UPDATES

പ്രളയാനന്തരം മൂന്നാറിലേക്ക്; ഒരു മാധ്യമ പ്രവര്‍ത്തകന്‍ കണ്ട മൂന്നാര്‍ (വീഡിയോ)

ഇടുക്കിയില്‍ സംഭവിച്ചത് പ്രളയ ദുരന്തം മാത്രമല്ല. അതുകൊണ്ട് പ്രകൃതിയോട് ചേര്‍ന്നുള്ള ഇടുക്കിയുടെ പുനഃസൃഷ്ടിയാണ് ആവശ്യം

മൂന്നാറിന്റെ മലഞ്ചെരുവുകളില്‍ നീലക്കുറിഞ്ഞി പൂക്കുന്ന സീസണാണിത്. എന്നാല്‍ ഇത്തവണ വയലറ്റ് പൂക്കള്‍ നിറഞ്ഞ കുന്നുകളും ആ കാഴ്ചകള്‍ കാണാനെത്തുന്നവരുടെ കിലോമീറ്ററുകളോളം നീളുന്ന വാഹനങ്ങളുടെ നിരയും വഴിയോരത്തെല്ലാം തിക്കിത്തിരക്കുന്ന സഞ്ചാരികളുമില്ല. കഴിഞ്ഞു പോയ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും ശേഷിപ്പുകളാണ് മൂന്നാറിലൊട്ടാകെ ഇപ്പോള്‍ കാണാനാകുക. 2006-ലാണ് അവസാനമായി നീലക്കുറിഞ്ഞികള്‍ മൂന്നാറില്‍ വിരിഞ്ഞത്. ആ സുന്ദരകാഴ്ചകള്‍ കാണാന്‍ സ്വദേശികളും വിദേശികളുമായ അഞ്ചു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടേക്ക് അന്ന് എത്തിയത്. മൊബൈല്‍ ക്യാമറകള്‍ പ്രചാരത്തിലില്ലാത്ത, സെല്‍ഫിയില്ലാത്ത, സമൂഹമാധ്യമങ്ങള്‍ ഇല്ലാത്ത 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്രയധികം സഞ്ചാരികളാണ് നീലക്കുറിഞ്ഞിയെ തേടിയെത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണ മൂന്നാര്‍ കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിച്ചിരുന്നു.

“ഓഗസ്റ്റ് മാസം മുതല്‍ നവംബര്‍ വരെയാണ് നീലക്കുറിഞ്ഞി പൂക്കുന്ന സീസണ്‍. വനംവകുപ്പും ടൂറിസം വകുപ്പും സഞ്ചാരികള്‍ക്കായി മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിങ്ങൊക്കെ ഏര്‍പ്പാട് ചെയ്തിരുന്നതുമാണ്. മൂന്നാറിന് താങ്ങാനാവുന്നതിലും കൂടുതല്‍ ആളുകള്‍ എത്തുമോ എന്നതായിരുന്നു ഞങ്ങളുടെ പേടി”, ഇടുക്കി സ്വദേശിയും പത്രപ്രവര്‍ത്തകനുമായ ടി.സി രാജേഷ് മൂന്നാറിലെ സ്ഥിതിഗതികള്‍ വിവരിച്ചു. പ്രളയ ദുരന്തത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം തന്റെ നാടായ ഇടുക്കിയില്‍ എത്തിയതായിരുന്നു അദ്ദേഹം. “ഈ സീസണ്‍കാലത്ത് സാമ്പത്തികപരമായ നേട്ടം മൂന്നാര്‍ നിവാസികളും ലക്ഷ്യമിട്ടിരുന്നു. കൊച്ചിയില്‍ നിന്നുള്ള ചില ബിസിനസുകാര്‍ മൂന്നാറിലെ റിസോര്‍ട്ടുകള്‍ ലക്ഷങ്ങള്‍ കൊടുത്ത് ഒറ്റയ്ക്ക് വാങ്ങിയിരുന്നു. മൂന്ന് മാസം കൊണ്ട് നല്ലൊരു തുക ലാഭമുണ്ടാക്കാനാകുമെന്ന് ഇവര്‍ പ്രതീക്ഷിച്ചു. അപ്പോഴാണ് മഴക്കെടുതികള്‍ ആരംഭിച്ചത്.’

“ഇത്തവണ പെയ്ത മഴയില്‍ ആദ്യ ദിവസം തന്നെ മൂന്നാര്‍ ഒറ്റപ്പെട്ടു. വ്യാപകമായ മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. പ്രധാനമായും മൂന്ന് വഴികളാണ് മൂന്നാറിലേക്കെത്താന്‍ ഉള്ളത്. പൂപ്പാറയില്‍ നിന്നും ദേവികുളം വഴിയും, അടിമാലി പള്ളിവാസല്‍ വഴിയും, ചിന്നാറില്‍ നിന്ന് മറയൂര്‍ വഴിയും. എന്നാല്‍ ഈ മഴക്കാലത്ത് ഈ മൂന്ന് വഴികളും സഞ്ചാരയോഗ്യമല്ലാതെയായി. ദേശീയ പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി പൂപ്പാറ-ദേവികുളം റോഡ് ആദ്യമേ തന്നെ വീതി കൂട്ടാനായി അടച്ചിട്ടിരിക്കുകയായിരുന്നു. സാധാരണഗതിയില്‍ തന്നെ മൂന്നാര്‍ ടൗണില്‍ തദ്ദേശീയരെയും സഞ്ചാരികളെയും കാണാനാകും. എന്നാല്‍ ഇപ്പോള്‍ മൂന്നാറില്‍ സഞ്ചാരികളെ കാത്തുകിടക്കുന്ന തദ്ദേശീയരുടെ ഓട്ടോറിക്ഷാ-ടാക്‌സികള്‍ മാത്രമാണുള്ളത്. ഇതുപോലൊരു സീസണ്‍ സമയത്ത് അതിഭീകരമായ തിരക്കാണ് ഇവിടെയുണ്ടാകേണ്ടത്. തദ്ദേശീയര്‍ പോലും പതിവ് ജീവിതത്തിലേക്ക് തിരികെ വരുന്നതെയുള്ളൂ. ഉത്രാടത്തിന്റെ അന്നാണ് ഞങ്ങള്‍ മൂന്നാറിലേക്ക് പോയത്. വഴി നീളെ മണ്ണിടിഞ്ഞ് കിടക്കുന്ന കാഴ്ചകള്‍ കണ്ടാല്‍ ഭയം തോന്നുമായിരുന്നു. കണ്ട കാഴ്ചകളൊക്കെ വീഡിയോയായി പകര്‍ത്തിയിരുന്നു”, രാജേഷ് പറയുന്നു.

1924-ലെ പ്രളയം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് മൂന്നാറിലെ പ്രളയം വെച്ചിട്ടാണ്. അവിടെയുണ്ടായിരുന്ന റെയില്‍വേ സ്റ്റേഷനും പാലങ്ങളും അന്ന് ഒലിച്ചു പോയി. ബ്രിട്ടീഷുകാരുടെയും ടാറ്റാ ടീയുടെയും കീഴിലായിരുന്നു അന്ന് മൂന്നാര്‍. അതിന് ശേഷം 1940ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലമാണ് മാര്‍ഗരറ്റ് പാലം. അതും ഇത്തവണ തകര്‍ന്നു. പൂപ്പാറ-ദേവികുളം വഴിയുള്ള ഗ്യാപ്പ് റോഡ് വീതികൂട്ടാനായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ നീലക്കുറിഞ്ഞി പൂക്കുന്ന സീസണ്‍ പ്രമാണിച്ച് ചെറിയ വാഹനങ്ങള്‍ക്ക് ഈ വഴി തുറക്കാനായിരുന്നു തീരുമാനം. അപ്പോഴാണ് ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്. അതോടെ റോഡുകള്‍ മുഴുവന്‍ മണ്ണിടിഞ്ഞ് ബ്ലോക്ക് ആയി ആശയവിനിമയങ്ങള്‍ തടസപ്പെട്ടു”.

മൂന്നാറിലെ അവസ്ഥകള്‍ രാജേഷ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: “ഇന്നലെ വൈകിട്ട് ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇടുക്കിയെപ്പറ്റിയുള്ള എഴുത്ത് മടങ്ങിവന്നിട്ടാകാമെന്നു കരുതിയിരിക്കുകയായിരുന്നു. അപ്പോഴേക്കും, എനിക്കു പറയാനുള്ളതിലേറെയും മുരളി തുമ്മാരുകുടി തന്‍റെ പോസ്റ്റില്‍ വിശദീകരിച്ചു കഴിഞ്ഞു.

ഈ പ്രകൃതിക്ഷോഭ കാലത്ത് ഇടുക്കി ഒരു തുരുത്തായി മാറിപ്പോകുകയായിരുന്നു. ആ തുരുത്തിലുള്ളവരുടെ അതിജീവനമത്രയും അവര്‍ തന്നെ നോക്കേണ്ട സ്ഥിതി. മണ്ണിടിച്ചിലില്‍ തകര്‍ന്നുപോയ മൂന്നാറിലേക്ക് എന്‍റെ അറിവില്‍, ഒരു മെഡിക്കല്‍ സംഘം പോലുമെത്തുന്നത് കഴിഞ്ഞ ഞായറാഴ്ചയോ മറ്റോ ആണ്. അതും ചെന്നൈയില്‍ നിന്ന്. മറ്റു ജില്ലകളിലൊക്കെ വ്യാപകമായി പുനരധിവാസ- പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോഴും ഇടുക്കി ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. മാധ്യമങ്ങളുടെയൊക്കെ ശ്രദ്ധ പൂര്‍ണമായും പ്രളയം വിഴുങ്ങിയ മേഖലകളിലേക്കായി പോയി. ഇടുക്കിയില്‍ നിന്നുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ തകരാറിലായതോടെ പ്രത്യേകിച്ചും.

ഇടുക്കിയെ ബാധിച്ചത് പ്രളയമായിരുന്നില്ല. പക്ഷേ, മറ്റ് മേഖലകളെ ബാധിച്ച പ്രളയം ഉത്ഭവിച്ചത് ഇടുക്കിയില്‍ നിന്നുകൂടിയായിരുന്നുവെന്നതിനാല്‍ ഇടുക്കിയിലെ ദുരന്തത്തേയും പ്രളയ ദുരന്തമെന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. 250-ലേറെ സ്ഥലങ്ങളിലാണ് ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുണ്ടായത്. മണ്ണിടിച്ചിലുകളുടെ കണക്കെടുത്താല്‍ രണ്ടായിരത്തോടടുക്കും. അന്‍പതിലേറെ ജീവനുകളാണ് ഇടുക്കി ജില്ലയില്‍ മാത്രം നഷ്ടപ്പെട്ടത്. ഭാഗികമായോ പൂര്‍ണമായോ നശിച്ച വീടുകളുടെ കണക്ക് 3500-ഓളം വരും. കൃഷിനാശം 11300 ഹെക്ടറിലാണ്.

ആ കണക്കുകളൊക്കെ അവിടെ നില്‍ക്കട്ടെ. ജില്ലയ്ക്കുള്ളില്‍ ഒറ്റപ്പെട്ടുപോയ പല പ്രദേശങ്ങളേയും സാധാരണ രീതിയിലേക്കു തിരിച്ചെത്തിക്കാന്‍ സാധിച്ചിട്ടില്ല. മൂന്നാര്‍ മേഖലയില്‍ പ്രത്യേകിച്ചും. വാഗുവരൈ പാലം തകര്‍ന്നതിനാല്‍ കാന്തല്ലൂര്‍, മറയൂര്‍ തുടങ്ങിയ മേഖലകള്‍ക്ക് മൂന്നാറുമായുള്ള ബന്ധം ഇല്ലാതായി. ആട്ടുകാട് പാലം തകര്‍ന്നതോടെ അഞ്ഞൂറോളം തോട്ടം തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ഗ്രാമം ഒറ്റപ്പെട്ടു. പലയിടത്തും സാധ്യമായരീതിയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തദ്ദേശീയരായ ആളുകള്‍ തന്നെയാണ്. റോഡുകളിലേക്ക് ഇടിഞ്ഞുവീണു കിടക്കുന്ന മണ്ണു മാറ്റാന്‍ അവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട. പക്ഷേ, തകര്‍ന്ന പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കുന്നതിന് അവരെക്കൊണ്ടുമാത്രം സാധിക്കില്ല.

ഇടുക്കിയുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ നിര്‍മാണങ്ങളല്ല അവിടെ നടക്കുന്നതെന്നതിലേക്ക് ഒരിക്കല്‍കൂടി വിരല്‍ചൂണ്ടുന്ന ദുരന്തമാണ് കടന്നുപോകുന്നത്. പൂര്‍ണമായും വാസയോഗ്യമാണെങ്കിലും ഉരുള്‍പൊട്ടലിന്‍റെയും മണ്ണിടിച്ചിലിന്‍റെയും സാധ്യതയും ഭീതിയുമുള്ള മേഖലകളില്‍ സ്ഥിതിചെയ്യുന്ന വീടുകളുടേയും അവിടുത്തെ താമസക്കാരുടേയും കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. കാര്യമായ കൃഷിയോ വരുമാനമോ ഇല്ലെങ്കിലും പലര്‍ക്കും അരയേക്കറും ഒരേക്കറുമൊക്കെ സ്ഥലം കാണും. ഇതൊക്കെ കുന്നിന്‍ചെരുവുകളിലാമെങ്കില്‍ ഒരു ദുരന്ത സാധ്യത ഇനിയായാലും തള്ളിക്കളയാനാകില്ല. അത്തരം മേഖലകളിലുള്ളവരുടെ പുനരധിവാസംകൂടി സാധ്യമാക്കേണ്ടതുണ്ട്.

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നിര്‍മാണാനുമതി നല്‍കുമ്പോള്‍ ഭൂമിയുടെ ചെരിവും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതയും പരിഗണിക്കപ്പെടണം. ചിലപ്പോള്‍ പല ഭാഗങ്ങളിലും ആളുകള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ഇതുമൂലം സാധിച്ചെന്നു വരില്ല. മൂന്നാര്‍ ഗവ. കോളജ് പോലും മറ്റൊരിടത്തേക്ക് പൂര്‍ണമായും മാറ്റിസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. അപകടസാധ്യതയുള്ള മേഖലകളിലെ വ്യക്തികളുടെ കൈവശ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് അവര്‍ക്ക് മറ്റെവിടെയെങ്കിലും ഭൂമിയും വീടും നല്‍കുന്നതിനെപ്പറ്റി ആലോചിക്കണം. വലിയ പ്രതിസന്ധികളും ​എതിര്‍പ്പുകളും ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ഉണ്ടാകും. അതിനെയൊക്കെ ആര്‍ജ്ജവത്തോടെ നേരിടുകയും ഇച്ഛാശക്തിയോടെ നടപ്പാക്കുകയുമാണ് ഇനി വേണ്ടത്.

വശങ്ങള്‍ ഏതു നിമിഷവും ഇടിഞ്ഞുവീണേക്കാവുന്ന സംസ്ഥാന- ദേശീയ പാതകളുടെ പുനര്‍നിര്‍മാണം ഉള്‍പ്പെടെ ഇടുക്കിക്കു മുന്നില്‍ വലിയ ഊരാക്കുടുക്കാണ് ഉണ്ടാക്കുന്നത്. ചെറുതോണി പാലം തകര്‍ന്നില്ലെങ്കിലും അപ്രോച്ച് റോഡ് പൂര്‍ണമായും ഒലിച്ചുപോയി. അതിന്‍റെ പുനര്‍നിര്‍മാണം അത്ര എളുപ്പമല്ല. ബദല്‍ സംവിധാനമായി ഇടുക്കി അണക്കെട്ടിനു മുകളിലൂടെ കുറേനാളത്തേക്ക് ഗതാഗതം അനുവദിക്കേണ്ടിവരും.

വയനാട് ഉള്‍പ്പെടെയുള്ള പല മലയോര മേഖലകളിലും സമാനമാണ് സ്ഥിതിയെന്നാണ് മനസ്സിലാകുന്നത്.

നീലക്കുറിഞ്ഞി പൂക്കാലം ലക്ഷ്യമിട്ട് തയ്യാറായ മൂന്നാറാണ് തകര്‍ന്നത്. ലക്ഷങ്ങള്‍ നല്‍കി മൂന്നുമാസത്തേക്കും മറ്റും റിസോര്‍ട്ടുകള്‍ പാട്ടത്തിനെടുത്തവര്‍ക്കൊക്കെ കനത്ത നഷ്ടമാണുണ്ടാകുക. ഇത്തരത്തിലുള്ള പല മുന്‍കരുതലുകളും പാളിപ്പോയി. മൂന്നാറിന്‍റെ മാത്രം പ്രശ്നമല്ല ഇത്. ഇടുക്കിയിലുടനീളമുള്ളതാണ്. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെപ്പറ്റി തല്‍ക്കാലും ഒന്നും പറയുന്നില്ല. ജനവാസ കേന്ദ്രങ്ങളെ പല നിബന്ധനകളില്‍ നിന്നും ഒഴിവാക്കണമെന്നു നാം ശഠിക്കുമ്പോള്‍ പ്രകൃതിക്ക് അത്തരത്തിലുള്ള തരംതിരിവുകളില്ലെന്നും പ്രകൃതി ജനവാസ കേന്ദ്രങ്ങളെ തന്‍റെ ക്രൗര്യത്തില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഇനിയെങ്കിലും നാം മനസ്സിലാക്കുക. പ്രകൃതിയോട് യോജിച്ച് പ്രതിരോധം തീര്‍ക്കുക.”

ചിത്രങ്ങള്‍ മൂന്നാറില്‍ നിന്ന്.

മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍ ഇങ്ങനെ എഴുതി: 

“മൺകൂനയ്ക്കടിയിൽ ….

അഞ്ചുവീടുകളുണ്ട്.
എട്ടുകടമുറികളും 
ഒരു പാൽസൊസൈറ്റിയും ഒരു മൃഗാശുപത്രിയുമുണ്ട്.
പോസ്റ്റാഫീസുണ്ട്,
ലൈബ്രറിയുണ്ട്,
അംഗൻവാടിയുണ്ട്,
ബസ്ഷെൽറ്ററുണ്ട്…

മൺകൂനയ്ക്കുമുകളിൽ….

പന്നിയാറ്റിലേയ്ക്ക് ചാടി മുതിരപ്പുറയാറ്റിലേയ്ക്കൊഴുകാൻ തീരുമാനിച്ച മൂന്നുവീടുകൾ ആത്മഹത്യാമുനമ്പിലുണ്ട്.
പൊളിഞ്ഞ കപ്പേളയുടെ പാതിയുമുണ്ട്.

പന്നിയാർകുട്ടി ഒരു ഗ്രാമമായിരുന്നു”.

ഈ പോസ്റ്റ്‌ ഷേര്‍ ചെയ്തുകൊണ്ട് രാജേഷ്‌ മറ്റൊരു പോസ്റ്റില്‍ ഇങ്ങനെ പറയുന്നു:

അഞ്ചെട്ടു വർഷം മുൻപ് ഇടുക്കിയിലെ ഉരുൾപൊട്ടലുകളെപ്പറ്റി ഞാനെഴുതിയ ‘ഉരുൾസ്മാരകങ്ങൾ’ എന്ന ലേഖനത്തിന്റെ തുടക്കത്തിൽ പന്നിയാർകുട്ടിയെപ്പറ്റി പറയുന്നുണ്ട്. പൊന്മുടി അണക്കെട്ടിന് താഴെ അടിമാലി റൂട്ടിലെ ആദ്യത്തെ ഗ്രാമം. ആദ്യമായി ഞാൻ ഉരുൾപൊട്ടലെന്ന് കേട്ടത് അവിടെയുള്ള അപ്പച്ചിയുടെ വീട്ടിൽ ചെന്നപ്പോഴാണ്. പത്തു മുപ്പത്തഞ്ചു വർഷം മുൻപ്. മലമുകളിൽ നിന്ന് ഒഴുകി വന്ന ഉരുൾ വീടിനു സമീപത്തുകൂടി താഴെ പുഴയിൽ പതിച്ചു. ഉരുൾ വന്ന വഴിയും പന്നിയാർ പുഴയിലേക്ക് ഉരുണ്ടെത്തിയ പാറകളും കണ്ടു.

പന്നിയാർകുട്ടി ഇന്നില്ല. ഇത്തവണത്തെ പ്രളയത്തിൽ ആ ഗ്രാമം പൂർണമായും മണ്ണിനടിയിയായി. അപ്പച്ചിയും കുടുംബവും ഇത്തവണയും ദുരിതാശ്വാസ ക്യാംപിലാണ്. വീടിനു മുകളിലേക്ക് പൊട്ടി വന്ന ഉരുൾ അൽപം വഴിമാറിയതിനാൽ വീട് പൂർണമായും തകർന്നില്ല. ഒരു കൊച്ചുവീടാണ്. പഞ്ചായത്തിൽ നിന്നുള്ള ധനസഹായം കൊണ്ട് ഉണ്ടാക്കിയത്. ഭാഗ്യത്തിന് ജീവനുകളും നഷ്ടമായില്ല. കുത്തനെയുള്ള ചരിവിലെ വീട്ടിലേക്കുള്ള വഴികൾ പൂർണമായും ഒലിച്ചുപോയി.

ഹർഷൻ ഇന്നലെ വിളിച്ചപ്പോൾ പന്നിയാർ കൂട്ടിയെപ്പറ്റി പറഞ്ഞു. ഇടുക്കിയിൽ പ്രകൃതിക്ഷോഭം പൂർണമായും ഇല്ലാതാക്കിയ ഏക ഗ്രാമമായിരിക്കും ഇത്”.

രാജേഷ് പറയുന്നു: “കുറച്ച് താഴ്ന്ന പ്രദേശമായ പഴയ മൂന്നാര്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കണ്ണന്‍ ദേവന്‍ ക്ലബിനടുത്തുള്ള പൂപ്പട റിസോര്‍ട്ടിന് പുറകിലുള്ള കുന്നിടിഞ്ഞ് റിസോര്‍ട്ടിന്റെ താഴെയുള്ള നിലയിലേക്ക് മണ്ണിടിഞ്ഞു. മൂന്നാറില്‍ കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷത്തിനിടിയില്‍ നടന്ന എല്ലാ നിര്‍മാണങ്ങളും കുന്നിടിച്ചിട്ടാണ് നടത്തിയിരിക്കുന്നത്. ഇവിടെയുള്ള ഗവണ്‍മെന്റ് കോളേജ് പണിഞ്ഞിരിക്കുന്നതും കുന്നിടിച്ചിട്ടാണ്. 2005ലോ 2006ലോ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായി നാലഞ്ച് പേര് മരിച്ചിരുന്നു. അന്ന് ഈ ഗവണ്‍മെന്റ് കോളേജിന്റെ മുകളില്‍ മണ്ണിടിഞ്ഞിരുന്നു. പക്ഷേ അവിടെ തന്നെ അവര്‍ വീണ്ടും ഒരു ഹോസ്റ്റല്‍ പണിതു. ഹോസ്റ്റല്‍ പൂര്‍ണമായും ഈ മണ്ണിടിച്ചിലില്‍ ഒലിച്ചു പോയി.”

“റിസോര്‍ട്ടുകളുടെ പിന്നിലും മണ്ണിടിഞ്ഞിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇവിടെയുള്ള ‘പ്ലം ജൂഡി’ റിസോര്‍ട്ടൊക്കെ പാറയുടെ മുകളിലാണ് പണിതിരിക്കുന്നത്. ഇത്തരത്തിലുള്ള വികസനങ്ങളെല്ലാം ശാസ്ത്രീയമായിട്ടാണോ നിര്‍മിക്കുന്നതെന്ന് ആരും പരിശോധിക്കാറില്ല. ചെറിയ തോതില്‍ മണ്ണിടിച്ചിലോ, ഭൂചലനമോ ഉണ്ടായാല്‍ പോലും ഈ റിസോര്‍ട്ടുകള്‍ തകരും.”

ആ റിസോട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് രാജേഷ് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി:

കാണാത്തവർ കണ്ടോളൂ. ആ വെളുത്ത നിറത്തിൽ കാണുന്നതാണ് മൂന്നാറിലെ ‘പ്ലം ജൂഡി ‘ റിസോർട്ട്. തൊട്ടടുത്തു കാണുന്ന പണിതീരാത്ത റിസോർട്ട് സ്റ്റോപ്പ് മെമ്മോയിലാണ്.

അഭിപ്രായ പ്രകടനങ്ങളില്ല. നിങ്ങൾക്ക് നിഗമനങ്ങളിലെത്താം.”

രാജേഷ് തുടരുന്നു“നീലക്കുറിഞ്ഞികള്‍ പൂക്കുന്ന രാജമല ഭാഗത്തേക്ക് പോകുന്ന പാലമായ വാഗുവരൈ പാലവും മഴയില്‍ തകര്‍ന്നിട്ടുണ്ട്. 1950ല്‍ കേരള പിഡബ്ല്യൂഡി പണിത പാലമാണിത്. മലവെള്ളത്തില്‍ അതിന്റെ അപ്രോച്ച് റോഡ് മുഴുവന്‍ ഒലിച്ചു പോയിട്ടുണ്ട്. ഒരു വശത്തേക്ക് ചരിഞ്ഞ സ്ഥിതിയിലാണ് പാലം ഇപ്പോഴുള്ളത്. അതിനി പൊളിച്ചു പണിയണം. മൂന്നാറില്‍ നിന്ന് ഉഡുമല്‍ പേട്ട, മറയൂര്‍, കാന്തല്ലൂര്‍ ഭാഗങ്ങൡലുള്ള ഗതാഗതം ഇതോടെ തടസപ്പെട്ടിരിക്കുകയാണ്. ആ ഭാഗത്തുള്ള നിവാസികള്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ തമിഴ്‌നാടിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇവിടെയുള്ളവര്‍ പാലത്തിന് മറുഭാഗത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങി ഇപ്പുറത്തേക്ക് നടന്ന് വന്ന് സാധനങ്ങള്‍ വാങ്ങിത്തിരിച്ച് പോകേണ്ട അവസ്ഥയാണിപ്പോള്‍ ഉള്ളത്. അതുകൊണ്ട് തന്നെ മഴ മാറി കുറിഞ്ഞി പൂക്കള്‍ പൂത്താല്‍ പോലും സഞ്ചാരികള്‍ക്ക് രാജമലയിലേക്ക് എത്താനാകില്ല.”

“ആട്ടുകാട് ലയത്തിനടുത്ത് വലിയ വെള്ളച്ചാട്ടമുണ്ട്. അതിന് കീഴിലായി ഉണ്ടായിരുന്ന പാലം ഒലിച്ചുപോയതോടെ ലയത്തിലുള്ള ആളുകള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അവിടെയുള്ളവര്‍ കോതമേട് ഭാഗത്ത് നിന്നും എസ്‌റ്റേറ്റ് വഴികളിലൂടെയും തലച്ചുമടായി സാധനങ്ങള്‍ എത്തിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഇങ്ങനെ സാധനങ്ങള്‍ എത്തിക്കുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും പുറത്ത് നിന്നുള്ളവരുടെ സഹായം ഇവിടെ എത്തില്ല. ഒരു മെഡിക്കല്‍ ക്യാംപ് പോലും ഇവിടെയുണ്ടായില്ല. അതുകൊണ്ട് തന്നെ ഈ തകര്‍ന്ന പാലങ്ങള്‍ എല്ലാം തന്നെ എത്രയും പെട്ടെന്ന് പുനര്‍നിര്‍മിക്കേണ്ടതുണ്ട്. തിരുവോണത്തിന്റെ ദിവസം ചെന്നൈയില്‍ നിന്ന് മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ബോട്ടുമായി ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പോലെ മൂന്നാറില്‍ സാധ്യമല്ല. പ്രാദേശികമായി കിട്ടുന്നവ വെച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവിടെ സാധ്യമാവുകയുള്ളൂ. ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ടാറ്റാ ടീയുടെ ട്രാക്ടറുകളില്‍ ആവശ്യസാധനങ്ങള്‍ എത്തിച്ചു കൊടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.”

മൂന്നാര്‍: രണ്ടാം പ്രളയത്തിനു ശേഷം: ടി.സി രാജേഷ് മൂന്നാറിലേക്ക് നടത്തിയ യാത്ര – വീഡിയോ

ഇടുക്കിയില്‍ സംഭവിച്ചത് പ്രളയ ദുരന്തം മാത്രമല്ല. അതുകൊണ്ട് പ്രകൃതിയോട് ചേര്‍ന്നുള്ള പുനഃസൃഷ്ടിയാണ് ഇടുക്കി ആവശ്യപ്പെടുന്നത്. ഇന്നത്തെ ഇടുക്കി അതാണ് നിലവിളിച്ചുകൊണ്ട് പറയുന്നത്.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍