുക എന്നതു തന്നെയാണ് ഉദ്ദേശം. ഇനി വരുന്നവര്‍ സാധാരണ കുട്ടികളെപ്പോലെത്തന്നെ എല്ലാം അനുഭവിക്കട്ടെ. ഇതേ കാര്യം കൊണ്ടാണ് കോളേജ് അഡ്മിഷന്‍ പോലുമെടുത്തത്. ഞാന്‍ ജോലികള്‍ ചെയ്ത് ജീവിച്ചിരുന്നയാളായിരുന്നു. മലപ്പുറത്ത് ഇങ്ങനെ കോളേജില്‍ സീറ്റു മാറ്റിവച്ചെന്നറിഞ്ഞപ്പോള്‍ പലരോടും ഇക്കാര്യം പറഞ്ഞു. സാമ്പത്തിക സഹായമടക്കം എല്ലാ പിന്തുണയും ഞാന്‍ കൊടുക്കാം എന്നും പറഞ്ഞിരുന്നതാണ്. പക്ഷേ, ആയിരത്തിയഞ്ഞൂറു കുട്ടികള്‍ക്കിടയിലേക്ക് പഠിക്കാന്‍ വരാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അങ്ങിനെയാണ് ഞാന്‍ ഇവിടെയെത്തുന്നത്’
പഠനം തുടരാന്‍ തീരുമാനിച്ചതുപോലും ട്രാന്‍സ് വിഭാഗത്തിന് അവകാശപ്പെട്ടതെല്ലാം സ്ഥാപിച്ചെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണെന്നു പറയുമ്പോഴും, ഇനിയും ഏറെ ചെയ്തു തീര്‍ക്കാനുണ്ടെന്ന ബോധ്യമാണ് റിയയുടെ വാക്കുകളിലുള്ളത്. കായികമത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മത്സരിക്കാനുള്ള നടപടികള്‍ റിയ നേരിട്ട് ഇടപെട്ട് ശരിയാക്കിയിട്ടുണ്ട്. സ്ത്രീ വിഭാഗത്തില്‍ റിയ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. എന്‍.സി.സി പോലുള്ളവയിലും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും ട്രാന്‍സ് വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള പരിശ്രമങ്ങളാണിനി. എന്‍.സി.സിയില്‍ ചേരുക, ആ യൂണിഫോം ധരിക്കുക, പൊലീസ് സേനയില്‍ അംഗമാവുക എന്നതെല്ലാം വലിയ സ്വപനമാണ് റിയയ്ക്ക്. എന്‍.സി.സി അംഗത്വത്തിനായുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇനി അംഗത്വം ലഭിച്ചാലും രണ്ടു പരേഡുകള്‍ കഴിഞ്ഞുപോകും എന്നതിനാല്‍ മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സര്‍ട്ടിഫിക്കറ്റ് പൂര്‍ത്തീകരിക്കാനായേക്കില്ലെങ്കിലും, അതു റിയ കാര്യമാക്കുന്നില്ല. താന്‍ ഇപ്പോള്‍ കാത്തിരുന്നു വാങ്ങിക്കുന്ന അംഗത്വം തനിക്കു ശേഷമെത്തുന്ന ട്രാന്‍സ് വിദ്യാര്‍ത്ഥികളുടെ സാമൂഹിക ജീവിതത്തെ അല്പമെങ്കിലും മെച്ചപ്പെടുത്തിയേക്കും എന്ന് റിയയ്ക്കറിയാം.
അതുപോലെ, കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി പല പ്രതിബന്ധങ്ങളും തരണം ചെയ്‌തെത്തുന്ന ട്രാന്‍സ് വിദ്യാര്‍ത്ഥികളെ പിറകോട്ടടിക്കുന്നതിനു തുല്യമാണെന്നും റിയ പറയുന്നു. ‘കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 25 വയസ്സിന്റെ പ്രായപരിധിയുണ്ട്. ഇത് ട്രാന്‍സ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഇല്ലാതാക്കുമെന്നതില്‍ സംശയമില്ല. ട്രാന്‍സ് വിദ്യാര്‍ത്ഥികളില്‍ മിക്ക പേരും തുടര്‍ച്ചയായ വിദ്യാഭ്യാസം ലഭിക്കാത്തവരായിരിക്കും. സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് പഠനം മുടങ്ങിയ ശേഷവും പോരാടി തിരികെയെത്തുന്നവരാണ് അധികവും. അവര്‍ക്ക് പ്രായപരിധി വയ്ക്കുന്നത് ശരിയല്ലല്ലോ. വീണ്ടും അവര്‍ തളര്‍ത്തപ്പെടുകയേയുള്ളൂ. അതു മാറ്റിയെടുക്കാനാണ് ഇനി നോക്കുന്നത്.’ കോളേജ് പഠനകാലത്ത് ഒരു വിദ്യാര്‍ത്ഥിക്ക് കടന്ന പോകാവുന്ന എല്ലാ അവസരങ്ങളും പരിശോധിച്ച്, അവയിലെല്ലാം ട്രാന്‍സ് സാന്നിധ്യം ഉറപ്പാക്കുകയാണ് റിയ. പഠിക്കാനുള്ള അടിസ്ഥാന അവകാശം മാത്രമല്ല ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടതെന്ന വ്യക്തമായ ബോധ്യം റിയയ്ക്കുണ്ട്. പഠിക്കാന്‍ സാഹചര്യമൊരുങ്ങുമ്പോള്‍ അതില്‍ സന്തോഷിച്ച് അരികുകളിലൂടെയും പരിമിതികളിലൂടെയും പഠിച്ചു നീങ്ങേണ്ടവരല്ല, മറിച്ച് മറ്റെല്ലാ വിദ്യാര്‍ത്ഥികളേയും പോലെ അക്കാദമിക വിഷയങ്ങള്‍ക്കു പുറത്തും ഇടങ്ങള്‍ അവകാശപ്പെട്ടവരാണ് ട്രാന്‍സ് വിഭാഗക്കാര്‍ എന്ന ശക്തമായ വാദമാണ് റിയയുടേത്.
കലോത്സവത്തില്‍ നൃത്തം ചെയ്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കുക എന്നതല്ല തന്റെ ഉദ്ദേശമെന്നും റിയ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. കോളേജില്‍ റിയ പെണ്‍കുട്ടികളോട് മത്സരിച്ചാണ് ജയിച്ചത്. എന്നാല്‍ സി-സോണ്‍ പോലൊരു വലിയ വേദിയില്‍ ട്രാന്‍സ് വിഭാഗത്തില്‍ മത്സരിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ റിയയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നതുമില്ല. തന്റെ ആവശ്യം സംഘാടകരെ അറിയിച്ചപ്പോഴും ലഭിച്ചത് അനുകൂലമായ മറുപടി മാത്രം. അങ്ങിനെ, നാടോടി നൃത്തം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ സംസ്ഥാനത്താദ്യമായി മത്സരാര്‍ത്ഥികളുണ്ടായി. സര്‍ക്കാരിന്റെ പുതിയ നയപ്രകാരം കോളേജുകളില്‍ ട്രാന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതലായി അവസരങ്ങള്‍ ഒരുങ്ങുന്നതോടെ പാഠ്യേതര രംഗത്തേക്കും കടന്നുവരവുണ്ടാകണമെന്ന വീക്ഷണമാണ് റിയയുടേത്. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി പ്രത്യേക ശുചിമുറികള്‍ സ്ഥാപിച്ചെടുത്തതിന്റെ കാരണവുമിതുതന്നെ.
കോഴിക്കോട്ട് കൂരാച്ചുണ്ടിലെ വീട് വിട്ട് താന്‍ ആദ്യമായി മലപ്പുറത്തെത്തുമ്പോള്‍, പകല്‍ സമയത്ത് ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടയാളുകളെ പുറത്തുപോലും കാണാത്ത അവസ്ഥയായിരുന്നുവെന്ന് റിയ ഓര്‍ക്കുന്നുണ്ട്. ബാംഗ്ലൂരിലും എറണാകുളത്തുമാണ് ട്രാന്‍സ് സമൂഹമുള്ളത്, മലപ്പുറത്തല്ല എന്ന വാദങ്ങളെ പാടേ തകര്‍ത്തുകൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ എഴുപതോളം ട്രാന്‍സ്‌ജെന്‍ഡറുകളെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിച്ച ചരിത്രവും റിയയ്ക്കുണ്ട്. ഏറെ പണിപ്പെട്ടാണെങ്കിലും കുടുംബശ്രീ യൂണിറ്റും രൂപീകരിച്ചു. മലപ്പുറത്തെ എല്ലാ കലാ-സാംസ്‌കാരിക പരിപാടികളിലും പങ്കാളിയായി. തുറിച്ചു നോക്കുന്ന സമൂഹത്തെ ചിരിച്ചുകൊണ്ട് നേരിടാനും പഠിച്ചു. ആറു സഹോദരങ്ങളുള്ള കൂരാച്ചുണ്ടിലെ വലിയ കുടുംബത്തില്‍ നിന്നും പുറത്തുവന്ന് സ്വന്തമായി ജീവിക്കാന്‍ പഠിച്ച കാലത്തും, ട്രാന്‍സ് സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ പ്രതിബന്ധങ്ങള്‍ മാത്രമായിരുന്നു റിയയ്ക്കു നേരിടാനുണ്ടായിരുന്നത്. സ്ത്രീയാണെന്ന തിരിച്ചറിവില്‍ സ്വത്വബോധത്തെ തൃപ്തിപ്പെടുത്തുന്ന ജീവിതത്തിനായി തന്റെ വലിയ കുടുംബത്തെ വിട്ടിറങ്ങുമ്പോള്‍, നാട്ടുകാരുടെയോ മറ്റുള്ളവരുടേയോ ഭാഗത്തു നിന്നും തന്റെ കുടുംബത്തിന് ഒരു ബുദ്ധിമുട്ടു വരരുത് എന്ന ചിന്തയായിരുന്നു റിയയ്ക്ക്. തന്റെ പേരിനൊപ്പം അമ്മയുടെ പേരിന്റെ ഓര്‍മ്മയ്ക്ക് ‘ആയിഷ’യെ ഇഷയാക്കി കൂടെക്കൂട്ടുകയായിരുന്നു റിയ. ഫാഷന്‍ ഡിസൈനറും മോഡലും കൂടിയായ റിയ പിന്നീടിങ്ങോട്ട് പടവെട്ടി ജീവിച്ചത് തന്റെ വിഭാഗത്തിന് സമൂഹത്തില്‍ ഒരു വിലാസമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
നിവൃത്തികേടുകൊണ്ട് ലൈംഗികത്തൊഴിലാളികളായി മാറുന്നവരുടെയിടയില്‍ തനിക്കാവുന്ന ജോലികളെടുത്താണ് ജീവിച്ചതെന്ന് റിയ പറയുന്നു. മലപ്പുറത്ത് വീടു വാടകയ്‌ക്കെടുത്ത് അവിടെ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച് അതില്‍ നിന്നും വരുമാനം കണ്ടെത്തിയിരുന്നു. റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറായി ജോലി നോക്കി. ബേക്കറികളില്‍ ദിവസേന പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണമുണ്ടാക്കി. വിവാഹപ്പാര്‍ട്ടികള്‍ക്ക് വസ്ത്രം ഡിസൈന്‍ ചെയ്തു കൊടുത്തു. ഇപ്പോള്‍ കോളേജില്‍ പഠിക്കുന്ന നിലയില്‍ വരെയെത്തിയെന്നും അഭിമാനത്തോടെത്തന്നെ റിയ പറയുന്നുണ്ട്. അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും എല്ലാക്കാര്യത്തിനും പിന്തുണയുമായി നില്‍ക്കുമ്പോള്‍ത്തന്നെ, സ്വന്തം നിലയ്ക്ക് നേടിയെടുക്കേണ്ടതായി ഇനിയും റിയയ്ക്ക് പലതുമുണ്ട്. തനിക്കു ശേഷം കോളേജുകളില്‍ ട്രാന്‍സ് വിദ്യാര്‍ത്ഥിയെത്തുന്നത് എത്ര വര്‍ഷങ്ങള്‍ക്കു ശേഷമായാലും, വിദ്യാര്‍ത്ഥി ജീവിതവുമായി ബന്ധപ്പെട്ടയിടങ്ങളിലൊന്നും ആ വിദ്യാര്‍ത്ഥിക്ക് അപരിചിതത്വമുണ്ടാകരുതെന്ന വാശിയേ റിയയ്ക്കുള്ളൂ. അത്ര അനായാസമായി നമ്മുടെ പൊതുവിടങ്ങളില്‍ ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ടവര്‍ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന കാലത്തിലേക്കാണ് റിയ സഞ്ചരിക്കുന്നത്.