UPDATES

സൈറ മുഹമ്മദ്

കാഴ്ചപ്പാട്

ശലഭജന്മങ്ങള്‍

സൈറ മുഹമ്മദ്

യാത്ര

കാട് വലിയൊരു യൂണിവേഴ്സിറ്റിയാണ്; കാട്ടുഗന്ധമുള്ള ഒരു ദിവസത്തിന്റെ ഓര്‍മ

നട്ടുച്ചവെയിലത്ത് പോലും ഒരു പൊട്ട് വെയിലിനെ താഴേക്ക് വീഴാൻ സമ്മതിക്കാതെ ഇലകൾ വിടർത്തി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ കാടിന്റെ മണമറിഞ്ഞ് ഒരു യാത്ര

രാത്രി പത്തുമണിക്ക് ലേഖയുടെ ഫോൺ വരുമ്പോൾ, ഏതോ ഒരു യാത്രക്കുള്ള ക്ഷണമായിരിക്കണം അതെന്ന് മനസ്സ് പറഞ്ഞിരുന്നു. ഒരുമിച്ച് യാത്ര ചെയ്തും ഇനിയും പോവാനുള്ള യാത്രകളെക്കുറിച്ച് മോഹിപ്പിക്കുന്ന സ്വപ്നങ്ങൾ കണ്ടും കിനാക്കളിൽ നിന്ന് പുറത്തു കടക്കാൻ ഇഷ്ടമില്ലാത്തവർ ഞങ്ങൾ… അഞ്ചാം ക്ലാസ് മുതലേയുള്ള കൂട്ട്… ജിബ്രാന്റെ വാക്കുകൾ കടമെടുത്താൽ, ‘ഹൃദയത്തിന്റെ വേലിയിറക്കങ്ങളെയും പ്രളയങ്ങളേ’യും ഒരു പോലെ അറിയുന്നവർ…

”ചാലിയാർമുക്കിലേക്ക് വരുന്നെങ്കിൽ പുലർച്ചയ്ക്കുള്ള നിലമ്പൂർ ട്രെയിനിൽ കയറൂ, ഞാൻ റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കാം”, എന്ന് പറഞ്ഞാണ് ലേഖ ഫോൺ വെച്ചത്. അനിയൻ കുട്ടന്റെ ചങ്ങാതി ജെ.പിയുടെ ചാലിയാർ മുക്കിനടുത്തുള്ള ചന്ദ്രകാന്തത്തെക്കുറിച്ചും അവൻ സംഘടിപ്പിക്കാറുള്ള ജൈവ-വൈവിധ്യപഠനയാത്രയെക്കുറിച്ചും അവിടെ നടക്കുന്ന കുട്ടികളുടെ ക്യാമ്പിനെക്കുറിച്ചുമെല്ലാം അവൾ പറയുമ്പോഴെല്ലാം ഒരു ദിവസം അവരോടൊപ്പം ചേരണമെന്ന് മുൻപേ തീരുമാനിച്ചുറച്ചിരുന്നതാണ്…

ലേഖയുടെ സ്കൂട്ടറിന്റെ പിറകിലിരുന്ന് തേക്ക് മ്യൂസിയത്തിന്റെ അടുത്തു ചെന്നിറങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ ജെപി കാത്തു നിൽപ്പുണ്ടായിരുന്നു. ചന്ദ്രകാന്തത്തിലേക്കാണ് ആദ്യം പോയത്. അകാലത്തിൽ പൊഴിഞ്ഞു പോയ, എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന ചങ്ങാതിയുടെ പേരിട്ട ആ വീട്ടിൽ യാത്രയ്ക്ക് കൂടെ കൂടാനുള്ളവർ കാത്തു നിൽപ്പുണ്ടായിരുന്നു. ‘കാട് വിളിക്കുന്നുണ്ടാകാം, വഴി ഉണ്ടെങ്കിൽ മാത്രം പോവുക’യെന്ന് എവിടെയോ വായിച്ച വരികൾ ഓർത്ത് ചവിട്ടുവഴിയിലൂടെ കാടിനകത്തേക്ക് കയറി…

എന്റെ വീട്ടിൽ നിന്ന് അത്ര അകലെയൊന്നും ആയിരുന്നില്ല ചാലിയാർ മുക്ക്. വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ജ്യേഷ്ഠസഹോദരൻ ഈസയുടെ കൂടെ പോവാത്ത കാടുകളുമുണ്ടായിരുന്നില്ല. എന്നിട്ടുമെന്തേ ചാലിയാർമുക്കിനെക്കുറിച്ച് അറിയാൻ വൈകിയത് എന്നോർത്ത് നടക്കവേ, ‘കാട് വലിയൊരു യൂണിവേഴ്‌സിറ്റിയാണ്’ എന്ന് പറഞ്ഞ ചങ്ങാതിയെ ഓർമ്മ വന്നു. കാഞ്ഞിരപ്പുഴയും കരിമ്പുഴയും നീർപ്പുഴയും സംഗമിക്കുന്നിടമാണ് ചാലിയാർമുക്ക്. ചാലിയാർ എന്ന പുഴയുണ്ടാവുന്നത് ഇവിടെ വെച്ചാണ്. നട്ടുച്ചവെയിലത്ത് പോലും ഒരു പൊട്ട് വെയിലിനെ താഴേക്ക് വീഴാൻ സമ്മതിക്കാതെ ഇലകൾ വിടർത്തി നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ, ഏറ്റവും മനോഹരമായി പാടാനറിയുന്ന ‘ഷേമ’ എന്ന പക്ഷിയുടെ പാട്ട് കേട്ട്, കാടിന്റെ മണമറിഞ്ഞ് ഒരു യാത്ര…

ഓരോ മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും വിശദീകരിക്കുന്നത് കേട്ടപ്പോൾ, ജെപിക്ക് കാടിനെക്കുറിച്ച് അറിയാത്തതായി ഒന്നുമില്ലെന്ന് തോന്നി. ആരെയോ വിളിക്കുന്ന പോലെയുള്ളൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ, “അത്‌ വേഴാമ്പലാണെന്നും നമ്മൾ അതിക്രമിച്ചു കടന്നത് മറ്റു പക്ഷികൾക്കും മൃഗങ്ങൾക്കും സൂചന കൊടുക്കുക”യുമാണെന്ന് ജെപി പറഞ്ഞപ്പോൾ അത്ഭുതമായി എനിക്ക്. “കാട്ടിലൂടെ നടക്കുന്നവർക്ക് കാടിന്റെ ഭാഷ അറിയണം. അതറിയാവുന്നത് കൊണ്ടാണ് മദ്യപിച്ചാലല്ലാതെ ഒരാദിവാസിയും അപകടത്തിൽപ്പെടാത്തതെ”ന്നും, “ചോലനായ്ക്കന്മാർക്ക് ഏഴ് ഇന്ദ്രിയമുണ്ടെന്ന് പറയുന്നത്” അതുകൊണ്ടൊക്കെയാണെന്നും ജെപി വിശദീകരിച്ചു തന്നു.

മൂന്നേ മുക്കാൽ കോടി രൂപ വില പറഞ്ഞ് മുറിക്കാൻ തീരുമാനിച്ച മരത്തിന് ചുറ്റും മാനവേദൻ സ്‌കൂളിലെ കുട്ടികൾ വന്ന് കൈകോർത്തു നിന്നു തടഞ്ഞത് കൊണ്ട് ആ തീരുമാനം ഉപേക്ഷിക്കപ്പെട്ട കഥ കേട്ടപ്പോൾ, ക്‌ളാസ് മുറികളിലിരുന്ന് ആറ്റവും സൈനും കോസും മാത്രം പഠിപ്പിക്കാതെ കുട്ടികളെ നാടറിയാൻ, കാടറിയാൻ, നമ്മുടെ ജൈവവൈവിധ്യങ്ങൾ അറിയാനും നടത്തുന്ന ക്യാമ്പിനേയും പഠനയാത്രയേയും കുറിച്ച് അഭിമാനം തോന്നി.

“പുലിയെ കണ്ടാൽ കുരങ്ങന്മാർ ഓടിക്കയറുന്നത് വേണ്ടേക്കിലേക്കാണ്” എന്ന് കേട്ട് മൊബൈൽ ക്യാമറ തിരിച്ചപ്പോൾ, കാടിന്റെ സൗന്ദര്യത്തെ ഒറ്റ സ്നാപ്പിൽ പകർത്താനാവില്ല എന്ന് പറയുന്നതെത്ര ശരിയാണെന്ന് മനസ്സിലായി. വലിയൊരു കരിമരുതിനു മേൽ ആൽമരം പടർന്നു കയറി പന്തലിച്ചു നിൽക്കുന്നതിന്റെ തണുപ്പിൽ നിൽക്കവേ, കോളിപിടിച്ച മരമാണിത് എന്ന് ജെപി പറഞ്ഞു തന്നു.

മരമുകളിലെ ഇലകൾക്കിടയിൽ വന്നിരിക്കുന്ന പക്ഷികൾ കാഷ്ഠിച്ച ആലിൻ വിത്ത് മുളച്ചു താഴോട്ടു പടർന്ന് മരത്തിനെ ഞെരുക്കുമ്പോൾ അതിനെ കോളി പിടിച്ച മരമെന്നു പറയുന്നു. ലോകത്തിൽ തന്നെ ആകെ 150 മരങ്ങൾ മാത്രമുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ മലയിലഞ്ഞിയിൽ രണ്ടെണ്ണം ഈ കാട്ടിലാണുള്ളത്. ഇതിന്റെ ഇലകൾ ക്യാൻസർ ചികിത്സക്ക് ഉപയോഗിച്ചിരുന്നുവെന്ന് ഋഗ്വേദത്തിൽ പറയുന്നുണ്ട്….

“ഇത് ഊരകം, പല്ലുവേദനക്ക് ഉപയോഗിക്കുന്ന മരുന്നാണ്…”

“ഇത് ആനച്ചവിടി, ഇതിന്റെ വേര് ചവച്ചരച്ച ശേഷം കുപ്പിച്ചില്ലു കഴിച്ചാൽ പോലും ദഹിക്കും…”

“ഇത് മരോട്ടി, ഇതിന്റെ പരിപ്പ് ആട്ടിയെടുക്കുന്ന എണ്ണയുപയോഗിച്ചാണ് വിളക്ക് കത്തിച്ചിരുന്നത്…” എന്നൊക്കെ വിവരിച്ചും ഇലകൾ മണത്തു നോക്കിയും മുന്നിൽ നടക്കുന്ന ജെപിക്ക് കാടിനെക്കുറിച്ച് അറിയാത്തതായി ഒന്നുമില്ലെന്ന് തോന്നി. ഇതുവരെ ഞാൻ അറിഞ്ഞതൊന്നും അറിവല്ലെന്നും തിരിച്ചറിഞ്ഞു.

കുട്ടിക്കാലത്തു നീന്തൽ പഠിച്ച പുഴയായിട്ടും ഞാൻ വെള്ളത്തിൽ ഇറങ്ങിയില്ല. പുഴ കണ്ടപ്പോൾ ലേഖ പഴയ പാവാടക്കാരിയായിരുന്നു. “താഴെ സിറാത്ത് എന്ന പാലമുണ്ട്. അതുകൂടി കണ്ടിട്ട് പോവാമെന്നും ജെപി പറഞ്ഞപ്പോൾ, അതെന്തു പേരാണെന്നായി അവൾ. “ഇസ്‌ലാം വിശ്വാസപ്രകാരം മരിച്ചു കഴിഞ്ഞാൽ കടന്ന് പോവേണ്ട ഇടുങ്ങിയ പാലത്തിന് ഈ പേരാണെ”ന്ന് പറഞ്ഞ ജെപി തന്നെ അതിനെക്കുറിച്ച് അവൾക്ക് വിശദീകരിച്ചു കൊടുത്തു.

എനിക്ക് തിരിച്ചു പോരാനുള്ള ട്രെയിനിന് സമയമായിട്ടുണ്ടായിരുന്നു. അടുത്തുള്ള ഹോട്ടലിൽ നിന്നു വരുത്തിയ ഭക്ഷണം കഴിച്ച്, എത്ര പറഞ്ഞാലും തീരാത്ത കാടിന്റെ കഥകൾ കേട്ട്, കുട്ടികളുടെ ക്യാമ്പ് ഉള്ള ഒരു ദിവസം അവർക്കൊപ്പം കൂടാൻ വരാമെന്നും പറഞ്ഞ് കാട്ടുഗന്ധമുള്ള ഒരു ദിവസത്തിന്റെ നിഴലിൽ ചവിട്ടി യാത്ര പറയുമ്പോൾ വെയിൽ ചാഞ്ഞിരുന്നു!

സൈറ മുഹമ്മദ്

സൈറ മുഹമ്മദ്

ചുറ്റുപാടുമുള്ള ലോകവും മനുഷ്യരുമാണ് സൈറയുടെ എഴുത്തുകളില്‍ വരുന്നത്. കുഞ്ഞുങ്ങളും പ്രകൃതിയും മനുഷ്യ ബന്ധങ്ങളും സ്നേഹവും സന്തോഷവും കണ്ണീരും യാത്രകളുമൊക്കെ അവിടെ കടന്നു വരുന്നു. ഇതൊക്കെ ചേര്‍ന്നതാണ് ജീവിതം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ശലഭജന്മങ്ങള്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍